വടക്കേ ഇന്ത്യയിലെ ദളിത് പീഡനത്തിനെതിരെ മുറവിളി കൂട്ടുന്ന കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികളെല്ലാം സ്വന്തം നാട്ടിലെ ജാതി വിവേചനത്തിനെതിരെ പൊതുവെ നിശബ്ദമാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തിനെതിരെ ഒരു പതിറ്റാണ്ടായി പോരാടുകയാണ് ദളിത് വിദ്യാർഥിനി ദീപ പി മോഹനൻ. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം നിഷേധിക്കുന്ന സവർണ്ണ മേധാവികൾക്ക് മുന്നിലാണ് ദീപ നിരാഹാര സമര൦ നടത്തുന്നത്.
“എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവന്‍ വെടിഞ്ഞതെന്ന്. പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തില്‍ നിന്നും പിന്മാറാന്‍ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേര്‍ക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് ജീവിതം സമരം തന്നെയാണ്” ദീപ മോഹൻ കഴിഞ്ഞ ദിവസം അവരുടെ ഫേസ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്തിലെ വരികളാണിത്.
ദീപയെ പിന്തുണയ്ക്കാനോ സമരത്തിൽ അണി ചേരുവാനോ ഒരു പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനവും നിലവിലില്ല. ഭീം ആർമി മാത്രമാണ് ദീപയ്ക്ക് പിന്തുണ നൽകിയിരിക്കുന്നത്.
2011-12 ൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയെങ്കിലും പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചില്ലെന്നും ടിസി തടഞ്ഞു വച്ചും എംഫിൽ സർട്ടിഫിക്കറ്റ് നൽകാതെയും പിഎച്ച്ഡി പ്രവേശനം താമസിപ്പിച്ചുവെന്നുമാണ് ദീപയുടെ ആരോപണം .

2012ൽ പൂർത്തിയാക്കിയ എംഫിലിന്‍റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ദീപയ്ക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് 2015 ലാണ്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്നായിരുന്നു മറ്റൊരു ആരോപണം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ ദളിത് വിദ്യാർത്ഥിക്ക് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നു. പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നത് കൊണ്ട് ദീപയുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. പിഎച്ച്ഡിക്കു പ്രവേശനം ലഭിച്ചിട്ടും ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്നിറക്കിവിട്ടും വീണ്ടും പ്രതികാരം ചെയ്തു.നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് ദീപ പറയുന്നു. 2 ദളിത് വിദ്യാർത്ഥികളും ദീപയ്ക്കൊപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു. പക്ഷേ വിവേചനം സഹിക്കാനാവാതെ ആ രണ്ട് പേർ കോഴ്സ് ഉപേക്ഷിച്ചു.
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ഡോ. നന്ദകുമാർ കളരിക്കലിന് എതിരെയുള്ള ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷേ തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
കഴിഞ്ഞ അഞ്ചു വർഷത്തോളമായി ദീപ നടത്തിയ നിയമ പോരാട്ടങ്ങളിൽ 2018 ഡിസംബറിലും, 2019 ഫെബ്രുവരിയിലും ദീപയ്ക്ക് അനുകൂലമായ കോടതി ഉത്തരവുകളുണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല അവഗണിക്കുകയായിരുന്നു. ഒടുവിൽ ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും യാതൊരു മാറ്റവും സംഭവിച്ചില്ല.
ദീപയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ വൈസ് ചാൻസലർ വിസി സാബു തോമസ്, ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താൻ ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നൽകുകയുണ്ടായി. എന്നാൽ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ദീപ. വിഷയത്തിൽ കളക്ടർ ഇടപെടുമെന്ന് തഹസിൽദാർ ഉറപ്പുനൽകിയെങ്കിലും കളക്ടറുടെ ഇടപെടൽ വൈകുകയാണ്.