ബുള്ഡോസർ ഒരു പ്രതീകമാണ്
മണ്മറഞ്ഞ ജാതിയെ കുഴിച്ചെടുക്കുന്നതിന്റെ
നിലവിലെ ഘടനയെ പിഴുതറിയുന്നതിന്റെ
ഹിംസയുടെ ഭീതിയുടെ
പ്രത്യയശാസ്ത്രത്തിന്റെ പ്രതീകം

 ഇന്ത്യയിലെ ആർ എസ് എസ് പ്രത്യയശാസ്ത്രത്തെ ഇത്ര മാത്രം പ്രതിനീതീകരിക്കാനുതകുന്ന മറ്റൊരു ഉപകരണവും നിലവിലില്ല. ‘ബുള്ഡോസർ’ ഒരു ഉപകരണം എന്നതിലുപരി അതിനനേകം പ്രതീകാത്മക വ്യാഖ്യാനങ്ങളും അർത്ഥ തലങ്ങളും കാണാൻ സാധിക്കും. ‘പിഴുതെറിയൽ’ ‛നിരപ്പാക്കൽ’ ‛ഉന്മൂലനം’  ‛കുഴിച്ചെടുക്കൽ’ തുടങ്ങി നിലവിലുള്ള ഒന്നിനെ അഴിച്ചു പണിയുക നശിപ്പിക്കുക , പുതുതായൊന്നിനെ സൃഷ്ടിച്ചെടുക്കുക മുതലായ വിനാശാത്മക/നിർമാണാത്മക പ്രക്രിയയുടെ പ്രതീകമാണ് ബുള്ഡോസറുകൾ.

ആർ എസ് എസ് പ്രത്യയശാസ്ത്രത്തിന്റെ നടപ്പാക്കൽ പ്രക്രിയ തന്നെ ഫാഷിസ്റ്റ് ബുള്ഡോസർ പ്രക്രിയയാണ്. ഭിന്നാഭിപ്രായങ്ങളെ ‘നിരപ്പാക്കൽ’  നിലവിലുള്ള  സാമൂഹ്യ/രാഷ്ട്രീയ ഘടനയെയും സന്തുലനത്തെയും (എക്സിക്യൂട്ടീവ്- ജുഡീഷ്യറി സന്തുലനത്തെയും[ഭരണഘടനാ സന്തുലനം],സാമൂഹ്യ ജീവിതത്തിലെ സമാധാന സന്തുലനത്തെയും) ‛പിഴുതെറിയൽ’ .മണ്മറഞ്ഞ ജാതീയതയെ,അയിത്തത്തെ ‛കുഴിച്ചെടുക്കൽ’ .പുതിയൊരു മതാതിഷ്ഠിത(ബ്രാഹ്മണ) രാഷ്ട്രീയ ക്രമത്തെ/ഘടനയെ ‛സൃഷ്ടിച്ചെടുക്കൽ’.തുടങ്ങിയ ബുള്ഡോസാറ് പ്രക്രിയയുടെ  ‘’1)പിഴുതെറിയൽ.  2)നിരപ്പാക്കൽ/ഉന്മൂലനം.  3)കുഴിച്ചെടുക്കൽ.  4)സൃഷ്ടിച്ചെടുക്കൽ” പ്രക്രിയയിൽ സവർണ സാമൂഹ്യ ക്രമ നിർമ്മാണത്തിനായുള്ള ‛പിഴുതെറിയൽ'(ഭിന്നാഭിപ്രായത്തെ ആന്റി  ഗവണ്മെന്റ്=ആന്റി നാഷണൽ  എന്നാക്കി പിഴുതെറിയുക) ‛നിരപ്പാക്കൽ'(തങ്ങളുടെ രാഷ്ട്രീയ വിത്തിറക്കാൻ പാകത്തിന് നിലവിലുള്ള നാനാത്വങ്ങളെ സ്ഥാനഭ്രംശം ചെയ്തു കളമൊരുക്കൽ) മുതലായ പ്രാരംഭ ഘട്ട ഉന്മൂലന പ്രക്രിയയിലാണ് ജഹാൻഗീർ പൂരിലെ, ഗുജ്രാത്തിലെ,യുപിയിലെ ബുള്ഡോസറുകൾ.

വികസ്വര ഇന്ത്യയുടെ യൂ പിയിൽ ഓക്സിജൻ ലഭി(ഭ്യമാ)ക്കാതെ മരിച്ചു പോയ 63 ബാല്യങ്ങളുടെയും ദുരന്തത്തിനു പിന്നിലെ സ്റ്റേറ്റിന്റെ പങ്കിനെ വെളിച്ചെത്തു  കൊണ്ടു വന്ന “The Gorakhpur hospital tragedy” എന്ന പുസ്തകമെഴുതിയ ഡോക്ടർ കഫീൽഖാന്റെ വരികളിലെ സ്റ്റേറ്റിനു നേരെ തറച്ചു നിൽക്കുന്ന ചോദ്യങ്ങളെ നിരപ്പാക്കിയതും പൊതുമണ്ഡലങ്ങളിൽ നിന്ന് പിഴുതെറിഞ്ഞതും “അഴിമതി” “മെഡിക്കൽ negligence” തുടങ്ങുയ വ്യാജ എഫ്.ഐ.ആർ ചുമത്തിയും ജോലിയിൽ നിന്ന് പിരിച്ച് വിട്ടുമാണ്. എതിരഭിപ്രായങ്ങളെ   ‛നിരപ്പാക്കുവാൻ’ “ദേശീയതയെ” കൂട്ടുപിടിക്കുന്ന സ്റ്റേറ്റിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണ് സീൽ ചെയ്തു മൂടിക്കെട്ടിയ ‛കാരണങ്ങളെ’ മറയാക്കി മാധ്യമങ്ങളെ നിശ്ശബ്ദമാക്കുന്നത്. ഒരു കാലത്ത് സഞ്ജീവ് ഭട്ടിനും,സിദ്ദീഖ് കാപ്പനും നേരെ പ്രയോഗിച്ച അതേ അമ്പു തന്നെയാണ് ജിഗ്‌നേഷ് മേവാനിക്കു നേരെയും സ്റ്റേറ്റ് ഇപ്പോൾ എറിയാൻ ശ്രമിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലൂറി  ഉറങ്ങിക്കിടക്കുന്ന സവർണ്ണ ജാതീയ ബോധത്തെ ഉണർത്തുവാൻ കൂടിയുള്ള ആഹ്വാനമാണ്  ഓരോ “ഉണരൂ ഹിന്ദു..” മുദ്രാവാക്യത്തിലൂടെയും ആർ.എസ്.എസ് മുന്നോട്ട് വെക്കുന്നത്. വർണ വ്യവസ്ഥയെ പരസ്യമായി പിന്തുണക്കുന്ന വിചാരധാരയിൽ ജാതീയതിഷ്ഠിതമായ സാമൂഹ്യ ക്രമത്തെ ഇങ്ങനെ സൂചിപ്പിക്കുന്നു ”ബ്രാഹ്മണന്‍ തലയാണ്; രാജാവ് ബാഹുക്കളും വൈശ്യന്‍ ഊരുക്കളും ശൂദ്രന്‍ പാദങ്ങളുമാണ്.”(വിചാരധാര ,പേജ് 44).ഈ ജാതീ വ്യവസ്ഥയെയാണ് ആർ.എസ്.എസ് ‛കുഴിച്ചെടുക്കാൻ’ ശ്രമിക്കുന്നത്.ഹിന്ദുവിനെ ഉണർത്തുക എന്നാൽ ഹിന്ദു സത്വ ബോധത്തോടൊപ്പം അലിഞ്ഞു കിടക്കുന്ന ജാതീയ/കുല ബോധത്തെ കൂടി ഉണർത്തുക ,അത് വഴി ജാതീയമായ ഒരു സാമൂഹിക ക്രമം സൃഷ്ടിച്ചെടുക്കുക എന്നതു കൂടിയാണ് സാരം.

LEAVE A REPLY

Please enter your comment!
Please enter your name here