ഇക്കഴിഞ്ഞ രാമനവമി-ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ മറപറ്റി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർണ്ണാടകയിലും തീവ്ര ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ അഴിച്ചുവിട്ട അക്രമ പരമ്പരകളുടെ പരിണിതി മുസ്ലിം ഗല്ലികളിലെ കലാപങ്ങളും പിറകെ പോലീസ് നരനായാട്ടും ഒടുവിൽ ഭരണകൂടത്തിന്റെ ബുൾഡോസർ മുഷ്ടിയുമാണല്ലോ. വടക്കൻ ഡൽഹിയിലെ ജഹാൻഗീർപുരിയിലും നടന്നതും ഇതേ പാറ്റേണിലുള്ള കാര്യങ്ങളാണ്. ജഹന്ഗീർപുരിയിൽ അക്രമ സംഭവങ്ങൾക്ക് കാരണമായ അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങളും തോക്കും വാളുകളും അടക്കമുള്ള മരകായുധങ്ങളും അകമ്പടികൊണ്ട ഘോഷയാത്രക്ക് മുൻപ് ഹൈന്ദവ വിശ്വാസികളുടെ വേറെ രണ്ട് ഘോഷയാത്രകൾ കടന്നുപോവുകയും ഭംഗിയായി ആ പരിപാടികൾ നടക്കുകയും ചെയ്തിരുന്നു. ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കെതിരെ മുസ്ലിംകൾ അക്രമം അഴിച്ചുവിട്ടു എന്ന നുണ നിലംതൊടാതെ പോകേണ്ട വസ്തുതയാണിത്. ചുരുക്കം ചില മാധ്യമങ്ങൾ ഇത് ചൂണ്ടിക്കാണിച്ചു എന്നല്ലാതെ ബാക്കിയുള്ളവരൊക്കെ ജെസിബി കൈയ്യിൽ കയറിയിരുന്ന് റിപ്പോർട്ട് ചെയ്യുന്ന തിരക്കിലായിരുന്നു.
മാരകായുധങ്ങൾ ഏന്തി, മുസ്ലിംകളെ കൊല്ലുമെന്നും തല്ലുമെന്നും ജയ്‌ശ്രീറാം വിളിച്ചില്ലേൽ പാകിസ്താനിലേക്ക് കെട്ടുകെട്ടിക്കുമെന്നുമെല്ലാം മുദ്രാവാക്യങ്ങളുയർത്തി ജഹാന്ഗീർപുരിയിലെ പള്ളി വാതിൽക്കൽ വന്നുനിന്ന് കൂടുതൽ ഉച്ചത്തിലും വെല്ലുവിളികളും പ്രകോപനങ്ങളും തുടരുകയും പള്ളിയുടെ കവാദത്തിലുള്ള ചെറിയ മിനാരത്തിൽ ഭഗവ പതാക നാട്ടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തതോടെയാണ് വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടാകുന്നത്. ഇക്കലമത്രയും സ്വരച്ചേർച്ചയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന, ആഘോഷങ്ങളിൽ സൗഹൃദം പുലർത്തിയിരുന്ന ജഹാൻഗീർപുരിയിലെ മുസ്ലിംകളും ഹിന്ദുക്കളും ഹനുമാൻ ജയന്തിയുടെ അന്ന് തമ്മിൽ തല്ലി മരിക്കാൻ തീരുമാനിച്ചു എന്ന കള്ളം എങ്ങനെ വിശ്വസിക്കാനാണ്?
എന്നിട്ടും രാജ്യവ്യാപകമായി രാമാനവമിക്കെതിരെ മുസ്ലിംകൾ അക്രമം അഴിച്ചിവിടുന്നു എന്ന നുണ രാവും പകലുമില്ലാതെ പ്രചരിപ്പിക്കുകയാണ് സംഘപരിവാരം. ഡൽഹിയിൽ ലക്ഷ്യം മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പുകളാണ്. ഹനുമാൻ ജയന്തിയുടെ അന്നേ ദിവസം നടന്ന ആസൂത്രിത കലാപശ്രമങ്ങൾക്ക് ശേഷം ബിജെപി നേതാവ് ആദേശ് ഗുപ്തയാണ് ജഹാൻഗീർപുരിയിലെ മുസ്ലിം വീടുകളിലേക്ക് ബുൾഡോസർ അയക്കണമെന്ന് ഉത്തര ഡൽഹി മുനിസിപ്പൽ കോര്പറേഷനോട് ആവശ്യപ്പെടുന്നത്. ബിജെപി ഭരിക്കുന്ന എൻഡിഎംസി അധികൃതർ പിറ്റേന്ന് തന്നെ തീരുമാനമിറക്കി. മുൻകൂർ നോട്ടീസോ, നിയമ വഴികൾ തേടാനുള്ള സാവകാശമോ നൽകാതെ ബുൾഡോസറുമായി അവരെത്തി. മുസ്ലിംകളുടെ വീടുകളും, കടകളും, പള്ളിയുടെ കവാടവുമൊക്കെ പൊളിച്ചു. അക്രമം നടന്ന ദിവസം ഹിന്ദുത്വ ഭീകരർ ഭഗവ പതാക നാട്ടാൻ ശ്രമിച്ച അതേ കവാടമാണ് ഭരണകൂടം പൊളിച്ചുനിരത്തുന്നത്. നാല്പതും അൻപതും വർഷമായി ജഹാൻഗീർപുരിയിൽ കഴിയുന്നവരുടെ വീടുകളാണ് പെട്ടൊന്നൊരുദിവസം അനധികൃത കുടിയേറ്റവും നിർമ്മാണവുമൊന്നൊക്കെ പറഞ്ഞ് നിലംപരിശാക്കുന്നത്. ഒറ്റപ്പകലുകൊണ്ടാണ് അത്രയും കുടുംബങ്ങൾ പെരുവഴിലായത്. അനധികൃത ജീവിതങ്ങളായത്. ഒരു ഇന്ത്യൻ മുസ്ലിമിനെ പോലും ബാധിക്കാത്ത വിധം സിഎ എ നടപ്പിലാക്കുമെന്ന് അമിത് ഷാ പറയുന്നതും, മോദി പ്രസംഗിക്കുന്നതും, ആർഎസ്എസിന്റെ മുസ്ലിം രാഷ്ട്രീയമഞ്ച് ലഘുലേഘ ഇറക്കുന്നതും ഇതുപോലെ തരാതരം അനധികൃത ജീവിതങ്ങളും അപരരും ആക്കിത്തീർക്കാനുള്ള നൂറുകൂട്ടം പണികൾ തുടങ്ങിവെച്ചുകൊണ്ടാണ്.
ജഹാൻഗീർപുരിയിൽ മുസ്ലിം ഗല്ലികളുടെ ഒരറ്റത്ത് അതുപോലെ തന്നെ ഹിന്ദു ഗല്ലിയുമുണ്ട്. പള്ളിയുള്ളതുപോലെ ഒരു ക്ഷേത്രവുമുണ്ട്. അവിടേക്ക് ആരും ബുൾഡോസറുമായി ചെന്നില്ല. പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയതാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകണ്ടു. അങ്ങനെയങ്കിൽ പാവപ്പെട്ട മുസ്ലിം താമസക്കാരുടെ കച്ചവടക്കാരുടെ എതിർപ്പോ, യാചനയോ, അപേക്ഷകളോ ഭരണാധികാരികളുടെ ചെവിയിൽ കൊള്ളില്ലായിരിക്കും!
തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലും ഇതുപോലെ ബുൾഡോസർ രാഷ്ട്രീയത്തിന്റെ കെട്ടിമറിച്ചിലുകളുണ്ട്. രാജ്യത്തിന് പുറത്തുള്ള ശത്രുക്കളെ ബോഫേഴ്സ് കൊണ്ടും അകത്തുള്ളവരെ ജെസിബി കൊണ്ടും പാഠം പഠിപ്പിക്കുമെന്നാണ് സംഘപരിവാർ അണികൾ ‘അഭിമാന’പ്പെടുന്നത്. ഇതിൽ രാജസ്ഥാനിൽ കലാപകാരികളായ ഹിന്ദുത്വവാദികൾക്കെതിരെ നടപടിയെടുത്ത കോൺഗ്രസ് സർക്കാരിനെതിരെ ഇരവാദ സമേതമുള്ള പ്രചരണങ്ങൾ സജീവമായി നടത്തുന്നുണ്ട്. ജെപി നദ്ദ രാജ്യത്തിന് എഴുതിയ തുറന്ന കത്ത് തന്നെ ഇരവാദത്തിന്റെയും അപരധ്വേഷത്തിൻെറയും ദ്രുവീകരണത്തിൻെറയും ഏറ്റവും ദൃശ്യതയുള്ള തെളിവാണ്. ‘ഹിന്ദു അപകടത്തിലാണ്’ എന്ന ഭീതി രാഷ്ട്രീയത്തിന്റെ തീ ഊതിക്കത്തിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ തന്റെ കത്തുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്.
മുഗളന്മാർ അടക്കമുള്ള മുസ്ലിംകളും കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളും (ബ്രിടീഷ് ഭരണം സംഘ്പരിവാരത്തിന് ഒരു വിമ്മിഷ്ട പ്രശ്നമാകാൻ തരമില്ലല്ലോ) ഹിന്ദു വിരുദ്ധമായിരുന്നു എന്നും മോദിയാണ് ഹിന്ദുക്കളുടെ മോചകൻ എന്നുമുള്ള വ്യവഹാരത്തെ ആവർത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഗോവധ നിരോധന സമരങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ നദ്ദ ഓർത്തെടുക്കുന്നുണ്ട്. രാജ്യത്ത് ഗോവധ നിരോധനം പൂർണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച സന്യാസിമാരെ ഇന്ദിര ഗാന്ധിയുടെ പോലീസ് വെടിവെച്ചുകൊന്നുവെന്നും രാജീവ് ഗാന്ധിയുടെ കാലത്തും സംഘപരിവാർ സമരങ്ങളെ സമാനമായി അടിച്ചമർത്തിയെന്നും ജെപി നദ്ദ എഴുതുന്നത് രാജസ്ഥാനിൽ കലാപകാരികളായ സംഘപരിവാർ പ്രവർത്തകർക്ക് നേരെ ഗെഹ്ലോട് സർക്കാർ സ്വീകരിച്ച കർശന നടപടികളെ ചേർത്ത് കോൺഗ്രസിനെ ഹിന്ദു വിരുദ്ധമെന്ന് സമമിടാനാണ്.
ബിജെപി അധികാരം ഉപയോഗിച്ച് ഒരു വിഭാഗം ജനങ്ങളുടെ സ്വസ്ഥത നശിപ്പിക്കുകയാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇത്തരം ദ്രുവീകരണങ്ങൾ രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് വിവിധ രാജ്യാന്തര ഏജൻസികൾ ആശങ്കപ്പെടുന്ന സാഹചര്യം കൂടി ഉണ്ടായതോടെയാകണം നദ്ദ തുറന്ന കത്തെഴുതാൻ സാഹസപ്പെട്ടത്. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽക്കുന്നത് നടയാനുള്ളതൊന്നും കത്തിലില്ലായിരുന്നെങ്കിലും സംഘ ഭക്തർക്ക് എന്തെങ്കിലും ആശയകുഴപ്പമുണ്ടായിട്ടുണ്ടെകിൽ അത് തീർക്കാനുള്ള ബിജെപി തനത് ഭാഷയായിരുന്നു കത്തിന്റേത്. നദ്ദയുടെ കത്തിലുള്ളതുപോലെ തന്നെ ബിജെപി അതിന്റെ രാഷ്ട്രീയ ദൗത്യം വിഘ്നങ്ങൾ പരിഗണിക്കാതെ മുന്നോട്ട് കൊണ്ടുപോവുകയാണ്.
ഡൽഹിയിൽ വരാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ അധികാരം നിലനിർത്താൻ എംസിഡി ഏകീകരണം മാത്രം മതിയാവില്ലെന്നും അതിനായി ബിജെപിയുടെ അസൽ സ്വഭാവം കാണിക്കണമെന്നും കൃത്യമായ ബോധ്യമുള്ളതിനാലാണ് നഗരസഭകൾ വീണ്ടും ബുൾഡോസറുമായി നടക്കുന്നത്. ജഹാൻഗീർപുരിക്ക് ശേഷം അവർ ശഹീൻബാഗിലേക്കാണ് ബുൾഡോസർ ഉരുട്ടിയത്. ജഹാൻഗീർപുരിയിലെ പൊളിക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും ഒരു മണിക്കൂർ നേരമെങ്കിലും കഴിഞ്ഞാണ് നടപടികൾ നിർത്താൻ അധികൃതർ തയ്യാറായത്. കപിൽ സിബലും ദുഷ്യന്ത് ദവെയും അടക്കമുള്ള അഭിഭാഷകർ നിരത്തിയ വസ്തുതകൾ ബോധ്യപ്പെട്ട കോടതി ജഹാൻഗീർപുരിയിൽ പൊളിക്കൽ നടപടി സ്റ്റേ ചെയ്തത് അറിഞ്ഞ ഭാവം കാണിക്കാതെ നിൽക്കാൻ ഉദ്യോഗസ്ഥർക്ക് ധൈര്യം കൊടുക്കുന്നത് കേന്ദ്രം ഭരിക്കുന്ന വലിയ ഏമാന്മാർ തന്നെയാകണമല്ലോ. കാരണം ധിക്കരിക്കുന്നത് സുപ്രീം കോടതിയെയാണ്. സിപിഐഎം നേതാവ് വൃന്ദ കാരാട്ട് കോടതി വിധിയും കൈയ്യിൽ പിടിച്ചു ബുൾഡോസർ തടയുന്ന കാഴ്ചകളും രാജ്യം കണ്ടു.
ശഹീൻബാഗിലേക്ക് ബുൾഡോസർ എത്തുമ്പോൾ അവിടത്തെ നിവാസികൾക്ക് കൈയിൽ കോടതി വിധിയുണ്ടായിരുന്നില്ല. പകരം, അവരെല്ലാം നിരത്തിലേക്കിറങ്ങി. ഓഖ്‌ല എംഎൽഎ അമാനത്തുള്ള ഖാനും അണികളും റോട്ടിലിരിന്നു. ന്യൂനപക്ഷ കോൺഗ്രസിന്റെ അധ്യക്ഷൻ ഇമ്രാൻ പ്രതാപ്ഗഡിയും പ്രതിഷേധവുമായി സ്ഥലത്തെത്തി. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. അർഫാ ഘനം പരിക്കുപറ്റിയ കാലിന്റെ പരിമിതി നോക്കാതെ ബുൾഡോസർ കൈയ്യിൽ കയറി ബിജെപി ഭരണാധികാരികളെ വെല്ലുവിളിച്ചു. ശഹീൻബാഗിലെ ‘ചക്കാ ജാമ്’ ആവർത്തിക്കാൻ ഇടയുണ്ടെന്ന പേടിയാകണം എംസിഡി അധികൃതർ ബുൾഡോസറുകളും പോലീസ് സന്നാഹങ്ങളുമായി തിരികെ പോയി.
പതിറ്റാണ്ടുകളായി വീടുവെച്ച് താമസിക്കുന്നവരോട് പോലും കൈയ്യേറ്റമാണെന്ന് പറഞ്ഞാണ് എംസിഡി ബുൾഡോസർ കൊണ്ടുവരുന്നത്. അത്തരക്കാർക്ക് നിയമ നടപടികൾ നടത്താനുള്ള സാവകാശം പോലും നിഷേധിക്കുന്നത് എങ്ങനെയാണ് അംഗീകരിക്കുക? ഡൽഹിയിൽ നൂറുകണക്കിന് ചെറുതും വലുതുമായ കോളനികളുണ്ട്. വിഭജനകാലത്തെ അഭയാർത്ഥി പ്രവാഹത്തിന്റെ പരിണിതിയെന്നോണം അരികുപറ്റിയവരുണ്ട്. കിടപ്പാടം വലിയ ചോദ്യചിഹ്നമായവരും കുടിയിറക്കപ്പെട്ടവരും കുടിലില്ലാത്തവരുമുണ്ട് ഈ തലസ്ഥാന ദേശത്ത്. നഗര വികസനത്തിന്റെ പേരിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ വർഗ്ഗീയ തലപ്പര്യങ്ങൾ കൊണ്ട് കണക്കുകൂട്ടി കുടിയിറക്കൽ നടപടികൾ തുടരാൻ ഭരണകൂടം ശ്രമിച്ചാൽ അതുണ്ടാക്കാൻ പോകുന്ന സാമൂഹിക പ്രതിസന്ധിയെ കുറിച്ചാലോചിക്കാൻ പോലുമുള്ള വിവേകം ബിജെപിക്ക് ഇല്ലാതെ പോവുകയാണ്.
ആരാണ് അനധികൃതവാസി? എന്താണ് അനധികൃത കൈയേറ്റം? അനധികൃത നിർമ്മാണം എന്നുവെച്ചാൽ എന്താണ്? ഇന്ത്യ പോലെ എഴുപത്തിയഞ്ച് വയസ്സ് മാത്രമുള്ള, കോളനിവത്കരണ ചരിത്രമുള്ള, ഒരു വികസ്വര ദേശത്ത് ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുക എളുപ്പമല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ വരെ പൊളിച്ചു കളയുന്ന ഭരണകൂട നടപടികൾ പലപ്പോഴും യുക്തിരഹിതവും പൂർണ്ണമായും വർഗ്ഗീയ പ്രേരിതവുമാണ്. ഉത്തർ പ്രദേശിലെ ബരാബങ്കിയിലെ ഗരീബ് നവാസ് മസ്ജിദ് നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയാണ്. കോവിഡ് കാലത്ത് എല്ലാം അടച്ചുപൂട്ടിക്കിടക്കുമ്പോൾ യുപി സർക്കാർ ഈ പള്ളി പൊളിക്കുന്നത് അനധികൃത കെട്ടിടമാണെന്ന് പറഞ്ഞുകൊണ്ടാണ്. എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള ഒരു രാജ്യത്ത് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു എടുപ്പ് എങ്ങനെയാണ് അനധികൃതമാകുന്നത്? എന്നല്ല, അതിനെ ചരിത്ര സ്മാരകം പോലെ സംരക്ഷിക്കുകയല്ലേ ഒരു മാതൃകാ ഭരണകൂടം ചെയ്യേണ്ടത്. ഡൽഹിയിലെ ഫരീദാബാദിലുള്ള ചർച്ച് ബിജെപി ഭരിക്കുന്ന നഗരസഭാ അധികൃതർ പൊളിച്ചുകളഞ്ഞത് കോടതി വിധി വരെ ലംഘിച്ചുകൊണ്ടായിരുന്നു.
ഹിന്ദു ഇതര അടയാളങ്ങൾ ഇല്ലാതാക്കുക എന്നതിനൊപ്പം, പ്രതിഷേധങ്ങളെ, പ്രതിരോധങ്ങളെ, വിയോജിപ്പുകളെ ഭീമമായ ട്രോമ നൽകി അടിച്ചമർത്താമെന്ന വംശഹത്യാ പദ്ധതിയുടെ മാർഗ്ഗമാണ് ഇന്ത്യയിലെ സംഘപരിവാർ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ഡൽഹിയിലെ മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുകൾ ഹിന്ദു പേരുകളാക്കണമെന്ന് ബിജെപി പറയുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. തലസ്ഥാനത്തെ പ്രധാന റോഡുകൾക്ക് മുസ്ലിം പേരുകൾ വേണ്ടെന്നും ഉള്ളത് മാറ്റണമെന്നും പറയുന്നത് ഇപ്പോൾ ബിജെപി നേരിട്ടാണ്. മുസ്ലിം പേരുകളോട്, അടയാളങ്ങളോട്, ശബ്ദങ്ങളോട്, അവരുടെ ജീവനത്തോട്, ഉപജീവനത്തോട് ഒരുതരത്തിലും സഹിഷ്ണുത കാണിക്കാൻ സംഘപരിവാരം തയ്യാറാകാത്ത സാഹചര്യം തന്നെയാണ് രാജ്യം ഭയപ്പെടേണ്ട വംശഹത്യാ നടപടികളുടെ ആമുഖങ്ങൾ.