ഉയർന്ന സാക്ഷരതാ നിരക്കിൽ എന്നും അഭിമാനം കൊള്ളുന്നവരാണ് മലയാളികൾ. എന്നാൽ ലൈംഗിക സാക്ഷരതയിൽ മലയാളി വളരെ പിന്നിലാണ്. കാലാനുസൃതമായ മാറ്റങ്ങൾക്ക് ഒരുപടി മുൻപേ സഞ്ചരിക്കുന്നവരാണ് പൊതുവെ കേരളീയർ. പക്ഷെ, സെക്സ് എന്ന വാക്കോ സെക്സ് എഡ്യൂക്കേഷനോ വളരെ മോശമായ ഒന്നായാണ് ഇന്നും സമൂഹം കണ്ടുവരുന്നത്. എന്തിനാണ് സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തുന്നത് എന്ന ചോദ്യത്തിനുള്ള  ഉത്തരമാണ്  കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ദൃശ്യമായ കമൻ്റുകൾ.

“അതിൽ അങ്ങനെ കാര്യമായിട്ടൊന്നുമില്ല നിങ്ങൾക്ക് വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളു” എന്ന ഒമ്പതാം ക്ലാസിലെ ബയോളജി ടീച്ചറുടെ വാക്കുകളിൽ അവസാനിക്കുന്നതാണ് ഒരു ശരാശരി മലയാളി വിദ്യാർഥിയുടെ ലൈംഗികവിദ്യാഭ്യാസം. പിന്നീടുള്ള സംശയനിവാരണം എല്ലാം സുഹൃത്തുക്കളിലൂടെയും പോൺ സൈറ്റുകളിലൂടെയുമാണ്. പോൺ സൈറ്റുകളിലൂടെയോ മാസികകളിലൂടെയോ  അറിയാൻ ശ്രമിക്കേണ്ട ഒന്നല്ല സെക്സ്. സെക്സിനെ പറ്റി ശാസ്ത്രീയമായ അവബോധം നൽകേണ്ടത് അനിവാര്യമാണ്.

സിനിമയിൽ ഒരു തമാശ രംഗത്തിൽ ‘ ബ്രാ ‘  എന്ന വാക്ക് ഉപയോഗിക്കുന്നു. സിനിമ കണ്ടവരെല്ലാം അതു കേട്ട് ചിരിക്കുന്നു. എന്താണ് ‘ ബ്രാ ‘ എന്ന് മനസ്സിലാകാതെ കുഴങ്ങി നിൽക്കുന്ന പന്ത്രണ്ട് വയസ്സുള്ള പയ്യൻ. അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കൂട്ടുകാരിൽ നിന്നുമൊന്നും ഉത്തരം കിട്ടാതെ തൻ്റെ ഇംഗ്ലീഷ് അധ്യാപികയോട് ‘ ബ്രാ ‘ എന്താണെന്ന് ചോദിക്കുന്ന ഒരു ആൺകുട്ടി. ടീച്ചർ അവന് വ്യക്തമായ ഉത്തരം നൽകുന്നു എന്താണ് ‘ ബ്രാ ‘ എന്ന്.


പ്ലസ്ടുവിൽ ഹ്യൂമാനിറ്റീസ് എടുത്തു പഠിക്കുന്ന ഒരു പെൺകുട്ടി, എക്സാം ഹാളിൽ ഇരിക്കുമ്പോഴാണ് സുവോളജിയിൽപരീക്ഷ എഴുതുന്നവർ വാൽമാക്രിയെ പോലെ എന്തോ ഒന്ന് പരീക്ഷാ പേപ്പറിൽ വരച്ചു വയ്ക്കുന്നത് കാണുന്നത്. പരീക്ഷ ഹാളിനു പുറത്തിറങ്ങുമ്പോൾ അവൾ തൻ്റെ  സുഹൃത്തിനോട് ചോദിക്കുന്നുണ്ട്, നിങ്ങൾക്ക് വാൽമാക്രിയെപ്പറ്റിയൊക്കെ ആണല്ലോ പഠിക്കാൻ. കൂട്ടുകാരിയുടെ മറുപടിയിൽ നിന്നാണ് അവൾ അറിയുന്നത്, അവർ വരയ്ക്കുന്നതായി താൻ കണ്ട വാൽമാക്രി സ്പേം ആണെന്ന്.  മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളും യഥാർത്ഥ അനുഭവങ്ങളാണ്. സെക്സ് എഡ്യൂക്കേഷനെ പറ്റി സംസാരിക്കുന്നതിനിടെ രണ്ട് സുഹൃത്തുക്കൾ അവരുടെ അനുഭവങ്ങൾ പങ്കിട്ടതാണ്. സ്കൂൾതലത്തിൽ ലഭ്യമാകേണ്ട ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അഭാവത്തിലേക്കാണ്  ഈ അനുഭവങ്ങൾ വിരൽ ചൂണ്ടുന്നത്. വീടുകളിൽ മാതാപിതാക്കൾ മക്കളോട് സെക്സിനെ പറ്റി സംസാരിക്കാൻ വിമുഖത കാണിക്കുന്നു. വിദ്യാലയങ്ങളിൽ ആകട്ടെ പിരിയഡ്സ് ക്ലാസ് പെൺകുട്ടികൾക്ക് മാത്രം. പിരിയഡ്സിനെ പറ്റി ധാരാളം സംശയങ്ങൾ പല ആൺകുട്ടികൾക്കുമുണ്ട്. പെൺകുട്ടികളാകട്ടെ ഇല്ലിഗൽ ഡ്രഗ്സ് കൊണ്ടുപോകുന്ന പോലെയാണ് സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നത്.

പൊതുസമൂഹത്തിൽ Sex, periods, masturbation എന്നിവയെപ്പറ്റി സംസാരിക്കുന്നവരെല്ലാം മോശമായി ചിത്രീകരിക്കപ്പെടുന്നു. ഇൻസ്റ്റഗ്രാമിലും  യൂട്യൂബിലുമെല്ലാം സെക്സ് എഡ്യൂക്കേഷനെ പറ്റിയോ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പറ്റിയോ  സംസാരിക്കുന്ന ചാനലുകളുടെ കമൻ്റ് ബോക്സിൽ വരുന്ന കമൻ്റുകൾ വളരെ അരോചകമാണ്. ഈ അടുത്തിടെ  ഒരു വിഭാഗം പെൺകുട്ടികൾ എങ്കിലും തങ്ങളുടെ ഇൻസ്റ്റഗ്രാം റീൽസിന് കമൻ്റ് ബോക്സിൽ വരുന്ന കമൻ്റുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരികയുണ്ടായി. ലൈംഗികച്ചുവയുള്ള ഇത്തരം കമൻ്റുകൾ സൂചിപ്പിക്കുന്നത് ലൈംഗിക വിദ്യാഭ്യാസത്തിലെ നിരക്ഷരതയാണ്. മനസ്സിലാക്കേണ്ട മറ്റൊരു യാഥാർത്ഥ്യം എന്തെന്നാൽ ഇത്തരം കമൻ്റുകൾ ഇടുന്നവരിൽ ഭൂരിപക്ഷവും കുട്ടികളാണെന്നുള്ളതാണ്. പ്ലസ് ടു വിൽ ബയോളജി സയൻസ് പ്രധാന വിഷയമാക്കുന്ന  കുട്ടികൾക്ക് മാത്രമാണ്  റീപ്രൊഡക്ഷനെ പറ്റിയുള്ള അറിവ് ലഭ്യമാകുന്നത്. ഹൈസ്കൂൾ തലത്തിലാകട്ടെ വേണ്ടത്ര ലൈംഗികവിദ്യാഭ്യാസം നൽകുന്നുമില്ല.

ഹയർ സെ്കൻഡറി തലത്തിൽ മറ്റു വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾ  തങ്ങൾക്ക്  ഇതൊന്നും പഠിക്കാൻ ഇല്ലല്ലോ, എങ്ങനെയും റിപ്രൊഡക്ഷൻ മനസിലാക്കണമെന്ന ഉദ്ദേശത്തോടെ പോൺ സൈറ്റുകളിലൂടെ ഇതേപറ്റി അറിയാൻ ശ്രമിക്കുന്നു. പലപ്പോഴും തെറ്റായ അറിവുകളായിരിക്കാം ഇത്തരം സൈറ്റുകളിലൂടെ അവർക്കു ലഭിക്കുന്നത്. ഇന്ത്യയിൽ കൗമാരക്കാരായ കുട്ടികൾക്കിടയിൽ പോൺ സൈററുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (2020)

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ റിലീസായ സമയത്ത് മലയാളികൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് ഫോർപ്ലേ എന്താണെന്നാണ്. ഫോർപ്ലേ എന്ന വാക്ക് പോലും ആദ്യമായി കേൾക്കുന്നവർ ആ കൂട്ടത്തിലുണ്ടായിരുന്നു. ഫോർപ്ലേ എന്താണെന്ന് വിശദീകരിച്ചുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് വളരെയധികം പ്രചാരാമാണ് ലഭിച്ചത്. അതിനെയെല്ലാം വിമർശിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടായിരുന്നു. നെറ്റ്ഫ്ളിക്‌സിലെ ‘സെക്സ് എഡ്യൂക്കേഷൻ’  എന്ന വെബ് സീരിസിനെതിരെ പോലും ഉയർന്നു വന്ന വിമർശനങ്ങൾ ചില്ലറയല്ല.  

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പല രൂപത്തിലും ഭാവത്തിലും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. പ്രണയിച്ചതിൻ്റെ പേരിലും പ്രണയം നിരസിച്ചതിൻ്റെ പേരിലും 2017 മുതൽ 2020 വരെ 350 സ്ത്രീകൾക്ക്  ജീവൻ നഷ്ടമായി എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അരുംകൊലകളും ഇതിലുൾപ്പെടും. ഇതെല്ലാം ഉൾപ്പെടുത്തി വേണം  കുട്ടികൾക്കിടയിൽ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന വനിതാകമ്മീഷൻ്റെ നിർദ്ദേശം നിരീക്ഷിക്കപ്പെടേണ്ടത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും, ചിന്തയിലും, ആശയങ്ങളിലുമെല്ലാം വിദ്യാലയങ്ങളുടെ പങ്ക് വളരെ വലുതാണ്. അതേ വിദ്യാലയങ്ങളിൽ നിന്ന് തന്നെയാകണം  കുട്ടികൾ ലൈംഗിക വിദ്യാഭ്യാസം കരസ്ഥമാക്കേണ്ടതും. ലൈംഗിക വിദ്യാഭ്യാസത്തെ മോശമായി ചിത്രീകരിക്കുന്ന സമൂഹം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പഠിപ്പിക്കുന്നതല്ല ലൈംഗികവിദ്യാഭ്യാസം. അത് ലൈംഗികതയെ പറ്റിയുള്ള സമഗ്രമായ വിദ്യാഭ്യാസമാണ്. ശാരീരികവും, മാനസികവും, വൈകാരികവും, സാമൂഹികവുമായ പഠനമാണത്. വ്യക്തിബന്ധങ്ങളുടെ ആഴത്തെ പറ്റി പഠിപ്പിച്ചു തരുന്നതും നമ്മുടെ ശാരീരിക ഘടനയെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കുന്നതും ലൈംഗിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടും. ലൈംഗിക അവയവങ്ങളെ കുറിച്ച് എത്രപേർ ബോധവാന്മാരാണ്? മറച്ചു പിടിക്കേണ്ട എന്തോ ഒന്ന് എന്നതിനപ്പുറം അതിൻ്റെ പ്രാധാന്യം രോഗസാധ്യത എന്നിവയെപ്പറ്റിയെല്ലാം ബോധവാന്മാരായിരിക്കണം.

സെക്സ് എഡ്യൂക്കേഷൻ, നെറ്റ്ഫ്ലിക്സ് 

വളർന്നുവരുന്ന ഓരോ കുട്ടിയും അവൻ്റെ ശരീരത്തെ വ്യക്തമായി മനസിലാക്കിയിരിക്കണം. ആണായാലും പെണ്ണായാലും തൻ്റെ  ശരീരത്തോടൊപ്പം എതിർ ലിംഗത്തിലുള്ളവരുടെ  ശരീരത്തെ പറ്റിയും അവയിലുണ്ടാകുന്ന വളർച്ചയുടെ ഘട്ടങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.  കന്യകാത്വം പോലെയുള്ള സങ്കല്പങ്ങൾ വിശ്വസിച്ചുപോരുന്നു ഒരു സമൂഹമാണ് നമ്മുടേത്. ലൈംഗികതയെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകൾ ഇല്ലാതാക്കാനും ലൈംഗിക വിദ്യാഭ്യാസത്തിന് സാധിക്കും. സ്ത്രീയും പുരുഷനും എന്നീ രണ്ട് ലിംഗ വിഭാഗങ്ങളെ മാത്രം അംഗീകരിക്കുകയും ട്രാൻസ്ജെൻഡർ വിഭാഗത്തെ  അവഗണിക്കുകയും  ചെയ്യുന്ന സമൂഹത്തിന് ഇനിയും വേണ്ടത്ര മാറ്റങ്ങൾ വന്നിട്ടില്ല. ട്രാൻസ്‌ജെൻഡർ, ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ,   എന്നീ വിഭാഗങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും. അവരെ അംഗീകരിക്കുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കാനും ലൈംഗിക വിദ്യാഭ്യാസത്തിലൂടെ സാധിക്കും.

പ്രായത്തിന് അനുയോജ്യമായ രീതിയിൽ ലൈംഗിക വിദ്യാഭ്യാസം നൽകിവരുന്നതിലൂടെ കുട്ടികൾക്ക് ലൈംഗിക അതിക്രമങ്ങളെ ചെറുക്കുവാനും, കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസ്സിലാക്കുവാനും സഹായകമാണ്. യൂറോപ്യൻ രാജ്യങ്ങളിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് രാജ്യവ്യാപകമായി  ലൈംഗികവിദ്യാഭ്യാസം നൽകുന്നത് വഴി, സ്ത്രീകൾക്കെതിരെയുള്ള  അതിക്രമം, കൗമാരക്കാർക്കിടയിലെ ഗർഭധാരണ നിരക്ക്, അനാവശ്യമായ ഗർഭച്ഛിദ്ര നിരക്ക്, ലൈംഗിക രോഗ നിരക്ക് എന്നിവയെല്ലാം നിയന്ത്രിക്കാനാകുമെന്നാണ്. കൂടാതെ ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കുവാനും, സ്ത്രീ ശാക്തീകരണത്തിനും, സമൂഹത്തിൽ ഉയർന്നു നിൽക്കുന്ന പുരുഷ മേധാവിത്വം തിരിച്ചറിയാനും ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here