ഉന്നതവിദ്യാഭ്യാസമേഖലയിൽ നടക്കുന്ന വർഗീയ ധ്രുവീകരണത്തിന്റെ തുടർച്ചയിൽ ഏറ്റവുമൊടുവിൽ സംഭവിച്ചതാണ് കണ്ണൂർ സർവകലാശാലയുടെ പുതിയ സിലബസ് പരിഷ്കരണം. പബ്ലിക് അഡ്മിനിസ്ട്രേഷൻ പി ജി മൂന്നാം സെമസ്റ്റർ സിലബസിൽ ആർ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയാണ് കണ്ണൂർ സർവ്വകലാശാല മതരാഷ്ട്രവാദത്തിന്റെ സാംസ്കാരിക വളർച്ചയെ അടയാളപ്പെടുത്തുവാൻ  കൂട്ടുനിൽക്കുന്നത്.

എം എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സും ഒപ്പം വി ഓർ അവർ നാഷൻഹുഡ് ഡിഫൈൻഡും, വി ഡി സവർക്കറുടെ ആരാണ് ഹിന്ദു, ബൽരാജ് മധോകിൻ്റെ ഇന്ത്യനൈസേഷൻ: വാട്ട് വൈ ആൻ്റ് ഹൗ, ദീൻദയാൽ ഉപാധ്യായയുടെ ഇൻ്റഗ്രൽ ഹ്യൂമനിസം തുടങ്ങിയ തീവ്രമായ മതചിന്തകൾ ഉയർത്തിക്കാണിക്കുന്ന പുസ്തകങ്ങളാണ് കണ്ണൂർ സർവ്വകലാശാല വിദ്യാർഥികൾക്ക് പഠനത്തിനായി നൽകിയിരിക്കുന്നത്. മതേതര ഇന്ത്യ ഏറ്റവും അകറ്റി നിർത്തിയിരുന്ന മതവാദികളുടെ ഇത്തരം പുസ്തകങ്ങളെ വർത്തമാനകാലത്ത് സർവ്വകലാശാലകൾ മഹത്വവൽക്കരിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.

സർവ്വകലാശാലകൾ പാഠ്യപദ്ധതികൾ നിർണയിക്കുമ്പോൾ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കണമെന്ന അടിസ്ഥാന നിർദ്ദേശങ്ങളെ പോലും അവഗണിച്ച്, തൽപരകക്ഷികൾ മുന്നോട്ടുവെച്ച  പാഠ്യപദ്ധതി സർവ്വകലാശാല പൂർണമായും അംഗീകരിക്കുകയാണ് ഉണ്ടായത്. വർത്തമാന ഇന്ത്യയിൽ അപകടകരമായി പടർന്നുകൊണ്ടിരിക്കുന്ന വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുവാനും, ജനാധിപത്യത്തിലെ മതേതര മൂല്യങ്ങളെ വേരോടെ പിഴുതെറിയുവാനുമാണ് വിദ്യാഭ്യാസ മേഖലയിലെ ഈ കടന്നുകയറ്റങ്ങൾ വഴിയൊരുക്കുക.

അക്കാദമിക്ക് നിലവാരമില്ലാത്ത, ചരിത്രത്തെ വികലമാക്കുന്ന ഇത്തരം പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക വഴി ഭരണകൂടം നിർണയിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ പ്രഘോഷകരായി സർവകലാശാലകൾ മാറ്റപ്പെടുകയാണ്. ഗാന്ധി, നെഹ്റു, അംബേദ്കർ, ടാഗോർ, എ കെ രാമാനുജൻ, അമർത്യസെൻ തുടങ്ങിയ മഹത് വ്യക്തികളുടെ പഠനങ്ങൾക്കും പുസ്തകങ്ങൾക്കും ഒപ്പം, ഇന്ത്യൻ ഫാസിസത്തിൻ്റെയും ഇന്ത്യൻ മതതീവ്രവാദത്തിൻ്റെയും വിശുദ്ധ ഗ്രന്ഥങ്ങളും, അവയുടെ രചയിതാക്കളുടെ ആശയങ്ങളും വിദ്യാർത്ഥി സമൂഹത്തിൽമേൽ അടിച്ചേൽപ്പിക്കുന്ന സർവകലാശാലയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ല.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ അപകടകരമാക്കുന്ന മതരാഷ്ട്രവാദത്തിന്റെ തത്ത്വശാസ്ത്രം മനസ്സിലാക്കുവാൻ ഇത്തരം ഗ്രന്ഥങ്ങൾ വിദ്യാർത്ഥികൾ പഠിക്കേണ്ടതില്ല. ശരിയായ ചരിത്രപഠനം സാധ്യമായാൽ മതി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സാംസ്കാരികവും, രാഷ്ട്രീയവും, വിദ്യാഭ്യാസവും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ  തുടരുന്ന രാജ്യസ്നേഹ വാക്സിനേഷന്റെ ഉദാഹരണമാണ് ഇത്തരം അപകടകരമായ ഇടപെടലുകൾ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന, ഇന്ത്യയുടെ ബഹുസ്വരതയെ അപകടകരമായ നിലയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന ഈ ഇടപെടലുകൾ ആരോഗ്യപരമായി എതിർക്കപ്പെടുക തന്നെ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here