നീണ്ട യാതനകൾക്കൊടുവിൽ ദൃഢനിശ്ചയത്തിനാലും ആത്മവിശ്വാസത്തിനാലും വിജയം കൈവരിച്ച മഹത് വ്യക്തിയാണ് അംബേദ്കർ. ജനാധിപത്യ‐ രാഷ്ട്രീയ അവകാശങ്ങൾ കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലയളവിലാണ് അദ്ദേഹത്തിന്റെ  ചരമദിനം രാഷ്ട്രം ആചരിക്കുന്നത്.

ഭരണഘടനാ ശില്പി എന്നതിനപ്പുറം ജാതി വ്യവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണ് അംബേദ്കർ. ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് ജാതിവ്യവസ്ഥയ്ക്കെതിരെ അന്തിമമായി പൊരുതാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഹിന്ദുമതത്തോടുതന്നെ വിടചൊല്ലി അനുയായികള്‍ക്കൊപ്പം അദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയുണ്ടായി.1936ല്‍ പ്രസിദ്ധീകരിച്ച “ജാതി ഉന്മൂലനം’ എന്ന കൃതി ജാതിവ്യവസ്ഥയും ബ്രാഹ്മണക്രമവും ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

എന്നാല്‍, അംബേദ്കര്‍ നടത്തിയ ആശയപരവും സാമൂഹ്യവുമായ സമരങ്ങളെ വളച്ചൊടിച്ച്, ഹിന്ദുമതത്തില്‍ നിന്നു കൊണ്ടുതന്നെ അയിത്തവും ഉച്ചനീചത്വങ്ങളും അവസാനിപ്പിച്ച് ഹിന്ദുമതത്തെ പരിഷ്കരിക്കാനാണ് അംബേദ്കർ ശ്രമിച്ചിരുന്നത് എന്ന പൊള്ളത്തരം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. ഈ അവസരത്തിൽ അംബേദ്കറിനെ കൂടുതൽ അടുത്ത് അറിയേണ്ടത് അനിവാര്യമാണ്.

അംബേദ്‌കറുടെ സംഭാവനകൾ ചരിത്രം, രാഷ്ട്രീയം, സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം, ഭരണനൈപുണ്യം, ജനാധിപത്യം എന്നിങ്ങനെ മനുഷ്യനെ ബാധിക്കുന്ന എല്ലാ മേഖലകളുമായി  ബന്ധപ്പെട്ട് കിടക്കുന്നതാണ്.

ഇന്ത്യയുടെ ജലസേചനം, ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട നയസമീപനങ്ങള്‍ രൂപവത്കരിച്ചത് അംബേദ്കറാണ്. പശ്ചിമേന്ത്യയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനവും  സംഘടനകളും രൂപവത്കരിച്ച് വികസിപ്പിച്ചതും അംബേദ്കറാണ്.  ഭരണഘടനാ സമിതിയുടെ അധ്യക്ഷന്‍, ഇന്ത്യയിലെ ആദ്യ നിയമമന്ത്രി.സ്വതന്ത്ര ഇന്ത്യയിലെ സ്ത്രീസ്വാതന്ത്ര്യവും സമത്വവും ഉറപ്പുവ രുത്താനായി അദ്ദേഹം കൊണ്ടുവന്നതാണ് ഹിന്ദുകോഡ് ബില്‍.

1917 ൽ ‘ചെറുകിട കൃഷിയും പരിഹാര’വുമെന്ന തലക്കെട്ടിൽ അദ്ദേഹമെഴുതിയ പ്രബന്ധം കാർഷിക മേഖലയെ സംബന്ധിച്ച് ഇന്നും ബാധകമാണ്. ഇന്ത്യൻ രൂപയെക്കുറിച്ച് നടത്തിയ പഠനത്തിന്റെയും ഹിൽട്ടൺ യംഗ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച നിർദ്ദേശങ്ങളുടെയും കൂടി ഫലമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഫിനാൻസ് കമ്മീഷന്റെയും രൂപീകരണം.

ലോക തൊഴിലാളി വർഗ്ഗത്തിന് മാർക്സ് എങ്ങനെയാണോ പ്രിയങ്കരനാകുന്നത് അതുപോലെ ഇന്ത്യയിലെ
അടിച്ചമർത്തപ്പെട്ടിരുന്ന തൊഴിലാളി വർഗ്ഗത്തിന് മറയ്ക്കാൻ കഴിയാത്ത പേരാണ് അംബേദ്‌കറുടേത്. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അടിസ്ഥാനാശയത്തിന് നിയമപരമായ പിൻബലം ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടാക്കുന്നത് അംബേദ്കറുടെ ശ്രമഫലമായിട്ടായിരുന്നു.

മികച്ച പത്രപ്രവര്‍ത്തകനായിരുന്നു ഡോ. അംബേദ്കര്‍. സ്വന്തം പത്രങ്ങളിലൂടെ അദ്ദേഹം സാമൂഹ്യ വിപ്ലവം സ്വപ്നം കണ്ടു.അടിച്ചമര്‍ത്തപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ മാധ്യമങ്ങള്‍ക്കാകുമെന്ന് അംബേദ്കര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. മൂക നായക, ബഹിഷ്‌കൃത് ഭാരത്, ജനത എന്നീ പേരുകളില്‍ അദ്ദേഹം പത്രങ്ങൾ പുറത്തിറക്കിയിരുന്നു.

ഹിന്ദുത്വവാദികളുടെ “ഇന്നത്തെ ഇന്ത്യ” എന്ന ആശയത്തെ അംബേദ്കർ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ പരമലക്ഷ്യമെന്ന് അംബേദ്കർ നിരീക്ഷിക്കുകയുണ്ടായി. “ഒരു ജനത, ഒരു രാഷ്ട്രം , ഒരു നേതാവ്’ (Eien volk, ein Reich, ein Furhrer) എന്ന നാസി മുദ്രാവാക്യമാണ് ആർഎസ്എസിന്റേതെന്ന് അദ്ദേഹം എഴുതി. “Pakistan or Partition Of India'(1945) എന്ന ഗ്രന്ഥത്തിൽ അംബേദ്കർ ഇങ്ങനെ എഴുതി : “ഹിന്ദുരാജ് യാഥാർഥ്യമാകുകയാണെങ്കിൽ അത് രാജ്യത്തിന് വലിയ വിപത്തായി മാറും. ഹിന്ദുമതം, അതിന്റെ അടിസ്ഥാനമായ ജാതി, സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും എതിരാണ്. അതുകൊണ്ടുതന്നെ ജനാധിപത്യവുമായി അതിന് പൊരുത്തപ്പെടാനാകില്ല. എന്തുവില കൊടുത്തും ഹിന്ദുരാജിനെ തടയണം.’

ഹിന്ദുസമൂഹം എന്നൊന്നില്ല. അത് വിവിധ ജാതികളുടെ സഞ്ചയമാണ്. ‘ഹിന്ദുബോധം’ എന്ന സംഗതിയും ഇല്ല. എല്ലാ ഹിന്ദുക്കളിലുമുള്ള ബോധം അവന്റെ ജാതിയെക്കുറിച്ചുള്ള ബോധം മാത്രമാണ്. അതുകൊണ്ടാണ് ഹിന്ദുക്കൾ ഒരു സമൂഹമോ ഒരു ദേശമോ അല്ലെന്ന് ഞാൻ പറയുന്നത്. ഈ തരത്തിലുള്ള അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഭരണഘടനയെതന്നെ മാറ്റിമറിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ ഒരു വിഭാഗം ശ്രമം തുടരുമ്പോൾ അംബേദ്കർ സ്മരണ ഇതിനെതിരെ ശബ്ദമുയർത്താനുള്ള അവസരമായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here