ഫത്തേ അലി സാഹബ് ടിപ്പു, പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂരു കേന്ദ്രീകരിച്ച് ഭരണം നടത്തിയ ശക്തനായ പോരാളി. ബ്രിട്ടീഷുകാരുടെ പേടി സ്വപ്നം. ടിപ്പു സുല്‍ത്താനെ ഇന്ത്യൻ ചരിത്രത്തില്‍ എങ്ങനെ അടയാളപ്പെടുത്താം. വില്ലനോ? നായകനോ? സ്വാതന്ത്ര്യപ്പോരാളിയോ?മതഭ്രാന്തനോ? വീരപുരുഷനോ? 2015 മുതൽ ടിപ്പു സുൽത്താനെ കേന്ദ്രീകരിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ.

മതന്യൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലിങ്ങളെ വര്‍ഗീയ കണ്ണിലൂടെയാണ് സംഘപരിവാര്‍ കാണുന്നത്. ഇതേ സംഘപരിവാർ അജണ്ടയാണ് ടിപ്പു സുല്‍ത്താന്റെ ചരിത്രത്തിലും നിഴലിക്കുന്നത്. നവംബര്‍ പത്ത് ടിപ്പു ജയന്തിയായി ആഘോഷിക്കാന്‍ 2015 ൽ കര്‍ണാടക ഭരിച്ച സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ടിപ്പുവിന്‍റെ ചരിത്രത്തെച്ചൊല്ലിയുള്ള ചേരിതിരിവിന് തുടക്കം കുറിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തിനാണ് ടിപ്പുവിനെ വില്ലനായി സംഘപരിവാർ ചിത്രീകരിക്കുന്നത്. ചരിത്രം ആ രീതിയിൽ അവതരിപ്പിക്കുന്നത് അവർക്ക് പുതുമയുമല്ല. ടിപ്പുവിനെ സ്വാതന്ത്ര്യ പോരാളിയും ദേശീയ വാദിയുമായി അവതരിപ്പിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്.

കേരളത്തിലും കര്‍ണാടകയിലും മംഗലാപുരത്തുമെല്ലാം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ദാരുണമായി കൊലപ്പെടുത്തിയ, കൂട്ടത്തോടെ മതംമാറ്റിയ ഏകാധിപതിയായാണ് ടിപ്പുവിനെ ചിലര്‍ കാണുന്നത്. പടയോട്ടകാലത്ത് അനേകം ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതിന്‍റെയും തകര്‍ത്തതിന്‍റെയും ചരിത്രം ഉദ്ധരിച്ച് ടിപ്പുവിനെ ശത്രുപക്ഷത്തുനിര്‍ത്തുന്നവരുണ്ട്. എന്നാൽ ചരിത്രം ഇതിനെല്ലാമിടയിലാണ്.

സ്വന്തം രാജ്യം ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പോരാടിയ ഒരു ധീരനായ ഭരണാധികാരിയാണ് അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിൻ്റെ ചരിത്രം എഴുതിയ, കഴിഞ്ഞ തലമുറയിലെ പ്രമുഖ ചരിത്രകാരന്‍ താരാചന്ദ്, ടിപ്പു സുല്‍ത്താനും അദ്ദേഹത്തിന്റെ പിതാവായ ഹൈദര്‍ അലിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി: “പൊട്ടിക്കാന്‍ വളരെ പ്രയാസമുള്ള പുറന്തോടുകളുള്ള വിത്തുകളാണ് തങ്ങളെന്ന് മൈസൂരിലെ സുല്‍ത്താന്മാരായ ഹൈദര്‍ അലിയും ടിപ്പുവും തെളിയിച്ചു. ബ്രിട്ടീഷുകാ രെയും അവരുടെ സഖ്യകക്ഷികളെയും അവര്‍ വെല്ലുവിളിച്ചു. അത്യന്തം ധീരതയോടെ അവര്‍ നാല് യുദ്ധം നടത്തി. അവസാനത്തെ യുദ്ധത്തില്‍ ബ്രിട്ടീഷ് പീരങ്കികള്‍ക്ക് കൈവരിക്കാനാകാത്ത നേട്ടം ബ്രിട്ടീഷ് സ്വര്‍ണം സാധ്യമാക്കി. മന്ത്രിമാര്‍ യജമാനനെ വഞ്ചിച്ചു. കീഴടങ്ങാന്‍ വിസമ്മതിച്ച ടിപ്പു തന്റെ കോട്ടയെ പ്രതിരോധിക്കാന്‍വേണ്ടി പോരാടി വീരചരമം പ്രാപിച്ചു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്ന ചെറുത്തുനില്‍പ്പുകളില്‍ ഏറ്റവും ബലിഷ്ഠവും മഹത്വപൂര്‍ണവുമായിരുന്നു ടിപ്പു സുല്‍ത്താന്റേത്. 1750ല്‍ ജനിച്ച് തന്റെ 49-ാംവയസ്സില്‍, ബ്രിട്ടീഷുകാര്‍ക്കെതിരായ നാലാം മൈസൂര്‍ യുദ്ധത്തില്‍ മരണം വരിച്ച ടിപ്പുവിനോളം ധീരമായും നിര്‍ഭയമായും മറ്റേതെങ്കിലും ഒരു ഇന്ത്യന്‍ ഭരണാധികാരി അക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയിട്ടില്ല”

കൃഷ്ണാ നദിയും പശ്ചിമഘട്ടവും അറബിക്കടലും അതിരായുള്ള ഒരു വിശാല സാമ്രാജ്യത്തിന്‍റെ അധിപനായിരുന്നു മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താൻ. 1750 നവംബര്‍ 20 ന് ദേവനഹള്ളിയിൽ ഹൈദര്‍ അലിയുടെ മൂത്ത പുത്രനായാണ് ടിപ്പുവിന്‍റെ ജനനം. 1767 -69 ലെ ഒന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ ഏർപ്പെടുമ്പോൾ ടിപ്പുവിൻ്റെ പ്രായം പതിനേഴാണ്. പിന്നാലെയാണ് മറാത്തകളക്കെ തിരായ യുദ്ധം. 1780 – 84 ല്‍ രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധം. 1782 ല്‍ ഹൈദര്‍ അലിയുടെ മരണത്തോടെ കിരീടവും വിശാലസാമജ്ര സ്വപ്നങ്ങളും ടിപ്പുവിൻ്റെ കൈ പിടിയിൽ. ബ്രിട്ടീഷ് ഇസ്റ്റ് ഇന്ത്യാ കമ്പനിയോട് നാല് തവണ ടിപ്പു പോരാടി. സൂര്യനസ്തമിക്കാത്ത സാമ്ര ജ്യത്തിന്‍റെ അധികാര, വാണിജ്യ താലപ്പര്യ ങ്ങള്‍ക്ക് ഫ്രഞ്ചുകാര്‍ക്കൊപ്പം ചേര്‍ന്ന് കനത്തവെല്ലുവിളിയുയര്‍ത്തി. ജനറല്‍ കോണ്‍വാലിസിനെയും വെല്ലസ്ലിയെയും തൻ്റെ പോരാട്ടത്തിനു മുൻപിൽ വിറപ്പിച്ച ടിപ്പു, 1799 ല്‍ നാലാം മൈസരു യുദ്ധത്തില്‍ ബ്രിട്ടീഷുകാരു ടെയും ഹൈദരാബാദ് നൈസാമിന്‍റെയും സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെടുക യായിരിന്നു.

പതിനെട്ടാം നൂറ്റാണ്ടിലെ രാജാക്കന്മാരുടെ പ്രധാന ലക്ഷ്യം തങ്ങളുടെ സാമ്രാജ്യത്തിന്റെ വ്യാപനമായിരിന്നു. അതിനുവേണ്ടി പല വഴികളും അവർ തങ്ങളുടെ ഭരണകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. മതവിഭാഗങ്ങൾ പ്രീണിപ്പിച്ചു നിർത്തുക മുതൽ, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തകർത്തുകളയുക വരെ. ഈസ്റ്റ് ഇന്ത്യാ കമ്പനി അതിന്റെ സ്വാധീനം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വർധിപ്പിക്കാൻ ശ്രമിക്കുന്ന കാലമായിരുന്നു ടിപ്പുവിന്റേത്. മുഗൾ സാമ്രാജ്യം ക്ഷയിച്ചുകൊണ്ടിരുന്നതിനാൽ ബ്രിട്ടീഷുകാർക്ക് കാര്യമായ എതിർപ്പുകളൊന്നും തന്നെ നേരിടേണ്ടി വരുന്നുണ്ടായിരുന്നില്ല. മറാഠകളോടും, രഘുനാഥ് റാവു പട്‍വർധനോടും നിസാമിനോടുമെല്ലാം കമ്പനിയുമായി സഹകരിക്കരുതെന്ന് ടിപ്പു അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പരസ്പരം പോരടിച്ചു കഴിഞ്ഞ മറാഠകൾക്കും നിസാമിനും ടിപ്പുവിനും ഇടയിൽ ഐക്യമെന്നത് ഒരിക്കലും സംഭവ്യമല്ലായിരുന്നു.

പട്‍വർധന്റെ സൈന്യം 1791-ൽ മൈസൂർ ആക്രമിച്ച് ശ്രിംഗേരി മഠം കൊള്ളയടിച്ചപ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തയച്ച് മഠത്തിന്റെ സമ്പത്ത് പുനഃസ്ഥാപിച്ചുനൽകിയത് ടിപ്പുവായിരുന്നു. ടിപ്പുവിന്റെ അധീനതയിലായിരുന്നു അന്ന് ശ്രിംഗേരി മഠം. അവിടത്തെ സ്വാമിയെ ടിപ്പു അഭിസംബോധന ചെയ്തി രുന്നത് ‘ജഗദ്ഗുരു’ എന്ന പേരിലായിരുന്നു. അതേസമയം വരാഹക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചതും ടിപ്പു തന്നെ. കാരണം വളരെ ലളിതമായിരുന്നു. ടിപ്പു ആക്രമിച്ചു കീഴടക്കിയ വാഡയാർ സാമ്രാജ്യത്തിന്റെ സിംഹപ്രതാപത്തിന്റെ അടയാളമായിരുന്നു ഈ ക്ഷേത്രം. ഹിന്ദുക്കളെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള നിരവധി കാര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, യുദ്ധകാലത്ത് ശത്രുരാജാവിനോട് അദ്ദേഹം പ്രവർത്തിച്ച ഈ ഒരു അക്രമത്തെ മാത്രം ഉയർത്തിക്കാട്ടിയാണ് ടിപ്പു ഒരു ഹിന്ദുവിരോധിയായ മുസ്ലിം രാജാവാണെന്ന ആക്ഷേപം ഉന്നയിക്കുന്നത്.

ടിപ്പു രാജാവ് കന്നഡയെ അവഗണിച്ചുകൊണ്ട് പേർഷ്യൻ ഭാഷയ്ക്ക് മുൻഗണന നൽകി എന്നതാണ് മറ്റൊരു ആരോപണം. സത്യത്തിൽ അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രാജാക്കന്മാർക്കിടയിൽ പേർഷ്യൻ ഭാഷയുടെ വല്ലാത്തൊരു സ്വാധീനമുണ്ടായിരുന്നു. ശിവാജി മഹാരാജ് മൗലാനാ ഹൈദർ അലി എന്നൊരു സെക്രട്ടറിയെ നിയമിക്കുന്നത് ഈ പേർഷ്യൻ ആശയവിനിമയങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണ്. മതപരിവർത്തനം നടത്താൻ മടികാണിച്ച നൂറുകണക്കിന് ബ്രാഹ്മണരെ ടിപ്പു വധിച്ചിട്ടുണ്ട് എന്നൊരു ആരോപണവുമുണ്ട്. അത് ശരിയാകാനുള്ള സാധ്യതയും കുറവാണ്. ആജീവനാന്തം ടിപ്പുവിന്റെ ദിവാനായിരുന്ന പൂർണ്ണയ്യ ഒരു ഹിന്ദുവായിരുന്നു. അതുകൊണ്ട്തന്നെ മതപരിവർത്തനവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള കൊലപാതക കഥകളും ബ്രിട്ടീഷുകാർ അന്ന് ടിപ്പുവിനെതിരെ പറഞ്ഞുപരത്തിയ അനേകം നുണ കഥകളിൽ ഒന്നുമാത്രമാവാനാണ് സാധ്യത.

കേരളചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ സ്വാധീനം ഉളവാക്കിയ ഭരണം മൈസൂര്‍ ഭരണമാണ്. ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ മധ്യകാല കേരളത്തിൽ ജാതിയെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു നടപടി ആദ്യമായുണ്ടാകുന്നത് ടിപ്പുവിന്റെ മലബാർ അധിനിവേശകാലത്താണ്. ഫ്യൂഡൽ വ്യവസ്ഥ നിലനിർത്തിക്കൊണ്ടു തന്നെ, ടിപ്പുവിന്റെ റവന്യൂ ഉദ്യോഗസ്ഥനായിരുന്ന മീർ ഇബ്രാഹീം1784-ൽ നടത്തിയ നികുതി- കാർഷിക പരിഷ്കാരങ്ങൾ ജന്മിമാരിൽ കാര്യമായ പ്രതിഷേധമുയർത്തി. മലബാറിലെ ജന്മിമാർ ടിപ്പുവിനെതിരെ കലാപമുയർത്താൻ കാരണം ഇത്തരത്തിലുള്ള നികുതി പരിഷ്കാരങ്ങളായിരുന്നുവെന്ന് ചരിത്രകാരനമാർ വിലയിരുത്തുന്നുണ്ട്.

മലബാറിലെ നായന്മാരും കൊടവൻമാരും ടിപ്പുവിനാൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്. ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നുകൊണ്ട് തനിക്കെതിരെ കലാപം നയിച്ചതിന്റെ പേരിലായിരുന്നു അത്തരം നടപടികൾ. അല്ലാതെ അവരുടെ മതത്തിനോടുള്ള വിരോധം കൊണ്ടല്ല. രാഷ്ട്രീയ കാരണത്തിന്റെ പേരിൽ, അന്ന് ടിപ്പു അക്രമിച്ചിട്ടുള്ളത് ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും മാത്രമല്ല, മഹ്‌ദവി മുസ്‌ലീങ്ങളെക്കൂടിയാണ് എന്ന് ചരിത്രപുസ്തകങ്ങളിൽ കാണാം.

മലബാർ ഉപേക്ഷിച്ച് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ട ബ്രാഹ്മണ ജന്മിമാരുടെ ഭൂമി കുടിയാൻമാർക്ക് സ്ഥിരാവകാശമായി നൽകിയ ഭരണാധികാരിയായിരുന്നു ടിപ്പു. ടിപ്പുവിന്റെ പിതാവ് ഹൈദറിന്റെ കാലത്ത് ക്ഷേത്രങ്ങളുടെയും ബ്രാഹ്മണരുടെയും ഭൂമിക്ക് നികുതി ഈടാക്കിയിരുന്നില്ല. ഈ സമ്പ്രദായത്തിന് ടിപ്പു അറുതി വരുത്തിയതോടെ ബ്രാഹ്മണമേധാവിത്തത്തിന് സാമൂഹ്യ-സാമ്പത്തിക മേഖലകളിലുണ്ടായിരുന്ന മേൽക്കോയ്മ ഇല്ലാതായി. നായർ വിഭാഗത്തിന് ഭരണരംഗത്തുണ്ടായിരുന്ന മേധാവിത്വം അവസാനിച്ചതോടെ, ഈ വിഭാഗം ടിപ്പുവിന്റെ കടുത്ത എതിരാളികളായി മാറുകയും ജന്മിമാരോടൊപ്പം ചേർന്ന് ടിപ്പുവിനെതിരെ കലാപമുയർത്തുകയും ചെയ്തു. 200 ബ്രാഹ്മണരെയും 2000 നായന്മാരെയും മതം മാറ്റി ഗോമാംസം തീറ്റിയെന്ന് തലശ്ശേരിയില്‍ നിന്ന് പ്രചരണമുണ്ടായിരുന്നു. എന്നാൽ ചരിത്രത്തിൽ അതിന് വ്യക്തമായ തെളിവുകൾ ഇല്ല. മലബാറിലെ ടിപ്പുവിന്റെ ഹിന്ദുമതദ്രോഹം എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണയാണ്. അന്നത്തെ സാമൂഹ്യരാഷ്ട്രീയ നിലപാടില്‍ തങ്ങളെ ദ്രോഹിക്കുകയാണെന്ന് സ്വാഭാവികമായും സവര്‍ണ്ണര്‍ക്ക് തോന്നിയിരിക്കാം.

ടിപ്പുവിന്റെ ഭരണകാലത്ത് മലബാർ മേഖലയിൽ നടപ്പാക്കിയ ഒരു സുപ്രധാന വിളംബരം ഇപ്രാകാരമാണ്; “മലയാളരാജ്യം അടക്കിയെടുത്തിട്ടിന്നുവരെ 24 കൊല്ലമായി. നിങ്ങള്‍ ശഠന്മാരും അനുസരണ യില്ലാത്തവരുമായി കാണുന്നു. അത് അങ്ങനെയാവട്ടെ. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി നിങ്ങളുടെ നടപടിയൊന്നു മാറ്റണം. സ്വസ്ഥമായി വസിച്ച് ന്യായമായി അടയ്ക്കാനുള്ള നികുതി മുതലായവ അടച്ചുപോരണം. നിങ്ങളുടെയിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരോടുകൂടി സംസര്‍ഗം ചെയ്യുന്നതും നിങ്ങളുടെ അമ്മപെങ്ങന്മാരെ ഈ വിധം ധൂര്‍ത്തായി നടക്കാന്‍ നിങ്ങള്‍ സമ്മതി ക്കുന്നതും പൂര്‍വ്വാചാരമായിരിക്കുന്ന സ്ഥിതിക്ക് നിങ്ങളെല്ലാവരും വ്യഭിചാരത്തില്‍ ജനിച്ചവരും സ്ത്രീപുരുഷന്മാരുടെ സംസര്‍ഗവിഷയത്തില്‍ പാടത്തു മേഞ്ഞു നടക്കുന്ന കന്നുകാലിക ളേക്കാള്‍ നിര്‍ലജ്ജന്മാരുമാകുന്നു. ഇപ്രകാരമുള്ള പാപകരമായ ദുരാചാരങ്ങളെ ത്യജിച്ച് സാധാരണ മനുഷ്യരെ പോലെ നടക്കാന്‍ നാം ഇതിനാല്‍ നിങ്ങളോടാജ്ഞാപിക്കുന്നു. ഈ ആജ്ഞയെ അനുസരിക്കാതിരുന്നു എങ്കില്‍ നിങ്ങള്‍ എല്ലാവരെയും ഇസ്ലാം എന്ന മാന്യവ്യവസ്ഥയില്‍ ചേര്‍ക്കുന്നതാണെന്നും പ്രമാണികളെല്ലാവരെയും തലസ്ഥാന ത്തേക്കയക്കുന്നതാണെന്നും നാം പലവുരു സത്യം ചെയ്തിട്ടുണ്ട്.” – ഇത്രയുമാണ് ഇതിലുള്ള മതം മാറ്റം. സാധാരണ മനുഷ്യരെ പോലെ ധാര്‍മ്മികമായി ജീവിക്കാതിരിക്കുന്ന അനുസരണക്കേടിന് മതം മാറ്റമായിരുന്നു ടിപ്പുവിന്റെ ശിക്ഷ.

ഇനി ക്ഷേത്രങ്ങൾ നശിപ്പിച്ചു എന്ന ആരോപണം ഉന്നയിക്കുന്നവർ മനസ്സിലാക്കേണ്ടത്; തൃപ്രയാര്‍, തൃശ്ശൂര്‍ വടക്കുന്നാഥന്‍ എന്നീ ക്ഷേത്രങ്ങൾ. സര്‍ദാര്‍ ഘാന്റെ നേതൃത്വത്തില്‍ ഹൈദര ലിയുടെ സൈന്യവും സ്വന്തം നേതൃത്വത്തില്‍ ടിപ്പുവിന്റെ സൈന്യവും വടക്കുനാഥന്‍ മൈതാനത്ത് തമ്പടിച്ചിട്ടുണ്ട്. അവിടെ ഒഴിവായ സ്ഥലമുണ്ടായതാണ് കാരണം.

ഹൈദരലിയുടെ സൈന്യത്തിന്റെ പടയോട്ടത്തെ വിവരിക്കുന്ന ദേവസ്വം ഗ്രന്ഥവരി പത്മനാഭമേനോന്‍ ഉദ്ധരിക്കുന്നുണ്ട്.
ഗ്രാമങ്ങള്‍ കൊള്ളയടിച്ചും ഹിന്ദുക്കളെ കൊന്നും ക്ഷേത്രങ്ങള്‍ കത്തിച്ചും വിഗ്രഹങ്ങളുടെ മേല്‍ പശുക്കളെ വെട്ടിയും മുഹമ്മദീയപ്പട നാടാകെ വിഹരിക്കുന്ന വിവരണം അതിലുണ്ട്. എന്നാൽ അവസാനം അദ്ദേഹം പറയുന്നുത് ഇങ്ങനെയാണ്. “27-ാം തീയതി കാലത്ത് എല്ലാവരും കൂടി തൃശ്ശിവപേരൂര്‍ക്ക് വന്ന് വടക്കെ നട തുറന്ന് നോക്കുമ്പോള്‍ ക്ഷേത്രം വകയായുള്ള പാത്രങ്ങളും പുറമെ കടത്തിവച്ചിട്ടുള്ളത് ഒന്നും എടുത്തുകൊണ്ട് പോയിട്ടില്ല. ശ്രീകോവിലിലെ ഒന്നും തുറന്നിട്ടുമില്ല. 27, 28, 29-ാം തീയതിയുമായിട്ട് അശുദ്ധികള്‍ എല്ലാം നീക്കി 30-ാം തീയതി പശുദാനം പുണ്യാഹം കഴിച്ച്, പൂജയും അടിയന്തരങ്ങളും തുടങ്ങുകയും ചെയ്തു”.

ടിപ്പുവിനെ മുസ്ലിം മതഭ്രാന്തനായി ചിത്രീകരിക്കുന്ന ഹിന്ദുവര്‍ഗീയവാദികള്‍ മറക്കുന്ന പ്രധാനപ്പെട്ടൊരു വസ്തുത അനേകം ക്ഷേത്രങ്ങളെ സംരക്ഷിച്ച ഭരണാധികാരിയായിരുന്നു ടിപ്പു എന്നതാണ്. ടിപ്പുവിന്റെ പാലക്കാട് കോട്ടയില്‍ തന്നെ ഹിന്ദു ആരാധനാലയമുണ്ട്. ശ്രീരംഗപ്പട്ടണത്തും അങ്ങനെ കാണാം. ഖുറാന്‍ പഠിക്കുന്നത് പോലെ ഭഗവദ്ഗീതയും ടിപ്പു പഠിച്ചിരുന്നു. മതവിദ്വേഷപരമായിരുന്നുവെങ്കില്‍ തന്റെ രാജ്യത്തിനകത്തെ ഹിന്ദുമതസ്ഥാപനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാനും അവയെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും ടിപ്പു മുതിരുമായിരുന്നില്ല. ക്രിസ്ത്യന്‍ പാതിരിയായ ബര്‍ത്തലോമ്യു എന്ന യൂറോപ്യന്‍ മിഷണറിയും ടിപ്പുവിനെ മോശമായി ചിത്രീകരിക്കുന്നുണ്ട്. കര്‍ണ്ണാടകത്തില്‍ 3000 ക്രിസ്ത്യാനികളെ ഇസ്ലാമില്‍ ചേര്‍ത്തുവെന്നായിരിന്നു പ്രചരണം. ഇതിനൊന്നും ചരിത്ര രേഖകളിൽ വ്യക്തമായ തെളവുകളില്ല.

പതിനെട്ടാം നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ചിരുന്ന രാജാക്കന്മാരില്‍ ആധുനികപരിഷ്കൃതാവ് എന്ന് ടിപ്പു സുല്‍ത്താനെ വിശേഷിപ്പിക്കാം. കാവേരി നദിയില്‍ അണകെട്ടി ജലസേചന സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിക്കുകയും കര്‍ഷകര്‍ക്ക് കൃഷിഭൂമി ലഭ്യമാകുന്നവിധത്തില്‍ കൃഷിസ്ഥലങ്ങളും തരിശുഭൂമിയും വീതംവച്ചുനല്‍കുന്ന നയം പിന്തുടരുകയും ചെയ്ത രാജാവാണ് ടിപ്പു. ഇടനിലക്കാരായ ജമീന്ദാര്‍മാരെ ഒഴിവാക്കി നേരിട്ട് നികുതി പിരിക്കാന്‍ തുടങ്ങി. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പോന്നവിധം പട്ടുനൂല്‍പ്പുഴുവളര്‍ത്തലും പട്ടുനിര്‍മാണവും നടപ്പാക്കി. വിദേശത്തുനിന്ന് വിദഗ്ധരെ വരുത്തി ഗ്ളാസ്നിര്‍മാണവും കടലാസ് നിര്‍മാണവും ക്ളോക്ക് നിര്‍മാണവും നടത്തി. നാണയങ്ങള്‍ അടിച്ചിറക്കുന്നതില്‍ ലോകനിലവാരമുള്ള കമ്മട്ടങ്ങള്‍ സ്ഥാപിച്ചു. സമകാലികവിജ്ഞാനം മുഴുവന്‍ സംഗ്രഹിക്കാന്‍പോന്ന ഒരു ഗ്രന്ഥശാല രൂപപ്പെടുത്തുകയും ചെയ്തു. ടിപ്പുവിന്റെ കാലത്ത് മൈസൂറില്‍ അന്ന് ലോകത്തെ ഏറ്റവും ജീവിതനിലവാരമുണ്ടായിരുന്ന ബ്രിട്ടനെ കവച്ചു വയ്ക്കുന്ന കൂലിയും ജീവിതനിലവാരവും ഉണ്ടായിരുന്നു. ടിപ്പുവിന്റെ നേതൃത്വത്തില്‍ നടന്ന ഈ ആധുനീകരണ ശ്രമങ്ങള്‍ 18-ാംനൂറ്റാണ്ടില്‍ ഇന്ത്യയിലെ മറ്റേതൊരു നാട്ടുരാജ്യത്ത് നടന്നതിനേക്കാളും എത്രയോ കാലം മുന്നിലായിരുന്നു.

ടിപ്പു സുല്‍ത്താന്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പുകളെയും, അദ്ദേഹത്തിന്റെ ആധുനീകരണ ശ്രമങ്ങളെയും, രാജ്യത്തെ ഇതര മതവിഭാഗങ്ങളുമായി പുലർത്തിയിരുന്ന സൗഹൃദ ബന്ധത്തെയും മാറ്റി നിർത്തി സാമ്രാജ്യത്വ ചരിത്രകാരന്മാർ പ്രചരിപ്പിച്ച തെറ്റിദ്ധാരണകൾ മാത്രം ഉയർത്തിപ്പിടിച്ച് അദ്ദേഹത്തെ വിലയിരുത്തത് തിരുത്തപെടേണ്ട ഒന്നാണ്.

ചരിത്രവസ്തുതകൾക്ക് നിരക്കാതെ, കേവല രാഷ്ട്രീയത്തിലെ വർഗീയ ചേരിതിരിവുകൾ മാത്രം ലക്ഷ്യമിട്ട്, ‘സെലക്ടീവ്’ ആയി ചരിത്ര സംഭവങ്ങളെ വ്യാഖ്യാനിക്കുന്ന ഈ കാലത്ത് ചരിത്രത്തെ ഇഴകീറി പരിശോധിക്കേണ്ടതും മനസ്സിലാക്കേണ്ടതും അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here