ചൊവ്വയില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തി അവയുടെ വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈ 30 ന് നാസ വിക്ഷേപിച്ച ഉപഗ്രഹമാണ് മാര്‍സ് 2020 എന്ന പെർസിവറൻസ് മാര്‍സ് റോവര്‍. 2021 ഫെബ്രുവരി 18 ന് ചൊവ്വയില്‍ ജെസെറോ ഗര്‍ത്തം എന്ന് വിളിക്കപ്പെടുന്ന ഒരു പുരാതന തടാകകരയില്‍ ഇറങ്ങിയ മാര്‍സ് റോവര്‍, ഭൂമിയിലേക്ക് കൊണ്ടുവരാനായി പാറ ശേഖരിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്.

ഒരു സാമ്പിള്‍ ട്യൂബിനുള്ളിലെ പെന്‍സിലിനേക്കാള്‍ അല്‍പം കട്ടിയുള്ള കോറാണ് റോവര്‍ ശേഖരിച്ചതെന്ന് ചിത്രത്തിനൊപ്പം നാസ അറിയിക്കുകയുണ്ടായി.  സെപ്റ്റംബര്‍ 1 ന് സാമ്പിള്‍ ശേഖരിച്ചുവെങ്കിലും റോവര്‍ അതിന്റെ വിലയേറിയ ചരക്ക് വിജയകരമായി കൈവശം വച്ചിട്ടുണ്ടോ എന്ന് നാസയ്ക്ക് ആദ്യം ഉറപ്പില്ലായിരുന്നു. കാരണം മോശം വെളിച്ചത്തിൽ‍ എടുത്ത പ്രാരംഭ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമായിരുന്നില്ല. പിന്നീട് ഒരു പുതിയ ഫോട്ടോ എടുത്ത ശേഷം, റോവറിനെ കൂടുതല്‍ അളവുകള്‍ക്കും ഇമേജിംഗിനുമായി റോവറിന്റെ ഉള്‍വശത്തേക്ക് മാറ്റുകയും തുടര്‍ന്ന് കണ്ടെയ്‌നര്‍ സീല്‍ ചെയ്യുകയും ചെയ്തു.

ചൊവ്വയുടെ ഭൂഗര്‍ഭ ശാസ്ത്രത്തെയും  ഭൂതകാല കാലാവസ്ഥയെയും മികച്ച രീതിയില്‍ പഠിക്കാന്‍ മാര്‍സ് റോവര്‍ ശ്രമിക്കുന്നുണ്ട്. ചൊവ്വയിലെ പുരാതന തടാകം എപ്പോള്‍ രൂപപ്പെട്ടു? എത്ര കാലം അത് നിലനിന്നു ? എപ്പോഴാണ് തടാകം വറ്റി പോയത്? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും മാര്‍സ് റോവര്‍ ശ്രമിക്കുന്നുണ്ട്.

നൂറുകണക്കിന് സോളുകള്‍ അല്ലെങ്കില്‍ ചൊവ്വ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന റോവറിന്റെ ശാസ്ത്ര  ദൗത്യത്തിന്റെ ആദ്യ ഭാഗം അത് ലാന്‍ഡിംഗ് സൈറ്റിലേക്ക് മടങ്ങുമ്പോള്‍ പൂര്‍ത്തിയാകും. അപ്പോഴേക്കും അത് 1.6 നും 3.1 മൈലിനും (2.5 മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ) എവിടെയെങ്കിലും സഞ്ചരിച്ച് അതിന്റെ 43 സാമ്പിള്‍ ട്യൂബുകളില്‍ എട്ട് വരെ നിറഞ്ഞിരിക്കാം.

കളിമണ്‍ ധാതുക്കളാല്‍ സമ്പന്നമായ ജെസെറോ ക്രെറ്റിന്റെ ഡെല്‍റ്റാ മേഖലയിലേക്കാണ് റോവര്‍ സഞ്ചരിക്കുന്നത്. ഭൂതകാലത്ത് ഏതെങ്കിലും തരത്തിലുള്ള വൈറസോ സൂക്ഷ്മജീവികളോ രൂപപ്പെട്ടിരുന്നെങ്കില്‍ അവയുടെ സൂചനകള്‍ തടാകത്തിലെ പല പാറകളിലും ഉണ്ടാകും. അത്തരത്തിലുള്ള സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലേക്ക് തിരികെ അയയ്ക്കാനാണ് റോവറിന്റെ ശ്രമം. 2030 ല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമായുള്ള സംയുക്ത ദൗത്യത്തില്‍ റോവര്‍ എടുത്ത സാമ്പിളുകള്‍ തിരികെ ഭൂമിയിലേക്ക് എത്തിക്കാനാണ് നാസ ഉദ്ദേശിക്കുന്നത്.

ബഹിരാകാശത്തേക്ക് അയച്ച ഏറ്റവും സങ്കീര്‍ണമായ സംവിധാനമാണ് മൂവായിരത്തിലധികം ഭാഗങ്ങളുള്ള പെർസിവറൻന്റെ കാഷിംഗ് സംവിധാനം. മാര്‍സ് റോവറിന് ഒരു റോബോട്ടിക് കൈയും അതിനോടനുബന്ധിച്ച് ‘വാട്‌സണ്‍’ എന്ന ക്യാമറ ഉള്‍പ്പെടെയുള്ള നിരീക്ഷണ ഉപകരണങ്ങളുമാണുള്ളത്. പാറകളുടെ വളരെ വിശദമായ ചിത്രങ്ങളെടുക്കാന്‍ വാട്‌സന് കഴിയും. മസ്റ്റ്കം Z, സൂപ്പര്‍ ക്യാം , നാവികേഷന്‍ ക്യാമറ എന്നിവയും റോവറിന്റെ ഭാഗമാണ്. വ്യക്തമായ ത്രിമാന ചിത്രങ്ങള്‍ എടുക്കാനും അകലെയുള്ള വസ്തുക്കളെ സും ചെയ്തു നോക്കാനും മസ്റ്റ് ക്യാമിന് സാധിക്കും. പാറകളുടെ രസതന്ത്രം പഠിക്കാന്‍ ഉപയോഗിക്കുന്ന ക്യാമറയാണ് സൂപ്പര്‍ ക്യാം. ലേസര്‍ സംവിധാനം ഒപ്പമുള്ള സൂപ്പര്‍ ക്യാം  പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന പാറയിലേക്ക് ലേസര്‍ പതിപ്പിക്കും. ലേസര്‍ വീഴുന്ന ഇടം ബാഷ്പികരിക്കപെടുകയും  ഇതു സൂം ചെയ്ത വിശദമായ പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു. 

ഭൂമിയിലാണെങ്കില്‍ പാറ പൊട്ടിച്ച് നോക്കിയാല്‍ അതിന്റെ പഴക്കവും ഘടനയും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ അത്തരത്തിലൊരു സംവിധാനം പെർസിവറൻസില്‍ ഇല്ല. അതിനുപകരം പഠിക്കേണ്ട പാറയെ ബ്രഷ് പോലെയുള്ള ഒരു ഉപകരണം ഉപയോഗിച്ച് രാകി മിനുക്കും അതോടെ പാറയുടെ അകത്തെ ഘടന വ്യക്തമാകും. ശേഷം റോബോട്ടിക് കൈയിലെ PIXEL, SHERLOC എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ പാറകളെ വിശദമായി പഠിക്കുകയും  അനുയോജ്യമായവയുടെ സാമ്പിളുകള്‍ ഭൂമിയിലേക്ക് അയക്കാനായി ശേഖരിക്കുകയും ചെയ്യും. അത്തരത്തിലുള്ള ആദ്യ ശേഖരണമാണ് നാസ സ്ഥിരീകരിച്ചിരിക്കുന്നത്. ശാസ്ത്ര ലോകത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് മാര്‍സ് 2020 റോവര്‍. ഇതിലൂടെ ചൊവ്വയിലെ രഹസ്യങ്ങളുടെ ചുരുള്‍ അഴിയും എന്ന ആകാംക്ഷയിലാണ് ശാസ്ത്രലോകം.

LEAVE A REPLY

Please enter your comment!
Please enter your name here