അധികാരത്തിലേറിയ നാൾമുതൽ ഏറെ വാഴ്ത്തപ്പെടുന്ന ഭരണാധികാരിയാണ് തമിഴകത്തിൻ്റെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. “മുത്തുവേൽ കരുണാനിധി സ്റ്റാലിൻ” എന്ന നാമത്തിൽ അധികാരത്തിലേറിയ എം.കെ സ്റ്റാലിൻ തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തിൻ്റെ മുഖമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഭരണത്തിലേറി വളരെ ചുരുങ്ങിയ നാളിനുള്ളിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടാൻ സ്റ്റാലിനു സാധിച്ചിട്ടുണ്ട്. ‘മുഖ്യമന്ത്രിയായാൽ സ്റ്റാലിനെ പോലെയാകണം’ ‘ഇന്ത്യക്ക് വേണ്ടത് സ്റ്റാലിനെ പോലെ ഒരു ഭരണാധികാരിയെയാണ്’ എന്നീ ഖ്യാതികളിലേക്ക് വളർന്നത് അതിവേഗമാണ്. സ്റ്റാലിൻ്റെ ഈ വളർച്ച പി.ആർ വർക്ക് ആണെന്ന് വാദിക്കുന്ന ഒരു വിഭാഗവുമുണ്ട്. വിമർശനങ്ങൾക്കപ്പുറം സ്റ്റാലിനും സ്റ്റാലിൻ്റെ ഭരണവും എങ്ങനെ തമിഴ്നാട്ടിൽ വ്യത്യസ്തമാകുന്നു? തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തിന് പ്രതീകമായി എന്തുകൊണ്ടാണ് സ്റ്റാലിനെ ചിത്രീകരിക്കുന്നത്?

കേന്ദ്രം ഭരിക്കുന്ന പാർട്ടികൾക്കൊന്നും വേണ്ടത്ര സ്വാധീനം ചെലുത്താൻ സാധിക്കാത്ത രാഷ്ട്രീയ മുഖമാണ് തമിഴ്നാടിൻ്റേത്. ജാതി വ്യവസ്ഥ അഴിമതി, താരാരാധന, രാഷ്ട്രീയ പാർട്ടികളുടെ കീഴിലുള്ള ഗുണ്ടായിസം, രാഷ്ട്രീയ വിദ്വേഷം ഇവയെല്ലാം തമിഴ്നാട്ടിലെ വികസനത്തെയും വളർച്ചയെയും സാരമായി ബാധിച്ചിട്ടുണ്ട്. ദ്രാവിഡ മുന്നേറ്റത്തിൽ ആരംഭിച്ച് താരാരാധന യിലൂടെ സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്തു വോട്ടു പിടിക്കുന്ന കേവല രാഷ്ട്രീയ ചരിത്രമാണ് തമിഴ്നാടിന് പറയാനുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലാണ് തമിഴ് ദ്രാവിഡ രാഷ്ട്രീയം ഉടലെടുക്കുന്നത്. പുരാതന തമിഴ്നാടിനെ നിയന്ത്രിച്ചിരുന്നത് ആകെ ജനസംഖ്യയുടെ 3 ശതമാനം മാത്രം വരുന്ന ബ്രാഹ്മണ വിഭാഗമായിരുന്നു.

കീഴ് ജാതിയിലുള്ളവരോട് വിവേചന പൂർവ്വമായിരുന്നു ബ്രാഹ്മണരുടെ പെരുമാറ്റം. ഈ അവസരത്തിലാണ് ബ്രാഹ്മണർക്ക് എതിരെ ജാതിയിൽ തൊട്ടുതാഴെയുള്ള ഒരു വിഭാഗം പ്രതിരോധം തീർക്കുന്നത്. ഈ പ്രതിരോധം അഥവാ ദ്രാവിഡ മുന്നേറ്റമാണ് പിന്നീട് തമിഴ് രാഷ്ട്രീയത്തിൻ്റെ അടിവേരായി മാറിയത്. 1916 നവംബർ 20 ന് രൂപം കൊണ്ട ജസ്റ്റിസ് പാർട്ടിയുടെ തലപ്പത്തേക്ക് 1930 ലാണ് ഇ.വി രാമസ്വാമി നായ്ക്കർ കടന്നു വരുന്നത്. തമിഴർ ഏറെ ബഹുമാനത്തോടെ തന്തൈ പെരിയാർ എന്ന് വിളിക്കുന്ന ഇ.വി രാമ സ്വാമിയുടെ വരവോടെയാണ് ജസ്റ്റിസ് പാർട്ടി ശക്തമായ പ്രാദേശിക രാഷ്ട്രീയ കക്ഷിയായി മാറുന്നത്. 1925 ൽ പെരിയാർ ആരംഭിച്ച സ്വയ് മര്യാദ ഇയക്കം (self respect movement) എന്ന പാർട്ടിയും ജസ്റ്റിസ് പാർട്ടിയും സമന്വയിപ്പിച്ചാണ് 1944 ൽ ദ്രാവിഡർ കഴകത്തിന് രൂപം നൽകുന്നത്.

തന്തൈ പെരിയാർ എന്ന നേതാവിന് തമിഴ് ജനതക്കിടയിൽ വളരെയധികം പ്രാധാന്യമുണ്ട്. തമിഴർക്ക് അന്യമായിരുന്ന പല വിവരങ്ങളും തൻ്റെ പ്രസംഗങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത് അദ്ദേഹമായിരുന്നു. പെരിയാർ കഴിഞ്ഞാൽ തമിഴ് രാഷ്ട്രീയത്തിൽ ഏറെ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് സി.എൻ അണ്ണാദുരൈ. അണ്ണാദുരൈയും പെരിയാറും ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരായിരുന്നു. എങ്കിലും അവർക്കിടയിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. തൻ്റെ ഭാര്യയായ മണിയമ്മ ദ്രാവിഡർ കഴകത്തെ മുന്നോട്ട് നയിക്കുമെന്ന പെരിയാറിൻ്റെ പ്രസ്താവന പാർട്ടിയുടെ പിളർപ്പിന് കാരണമായി. ദ്രാവിഡർ കഴകത്തിലെ നാലിൽ മൂന്ന് അംഗങ്ങളെയും അടർത്തിയെടുത്താണ് ‘ദ്രാവിഡർ മുന്നേറ്റ കഴകം’ (DMK) എന്ന പാർട്ടിക്ക് അണ്ണാദുരൈ രൂപം നൽകുന്നത്. അങ്ങനെ ഡിഎംകെ യിലൂടെ തമിഴ് രാഷ്ട്രീയം വളരുന്ന കാലത്താണ് കേന്ദ്ര സർക്കാർ 1963 ൽ ഹിന്ദി ആക്ട് പ്രഖ്യാപിക്കുന്നത്. ഹിന്ദി പഠിക്കാനുള്ള പ്രയാസവും മറ്റു പല കാരണങ്ങളും ഹിന്ദുവിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിച്ചു. ഈ കാലയളവിലാണ് ‘ഉയിർ തമിഴുക്ക് ഉടൽ മണ്ണുക്ക് ‘ എന്ന മുദ്രാവാക്യം തമിഴ്നാട്ടിൽ പ്രശസ്തമാകുന്നത്. ഒടുവിൽ തമിഴ്നാടിനു മുന്നിൽ കേന്ദ്രം മുട്ടുമടക്കുകയുണ്ടായി. ഈ കാലഘട്ടത്തിലാണ് തമിഴ് രാഷ്ട്രീയം ചടുലമായ മാറ്റങ്ങളിലേക്ക് വഴിമാറുന്നത്.

സിനിമാ രംഗത്തു നിന്നും കലൈജ്ഞർ കരുണാനിധിയും ഇദയകനി എം.ജി.ആറും തമിഴ് രാഷ്ട്രീയത്തിൽ സജീവമാകുന്നു. ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നും താരാരാധനയിലേക്ക് തമിഴ് രാഷ്ട്രീയം ചേക്കേറുന്നത് ഈ കാലയളവിലാണ്. സിനിമകളിലൂടെ ദ്രാവിഡ പ്രത്യശാസ്ത്രം ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഇരുവരും പൂർണമായി വിജയിച്ചിട്ടുണ്ട്. 1950-60 കലഘട്ടങ്ങളിൽ തങ്ങളുടെ താരപ്രഭകൊണ്ട് ഡിഎംകെ യുടെ സ്വാധീനം തമിഴ് ജനതയിൽ ഉറപ്പിക്കുകയായിരുന്നു എംജിആറും കരുണാനിധിയും.

1969 ലാണ് അണ്ണാദുരൈയുടെ മരണം. തൻ്റെ ഉറ്റ ചങ്ങാതിയായ കരുണാനിധിയെ പാർട്ടി നേതൃസ്ഥാനത്തും മുഖ്യമന്ത്രിസ്ഥാനത്തും പ്രതിഷ്ഠിക്കാൻ പ്രയ്തനിച്ച എം.ജി.ആർ, ആ പരിശ്രമത്തിൽ വിജയിക്കുന്നുണ്ട്. ‘ ഇവൻ എൻ ഇദയകനി’ എന്ന് കരുണാനിധി വിശേഷിപ്പിച്ച എം.ജി.ആറിൻ്റെ രാഷ്ട്രിയ വളർച്ച ഒരവസരത്തിൽ കരുണാനിധിയെ അസ്വസ്ഥാനാക്കുന്നു. ഒടുവിൽ ഉറ്റ ചങ്ങാതിമാർ ഇരു രാഷ്ട്രീയ ചേരികളിലാകുന്നു. 1972 ൽ ഡിഎംകെ പിളർന്ന് എം.ജി.ആറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പാർട്ടിയാണ് അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (ADMK). ഇത് പിന്നീട് ഓൾ ഇന്ത്യ ദ്രാവിഡ മുന്നേട്ര കഴകം (AIDMK) എന്നായി മാറുന്നു.1975 ൽ അടിയന്തിരാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി തമിഴ്നാട് മന്ത്രിസഭ പിരിച്ചു വിടുന്നു. അന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ കരുണാനിധിയും ഡിഎംകെയും പിന്നീട് 13 വർഷങ്ങൾക്ക് ശേഷമാണ് അധികാരത്തിലേറിയത്. 1987 ലാണ് എം.ജി.ആറിൻ്റെ വിയോഗം. ആ മരണം ഒരു ലഹളക്ക് തന്നെ കാരണമായിരിന്നു. നിരവധി പേരാണ് അന്ന് തമിഴ്നാട്ടിൽ കൊല്ലപ്പെട്ടത്. എം.ജി.ആറിൻ്റെ മരണത്തോടെ തികച്ചും നാടകീയമായ രംഗങ്ങളാണ് തമിഴ്നാട്ടിൽ അരങ്ങേറിയത്.

അഭിനേത്രിയും എം.ജി. ആറിൻ്റെ കാമുകിയുമായിരുന്ന ജയലളിതയെ ഒഴിവാക്കി ഭാര്യ ജാനകി മുഖ്യമന്ത്രി സ്ഥാനത്ത് ഏറിയെങ്കിലും 25 ദിവസത്തെ ആയുസ്സ് മാത്രമാണ് അതിനുണ്ടയിരുന്നത്. 1988 ലെ രാഷ്ട്രപതി ഭരണം അവസാനിക്കുമ്പോഴേക്കും ജയലളിത എഐഡിഎംകെ യുടെ തലപ്പത്തേക്ക് എത്തിയിരുന്നു. 1989 ൽ നടന്ന തിരഞ്ഞെടുപ്പ് പ്രതിപക്ഷനേതാവായ ജയലളിത തമിഴ്നാട് മന്ത്രിസഭയിൽ എത്തുന്നു. 1990 കോടംപാക്കത്ത് നടന്ന പത്മനാഭ കൂട്ടക്കൊലയും 1991ലെ രാജീവ് ഗാന്ധി വധവും ഡിഎംകെ തളർത്തുമ്പോൾ മറുവശത്ത് ജയലളിതയും എഐഡിഎംകെ യും ശക്തി പ്രാപിക്കുകയായിരുന്നു. അതിവേഗമായിരുന്നു ജയലളിതയുടെ വളർച്ച. തമിഴ് മക്കൾ അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അമ്മ എന്ന് വിളിച്ചു. മാറി മാറിവരുന്ന ഡിഎംകെ, എഐഡിഎംകെ ഭരണത്തിൽ അഴിമതി ആരോപണത്തിനാലും രാഷ്ട്രീയ വിദ്വേഷത്തിനാലും നേതാക്കൾ ജയിലിലാവുന്നത് സ്ഥിര കാഴ്ചയായിരുന്നു. അളവറ്റ സ്വത്തുസമ്പാദനം കളർ ടിവി കുംഭകോണം എന്നീ കേസുകളിൽ ജയലളിതയും, ഫ്ലൈ ഓവർ അഴിമതി ആരോപണത്തിൽ കരുണാനിധിയും പലപ്പോഴായി നിയമത്തിനുമുന്നിൽ എത്തിയിട്ടുണ്ട്. എങ്കിലും തങ്ങളുടെ പ്രിയ നേതാക്കൾക്കെതിരെ ശബ്ദം ഉയർത്താതെ അവരെ വീണ്ടും അധികാരത്തിലേറ്റാനായിരിന്നു തമിഴ് മക്കൾക്ക് താൽപര്യം.

കളർ ടിവി, രണ്ടു രൂപയ്ക്ക് അരി, ടേബിൾ ഫാൻ എന്നിങ്ങനെ സൗജന്യങ്ങൾ തമിഴ് മക്കൾക്ക് മേൽ ചൊരിയനാനും ഇരുകക്ഷികളും പരസ്പരം മത്സരിച്ചു. 2016 ലാണ് ജയലളിതയുടെ മരണം. അത്രയും കാലം എഐഡിഎംകെ ജയലളിതയുടെ ഇരു കൈക്കുള്ളിലായിരുന്നു. ജയലളിതയുടെ മരണത്തോടെ അധികാരം കൈക്കലാക്കാനുള്ള മത്സരമായിരുന്നു എഐഡിഎംകെ യിൽ. ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രി പനീർ സെൽവവും മുഖ്യമന്ത്രി കസേരക്കു വേണ്ടി നടത്തിയ പിടിവലിക്കും തമിഴ്നാട് സാക്ഷ്യം വഹിച്ചതാണ്. നാലു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധേയയായ ശശികല പിന്നീട് എഐഡിഎംകെ യിൽ നിന്ന് പുറത്താക്കപ്പെടുക്കുകയും നേതൃസ്ഥാനം ഒ. പനീർ സെൽവം ഉറപ്പിക്കുകയും ചെയ്യുന്നു. 2018 കലൈഞ്ജർ കരുണാനിധിയും തമിഴ് രാഷ്ട്രിയത്തിൻ്റെ അരങ്ങൊഴിഞ്ഞു.

കരുണാനിധി ഇല്ലാതെ ഡി എം കെ, ജയലളിത ഇല്ലാതെ എഐഡിഎംകെ, താരത്തിളക്കം വോട്ടാക്കിമാറ്റാൻ കമൽഹാസന്റെ മൂന്നാം മുന്നണി, ദ്രാവിഡ മണ്ണില്‍ വേരൂന്നാനുള്ള ബിജെപിയുടെ ശ്രമങ്ങളും. ഇതായിരുന്നു ഈ കഴിഞ്ഞ തമിഴ്നാട് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അന്തരീക്ഷം. ഡിഎംകെ യെ അധികാരത്തിലേറ്റാൻ കരുണാനിധിയുടെ മകന് സാധിക്കുമോ എന്ന ചോദ്യമായിരുന്നു തിരഞ്ഞെടുപ്പിലുടനീളം. ആ ചോദ്യങ്ങൾക്കെല്ലാം മറുപടിയായി വൻ ഭൂരിപക്ഷത്തോടെയാണ് ഡിഎംകെ അധികാരത്തിലേറിയത്.ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നൽകി എം.കെ സ്റ്റാലിനെ തമിഴ് മക്കൾ തിരഞ്ഞെടുത്തു. താരത്തിളക്കം വോട്ട് ആകും എന്ന് പ്രതീക്ഷിച്ച കമലഹാസനു കിട്ടിയത് വൻതിരിച്ചടിയാണ്. ബിജെപിക്ക് 5 സീറ്റ്.

സ്റ്റാലിൻ എന്ന പേര് ലഭിച്ചതിൽ നിന്ന് തുടങ്ങുന്നതാണ് കരുണാനിധിയുടെ മകൻ്റെ രാഷ്ട്രീയ ബന്ധം. ജോസഫ് സ്റ്റാലിൻ മരണപ്പെട്ട സമയത്ത് ജനിച്ച മകന് എം.കെ സ്റ്റാലിൻ എന്ന പേര് നൽകുകയായിരുന്നു കരുണാനിധി. ഗോപാലപുരത്ത് ഡിഎംകെ യുടെ യുവജന വിഭാഗം ആരംഭിച്ചു കൊണ്ടാണ് സ്റ്റാലിൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അച്ഛൻ്റെ നിഴലിൽ വളരുന്ന മകൻ എന്ന് എതിരാളികൾ വിധി എഴുതുമ്പോഴും അച്ഛനൊപ്പമെത്താൻ പരിശ്രമിക്കുകയായിരുന്നു സ്റ്റാലിൻ. 1996 ൽ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്ത ആദ്യത്തെ ചെന്നൈ മേയറായും പിന്നീട് മന്ത്രിയായും ഉപ മുഖ്യമന്ത്രിയായും സ്റ്റാലിൻ അധികാരത്തിലെത്തുന്നുണ്ട്. ഒടുവിൽ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോൾ വേറിട്ട ഭരണ ശൈലിയാണ് സ്റ്റാലിൻ കാഴ്ചവയ്ക്കുന്നത്. ഭരണത്തിലേറി ആദ്യ അഞ്ച് മണിക്കൂറിൽ നടപ്പാക്കിയ ഉത്തരവുകൾ ഏറെ ശ്രദ്ധേയമായിരുന്നു. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സ സൗജന്യമാക്കി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര. പാല്‍വില കുറച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കോവിഡ് ദുരിതാശ്വാസമായി 2000 രൂപ വീതം ഈ മാസം തന്നെ വിതരണം ചെയ്യാനും ഉത്തരവായി. പൊതുജനങ്ങളുടെ പ്രശ്നങ്ങളെ 100 ദിവസങ്ങൾക്കുള്ളിൽ അഭിമുഖീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാനായി ‘നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി’ എന്ന പദ്ധതി സജ്ജീകരിക്കാൻ ഉത്തരവിട്ടു. കോവിഡ് പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ ഡോക്ടർമാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പ്രഖ്യപിച്ചു.

ഒറ്റ നോട്ടത്തിൽ സൗജന്യം നൽകി ജനങ്ങളെ പാട്ടിലാക്കുന്ന തമിഴ്രാഷ്ട്രീയ ശൈലി തന്നെയാണിത്. എന്നാൽ, ഈ കോവിഡ്കാലത്ത് സാധാരണ ജനത്തിന് വലിയ ആശ്വാസകരമായിരുന്ന തീരുമാനങ്ങളാണ് ഇവ. പെട്രോളിന് വില കുതിച്ചു ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന വിഹിതമായ 3 രൂപയാണ് സ്റ്റാലിൻ സർക്കാർ കുറച്ചത്. അളവറ്റ സ്വത്തുക്കളാൽ സമ്പന്നമാണ് ഒട്ടു മിക്ക ക്ഷേത്രങ്ങളും. ക്ഷേത്രസ്വത്തുക്കൾ എല്ലാം ഇതിനോടകം ഗവൺമെൻ്റ് തിരിച്ചു പിടിച്ചു കഴിഞ്ഞു. ജാതിവ്യവസ്ഥ ഇന്നും മോശമായി നിലനിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. അങ്ങനെയുള്ള ഒരു നാട്ടിൽ, ക്ഷേത്രങ്ങളിൽ പുരോഹിതരായി ദളിതരെയും സ്ത്രീകളെയും നിയമിച്ച തീരുമാനം വളരെയധികം പ്രശംസ അർഹിക്കുന്ന ഒന്നാണ്. അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുമെന്നുള്ള ഉറപ്പും സർക്കാരിൻ്റെ അജണ്ടയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പോലും അറസ്റ്റ് ചെയ്ത ആർക്കും വഴങ്ങാത്ത ഉദ്യോഗസ്ഥൻ എന്ന ഖ്യാതിയുള്ള കന്തസ്വാമി ഐപിഎസ് നെയാണ് വിജിലൻസിൻ്റെ തലപ്പത്ത് നിയമിച്ചിരിക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിലവിൽ 6 മുൻ മന്ത്രിമാരാണ് വിജിലൻസിൻ്റെ നിരീക്ഷണത്തിലുള്ളത്.

സംസ്ഥാനത്തെ പ്രധാന വരുമാന സ്രോതസ്സായ മദ്യം നിരോധിക്കുന്നത് പ്രായോഗികമല്ല എന്നാണ് സർക്കാർ വാദം. എന്നാൽ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ എന്തിന് വാഗ്ദാനം നൽകി എന്ന് ചോദ്യങ്ങളും തമിഴ്നാട്ടിൽ ഉയരുന്നുണ്ട്. വീട്ടമ്മമാർക്ക് മാസം 1000 രൂപ ശമ്പളം നൽകുമെന്ന പ്രഖ്യാപനമായിരുന്നു ഡിഎംകെയുടെ പ്രകടനപത്രികയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. അതിൽ വേണ്ട നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ല. പ്രകടന പത്രികയിലെ ചില നിർണായക തീരുമാനങ്ങൾ ഇതുവരെ നടപ്പാക്കാൻ മുൻകൈ എടുക്കാത്തതും സർക്കാരിനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളാണ്. കോവിഡ് ആശങ്ക അകറ്റി അതിവേഗത്തിൽ പ്രതിരോധം തീർക്കാനും മൂന്നാം തരംഗത്തെ നേരിടാനും തമിഴ്നാട് സജ്ജമാണ്. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചുള്ള വാക്സിൻ വിതരണം നടപ്പാക്കുമ്പോഴും വാക്സിൻ വിരുദ്ധ പ്രചാരണം ഒരു പ്രധാന വെല്ലുവിളിയായി തുടരുകയാണ്.

ഭരണത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും സ്റ്റാലിൻ വ്യത്യസ്തത പുലർത്തുന്നുണ്ട്. കരുണാനിധിയുടെ മരണ ശേഷം സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ അഴഗിരി ഉയർത്തിയ പ്രതിരോധത്തെ പൊരുതി തോൽപ്പിച്ചാണ് സ്റ്റാലിൻ തൻ്റെ രാഷ്ട്രീയ മികവ് പുറത്തെടുത്തത്. കരുണാനിധി സ്റ്റാലിന് അധിക പ്രാധാന്യം നൽകുന്നു എന്ന വാദത്തെ ചൊല്ലി പാർട്ടി വിട്ട വൈകോയെ ഈ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ചിഹ്നത്തിൽ മത്സരിപ്പിക്കാനും സ്റ്റാലിനു സാധിച്ചു.

2016ല്‍ കരുണാനിധി ഉണ്ടായിരുന്നപ്പോള്‍ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇക്കുറി 25 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. അതേസമയം ഇക്കുറി ഡിഎംകെയുടെ അക്കൗണ്ടില്‍ നിന്നും കൂടുതല്‍ സീറ്റ് വിട്ടുനല്‍കി ഇടത് പാര്‍ട്ടികളെ കൂടെ നിര്‍ത്താനും സ്റ്റാലിന് കഴിഞ്ഞു. എട്ട് പാര്‍ട്ടികളാണ് ഇപ്പോള്‍ സഖ്യത്തില്‍ ഉള്ളത്. തൻ്റെ മകനും അഭിനേതാവുമായ ഉദയനിധി സ്റ്റാലിനെ രാഷ്ട്രീയത്തിൽ വളർത്തുവാനും സ്റ്റാലിൻ മറന്നിട്ടില്ല. മകന് മന്ത്രിസ്ഥാനം നൽകാതെ എംഎൽഎ സ്ഥാനത്തിൽ ഒതുക്കി നിർത്തിയതും സ്റ്റാലിൻ്റെ രാഷ്ട്രീയതന്ത്രമായി കണക്കാക്കാം. ഇതുവരെ തമിഴ്നാട് സാക്ഷ്യം വഹിച്ചത് ശത്രു മനോഭാവത്തിൽ പരസ്പരം പോരാടുന്നു രാഷ്ട്രീയ പാർട്ടികളെയാണ്. പക്ഷേ സൗഹൃദപരമായ ഒരു രാഷ്ട്രീയ ചുറ്റുപാടിലേക്ക് സ്റ്റാലിൻ വിരൽ ചൂണ്ടുന്നുണ്ട്.

2016 ൽ ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വേദിയിൽ പതിനാറാം നിരയിലായിരുന്നു അന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിൻ്റെ ഇരിപ്പിടം. എന്നാൽ സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ നിരയിൽ പ്രതിപക്ഷനേതാവ് ഒ. പനീർ സെൽവം ഉണ്ടായിരുന്നു. ശത്രുപാളയത്തിലെ മരണ ചടങ്ങുകളിൽ എത്തുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്ത സ്റ്റാലിൻ്റെ ചിത്രങ്ങൾ തമിഴ്നാടിനെ ഇന്നുവരെ സുപരിചിതമല്ലാത്ത കാഴ്ചകളാണ്. സൗഹൃദം സ്ഥാപിക്കുമ്പോഴും ഒരേസമയം ശത്രുപക്ഷ ത്തിനെതിരെയുള്ള കരുക്കൾ നീക്കുന്നതിലും സ്റ്റാലിൻ പിന്നിലല്ല. കോടനാട് കേസിൽ എടുത്ത നടപടിയും മന്ത്രിമാർക്ക് എതിരെയുള്ള അഴിമതി കേസുകളും ഇത്തരത്തിൽ വിലയിരുത്താം. ബിജെപി യും ഹിന്ദി വിരുദ്ധതയുമായിരുന്നു ഡി.എം.കെ യുടെ പ്രധാന വോട്ട് ബാങ്ക്. പൗരത്വ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്ത എഐഡിഎംകെ ബിജെപിയുടെ ബി ടീമാണെന്ന് ഡി എം കെ കുറ്റപ്പെടുത്തിയിരുന്നു. ഭരണത്തിലേറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വബില്ലിനെതിരെയും കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

ഫെഡറൽ തത്വങ്ങൾ മറന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ അംഗീകരിക്കില്ല എന്ന് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് കേന്ദ്ര സർക്കാർ എന്ന പദം രേഖകളിൽ നിന്ന് നീക്കി യൂണിയൻ സർക്കാർ എന്ന അർത്ഥം വരുന്ന ‘ഒൻട്രിയ അരസ്’ എന്ന വാക്കാണ് നിലവിൽ ഉപയോഗിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ കരട് നയം ചർച്ച ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗം തമിഴ്നാട് ബഹിഷ്കരിച്ചിരുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിമാരുമായി ചർച്ച ചെയ്യാൻ തയ്യാറാണെങ്കിൽ മാത്രമേ യോഗത്തിൽ താല്പര്യം ഉള്ളൂ എന്നായിരുന്നു തമിഴ്നാട് നിലപാട്. ഗ്രാമീണമേഖലയിലുള്ള വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് വിലങ്ങുതടിയാകുന്ന അഖിലേന്ത്യ നീറ്റ് പരീക്ഷയ്‌ക്ക് എതിരെയും തമിഴ്നാട് പ്രമേയം പാസാക്കിയിരുന്നു. തദ്ദേശീയ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യം കൂടി വിലയിരുത്തുമ്പോൾ ഡിഎംകെ പൂർണ്ണമായും ശക്തരാണ്. അഴിമതി ആരോപണത്തിലും കോടനാട് കേസിലും കുരുങ്ങി കിടക്കുന്ന എഐഡിഎംകെ ക്ക് ഒരു തിരിച്ചുവരവ് അത്ര എളുപ്പമല്ല. മൂന്നാം മുന്നണിയായി രംഗത്ത് വന്ന കമല ഹാസനും ഒരു എതിരാളിയല്ല. തമിഴ് നടൻ ഇളയദളപതി വിജയുടെ ഫാൻസ് അസോസിയേഷൻ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കാൻ തയ്യാറാവുകയാണ്. നിലവിലെ ഭരണ മികവിനുമേൽ ഭരണ കക്ഷിക്ക് എതിരെ ഒരു പ്രതിരോധം തീർക്കാൻ മറ്റു രാഷ്ട്രീയ കക്ഷികൾക്ക് സാധിക്കില്ല എന്നാണ് രാഷട്രീയ നീരീക്ഷകർ വിലയിരുത്തുന്നത്.

വേറിട്ട ഭരണ ശൈലിയാൽ തമിഴ്നാടിന് പുറത്തേക്കും ജനകീയനാകാൻ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്റ്റാലിന് സാധിച്ചിട്ടുണ്ട്. പക്ഷേ സ്റ്റാലിനെക്കുറിച്ച് തമിഴ്നാട്ടിൽ നിന്നും പുറത്തേക്ക് വരുന്ന വിവരങ്ങളിൽ കുറച്ചെങ്കിലും അതിശയോക്തി ഉണ്ടെന്നതാണ് വാസ്തവം. ഉദാഹരണത്തിന് നിയമസഭയിൽ നേതാക്കളെ പ്രകീർത്തിച്ച് സമയം പാഴാക്കരുത് എന്നെ സ്റ്റാലിൻ നടത്തിയ പ്രസ്താവന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ചർച്ചയായത് ‘സ്റ്റാലിനെ പ്രകീർത്തിച്ച് സംസാരിച്ചാൽ എംഎൽഎമാർക്കെതിരെ നടപടി ഉണ്ടാകും’ എന്ന രീതിയിലാണ്. എന്നിരുന്നാലും ഉറച്ച നിലപാടിൻ്റെയും ഭരണ മികവിൻ്റെയും കാര്യത്തിൽ മറ്റു ഭരണാധികാരികൾക്കും സ്റ്റാലിനെ മാതൃകയാക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here