പ്രകോപനപരമോ, ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ വിലക്കിക്കൊണ്ട് കേരള,കേന്ദ്ര സർവകലാശാല കാസർഗോഡ് ക്യാമ്പസ് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കിടേശ്വർലു സർക്കുലർ പുറത്തിറക്കിയത് കഴിഞ്ഞദിവസമാണ്. ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കായിരുന്നു മുന്നറിയിപ്പ്. വിമർശനങ്ങളും, സംവാദങ്ങളും, ചർച്ചകളും നിലനിൽക്കാത്ത അക്കാദമിക്ക് സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുക വഴി അക്കാദമിക്ക് സ്വാതന്ത്ര്യത്തിലുള്ള ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകളെ കേന്ദ്ര സർവകലാശാല വെള്ളപൂശുകയാണ്.

ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവേഷണസംബന്ധിയായി ദേശീയ മുൻഗണനവിഷയങ്ങൾ തിരഞ്ഞെടുക്കണമെന്ന് സർക്കുലർ പുറത്തിറക്കുകയും, ഗവേഷണ വിഷയങ്ങൾ തിരഞ്ഞെടുക്കുവാനുള്ള വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തെ അവഗണിക്കുകയും ചെയ്ത ചരിത്രമാണ് കേന്ദ്ര സർവകലാശാലയുടെത്. ‘പ്രോട്ടോ ഫാസിസ്റ്റ്’ എന്ന പ്രയോഗത്തിൽ മാസങ്ങൾക്കുമുൻപ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രൊഫ. ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്തും കേന്ദ്ര സർവകലാശാല അപകടകരമായ ഏകാധിപത്യ സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.

ദേശീയത എന്നത് ഭരണകൂടത്തിന്റെ നിർബന്ധിതമായ തീരുമാനമാകുമ്പോൾ അത് അപകടകരമാകുന്നു. ഒരു ജനാധിപത്യരാജ്യത്ത് ഭരണകൂടത്തോട്  വിയോജിക്കുവാനും,ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങളെ പ്രതിരോധിക്കുവാനും പൂർണമായ സ്വാതന്ത്ര്യവും അടിസ്ഥാനപരമായ അവകാശവും ഉണ്ടെന്നിരിക്കെയാണ്, വർഗീയ ദ്രുവീകരണതിലൂടെ ക്യാമ്പസുകളെ മലീമസപ്പെടുത്തുന്ന തീരുമാനങ്ങൾ നിരന്തരമായി കേന്ദ്രസർവകലാശാല കൈക്കൊള്ളുന്നത്.  വിമർശനങ്ങൾ ദേശവിരുദ്ധതയാണെന്ന് വ്യാഖ്യാനിക്കുവാനും ആവിഷ്കാരസ്വാതന്ത്ര്യം രാജ്യദ്രോഹമാണെന്ന് മുദ്രകുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ജനാധിപത്യവിരുദ്ധമായ സർക്കുലറുകൾ.

ക്ലാസ്സുകളിലേക്ക് ഭരണകൂട സെൻസർഷിപ്പുകൾ നീളുമ്പോൾ ജനാധിപത്യപരമായി അത്തരം ശ്രമങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട്. ദേശീയതയെ, രാജ്യസ്നേഹത്തെ ഭരണകൂടത്തിന്റെ അല്ലെങ്കിൽ കേവലം ഒരു വിഭാഗത്തിന്റെ മാത്രം നിർവചനത്തിൽ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. ഈ കാരണത്താൽ തന്നെയാണ് സർവ്വകലാശാലയുടെ വിവാദ സർക്കുലർ ജനാധിപത്യവിരുദ്ധമാകുന്നതും. ക്യാമ്പസുകൾ എന്നും ഭരണകൂട അസ്ഥിരതകൾക്കും അവകാശധ്വംസനങ്ങൾക്കു എതിരെ ശബ്ദമുഖരിതമായി തുടരണം.

സർഗാത്മക രാഷ്ട്രീയത്തിന്റെ,സംവാദങ്ങളുടെ തുറന്ന വേദിയായിരിക്കണം അത്. അതുകൊണ്ടുതന്നെ വിമർശനങ്ങൾക്കതീതമാണ് ഭരണകൂടമെന്ന ചിന്ത ഒരു ജനാധിപത്യരാജ്യത്ത് ഭൂഷണമല്ല. തുടർച്ചയായ ജനാധിപത്യധ്വംസനങ്ങളുടെ ചരിത്രം കേന്ദ്ര സർവകലാശാല തിരുത്തുക തന്നെ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here