ഗ്രീൻലാൻ്റിലെ മഞ്ഞുപാളികളിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് മഴ പെയ്തത് ശാസ്ത്രലോകത്തെ ആശങ്കയിലാക്കുന്നു. ആദ്യമായിട്ടാണ് ഇവിടെ മഴ പെയ്തത് രേഖപ്പെടുത്താൻ സാധിക്കുന്നത്. ആ​ഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ വളരെ വേ​ഗത്തിൽ മഞ്ഞുരുകുന്ന ഈ ഭാ​ഗത്തു പെയ്ത മഴ പരിസ്ഥിതിപ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

3216 മീറ്റർ ഉയരമുള്ള മഞ്ഞുപാളികളുടെ മുകളിലാണ് മഴ പെയ്തത്. ഓ​ഗസ്റ്റ് പതിനാലിന് മണിക്കൂറുകളോളം നിർത്താതെ മഴ പെയ്തു.  മഞ്ഞ് ഉരുകുന്ന താപനില ഏകദേശം ഒമ്പതുമണിക്കൂറോളം അവിടെ ഉണ്ടായതായി അമേരിക്കൻ നാഷ്ണൽ സ്നേ ആന്റ് ഐസ് ഡാറ്റാ സെന്റർ അധികൃതർ അറിയിച്ചു. 1950 മുതൽ ഇവിടുത്തെ കാലാവസ്ഥ വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ആദ്യമായിട്ടാണ് മഴ ഇത്രയും ഉയരത്തിൽ രേഖപ്പെടുത്തുന്നത്. 

മ‍ഞ്ഞുപാളികളിൽ മഴപെയ്യുന്നത് നല്ല ലക്ഷണമല്ല, ഇത് മഞ്ഞുരുകൽ വേ​ഗത്തിലാക്കും, കൊളമ്പിയൻ സർവകലാശാലയിലെ ​ഗ്ലേഷ്യോളജിസറ്റ് ഇന്ദ്രാണി ദാസ് പറഞ്ഞു. മഴവെള്ളം കൂടുതൽ വെയിലിനെ ആകർഷിക്കുകയും മഞ്ഞുരുകൽ വേ​ഗത്തിലാക്കുകയും ചെയ്യും. ഈ വെള്ളം കടലിലേക്ക് ഒഴുകുകയും കടലിന്റെ ജലനിരപ്പ് ഉയരാൻ കാരണമാവുകയും ചെയ്യും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഇത്തരത്തിൽ ജലനിരപ്പിൽ ഇരുപത്തിയഞ്ച് ശതമാനത്തിലേറെ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രതിഭാസം തുടർന്നാൽ 2030 ആകുമ്പോഴേക്കും മുംബൈ അടക്കമുള്ള തീരദേശ നഗരങ്ങൾ കടലിനടിയിലാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here