കേന്ദ്രസർക്കാരിന്റെ നീല സമ്പദ് വ്യവസ്ഥ അടക്കമുള്ള ഫിഷറീസ് നയം പരമ്പരാഗത മൽസ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ ശക്തമായിരിക്കെയാണ് ദി ഇന്ത്യൻ മറൈൻ ഫിഷറീസ് ബിൽ നടപ്പിലാക്കാനുള്ള നീക്കമുണ്ടാകുന്നത്. സാധാരണയിൽ നിന്ന് വിഭിന്നമായി ബിൽ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഫിഷറീസ് മന്ത്രി തീരദേശ എം പിമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. അന്ന്, മുഴുവൻ എം പിമാരും ആവശ്യപ്പെട്ടത് ബിൽ പഠിക്കാനും ബന്ധപ്പെട്ട മൽസ്യത്തൊഴിലാളികളോട് ചർച്ചചെയ്യാനും കൂടുതൽ സമയം വേണമെന്നുള്ളതായിരുന്നു. 

ഫിഷറീസ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളുമായും ഗവേഷകരുമായും തൊഴിലാളികളുമായും കൃത്യമായ ചർച്ചകൾ നടത്താതെ ഈ നിയമനിർമ്മാണം നടക്കരുതെന്ന് എം പിമാർ നിർബന്ധം പറഞ്ഞു. മാത്രവുമല്ല, ശക്തമായ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ പലതവണ ബില്ലിന്റെ കരട് മാറ്റിതിരുത്താനും മന്ത്രാലയം നിർബന്ധിതരായി. ജൂലൈ 2 നും 23 നും വേറെവേറെ കരടുകൾ മന്ത്രാലയം തയ്യാറാക്കി. എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ പരമാവധി പിറകിലേക്ക് പോകാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാകുന്നു എന്നത് നല്ലകാര്യമാണ്. കർഷക സമരം മുന്നിലുള്ളത് കൊണ്ടുതന്നെയാകണം സർക്കാരിന്റെ ഈ സമീപനം.

രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പുതിയ ബിൽ വരുന്നതെന്ന് ഭംഗിവാക്ക് പറയുക മാത്രമാണ് ചെയ്യുന്നത്. 39 ക്ലോസുകളായി തയ്യാറാക്കിയിരിക്കുന്ന ബില്ലിൽ കൂടുതലും മൽസ്യത്തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങളാണ്. ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ മറൈൻ ഫിഷറീസ് ആക്ടുകളുള്ളപ്പോൾ കേന്ദ്ര സർക്കാർ ഒരു മറൈൻ ഫിഷറീസ് ആക്ട് കൊണ്ടുവരുന്നത് ഫെഡറൽ സംവിധാനത്തിന് ഗുണകരമാവില്ലെന്ന് നിരീക്ഷണമുണ്ട്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഈ നിയമനിർമ്മാണ ശ്രമത്തെ ഇത്രമേൽ എതിർക്കുന്നതിന്റെ ഒരു കാരണം ഇതാണ്. സംസ്ഥാനങ്ങളിലുള്ള നിലവിലെ ഫിഷറീസ് ആക്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് പറയുമ്പോഴും സംസ്ഥാനങ്ങൾക്ക് നടപ്പിലാക്കാനുള്ള നിയമങ്ങൾ ഡൽഹിയിൽ നിന്ന് പടച്ചുണ്ടാക്കുന്ന രീതിയാണ് ഈ ബില്ലിലൂടെ ഉണ്ടാകുന്നത്.

നേരത്തേ ലൈസൻസിങ് അടക്കമുള്ള വിഷയങ്ങൾ കൈയൊതുക്കിക്കൊണ്ടുള്ള ഒരു നിയമനിർമ്മാണത്തിനാണ് കേന്ദ്രം ഉദ്ദേശിച്ചിരുന്നത് എന്നും എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് ലൈസൻസിങ് അടക്കമുള്ള വിവിധ വിഷയങ്ങൾ സംസ്ഥാന സർക്കാരുകളിൽ തന്നെ നിലനിർത്തിക്കൊണ്ട് നിയമനിർമ്മാണത്തിന് മുതിരുകയാണ് കേന്ദ്രം ചെയ്യുന്നത്. യന്ത്ര വത്കൃത യാനങ്ങളുടെ കാര്യം പറയുന്ന നിയമനിർമ്മാണമാണ് ദി ഇന്ത്യൻ മറൈൻ ഫിഷറീസ് ബിൽ. ബില്ലിന്റെ നിർവ്വചനങ്ങൾ മുതൽ ധാരാളം തിരുത്തുകൾ അനിവാര്യമാണെന്ന് ഞാൻ മനസിലാക്കുന്നു. 

ഉദാഹരണത്തിന് മൂന്നാം ക്ളോസിൽ വരുന്ന g തന്നെ എടുക്കാം. മൽസ്യബന്ധനം എന്ന വാക്കിന്റെ നിർവചനം അനാവശ്യ പദപ്രയോഗങ്ങളിലൂടെ സങ്കീർണ്ണമാക്കിയത് കാണാം. നിയമങ്ങളുടെ അടിസ്ഥാനം തന്നെ പദങ്ങളുടെ നിർവചനങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വിഷയം അതീവ ഗൗരവമുള്ളതുമാണ്. ട്രാക്കിങ്, ട്രെയ്‌ലിങ് എന്നൊക്കെയുള്ള പദങ്ങൾ നിരുപദ്രവകരമെന്ന് തോന്നുമ്പോഴും പിന്നീട് പരമ്പരാഗത മൽസ്യമേഖലയിലേക്ക് തല്പര കക്ഷികളെ കടത്തിവിടാനുള്ള വഴികളായി ഉപയോഗിക്കപ്പെട്ടേക്കും എന്ന് ന്യായമായും നമ്മൾ സംശയിക്കണം. അതിനാൽ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രത വേണം; വ്യക്തതയും. സമാനമായ പ്രശ്നം ഇന്ത്യൻ മത്സ്യ ബന്ധന യാനങ്ങൾ സംബന്ധിച്ച നിർവചനത്തിലാണ്. 1958 ലെ മർച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരമോ മറ്റേതെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ച നിയമം പ്രകാരമോ റജിസ്റ്റർ ചെയ്യപ്പെട്ട യാനങ്ങൾ എന്ന പ്രയോഗത്തിൽ ഈ മറ്റുള്ള നിയമങ്ങൾ ഏതൊക്കെയാണെന്ന് ബില്ല് വ്യക്തമാക്കട്ടെ. അനുബന്ധ മൽസ്യബന്ധന മേഖലകൾ നിർവചിക്കുന്നിടത്ത് ലേലംവിളി പോലുള്ള കാര്യങ്ങൾ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ ബിൽ പരാമർശിക്കുന്നില്ല എന്ന കാരണത്താൽ വലിയൊരു വിഭാഗത്തിന്റെ ഉപജീവനം തടയപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടാ.

മൽസ്യബന്ധന യാനങ്ങൾ വർഗ്ഗീകരിക്കപ്പെടുന്നിടത്താണ് അടുത്ത പ്രശ്നം. 24 മീറ്റർ വരെയുള്ള മൽസ്യബന്ധന യാനങ്ങളെല്ലാം ഒരൊറ്റ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് യുക്തിഭദ്രമല്ല എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മനസ്സിലാകും. വഞ്ചികളുടെ/യാനങ്ങളുടെ വലിപ്പമനുസരിച്ചും, എത്രപേർക്ക് സഞ്ചരിക്കാൻ കഴിയും എന്നത് കണക്കിലെടുത്തും അതിൽ ഘടിപ്പിക്കുന്ന മോട്ടോറിന്റ കുതിര ശക്തി നോക്കിയും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സവിശേഷതകൾ പരിഗണിച്ചുമാണ് യാനങ്ങളുടെ വർഗ്ഗീകരണമുണ്ടാകേണ്ടത്. അങ്ങനെ വിവിധ കാറ്റഗറികളാക്കി ഓരോന്നിനും അവയുടെ സവിശേഷതകൾ അനുസരിച്ചുള്ള നിയമങ്ങൾ നിർദ്ദേശിക്കുകയാണ് വേണ്ടത്. 

ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ ലൈസൻസിങ് അടക്കമുള്ള വിഷയങ്ങളിൽ തീർപ്പുണ്ടാക്കണം. അതെല്ലാം മൽസ്യത്തൊഴിലാളികൾ അവരുടെ സ്വന്തം ചെലവിൽ ചെയ്യുകയും വേണം. ബില്ലിൽ പറയുന്ന ഈ നിർദ്ദേശങ്ങൾ എങ്ങനെ അംഗീകരിക്കാനാണ്? ആറ് മാസത്തിനിടക്ക് നിയമം പ്രതിപാദിക്കുന്ന ലൈസൻസിങ് നടപടികൾ പൂർത്തിയാക്കണമെന്ന് പറയുന്നത് ഇന്ത്യയിൽ പാവപെട്ട മൽസ്യത്തൊഴിലാളികൾക്കിടയിൽ പ്രായോഗികമല്ല. ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ സാവകാശം നല്കാൻ തയ്യാറാവണം. മാത്രവുമല്ല, ലൈസൻസിങ് സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങൾക്കും സർക്കാർ സൗകര്യങ്ങൾ ചെയ്യണം.

ഒൻപതാമത്തെ ക്ളോസിൽ രണ്ടാം അനുച്ഛേദം പറയുന്ന ഒരു കാര്യം രാജ്യസുരക്ഷാ താല്പര്യം അനുസരിച്ച് അധികാരികൾക്ക് നടപടികളെടുക്കാൻ പറ്റുന്നത് സംബന്ധിച്ച് പറയുന്നു. കൂടെ, പൊതുജനതാല്പര്യം, ക്രമസമാധാനം തുടങ്ങിയ പ്രയോഗങ്ങളും ഇവിടെ പരാമർശിക്കപ്പെടുന്നു. ഈ പറഞ്ഞ കാര്യങ്ങളൊക്കെ കേൾക്കാൻ സുഖമുള്ളതോ രാജ്യതാല്പര്യത്തോട് ബന്ധിപ്പിക്കുന്നതോ ആയ കാലം മാറി ഇതെല്ലം പാവപ്പെട്ട ജനങ്ങളെ പീഡിപ്പിക്കാൻ ഭരണകൂടം പറയുന്ന ഒഴിവുകഴിവുകളായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയങ്ങളിൽ സർക്കാർ വ്യക്തമായ വിശദീകരണങ്ങൾ നൽകുകയാണ് വേണ്ടത്. ഖേൽ രത്ന പുരസ്‌കാരത്തിന് രാജീവ് ഗാന്ധിയുടെ പേര് മാറ്റിയതും വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ പടം വെക്കുന്നതും പൊതുജനതാല്പര്യാർത്ഥമാണെന്ന് പറയുന്ന വിമർശിക്കുന്നതും ചോദ്യങ്ങളുയർത്തുന്നതും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളാണെന്ന് തീർപ്പാക്കുകയും ചെയ്യുന്ന കീഴ്വഴക്കങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ ഇത്തരം വിഷയങ്ങൾ അതീവ ഗൗരവത്തോടെ മാത്രം സമീപിക്കേണ്ടതാണ്.

പത്താം ക്ളോസിൽ പറയുന്നത് യാനങ്ങളിൽ നിർബന്ധമായും ഘടിപ്പിക്കേണ്ട ചില ഉപകരണങ്ങൾ സംബന്ധിച്ചാണ്. ആശയവിനിമയത്തിനും സുരക്ഷ ഉറപ്പുവരുത്താനും എന്ന നിലക്ക് നിർദേശിക്കുന്ന ഈ ക്രമീകരണം സാധാരണ മത്സ്യത്തൊഴിലാളികൾക്ക് എങ്ങനെ പ്രയോഗികമാകും?ഇത്തരം ഉപകരണങ്ങൾ ഘടിപ്പിക്കാൻ കഴിയുന്ന യാനങ്ങൾ മാത്രം ഇനിമുതൽ മത്സ്യബന്ധനത്തിന് പോയാൽ മതിയെന്ന് പറയുന്ന സാഹചര്യം തുടർന്നുവരാനിടയുണ്ടല്ലോ. അത്തരം നിർബന്ധങ്ങൾ നമുക്ക് അംഗീകരിക്കാൻ സാധിക്കില്ല. മാത്രവുമല്ല, സർക്കാർ ഈ നിയമത്തിൽ പറയുന്ന ഉപകരണങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ചെലവിൽ തന്നെ വിതരണം ചെയ്യണം. 

ഈ ബില്ലിലെ ഏറ്റവും അപകടം പിടിച്ച നിർദേശം പതിനാലാം ക്ളോസാണ്. സമയാസമയങ്ങളിൽ മറൈൻ ഫിഷറീസ് നയങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുകയാണ്. ഈ ബില്ല് നിയമമാകുന്നതോടെ നയരൂപീകരണത്തിന് കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കും. ഓരോ സമയത്തും കേന്ദ്ര സർക്കാർ അവർക്കിഷ്ട്ടമുള്ള നയങ്ങളുണ്ടാക്കും. ആ നയങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എതിരാകില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടാകുമോ? ഈ സർക്കാരിന്റെ താല്പര്യങ്ങൾ വെച്ചുനോക്കുമ്പോൾ കോര്പറേറ്റുകളെ സഹായിക്കാനുള്ള നയങ്ങളാണ് ഉണ്ടാകുക. അത് അംഗീകരിക്കാൻ കഴിയില്ല. ബില്ല് ഉണ്ടാക്കി നയം പിന്നീട് ഉണ്ടാക്കാം എന്നുപറയുന്നത് ഭൂഷണമല്ല. അതിനാൽ നയത്തെ സംബന്ധിച്ച് വേറെ ചർച്ചകൾ വേണം. അത് പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാകണം. 

പതിനാറാം ക്ളോസിൽ പറയുന്ന വിനോദത്തിന് വേണ്ടിയുള്ള മത്സ്യബന്ധനവും ഫാമിങ്ങും കടലിൽ വേണ്ട. ടൂറിസ്റ്റ് മേഖലയിലെ വമ്പൻ സ്രാവുകളെ കൊണ്ടുവന്ന് കടലിൽ കമ്പിവേലി കെട്ടി വിനോദ സഞ്ചരത്തിന് മാർഗ്ഗങ്ങളുണ്ടാക്കുന്ന നയങ്ങൾ പാവപ്പെട്ട മൽസ്യത്തൊഴിലാളിയെ പ്രതികൂലമായി ബാധിക്കും. കടലും കടൽ വിഭവങ്ങളും മത്സ്യത്തൊഴിലാളികളുടെ അവകാശമാണെന്ന് അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. കടൽ കച്ചവടത്തിന് വെക്കുന്ന ഒരേർപ്പാടും അംഗീകരിക്കാൻ മനസ്സില്ല. പതിനെട്ടാം ക്ളോസിൽ പറയുന്നത് ഗവേഷണ പര്യവേഷണ താൽപര്യങ്ങൾക്കായി പ്രത്യേക ലൈസൻസ് നല്കുന്നതിനെ കുറിച്ചാണ്. ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ ചെയ്യുന്ന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിച്ചാൽ മതിയാകും. അല്ലാതെ ഈ നിയമം നിർദേശിക്കുന്നത് പോലെ ഒന്ന് സ്വകാര്യ കമ്പനികൾക്ക് കടൽ വിഭവങ്ങളിൽ കണ്ണുവെക്കാനുള്ള വാതിലുകൾ തുറന്നിടലാണ്. അത് അംഗീകരിക്കാൻ കഴിയില്ല. 

കടലിലെ സർക്കാരുകളുടെ അധികാരത്തെ സംബന്ധിച്ചും നിയമപാലനത്തെ കുറിച്ചും ഈ ബില്ലിന് വ്യക്തമായ കാഴ്ചപ്പാടില്ല എന്ന് ഇരുപത്തിയൊന്നാം ക്ളോസ് പറയുന്നു. ഒന്നുകിൽ കോസ്റ്റ് ഗാർഡും മറൈൻ ഓഫീസർമാരും ചേർന്നുള്ള ഒരു സംസ്ഥാന-കേന്ദ്ര സേനകളുടെ സംയുക്ത സംവിധാനം ഉണ്ടാക്കുക. അല്ലെങ്കിൽ പ്രത്യേക സംവിധാനം വേറെ ആലോചിക്കുക. മറ്റൊരു കാര്യം, നിയമലംഘനമുണ്ടെന്ന് കണ്ടാൽ അധികാരികൾക്ക് മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും കസ്റ്റഡിയിലെടുക്കാനും മറ്റുമുള്ള അധികാരങ്ങളാണ്. അതിൽ വാറന്റോടെയും അല്ലാതെയും അവർക്ക് നടപടികളിലേക്ക് കടക്കാൻ പറ്റുമെന്ന് പറയുന്നു. ഇതിൽ വാറന്റ് വേണ്ടതും വേണ്ടാത്തതും ഏതെന്ന് സർക്കാർ വ്യക്തമാക്കണം. 

നിയമലംഘനത്തിന്റെ പേരിൽ ഈടാക്കുമെന്ന് പറയുന്ന പിഴകളുടെ കാര്യത്തിലും തിരുത്തുകൾ വേണം. രാജ്യത്ത്കു തന്നെയുള്ള ത്തകകമ്പനികളുടെയും വിദേശ കമ്പനികളുടെയും മൽസ്യബന്ധനയാനങ്ങൾക്ക് എത്രയധികം പിഴ ചുമത്തുന്നതിലും നമുക്ക് വിരോധമില്ല. അതേസമയം, പാവപ്പെട്ട പരാമപരഗത മത്സ്യത്തൊഴിലാളികളുടെ കാര്യമങ്ങനെയല്ല. അത് ഗണ്യമായി കുറച്ചും ഇളവുകൾ അധികരിപ്പിച്ചും പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ലൈസൻസിങ് അടക്കമുള്ള വിഷയങ്ങളുടെ നിയമങ്ങൾ സംബന്ധിച്ച് നിലവിൽ പറയുന്ന 2000 രൂപ മുതൽ പതിനായിരം രൂപ വരെയുള്ള പിഴ നമുക്ക് അംഗീകരിക്കാൻ സാധിക്കില്ല. അതുപോലെ ഓരോ കുറ്റകൃത്യങ്ങൾക്കും വെവ്വേറെ പട്ടികപ്പെടുത്തിയുള്ള വിവരങ്ങൾ ബില്ലിൽ പ്രസിദ്ധീകരിക്കണം. പിഴ ഇനത്തിൽ സർക്കാരിന് ലഭിക്കുന്ന തുക പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ചിലവാക്കുകയും വേണം. അത് ഗവേഷണം, ഉദ്യോഗസ്ഥരുടെ ശമ്പളം എന്നിങ്ങനെയുള്ള മേഖലകളിലേക്ക് വഴിമാറില്ലെന്ന് ഉറപ്പുനൽകുകയും വേണം. ഇത്രയും വിഷയങ്ങൾ മാത്രമല്ല, ഈ ബില്ലിലെ പ്രശ്നങ്ങൾ. വളരെ പ്രധാനപ്പെട്ട ചിലത് ചുരുക്കിപ്പറഞ്ഞു എന്നുമാത്രം.

മറ്റൊരു വിഷയം, ഇത്തരം നിയമനിർമ്മാണങ്ങൾക്ക് മുതിരുമ്പോൾ സംസ്ഥാന സർക്കാരുകളോട് ചർച്ച ചെയുന്നത് പോലെത്തന്നെ പരമ്പരാഗത മൽസ്യത്തൊഴിലാളികളോട് കൂടി വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണം. അടിത്തട്ടിലെ മനുഷ്യ ജീവിതങ്ങളും യാഥാർഥ്യങ്ങളും മനസ്സിലാക്കാതെ ഉണ്ടാകുന്ന നിയമങ്ങൾ ജനങ്ങൾക്ക് ഭൂഷണമാകില്ലെന്ന് മാത്രമല്ല അത് അപകടങ്ങളുണ്ടാക്കുകയും ചെയ്യും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങൾ അവതാളത്തിലാക്കുന്ന വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു നിയമ നിർമ്മാണവും അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ മീനാകുമാരി റിപ്പോർട്ടിനെ ചെറുത്തുതോൽപ്പിച്ചതുപോലെ തോൽപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here