ഗുവാഹത്തി: അസമിൽ സിപജറിൽ നിന്നും ഞെട്ടിക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അനധികൃത കുടിയേറ്റമാണെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച സർക്കാർ ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഉത്തരവായിരുന്നു. എന്നാൽ ബദൽ മാർഗ്ഗങ്ങൾ ഒരുക്കാതെ ഒഴിഞ്ഞുപോകാൻ കഴിയില്ലെന്ന് പ്രദേശ വാസികൾ കുടിയൊഴിപ്പിക്കാൻ വന്ന പോലീസിനെ അറിയിച്ചു. ചില സന്നദ്ധ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. ഇത് സമ്മതിച്ച പോലീസ് സന്നദ്ധ പ്രവർത്തകർ മടങ്ങിയതോടെ ആക്രമണം തുടങ്ങിയെന്നാണ് പ്രദേശ വാസികൾ ആരോപിക്കുന്നത്.

എന്നാൽ പോലീസ് അവരുടെ ജോലി ചെയ്യുകയാണെന്നും ആൾകൂട്ടം അക്രമാസക്തമായതിനാലാണ് നിറയൊഴിക്കേണ്ടി വന്നതെന്നും ഈ നടപടി ആവശ്യമെങ്കിൽ ഇനിയും തുടരുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു. അസം സ്‌പെഷ്യൽ ഡി ജി പി, ജി പി സിങ്ങും പോലീസ് നടപടിയെ ന്യായീകരിച്ചു.

വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രകാരം കടുത്ത ക്രൂരതയാണ് പോലീസ് പ്രതിഷേധക്കാരോട് കാണിച്ചിട്ടുള്ളത്. വടിയുമായി പൊലീസിന് നേരെ ഓടിയടുക്കുന്ന പ്രദേശവാസിയെ നെഞ്ചിലേക്കാണ് പോലീസ് വെടിയുതിർക്കുന്നത്. വെടിയേറ്റ് വീണ ആളെ വളഞ്ഞിട്ട് മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ശേഷം പോലീസിന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ബിജോയ് ബോന്യ വീണുകിടക്കുന്ന പ്രദേശവാസിയെ ചാടിച്ചവിട്ടുന്ന രംഗങ്ങളും പുറത്തുവന്ന വീഡിയോകളിൽ ഉണ്ട്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here