ഞാൻ മഴയെണ്ണുകയായിരുന്നു
ഒന്ന് രണ്ട് മൂന്ന്
അതെന്റെ നിറുകയിൽ തൊട്ട് താഴേക്ക് പടർന്നു,
അടിയിലേക്കൂർന്നിറങ്ങും തോറും നിന്റെയാകാശം തെളിഞ്ഞു വന്നു
നാല് അഞ്ച് ആറ്
മഴക്കൊപ്പം നമ്മൾ സഞ്ചരിച്ചു തുടങ്ങി
കാബൂളിലെ അഴുകിയ മുറിവുകളിൽ നമ്മൾ കൂടുതൽ പുകഞ്ഞു
നാല് അഞ്ച് ആറ്
ഉറക്കമിളച്ചും വിശപ്പ് തിന്നും മെറിറ്റിൽ പഠിക്കാൻ പോയോടത്തു
വലിയ തലച്ചോറുള്ള പണക്കാരൻ ചെക്കൻ വലിച്ചു കീറിയ മുല ഞെട്ടിൻ തുമ്പത്തു നമ്മൾ നീറി
ഏഴ് എട്ട് ഒൻപത്
മണ്ണ് വിണ്ട കണക്കെ കാൽവെള്ള പൊളിഞ്ഞ കർഷകന്റെ
കൊല്ലം പഴക്കമുള്ള പ്ലാസ്റ്റിക് കൂരയിലെ ഓട്ടപ്പാത്രത്തിൽ ഒച്ചയായി
പത്ത് പതിനൊന്ന് പന്ത്രണ്ട്
നാട് വിട്ടോടാൻ വിമാനക്കാലിൽ പിടിച്ചു തൂങ്ങിയൊടുവിൽ
താഴേക്ക് ചിതറിയ മാംസക്കഷണങ്ങളുടെ ചോരയിൽ മുങ്ങി ചുവപ്പായി,
പതിമൂന്ന് പതിനാല് പതിനഞ്ച്
പതിനായിരം
പതിനാറായിരം
കൂടിക്കൂടി
കോടിക്കോടി
മഴക്കൊപ്പം പിടിവിട്ട് നമ്മൾ മണ്ണിൽ മലർക്കുന്നു.
ഇല്ലാതെയാവുന്നു.