ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ പൊതുവെ വളരെ സുരക്ഷിതമായ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാൽ 2016 മുതൽ കേരളത്തിലെ കാലാവസ്ഥയിൽ വളരെ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമാണ് ഉണ്ടായത്. പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണ്. പ്രളയവും മണ്ണിടിച്ചിലും മറ്റ് ദുരന്തങ്ങളും കേരള ചരിത്രത്തിൽ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ, 2018 മുതലുണ്ടായ പ്രളയവും ദുരന്തങ്ങളും അസാധാരണമായ സംഭവങ്ങളാണ്. ദിവസങ്ങളോളം മഴ പെയ്യുന്നതിൻ്റെ ഫലമായിട്ടായിരുന്നു മുമ്പൊക്കെ വെള്ളപ്പൊക്കവും കെടുതികളും. എന്നാൽ ഇപ്പോൾ പൊടുന്നനെയാണ് ദുരന്തങ്ങൾ.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഒരേസമയം രൂപംകൊണ്ട ന്യൂനമർദ്ദങ്ങളാണ് ഇപ്പോൾ കേരളത്തിൽ ലഭിച്ച ശക്തമായ മഴയ്ക്ക് കാരണം. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കേരളത്തിൽ പൊതുവെ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. 2018 ലും 2019 ലും പ്രളയമുണ്ടായത് ആഗസ്റ്റിലായിരുന്നു. തുലാവർഷത്തിൽ വെള്ളപ്പൊക്കവും ദുരന്തങ്ങളും വിരളമാണ്. എന്നാൽ, അപൂർവ്വ സ്ഥിതിവിശേഷമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കവളപ്പാറ, പുത്തുമല പെട്ടിമുടി ദുരന്തങ്ങൾക്ക് സമാനമാണ് കോട്ടയം കൂട്ടിക്കൽ, ഇടുക്കി കൊക്കയാർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായത്. വൻനാശം വിതച്ച ഈ പേമാരിക്ക് കാരണം ലഘു മേഘവിസ്ഫോടനങ്ങളാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രളയ സമാന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് മഴക്കാലത്തെ മേഘങ്ങളിലെ ഘടനാപരമായ മാറ്റമാണ്. പിൽകാലത്തെ അപേക്ഷിച്ച് കേരളത്തിലെ മഴമേഘങ്ങളുടെ ഘടന മാറിക്കൊണ്ടിരിക്കുകയാണ്. വളരെ വലിയ മേഘം ഉണ്ടാകണമെങ്കിൽ ഉയർന്ന അളവിലുള്ള ഊർജ്ജം ആവശ്യമാണ്. അറബിക്കടലിലെ വെള്ളത്തിൻ്റെ ചൂടിൽ നിന്നാണ് ഇത്തരം മേഘം രൂപം കൊള്ളുന്നത്. അറബിക്കടലിലെ താപനില ക്രമാതീതമായി വർദ്ധിക്കുന്നതാണ് ഇത്തരത്തിൽ ഭീമാകാരമായ മഴമേഘങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നതും ന്യൂനമർദ്ദം കൾക്ക് കാരണമാകുന്നതും. ഒരു നൂറ്റാണ്ടിൽ അറബി കടലിലെ താപനില ഒരു ഡിഗ്രി സെൽഷ്യസിൽ അധികം വർധിച്ചിരിക്കുന്നു. ബംഗാൾ ഉൾക്കടലിലാണ് താപനില കൂടുതൽ. ഈ മഴക്കാലത്തും അറബിക്കടലിൻ്റെ ശരാശരി താപനില 28 ഡിഗ്രി സൽഷ്യസിന് അടുത്ത് നിൽക്കുന്നത് ഭയാനകമായ സാഹചര്യമാണ്.

ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ വരൾച്ചയാണ് 2016 ൽ കേരളം അനുഭവിച്ചത്. 2017 നവംബറിൽ, പൊതുവെ ചുഴലിക്കാറ്റുകൾ കൾ ബാധിക്കാത്ത സുരക്ഷിത മേഖലയായ കേരളത്തിൻ്റെ സമീപത്ത് ഓഖി കടന്നു വന്നു. ഒരു നൂറ്റാണ്ടിനു ശേഷം കേരളം കണ്ട മഹാ പ്രളയമായിരുന്നു 2018 ൽ. മധ്യകേരളത്തിലെ ആറ് ജില്ലയെ പിടിച്ചുലച്ച പ്രളയത്തിന് പ്രധാന കാരണം പൊടുന്നനെ ഉണ്ടായ അതിശക്തമായ മഴയായിരുന്നു. 2019 ൻ്റെ തുടക്കത്തിൽ അസ്വാഭാവികമായ തണുപ്പ് അനുഭവപ്പെട്ടു. അതേ വർഷം രണ്ടാമത്തെ പ്രളയവുമുണ്ടായി. 2018ലെ പ്രളയം മധ്യകേരളത്തിൽ ആയിരുന്നെങ്കിൽ 2019 ൽ അത് വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളെയാണ് ബാധിച്ചത്.

അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ കാലാവസ്ഥാവ്യതിയാനം ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസംഘടന രൂപീകരിച്ച ഇൻ്റെർ ഗവൺമെൻ്റെൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ജൂലൈയിൽ പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിത പേമാരി, വെള്ളപ്പൊക്കം, മിന്നൽ പ്രളയം, കടൽകയറ്റം മുതലായ പ്രതിഭാസങ്ങൾ എല്ലാം തന്നെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമാണ്. ആഗോളതലത്തിലാകെ ആശങ്ക പടർത്തുന്ന കാലാവസ്ഥാവ്യതിയാനം കേരളത്തെ വളരെയധികം ബാധിച്ചു എന്നു വേണം കരുതാൻ.

‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’- 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്കയും ഇതോടൊപ്പം ചേർത്തു വയ്ക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അതിരൂക്ഷവിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗിൽ പറയുന്നു. പശ്ചിമഘട്ടസംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകുന്നു.

ദുരന്തങ്ങളുടെ ആവർത്തനങ്ങൾ കൂടുമ്പോഴും നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും താങ്ങാവുന്ന പദ്ധതികളല്ല സർക്കാരുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. പൊതുവിൽ ദുർബലമായിക്കഴിഞ്ഞ കേരള പരിസ്ഥിതിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കാനുതകുന്ന കേരള സിൽവർ ലൈൻ പദ്ധതി, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തുരങ്കപാത, തീരപരിസ്ഥിതിയെ കണക്കിലെടുക്കാത്ത തുറമുഖ പദ്ധതികൾ എന്നിവയൊക്കെയും ഈ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പുനഃപരിശോധിക്കേണ്ടതുണ്ട്. നിർമിതപ്രദേശങ്ങളുടെ വ്യാപനം താങ്ങാൻ കേരള പരിസ്ഥിതിക്ക് ഇനിയും സാധ്യമല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ കേരളത്തിന് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. കാലാവസ്ഥയേയും പാരിസ്ഥിതിക ദുരന്ത സാധ്യതകളെയും പഠിച്ചു വിലയിരുത്തി അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികൾക്ക് രൂപം കൊടുക്കേണ്ടതിൻ്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് എന്തെല്ലാം തരത്തിലുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനെ നേരിടാനും ചെറുക്കുവനുമുള്ള ആസൂത്രിതമായ പദ്ധതികൾക്ക് തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here