ഭരണഘടന ചരിത്രത്തിൽ തമസ്കരിക്കാനാവാത്ത കേശവാനന്ദഭാരതി കേസിന് വയസ്സ് അമ്പത് തികയുന്നു.
കേസിലെ മുഖ്യ ഹരജിക്കാരനായിരുന്ന എടനീർ മടാധിപതി ‘കേശവാനന്ദ ഭാരതി’ ലോകത്തോട് വിടപറഞ്ഞിട്ട് വർഷം മൂന്ന് കഴിഞ്ഞു. എന്നാൽ, ഭരണഘടനയും നിയമവാഴ്ചയും നിലനിൽക്കുന്നിടത്തോളം കാലം കോടതി മുറികളിൽ ‘കേശവാനന്ദ ഭാരതി’ എന്ന നാമം ജീവിച്ചു കൊണ്ടേയിരിക്കും, ‘കേശവാനന്ദ ഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസ് വിധിന്യായത്തിലൂടെ.

ഭൂപരിഷ്കരണ നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ നൽകിയ പ്രസ്തുത കേസിൽ മുതിർന്ന അഭിഭാഷകൻ ‘നാനി പൽകിവാലയാണ്’ ഹാജരായത്.

നിയമയുദ്ധം പരാജയപ്പെട്ടെങ്കിലും ഭരണഘടനാ ഭേദഗതിയിൽ പാർലമെന്റിന്റെ അധികാരപരിധിയുടെ വ്യാപ്തി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും, വിഷയത്തിൽ തീർപ്പു കൽപ്പിക്കാനുമുള്ള അവസരമാക്കി ‘പൽക്കിവാല’ ഇതിനെ ഉപയോഗപ്പെടുത്തി. അതുവഴി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയിൽ നിന്ന് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനുള്ള കവചമായി മാറുകയായിരുന്നു കേസിലെ വിധിന്യായം. 7:6എന്ന നിലയിൽ ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന വിധിന്യായം പക്ഷേ, ചരിത്രമായി.

‘ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം അനിയന്ത്രിതവും പരിധികളില്ലാത്തതുമാണോ’ എന്നതായിരുന്നു കേസിൽ ഉയർന്ന പ്രധാന ചോദ്യം ഭരണഘടനകൾ മാറിക്കൊണ്ടിരിക്കുന്ന ജനതയുടെ ആവശ്യങ്ങളോട് സംവദിക്കാൻ അനുയോജ്യമായവ അല്ലെങ്കിൽ രാഷ്ട്ര വളർച്ചയെ അവ പിറകോട്ട് വലിക്കും എന്നത് സംശയരഹിതമാണ്. ഇക്കാരണത്താൽ ഒരു ഭരണഘടനയ്ക്ക് സ്ഥിരത അവകാശപ്പെടാൻ സാധ്യമല്ല. അതുപോലെതന്നെ അംഗീകാരം ഉണ്ടെന്നതും, കാലങ്ങളായി നടപ്പിലുണ്ട് എന്നതും കരുതി അതിന് ശാശ്വത സ്വഭാവം അവകാശപ്പെടാനും സാധ്യമല്ല.
കാലാനുസൃതമായ ഭരണഘടനാ ഭേദഗതികൾ അനിവാര്യമാണ്. എന്നാൽ, ഭരണഘടനപോലുള്ള ഒരു മൗലിക പ്രമാണരേഖ കൂടെക്കൂടെയുള്ള ഭേദഗതികൾക്കും മാറ്റങ്ങൾക്കും വിധേയമാകുന്നത് ആശാസ്യമല്ല.

ഇവിടെ ഉത്തരം കണ്ടെത്തേണ്ട അടിസ്ഥാന ചോദ്യമിതാണ്:
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റധികാരത്തിന്റെ പരിധി എത്രയാണ്….?
അത് അനിയന്ത്രിതവും പരിധികളില്ലാത്തതുമാണോ….?

ഭരണഘടന ഭേദഗതിക്ക് പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് ഭരണഘടനയുടെ 368–ാം അനുഛേദമാണ്. ഈ അനുഛേദത്തില്‍ പാര്‍ലമെന്‍റിന്‍റെ അധികാരത്തിന് പരിധികളുളളതായി പറയുന്നില്ല. അതിനര്‍ത്ഥം മൗലികാവകാശങ്ങളും മറ്റ് ഭരണഘടനയിലെ സുപ്രധാന സ്വഭാവവുമുള്‍പ്പടെ തിരുത്താന്‍ പാര്‍മെന്‍റിന് അധികാരമുണ്ട് എന്നതാണോ….?
ജനാധിപത്യ ഇന്ത്യയുടെ നിലനിൽപിനെ ബാധിക്കുന്ന ഈ ചോദ്യങ്ങൾക്ക് വിധിയെഴുതി എന്നത് കൂടെയാണ് പ്രസ്തുത വിധിന്യായത്തെ സർവ്വകാല പ്രസക്തമാക്കുന്നത്..

1972 ഒക്ടോബർ 31നാണ് കേസിൽ വാദം ആരംഭിച്ചത്.
അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എം. സിക്രിയുടെ നേതൃത്വത്തിലുള്ള 13 ജഡ്ജിമാർ കോടതിമുറിയിൽ നിരന്നിരുന്നു. സുപ്രീംകോടതി ചരിത്രത്തിലെ ഏറ്റവുംവലിയ ബെഞ്ചായിരുന്നു അത്. 68ദിവസം നീണ്ട വാദം കേൾക്കൽ. അതിനിടയിൽ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബേഗ് രോഗഗ്രസ്തനാകുന്നു. ഒപ്പം ചീഫ് ജസ്റ്റിസ് സിക്രിയുടെ റിട്ടയർമെന്റ് ദിവസവും അടുത്ത് വരുന്നു.

എന്തെങ്കിലും കാരണത്താൽ വാദം കേൾക്കൽ വൈകുകയും ജസ്റ്റിസ് സിക്രിയയുടെ റിട്ടയർമെന്റിന് മുമ്പ് കേസ് പൂർത്തീകരിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ പുതിയ ചീഫ് ജസ്റ്റിസിന് കീഴിൽ വാദം പുനരാരംഭിക്കേണ്ടിവരുമെന്നതാണ് ചട്ടം.

ജസ്റ്റിസ് ബേഗിന്റെ രോഗാവസ്ഥ, അഞ്ച് മാസം പിന്നിട്ട വാദം കേൾക്കൽ അനിശ്ചിതത്വത്തിലാക്കി. പ്രതിസന്ധികൾക്കും ‘ ആശങ്കകൾക്കും ഒടുവിൽ 1973 മാർച്ച് 23ന് വാദം പൂർത്തിയായി.
ശേഷം 1973 ഏപ്രിൽ 24ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠം ചരിത്ര വിധി പുറപ്പെടുവിച്ചു..
എഴുനൂറിലധികം പേജുകളുള്ള വിധിന്യായം.

ഭരണഘടനയുടെ മൂന്നാംഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്ന മൗലികാവകാശങ്ങളുൾപ്പെടെ ഭരണഘടനയിലെ അനുച്ഛേദങ്ങളെ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിലും, ഭരണഘടനയുടെ അടിസ്ഥാനഘടനയെ സ്പർശിക്കുന്ന ഭേദഗതികൾക്ക് പാർലമെന്റിന് അവകാശമില്ലെയിരുന്നു ഭൂരിപക്ഷ വിധി.
ഫലത്തിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് നേരെ പാർലമെൻറിലെ ഭൂരിപക്ഷമുപയോഗിച്ച് ഉണ്ടായേക്കാവുന്ന എല്ലാ ആക്രമണങ്ങളിൽ നിന്നുമുള്ള സംരക്ഷണമാണ് കേശവാനന്ദ കേസിലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി നൽകിയത്.

അത്യുത്തര കേരളത്തിലെ മഠാധിപതിയായിരുന്ന കേശവാനന്ദ ഭാരതിയും അതിസമർത്ഥനായ നിയമജ്ഞൻ നാനാ പൽക്കിവാലയും ശരിതെറ്റുകളുടെ ലോകത്തുനിന്ന് പ്രതിക്രിയ ലോകത്തേക്ക് മാറിക്കഴിഞ്ഞിട്ട് സംവത്സരങ്ങൾ പിന്നിട്ടു.
എന്നാൽ കേസിലെ വിധിന്യായം ഇന്നും ഭരണഘടനക്ക് കാവലിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here