ധാന്യ ഉത്പാദനത്തിൽ ലോകത്ത് മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ പതിനഞ്ചോളം ഇന്ത്യക്കാർ. 20,000 കോടിയുടെ സെൻട്രൽ വിസ്‌തകൾ ഉയരുന്ന വികസിത രാജ്യം. വിരോധാഭാസമെന്തെന്നാൽ, ഇതേ രാജ്യത്തിൽ പട്ടിണി പാവങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനും പണക്കാരൻ കൂടുതൽ പണക്കാരനുമാകുന്ന സ്ഥിതി. ഇതിനെല്ലാം സാക്ഷിയായി, സമ്പന്നർക്ക് കാവലായി കേന്ദ്ര ഭരണകൂടം. ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയായി വളർത്തുമെന്ന മോഹന വാഗ്ദാനത്തോടെ അധികാരത്തിലേറിയതാണ് നരേന്ദ്ര മോദി സർക്കാർ. എന്നാൽ സാമ്പത്തിക ശക്തിയായി വളരുന്നത് രാജ്യമല്ലാ, രാജ്യത്തെ പട്ടുകുപ്പായക്കാർ മാത്രമാണ്.
ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേർന്ന് ലോക ഭക്ഷ്യദിനത്തിൽ ഈ വർഷത്തെ ആഗോള പട്ടിണി സൂചിക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോർട്ട് പ്രകാരം 116 രാജ്യങ്ങളിൽ 101-ാം മതാണ് ഇന്ത്യയുടെ സ്ഥാനം. അയൽ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. കഴിഞ്ഞ വർഷം 107 രാജ്യങ്ങളുള്ള പട്ടികയിൽ 94-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. 2019 ലാകട്ടെ 117 രാജ്യങ്ങളിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് ഇവരുടെ വിലയിരുത്തല്‍. വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ടായിരുന്നു.
ആഗോള ഹാപ്പിനെസ്സ് ഇൻഡക്സ്, പ്രസ് ഫ്രീഡം ഇൻഡക്സ്, ഗവെർണൻസ് ഇൻഡക്സ്, ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സ്, ഗ്ലോബൽ വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്സ് എന്നിവയിലെല്ലാം ഇന്ത്യ ബഹുദൂരം പിന്നിലാണ്.

അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവ് മരണനിരക്ക് എന്നിവയും മറ്റ് സൂചകങ്ങളും ഭയാനകമാംവിധം രാജ്യത്ത് വളരുകയാണ്. ദാരിദ്ര്യ നിർമാർജന പദ്ധതികൾ നടപ്പാക്കുന്നതിലെ പിഴവ്, കാര്യക്ഷമമായ നിരീക്ഷണത്തിലെ പോരായ്മ, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് ആഗോള പട്ടിണി സൂചികയിൽ രാജ്യത്തെ മോശം സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ച പ്രധാന കാരണങ്ങൾ.
ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകുന്നത്.
1973 മുതൽ 2014 വരെയുള്ള കാലയളവിൽ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കാനായെങ്കിൽ ബി.ജെ.പി. അധികാരത്തിൽ വന്നത് മുതൽ പട്ടിണിയുടെ ഗ്രാഫ് മുകളിലേയ്ക്കാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിലെ ദരിദ്രർ 2012- ൽ 21.7 കോടി ആയിരുന്നെങ്കിൽ 2019- 2020 ആയപ്പോഴേക്കും 27 കോടിയായി ഉയർന്നിരിക്കുന്നു. നഗരങ്ങളിൽ ഇത് 5.3 കോടിയിൽനിന്ന് 7.1 കോടിയായി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ കണക്കുകളിൽ വീണ്ടും വർദ്ധന ഉണ്ടായിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ കടന്നു വരവ് രാജ്യത്തെ പട്ടിണി നിരക്കിൻ്റെ വർധനവിന് വലിയൊരു കാരണമായിട്ടുണ്ട്. ദിവസം ഒരു നേരം പോലും ഭക്ഷണം ലഭിക്കാത്ത വലിയൊരു വിഭാഗം ആളുകൾ രാജ്യത്തുണ്ട് എന്നതാണ് യാതാർത്ഥ്യം. ഈ കെടുകാര്യസ്ഥതകൾ എല്ലാം മറയ്ക്കാൻ മോദി സർക്കാർ ചെയ്യുന്നത് ദേശീയ സാമ്പിൾ സർവ്വേ മറച്ചു വെക്കുക എന്നതാണ്. 2011-12 ന് ശേഷം ഉപഭോഗ ചെലവ് സർവ്വേ വിവരങ്ങളും കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല.
യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസർച് സെന്റർ മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം 3.2 കോടി ഇന്ത്യക്കാരെ മധ്യവർഗത്തിൽനിന്ന് പുറത്താക്കി.കോവിഡ് മഹാമാരിക്കു മുന്നോടിയായി ഇന്ത്യയിൽ 9.9 കോടി പേരാണ് മധ്യവർഗ വിഭാഗത്തിലുണ്ടായി രുന്നത്. എന്നാൽ ഇപ്പോഴിത് 6.6
കോടിയിലെത്തിയിരിക്കുന്നു. ഇത്തരത്തിൽ മധ്യവർഗത്തിൽ നിന്നു പുറന്തള്ളപ്പെടുന്നവർ എത്തിച്ചേരുന്നത് ദാരിദ്ര്യത്തിലേക്കാണ്. ചിലർ കൊടുംദാരിദ്ര്യത്തിലേക്കും.
ദാരിദ്ര്യനിരക്കിൽ ഏറ്റവുമധികം വർധന കാണിച്ച വർഷങ്ങൾ 1951 മുതൽ 1974 വരെയാണ്. ജനസംഖ്യയിൽ ദരിദ്രരുടെ എണ്ണം 47 ശതമാനത്തിൽനിന്ന് 56 ശതമാനമായത് ഇക്കാലത്താണ്.ഈ സ്ഥിതിയിൽനിന്ന് 2006-16 കാലഘട്ടത്തിലെത്തിയപ്പോഴേക്കും ഇന്ത്യ 27.9 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്ന് 2019-ലെ ആഗോള മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് സൂചിപ്പിക്കുന്നു. അതേസമയം, 2019-ൽ 34.6 കോടി ദരിദ്രർ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പഠനങ്ങൾ പറയുന്നത്. നഗരപ്രദേശങ്ങളിലും, പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം വ്യക്തമാക്കുന്നു.

ഇത്തരത്തിൽ പട്ടിണി സൂചികകളിലെല്ലാം ഇന്ത്യയുടെ സ്ഥാനം മോശമാകുമ്പോഴും മറുവശത്ത് അതിസമ്പന്നരുടെ വരുമാനം കുതിച്ചുയരുന്നുണ്ട്. തുടർച്ചയായ രണ്ടാം കോവിഡ് വർഷത്തിലാണ് ശതകോടീശ്വരന്മാരുടെ സ്വത്തും എണ്ണവും വർധിക്കുന്നത്. ഹുറൂൺ ഇന്ത്യയും ഐഐഎഫ്എല്ലും ചേർന്ന് തയ്യാറാക്കിയ അതിസമ്പന്നരുടെ പട്ടികയിൽ 179 പേരാണ് ഈ വർഷം ഇടം പിടിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പിൻ്റെ മേധാവി ഗൗതം അദാനിയുടെ സമ്പാദ്യം ഒറ്റ വർഷം കൊണ്ട് 261 ശതമാനം വർധിച്ചു. നിലവിൽ 5,05,900 കോടി രൂപയുടെ സ്വത്തുമായി ഏഷ്യയിലെ സമ്പന്നരിൽ മുകേഷ് അംബാനിക്ക് പിന്നാലെ ഗൗതം അദാനി രണ്ടാമനായി. ഇന്ത്യയിലെ അതിസമ്പന്നരിൽ മുന്നിൽ മുകേഷ് അംബാനിയാണ്. ഒറ്റ വർഷം കൊണ്ട് അംബാനിയുടെ സ്വത്തിൽ മുക്കാൽ ലക്ഷം കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ആയിരം കോടിക്കുമേൽ സമ്പത്തുള്ള 1007 വ്യക്തികൾ രാജ്യത്തുണ്ട് ഇവരുടെ സ്വത്തിൽ ഒറ്റവർഷം 51 ശതമാനം വരെ വർധന. 13 പേരുടെ സമ്പത്താകട്ടെ ലക്ഷം കോടിക്ക് മുകളിലാണ്.
2020 മാർച്ചിന് ശേഷം ഇന്ത്യയിലെ 100 ശതകോടീശ്വരൻമാർ തങ്ങളുടെ സമ്പത്തിൽ 12,97,822 കോടി രൂപയുടെ വർധനയാണ് ഉണ്ടാക്കിയത്. ഇന്ത്യയിലെ 138 കോടി ജനതയിൽ ഓരോരുത്തർക്കും 94,045 രൂപ വീതം നൽകാൻ ഇതുകൊണ്ട് സാധിക്കുമായിരുന്നു. മഹാമാരിയുടെ കാലത്ത് മുകേഷ് അംബാനി ഒരു മണിക്കൂറിനുള്ളിൽ ഉണ്ടാക്കിയ അത്രയും പണം ഉണ്ടാക്കാൻ ഒരു സാധാരണ തൊഴിലാളിക്ക് 10,000 വർഷം വേണ്ടി വരും. “അസമത്വ വൈറസ്” എന്ന പേരിൽ ഓക്സ്ഫാം പ്രസിദ്ധീകരിച്ച ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടിലെ ഇന്ത്യൻ സപ്ലിമെൻ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വൻതോതിലുള്ള സ്വകാര്യവൽക്കരണം പോലെയുള്ള കേന്ദ്ര സർക്കാരിൻ്റെ നയങ്ങളാണ് അതിസമ്പന്നരുടെ സമ്പത്ത് വൻതോതിൽ വർദ്ധിക്കാനുള്ള ഒരു കാരണം. ഒരു വർഷത്തിനിടയിൽ എട്ട് വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറി. റോഡ്, റെയിൽവേ സ്റ്റേഷൻ, തുറമുഖങ്ങൾ, വൈദ്യുതി ലൈൻ മുതലായവയെല്ലാം വരുംകാല വിൽപ്പന ചരക്കുകളാണ്.
കോവിഡ് കാലത്ത് കേന്ദ്രസർക്കാർ മൂന്നു ഘട്ടത്തിലായി 30 ലക്ഷം കോടിയോളം രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കൈകളിലേയ്ക്ക് പണം എത്തിക്കാൻ സർക്കാർ തയ്യാറല്ലായിരിന്നു. ഉത്തേജക പാക്കേജ് പൂർണ്ണമായും ഉപകാരപ്രദമായത് കോർപ്പറേറ്റുകൾക്ക് മാത്രമാണ്.
ഒരുവശത്ത് കോർപ്പറേറ്റുകളുടെ ഭീമമായ വായ്പ തുകകൾ എഴുതിതള്ളുന്നു. മറുവശത്ത് പാവപ്പെട്ടവർക്ക് വേണ്ടി പണം ചെലവാക്കാൻ സർക്കാർ വിമുഖത കാണിക്കുന്നു. ഒന്നാം മോദി സർക്കാരിൻ്റെ കാലത്ത് മുതലാളിത്ത ഭീമന്മാർ വരുത്തിയ ആറ് ലക്ഷം കോടിയിലേറെ രൂപയുടെ വായ്പ കുടിശ്ശിക പൊതുമേഖലാ ബാങ്കുകൾ എഴുതി തള്ളിയിരുന്നു. സർക്കാരിൻ്റെ രണ്ടാം വരവിൽ, കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വൻകിടക്കാരുടെ മൂന്നര ലക്ഷം കോടിയോളം രൂപയാണ് എഴുതിത്തള്ളിയത്.

സമ്പത്ത് വ്യവസ്ഥയുടെ തകർച്ച ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലവസരം നഷ്ടപ്പെടുന്നതിനും വരുമാനം ഇല്ലാതാകുന്നതിനും കാരണമായി. നിത്യേനയുള്ള ഇന്ധന വിലവർദ്ധനവും പാവപ്പെട്ട ജനതക്കുമേൽ കൂടുതൽ പ്രഹരം ഏൽപ്പിക്കുന്നു.രൂക്ഷമായ ഇന്ധനവില വർധനയെ പോലും കേന്ദ്രസർക്കാർ ന്യായീകരിക്കുന്നത് ഇന്ത്യയുടെ വാങ്ങൽശേഷി കൂടിയെന്ന അഭിപ്രായത്തോടെയാണ്. അടിസ്ഥാന വർഗങ്ങളിപ്പോഴും കേന്ദ്രസർക്കാർ പറഞ്ഞ വാങ്ങൽ ശേഷിക്ക് പുറത്താണെന്നതാണ് വാസ്തവം.
രണ്ടു വ്യത്യസ്ത ലോകങ്ങളുടെ ഇന്ത്യ – ഉള്ളവന്റെയും ഇല്ലാത്തവന്റെയും. ഉയർന്നു വരുന്ന സാമ്പത്തിക അസമത്വം. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയുടെ ഫലം എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും ഒരുപോലെ എത്താത്തിടത്തോളം കാലം ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുക സാധ്യമല്ല. ഇനിയും തൽസ്ഥിതി തുടർന്നാൽ “2030 വിശപ്പുരഹിത ലോകം” എന്ന ഭക്ഷ്യദിന മുദ്രാവാക്യത്തിന്റെ തൊട്ടടുത്ത് പോലുമെത്താൻ ഇന്ത്യയ്ക്ക് സാധിക്കില്ല.