അസമിൽ ഭൂമികയ്യേറ്റം ആരോപിച്ച് പോലീസ് നടത്തിയ നരനായാട്ടിൽ  രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അടികൊണ്ടു നിലത്തു വീണവരെ ലാത്തികൊണ്ട് വീണ്ടും മർദ്ദിക്കുന്ന പോലീസ്.  വെടിയേറ്റ് കൊല്ലപ്പെട്ട ഗ്രാമവാസിയെ പോലീസ് സംഘത്തിനൊപ്പമുള്ള ഫോട്ടോഗ്രാഫർ ചവിട്ടുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ശോഭയ്ക്ക് തന്നെ മങ്ങൽ ഏൽപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അസമിലെ ധരങ് ജില്ലയിൽ നിന്നും പുറത്തുവന്നത്.

കുടിയൊഴിപ്പിക്കാൻ ചെന്ന പോലീസിനെ പ്രദേശവാസികൾ ആക്രമിച്ചു എന്ന വാദമാണ് പോലീസിന് പറയാനുള്ളത്. വടിയുമായി ഒറ്റയ്ക്ക് പോലീസിനെ നേരിടാൻ എത്തുന്ന ഗ്രാമവാസി. നിസ്സാരമായി അയ്യാളെ നേരിടാമായിരുന്നിട്ടും,
തോക്കും ലാത്തിയുപയോഗിച്ച്  മർദ്ദിക്കുന്ന പോലീസ്.  ഒടുവിൽ ചലനമറ്റ മൃതദേഹത്തെ അതിക്രൂരമായി മർദ്ദിക്കുന്ന സിവിലിയൻ ഫോട്ടോഗ്രാഫർ. ഇതിനെല്ലാം മൗനാനുവാദം നൽകുന്ന ഭരണകൂടം. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആസൂത്രിത ആക്രമണം എന്ന് ഇതിനെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.

അസമിനെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ പൊതുവെ ഒന്നും മിണ്ടാറില്ല എന്ന്  പറയാം. പലപ്പോഴും അസമിലെ വിവരങ്ങൾ വർത്തയകുന്നത് ഏറെ വൈകിയാണ്. അതിൽ ചർച്ച ചെയ്യപ്പെടുന്നവ വളരെ വിളരവും. ‘ഡി വോട്ടര്‍’ എന്ന പേരില്‍ ഭരണഘടന എവിടെയും നിര്‍വചിച്ചിട്ടില്ലാത്ത ഒരു കൂട്ടം ജനങ്ങള്‍ ഇപ്പോഴും നിലവിലുള്ള സംസ്ഥാനമാണത്. വെടിയേറ്റു വീണ് അവസാനത്തെ ശ്വാസമെടുക്കുന്ന ഒരു കര്‍ഷകന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടിയ ബിജോയ് ബോനിയ ഇന്ത്യയിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളുടെയും അസമിലെ ജനങ്ങളുടെയും യഥാര്‍ഥ പ്രതിനിധി തന്നെയാണെന്ന് പറയാതെ വയ്യ.

മൂന്നു മാസത്തിനിടെ ബിജെപി സർക്കാർ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. ധോൽപൂർ ബസാർ , വെസ്റ്റ് ചുബ എന്നിവിടങ്ങളിലെ എണ്ണൂറോളം മുസ്ലിം കുടുംബത്തെയാണ് തിങ്കളാഴ്ച പോലീസ് ഒഴിപ്പിച്ചത്. സമാനമായി  മുസ്ലിം സമുദായം കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് വ്യാഴാഴ്ചയും കുടിയൊഴുപ്പിക്കൽ നടപടി ഉണ്ടായത്. ധോൽപൂരിലെ ശിവ മന്ദിരത്തിന് സമീപമുള്ള  ക്ഷേത്രഭൂമി അനധികൃതമായി കുടിയേറ്റക്കാർ കയ്യേറിയെന്നും അത് സ്വതന്ത്രമാക്കുമെന്നും മുഖ്യമന്ത്രി ബിസ്വ ശർമ്മ ജൂണിൽ ക്ഷേത്ര മാനേജ്മെൻ്റിന് ഉറപ്പു നൽകിയിരുന്നു. അതേ തുടർന്ന് 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിരിന്നു.

കാർഷിക പദ്ധതി നടപ്പിലാക്കാനാണ് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നത് എന്നാണ് സർ ക്കാർ വാദം. സർക്കാർ ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വേണ്ടത്ര പുനരധിവാസം പോലും ബിജെപി ഭരണകൂടം നടപ്പാക്കിയിട്ടില്ല.  മെയ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് “സർക്കാർ ഭൂമി കൈയേറ്റക്കാരിൽനിന്ന് മോചിപ്പിക്കുകയും സംസ്ഥാനത്തെ തദ്ദേശീയ ഭൂരഹിതർക്ക് അനുവദിക്കുകയും ചെയ്യും” എന്നായിരുന്നു. സമാനമായ കുടിയൊഴിപ്പിക്കലുകളിൽ ജൂണിൽ ലങ്കയിലെ 70 കുടുംബങ്ങളെയും സോണിത്പൂരിലെ ജമുഗുരിഹാറ്റിലെ 25 കുടുംബങ്ങളെയും ഒഴിപ്പിച്ചിരുന്നു. അസമിലെ നരനായാട്ടിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത് മുസ്ലീം വിരുദ്ധത തന്നെയല്ലേ എന്നതാണ് ചോദ്യം.

ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം മുസ്ലിം സാന്ദ്രതയുള്ള സംസ്ഥാനമാണ് അസം. ആസാം ജനതയുടെ 35 ശതമാനവും മുസ്ലിംങ്ങളാണ്.രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ച ദേശീയ പൗരത്വ ഭേദഗതി നിയമം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും അസമിലാണ്.  അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി സംസ്ഥാനത്തെ മുസ്ലിംങ്ങളുടെ നിലനില്‍പ് വലിയ ഭീഷണിയിലായി മാറിയിരിക്കുന്ന കാലത്താണ് ബംഗാളി മുസ്ലിംങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഒരു മേഖല ഈ രീതിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ബി.ജെ.പി ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങളെന്ന വിലയിരുത്തലുകളുമുണ്ട്.

രാജ്യത്ത് ഏറ്റവും കൊടിയ അളവില്‍ വംശീയ വിരോധം നിലനില്‍ക്കുന്ന സംസ്ഥാനമാണ് അസം. ആ വംശീയ വിരോധത്തിനൊപ്പം  മുസ്ലിം വിരുദ്ധ കൂടി ആളി പടർത്തിയാണ്  ബി.ജെ.പി അസം രാഷ്ട്രീയയത്തിൽ സജീവമായത്.കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അസമില്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലാണ് ബി.ജെ.പി ശക്തമായി രംഗത്ത് വരുന്നത്. തദ്ദേശീയ ഗോത്ര വിഭാഗങ്ങളിലും ആദിവാസികള്‍ക്കിടയിലുമുള്ള ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളും മോദി തരംഗവുമെല്ലാം അസമില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പിയെ സഹായിച്ചു.

2016 ൽ ഭരണത്തിലേറിയ അവർ 2021ൽ ഭരണ തുടർച്ച  തുടരുകയായിരുന്നു. വീണ്ടും അധികാരത്തി ലെത്തിയ ബി.ജെ.പി വർഗീയ ഭരണത്തിൻ്റെ മറ്റൊരു മുഖമാണ് അസമിൽ  കാഴ്ച വെക്കുന്നത്. അധികാരമേറ്റ 40 ദിവസത്തിനിടെ  വ്യാജ ഏറ്റുമുട്ടലിൽ 20 പേർ കൊല്ലപ്പെട്ട സാഹചര്യം അസമിൽ ഉണ്ടായിരിന്നു.  വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരിൽ ഏറെയും ന്യൂനപക്ഷ സമുദായക്കാരാണെന്നും ഇവരാരും ആയുധങ്ങൾ ഉപയോഗിക്കുന്ന ക്രിമിനലുകൾ അല്ലെന്നും അഭിഭാഷകനായ ആരിഫ്​ ജാവ്​ധർ വ്യക്തമാക്കുകയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിനൽകുകയും ചെയ്തിരുന്നു.

വർഗീയത അടിസ്ഥാനമാക്കി വോട്ട് നേടാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രം ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കപ്പെടും. ഭരണഘടനയെ നോക്കുകുത്തി ആക്കുക എന്നത് ബി.ജെ.പി യുടെ സ്ഥിര ശൈലിയായി മാറിയിരിക്കുകയാണ്. നിയമവും നിയമവാഴ്ചയും ജാതിയിലും മതത്തിലും അധിഷ്ഠിതമായി മാറിയിരിക്കുന്നു.

ഭരണഘടനയിൽ അനുശാസിക്കുന്ന മതേതരത്വം കേവലം വാക്കുകളിൽ മാത്രം ചുരുങ്ങപെടുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹണമാണ് അസമിലെ നരനായാട്ട്.  ഇതിനെതിരെ നിരവധി പ്രതിഷേധ സ്വരങ്ങൾ ഉയർന്നിട്ടും 32 കമ്പനി അർദ്ധ സൈനികരെ വിന്വസിച്ച്  ഭൂമി ഒഴിപ്പിക്കൽ തുടരുകയാണ്.സംഘർഷങ്ങളും പ്രതിഷേധങ്ങളും ചോരക്കുരുതിയും ഇനിയും ആവർത്തിച്ചേക്കാം. വർഗീയഭരണം അരങ്ങേറുന്ന നാട്ടിൽ ഇതെല്ലാം സർവ്വസാധാരണം!

LEAVE A REPLY

Please enter your comment!
Please enter your name here