ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനുവേണ്ടി, 1955 ജനുവരി 23 ന് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച പ്രമേയത്തിലൂടെ സെപ്റ്റംബര്‍ 16 മുതല്‍ ഓസോണ്‍ സംരക്ഷണ ദിനം ആചരിച്ചു വരികയാണ്. ഓസോണിലെ ദ്വാരങ്ങള്‍ ചുരുങ്ങുന്നുണ്ടെന്നും 2060 ആകുമ്പോഴേക്കും ഓസോണ്‍ പാളി 1980-കളുടെ മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. എന്നിരുന്നാലും അസാധാരണമായ രീതിയില്‍ കാലാവസ്ഥാവ്യതിയാനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തവണ ഓസോണ്‍ ദിനം കടന്നു പോകുന്നത്.
2021 ആഗസ്റ്റില്‍ പുറത്തുവന്ന ഇന്റെര്‍ ഗവണ്‍മെന്റെല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) റിപ്പോര്‍ട്ട്, ഈ ഓസോണ്‍ ദിനത്തില്‍ വിശകലനം ചെയ്യപ്പെടേണ്ട ഒന്നാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം ഹരിത വാതകങ്ങളുടെ ബഹിര്‍ഗമന അളവ് കുറച്ചില്ലെങ്കില്‍ ഭൂമിയുടെ സര്‍വ്വനാശത്തിന് ലോകം സാക്ഷിയാകും. വരുന്ന ഇരുപത വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ ശരാശരി ഉപരിതല താപനില 1.5 ഡിഗ്രി എന്ന പരിധി ലംഘിക്കുമെന്നും 2100 ആകുമ്പോഴേക്കും 4 ഡിഗ്രി മുതല്‍ 5 ഡിഗ്രി വരെ വര്‍ദ്ധനവ് താപനിലയില്‍ രേഖപ്പെടുത്തുമെന്നും ഐപിസിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂമിയുടെ താപ വര്‍ദ്ധന 1.5 ഡിഗ്രി ആയി നിയന്ത്രിച്ച് പ്രപഞ്ചത്തെ നാശനഷ്ടങ്ങള്‍ നിന്ന് രക്ഷിക്കാന്‍ മാനവരാശിക്ക് കിട്ടുന്ന അവസാന അവസരമാണെന്നും ഐപിസി റിപ്പോര്‍ട്ട് പറയുന്നു.
ഹരിതഗൃഹവാതകങ്ങള്‍ ആണ് ഓസോണ്‍ പാളിക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണവും ഹരിതഗൃഹ പ്രവാഹമാണ്. ചൂട് കൂടുക എന്നത് മാത്രമല്ല കാലാവസ്ഥാവ്യതിയാനം. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന്റെ ഫലമായി മഞ്ഞുപാളികള്‍ ഉരുകുകയും തല്‍ഫലമായി സമുദ്രനിരപ്പ് ഉയരുകയും ചെയ്യും. മഞ്ഞുപാളികള്‍ ഉരുകുന്നത് ശുദ്ധജല ലഭ്യത ഗണ്യമായി കുറയുന്നതിന് കാരണമാകുന്നു. സമുദ്ര നിരപ്പ് ഉയരുന്നതിന്റെ ഭലമായി ലോകത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകാനുള്ള സാധ്യത ഏറെയാണ്. മാലിദീപ് പോലുള്ള രാജ്യങ്ങള്‍, ലക്ഷ്യദീപ് പോലുള്ള ദ്വീപുകള്‍, കേരളത്തിലെ ഇരുവശങ്ങളിലായി കാണപ്പെടുന്ന തീരപ്രദേശങ്ങള്‍ എന്നിവയുടെ എല്ലാം പൂര്‍ണ്ണ നാശത്തിലേക്ക് കാലാവസ്ഥാവ്യതിയാനം വഴി തെളിക്കും. കടല്‍നിരപ്പ് അരയടി മുതല്‍ മുതല്‍ 2.7 അടിവരെ ഉയര്‍ന്നാല്‍ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ 12 നഗരം വെള്ളത്തിലാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

വേനല്‍ക്കാലത്ത് കഠിനമായ വരള്‍ച്ചയും മഴക്കാലത്ത് ശക്തമായ മഴയുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു ചിത്രം. ഒരേ വര്‍ഷത്തില്‍ തന്നെ സംഭവിക്കുന്ന വരള്‍ച്ചയും പ്രളയവും ഇന്ന് സാധാരണമായി കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയിലും കാലിഫോര്‍ണിയയിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലുണ്ടായ കാട്ടുതീ, ജര്‍മനിയിലും ചൈനയിലും കൊറിയയിലുമുണ്ടായ പ്രളയങ്ങള്‍, കാനഡ പോലെയുള്ള രാജ്യങ്ങളിലുണ്ടായ ഹിറ്റ് വേവുകള്‍, അന്റാര്‍ട്ടിക്കയിലെ മഞ്ഞു പാളികളില്‍ ഉണ്ടായ വിള്ളലുകള്‍, ലോകത്തില്‍ ആദ്യമായി ഏറ്റവും ഉയരമുള്ള മഞ്ഞുപാളികള്‍ മഴ പെയ്തു എന്നിങ്ങനെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയാണ് ദൃശ്യമാക്കുന്നത്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ചെറുക്കാന്‍ ലോ കാര്‍ബണ്‍ ഇക്കോണമി എന്ന പ്രഖ്യാപനം നടപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാരീസ് ഉടമ്പടിയില്‍ നിന്ന് 2017 ജൂണ്‍ ഒന്നിന് അമേരിക്ക പിന്മാറിയത് കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തിരിച്ചടിയായിരിന്നു. ലോകമെമ്പാടും വ്യാപിച്ചു വരുന്ന ദാരിദ്ര്യം പട്ടിണിമരണങ്ങള്‍ സാമ്പത്തിക അസമത്വം എന്നിവയ്‌ക്കെല്ലാം ഭൂമിയിലെ താപ വര്‍ദ്ധനവും പ്രധാന കാരണമാകും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തീരമേഖലയിലെ ജനസാന്ദ്രത ഏറെയുള്ള പട്ടണങ്ങള്‍, മത്സ്യമേഖലയ്ക്കും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സാംസ്‌കാരിക പൈതൃക സ്വത്തുക്കള്‍ എന്നിവയെല്ലാം തന്നെ നശീകരണം നേരിടുന്ന പ്രവചനവും ഗൗരവത്തോടെ കാണേണ്ടതാണ്.
കാലാവസ്ഥയിലെ തീവ്ര മാറ്റങ്ങളും നിരന്തരം അനുവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളും തുടര്‍ക്കഥയായിട്ടും ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണനയോ ചര്‍ച്ചയോ നടക്കുന്നില്ല എന്നതാണ് വാസ്തവം.ഓസോണ്‍ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ഇതിന്റെയെല്ലാം അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സമൂഹത്തിന് പൊതുവായ ശാസ്ത്രീയ അവബോധം ലഭിക്കേണ്ടതുണ്ട്.