ഡൽഹി സർവ്വകലാശാല പ്രവേശനവുമായി ബന്ധപ്പെട്ട് വാഴ്സിറ്റിയിലെ തന്നെ അധ്യാപകൻ കേരള വിദ്യാർത്ഥികളെ അപമാനിച്ചു നടത്തിയ മാർക്ക് ജിഹാദ് പരാമർശം അങ്ങേയറ്റം വംശീയവും ഇസ്ലാമോഫോബിക്മാണെന്ന് ടി എൻ പ്രതാപൻ എം പി. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിലാണ് പ്രതാപൻ ഇക്കാര്യം പറയുന്നത്.

കേരളത്തിൽ നിന്നുള്ള മുഴുവൻ വിദ്യാർത്ഥി സമൂഹങ്ങളെയും മാത്രമല്ല കേരളത്തിന്റെ വിദ്യഭ്യാസ സംവിധാനത്തെ തന്നെയും അപമാനിക്കുന്ന തരത്തിലാണ് അധ്യാപകന്റെ പ്രസ്താവന. ഇത് അംഗീകരിക്കാനാവില്ല. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനത്തെ വർഗ്ഗീയ രാഷ്ട്രീയത്തിനായി അപഹസിക്കുന്നത് അംഗീകരിക്കാനാവില്ല.

കേരളത്തിലെ വിദ്യാർത്ഥികൾ മത-ജാതി വ്യത്യസങ്ങളില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മിടുക്കരാണ്. അവരുടെ കഠിനാധ്വാനത്തെയും മിടുക്കിനെയും വിലകുറച്ച് കാണിക്കുന്ന പ്രസ്താവന അങ്ങേയറ്റം വംശീയവും വികൃതവും ഇസ്ലാം പേടിയുടെ ഭാഗവുമാണ്.

ഇങ്ങനൊരു നിരുത്തരവാദിത്ത പ്രസ്താവനക്ക് ശേഷം ഡൽഹിയിൽ നിലവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പ്രതാപൻ ചൂണ്ടിക്കാണിച്ചു.

ഡൽഹി സർവ്വകലാശാലയിലെ പ്രവേശന നടപടികൾക്കിടയിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം കാണിച്ചെന്ന പരാതികളിൽ അന്വേഷണം വേണമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here