ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിജയ് രൂപാണിയുടെ രാജിയെന്നത് ഏറെ ശ്രദ്ധേയമാണ്.

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം വിജയ് രൂപാണി മാധ്യമപ്രവർത്തകരെ കണ്ടു, ‘ഗുജറാത്തിന്റെ വികസനത്തിന്റെ യാത്ര ഒരു പുതിയ നേതൃത്വത്തിന് കീഴിൽ മുന്നോട്ടു പോകണം, അതുകൊണ്ടാണ് ഞാൻ രാജിവച്ചത്. പാർട്ടി നിയോഗിക്കുന്ന പുതിയ ഉത്തരവാദിത്വം ഏതായാലും അത് ഏറ്റെടുക്കും. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ എനിക്ക് തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ആളുകളുടെ പൂർണ്ണ പിന്തുണയും സഹകരണവും ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

“ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ എനിക്ക് ഈ അവസരം നൽകിയതിന് ബിജെപിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഭരണകാലത്ത്, പ്രധാനമന്ത്രി മോദിയുടെ കീഴിൽ സംസ്ഥാനത്തിന്റെ വികസനം കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് അവസരം ലഭിച്ചു “- ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം വിജയ് രൂപാണി ഗാന്ധിനഗറിൽ പറഞ്ഞു.

വിജയ് രൂപാനിയുടെ രാജിക്ക് ശേഷം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഗുജറാത്തിലെ ഭരണകക്ഷി എംഎൽഎമാർ ചൊവ്വാഴ്ച യോഗം ചേരുമെന്ന് ന്യൂസ് 18 ഗുജറാത്ത് റിപ്പോർട്ട് ചെയ്യുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് ഇപ്പോൾ ഗുജറാത്തിൽ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിലെ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2016ൽ ആണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആനന്ദിബെൻ പട്ടേലിന്‍റെ പിൻഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. വിദ്യാർത്ഥി കൗൺസിൽ പ്രവർത്തകനായിരുന്ന രൂപാനി 1971 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലും (ആർഎസ്എസ്) പിന്നീട് ജനസംഘത്തിലും ചേർന്നു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഗുജറാത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം അദ്ദേഹം പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

2017ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് അധികാരം നിലനിർത്താനായെങ്കിലും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഉത്തരാഖണ്ഡിലെയും കർണാടകയിലെയും മുഖ്യമന്ത്രിമാരുടെ രാജിക്ക് പിറകെ നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും മുഖ്യമന്ത്രി രാജിവെക്കുന്നത് ബി ജെ പിക്കകത്തെ പടലപ്പിണക്കങ്ങളുടെ സൂചനയാണെന്ന് നിരീക്ഷണങ്ങളുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here