ഹിന്ദി ഭാഷയെ ഇന്ത്യയുടെ ദേശീയഭാഷയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ലോകസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഭരണഘടന പ്രകാരം ഇന്ത്യക്ക് ഒരു ദേശീയ ഭാഷയില്ല. ഹിന്ദിയെ അങ്ങനെ പ്രതിഷ്ഠിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ വിഭിന്ന സംസ്കാരങ്ങൾക്കിടയിൽ സമ്പർക്കം സാധ്യമാക്കാൻ ഹിന്ദി പ്രചരിപ്പിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു.

ഇന്ത്യയിൽ പ്രാദേശിക ഭാഷകൾ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക നയം ആവിഷ്കരിച്ചിട്ടുണ്ട്. അപ്രത്യക്ഷമാകുന്ന ഭാഷകളെ പ്രത്യേകം പരിഗണിക്കുന്ന പദ്ധതികളുമുണ്ട്. മൈസൂരിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് ഇത്തരത്തിൽ 117 ഭാഷകളെ സംരക്ഷിച്ചുപോരുന്നു. 10000ൽ താഴെ മാത്രം ആളുകൾ സംസാരിക്കുന്ന ഭാഷകളാണ് ഇവ.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷനും ഈ മേഖല ശ്രദ്ധിക്കുന്നുണ്ട്. സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന സർവകലാശാലകൾക്ക് ഈ മേഖലയിൽ ഗവേഷണങ്ങൾ നടത്താൻ യു ജി സി ഫണ്ട് അനുവദിക്കുന്നുണ്ട്.

ഇന്ത്യയുടെ 343 വകുപ്പ് പ്രകാരം ഇന്ത്യയിലെ ഔദ്യോഗിക നിർവഹണത്തിന് ഹിന്ദി ഭാഷ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയും ഔദ്യോഗിക ആശയവിനിമയത്തിന് ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here