ന്യൂ കാസിലിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവ് ആഘോഷമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
യുണൈറ്റഡ് ജഴ്സിയിലെ രണ്ടാം അരങ്ങേറ്റത്തില്‍ ഗംഭീര പ്രകടനമായിരുന്നു റോണോയുടേത്. ടീമിന്റെ ആദ്യ രണ്ടു ഗോളുകളും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നെങ്കില്‍ മൂന്നാം ഗോള്‍ നാട്ടുകാരന്‍ കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും (80) നാലാമത്തേത് ജെസ്സി ലിന്‍ഗാര്‍ഡിന്റെയും (90)വകയായിരുന്നു.
47ാം മിനിറ്റിലും 62ാം മിനിറ്റിലുമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കൊടുവില്‍ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. മേസണ്‍ ഗ്രീന്‍വുഡിന്റെ തകര്‍പ്പന്‍ ഗ്രൗണ്ട് ഷോട്ട് തടുത്തിടുന്നതില്‍ ന്യൂകാസില്‍ ഗോള്‍കീപ്പര്‍ ഫ്രെഡ്ഡി വുഡ്മാന് പറ്റിയ കൈപ്പിഴയാണ് റൊണാള്‍ഡോയുടെ ഗോളില്‍ കലാശിച്ചത്. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോ അനായാസം വലയിലാക്കി.
56ാം മിനിറ്റില്‍ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ ഒപ്പമെത്തി. ആറ് മിനിറ്റിനുള്ളില്‍ റൊണാള്‍ഡോയിലൂടെ വീണ്ടും യുണൈറ്റഡ് മുന്നിലെത്തുകയായിരുന്നു. ലൂക്ക് ഷോയുടെ ത്രൂ പാസ് പിടിച്ചെടുത്ത് റൊണാള്‍ഡോ ഗോള്‍വല ചലിപ്പിച്ചു.
ഇതോടെ റൊണാള്‍ഡോയുടെ ഹാട്രിക്കിനു വേണ്ടിയായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. പക്ഷെ അതു സംഭവിച്ചില്ല. 80ആം മിനിറ്റില്‍ തകര്‍പ്പന്‍ ലോങ്റേഞ്ചറിലൂടെ ബ്രൂണോ യുനൈറ്റഡിന്റെ മൂന്നാം ഗോളിനു അവകാശിയായി. ഇഞ്ചുറിടൈമില്‍ ബോക്സിനകത്തു നിന്നുള്ള ഷോട്ടിലൂടെ ലിന്‍ഗാര്‍ഡ് ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തപ്പോള്‍ അതു ഇതിഹാസ താരം അര്‍ഹിച്ച തിരിച്ചുവരവായി മാറുകയും ചെയ്തു.
തങ്ങളുടെ പ്രിയ താരം സിആര്‍7നെ വരവേല്‍ക്കാന്‍ ഓള്‍ഡ് ട്രാഫോര്‍ഡ് ചുവപ്പ് കുപ്പായക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. പോള്‍ പോഗ്ബയ്ക്കും പിറകില്‍ ഏറ്റവും അവാസാനമായി തങ്ങളുടെ മാനസപുത്രന്‍ ഗ്രൗണ്ടിലേക്കു വന്നപ്പോള്‍ സ്റ്റേഡിയം ഇരമ്പുന്ന കടലായി മാറി. റൊണാള്‍ഡോയെ ടീമിലേക്കു തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുനൈറ്റഡിന്റെ ഐതിഹാസിക കോച്ച് അലെക്സ് ഫെര്‍ഗൂസനടക്കമുള്ള വിഐപികള്‍ റോണോയുടെ ഗ്രാന്റ് തിരിച്ചുവരവിനെ വരവേല്‍ക്കാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇരട്ട ഗോളുകളുമായി ഇവരുടെ മനംനിറയ്ക്കുന്ന പ്രകടനം പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പുറത്തെടുക്കുകയും ചെയ്തു.