ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക പരിഷ്കൃത സമൂഹത്തിലും ലിംഗസമത്വം അപരിഷ്കൃതമായി തുടരുകയാണ്. സ്ത്രീ ശാക്തീകരണവും ഫെമിനിസവും സമൂഹത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീ സമൂഹം നേരിടുന്ന അവഗണനകൾ യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത, അവകാശങ്ങൾ ലംഘിക്കപ്പെടുന്ന ഒരു വലിയ വിഭാഗം സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സ്വന്തം വീടകങ്ങളിൽ പോലും അവർ സുരക്ഷിതരല്ല എന്നാണ് സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ പല ഗ്രാമങ്ങളിലെയും ആദിവാസി മേഖലകളിലെയും സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. ഫെമിനിസവും സ്ത്രീ ശാക്തീകരണവും ഇനിയും കൊടുമ്പിരിക്കൊള്ളേണ്ട സാഹചര്യത്തിലാണ് കമല ഭാസിൻ്റെ വിട വാങ്ങൽ.

2002 ൽ സ്ഥാപിതമായ ഫെമിനിസ്ററ് നെറ്റ്വർക്കായ സംഗത് എന്ന സംഘടനയിലൂടെയും, തൻ്റെ തന്നെ ജീവിതത്തിലൂടെയും സ്ത്രീ സമൂഹത്തിന് വേണ്ടി പോരാടിയ വിപ്ലവ പോരാളിയാണ് കമല ഭാസിൻ. നാലുപതിറ്റാണ്ട് കാലം സ്ത്രീ ഉന്നമനത്തിനു വേണ്ടി പോരാടിയ ജീവിതമാണ് കമലയുടേത്. ഒരായുസിലെ 45 വർഷങ്ങളും സ്ത്രീമുന്നേറ്റത്തിനു വേണ്ടി പ്രവർത്തിച്ച ആസാദിയുടെ ശബ്ദമായിരുന്നു കമല. ഇന്ത്യയിലേയും ദക്ഷിണേഷ്യൻ സ്ത്രീവിമോചന മുന്നേറ്റങ്ങളുടെയും വക്താവായി പ്രവർത്തിച്ച കമല ഹാസിൻ, 1970 കളിലാണ് ലിംഗ സമത്വത്തിന് വേണ്ടിയുള്ള തൻ്റെ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ‘ജോലിക്ക് പോകുന്ന സ്ത്രീയെയും വീട്ടിലുള്ള പുരുഷനെയും’ ആസ്പദമാക്കി 1980 ൽ കമല എഴുതിയ നഴ്സറി പാട്ടാണ് അവരെ ഏറെ പ്രശസ്തയാക്കുന്നത്. പുരുഷന്മാർ പുറത്ത് ജോലിക്ക് പോകുമ്പോൾ സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരാണെന്ന സന്ദേശമാണ് ‘ക്യൂംകി മേം ലഡ്കി ഹൂം, മുഝേ പഠ്നാ ഹേ’ എന്ന പ്രശസ്തമായ പാട്ടിലൂടെ തിരുത്തപ്പെട്ടത്.

1982ൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജെൻസി ഫണ്ട് പാട്ടുകൾ പ്രസിദ്ധീകരിക്കാനായി മുന്നോട്ടു വന്നു. അഞ്ച് ഭാഷകളിലേക്കു കൂടി പാട്ടുകൾ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി.
കുട്ടികളിലൂടെയാണ് ഒരു സമൂഹം രൂപപ്പെടുന്നത്. അക്കാലത്തുണ്ടായിരുന്ന കുട്ടികളുടെ പാട്ടുപുസ്തകങ്ങളിലെല്ലാം തന്നെ ജോലിക്ക് പോകുന്ന അച്ഛനെയും വീട്ടു ജോലികൾ ചെയ്യുന്ന അമ്മയെയുമായിരുന്നു ചിത്രീകരിച്ചിരുന്നത്. ലിംനീതിയെ കുറിച്ച് ബോധമുള്ളവരായി വേണം കുട്ടികൾ വളർന്നു വരാൻ എന്നായിരുന്നു കമലയുടെ കാഴ്ചപ്പാട്.

വികസനം, വിദ്യാഭ്യാസം, ലിംഗഭേദം, മാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു കമല. 1976 മുതല്‍ 2001 വരെ യുഎന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനിലും (എഫ്എഒ) അവർ പ്രവര്‍ത്തിച്ചു. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഗ്രാമീണ മേഖലയിലെയും ആദിവാസി മേഖലയിലെയും സ്ത്രീകളെ കോർത്തിണക്കി 2020 ലാണ് കമല ‘സംഗത്’ എന്ന ഫെമിനിസ്റ്റ് ശൃംഖല രൂപീകരിക്കുന്നത്. നല്ലൊരു എഴുത്തുകാരിയുമായിരിന്നു കമല. തൻ്റെ രചനകളിലും ലിംഗസമത്വവും ഫെമിനിസവും അവർ പ്രമേയമാക്കി. കമലയുടെ ഏറ്റവും പ്രശസ്തമായ പുനരാവിഷ്കരണമാണ് “ആസാദി” എന്ന കവിത.

1995 ൽ, സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വം ചർച്ചയായ ഒരു പൊതുപരിപാടിയിലാണ് കമല “ആസാദി” എന്ന കവിത ആദ്യമായി അവതരിപ്പിക്കുന്നത്. “ഈ പുരുഷാധിപത്യ സമൂഹത്തിലെ നിശബ്ദതയിൽ നിന്നും, അക്രമങ്ങളിൽ നിന്നും, അനീതികളിൽനിന്നും സ്ത്രീക്ക് സ്വാതന്ത്ര്യം ആവശ്യമാണ്; സ്വസ്ഥമായി ശ്വസിക്കാൻ, ഉച്ചത്തിൽ പാടാൻ, നൃത്തം ചെയ്യാൻ, സ്വന്തമായ അഭിപ്രായത്തിനും ആവിഷ്കാരത്തിനും ഒരു സ്ത്രീക്ക് സ്വാതന്ത്ര്യം വേണം, അവൾ അത് നേടുക തന്നെ ചെയ്യും”, എന്നതായിരുന്നു ആസാദിലെ വരികളുടെ ഉള്ളടക്കം.

ഇന്ത്യൻ സമൂഹത്തെ വ്യക്തമായി അറിയാവുന്ന കമലയുടെ ആ വരികളിൽ, സമൂഹ വ്യവസ്ഥയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സ്പഷ്ടമായിരുന്നു. പിൽക്കാലത്ത് ആസാദിയുടെ ഫെമിനിസ്റ്റ് വേർഷനായാണ് ഈ വരികൾ അറിയപ്പെട്ടത്. ജെ.എൻ.യു വിലെ സമര കാലങ്ങളിലും ആസാദി മുദ്രാവാക്യം മുഴങ്ങിയിരുന്നു. വർഷങ്ങൾക്കിപ്പുറം ലിംഗനീതിയെ കുറിച്ച് സജീവമായ ചർച്ചകൾ രാജ്യത്ത് നടക്കുകയും, സ്ത്രീകൾക്ക് സഹായകമായ നിയമങ്ങൾ നിലവിൽ വന്നിട്ടുമുണ്ട്. “പക്ഷേ, സമൂഹം നിയമത്തിനെക്കാൾ ബഹുദൂരം പിന്നിലാണ്” എന്നായിരുന്നു കമലയുടെ അഭിപ്രായം. ആ അഭിപ്രായത്തോട് നൂറു ശതമാനം നീതിപുലർത്തുന്ന സംഭവവികാസങ്ങളാണ് സമൂഹത്തിൽ അരങ്ങേറുന്നതും.

അവിശ്വസനീയമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ സ്ത്രീ സമൂഹത്തിൻ്റെ മുന്നേറ്റത്തിനു വേണ്ടി കമല ഭാസിൻ കാഴ്ചവച്ചത്. ഒടുവിൽ ഒരു വിടവ് അവശേഷിപ്പിച്ച് കമല യാത്രയാകുമ്പോൾ, അവരുടെ ആശയങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും ലിംഗ സമത്വം എന്ന വികസനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here