പലപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമാണ് സന്തോഷം. “ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?” ” സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ…” എന്നീ പരസ്യ വാചകങ്ങളെല്ലാം നാം പലപ്പോഴായി കേട്ടിട്ടുള്ളവയാണ്.

പറഞ്ഞറിയിക്കാൻ പറ്റിയില്ലെങ്കിലും സന്തോഷം ഇനിമുതൽ അളന്നറിയാൻ പറ്റും. മനുഷ്യരിലെ സന്തോഷത്തിന്റെ തോത് അളക്കാന്‍ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോൻ.

തലച്ചോറിൽ ഡോപ്പമൈന്‍ എന്ന രാസവസ്തു ഉണ്ടാകുമ്പോഴാണ്‌ സന്തോഷം ഉള്‍പ്പെടെയുള്ള വികാരങ്ങൾ അനുഭവപ്പെടുന്നത്‌. ഇതിന്റെ അളവ്‌ നിരീക്ഷിക്കാൻ കഴിവുള്ള ‘ഡോപ്പമീറ്റര്‍’ എന്ന സെന്‍സര്‍ ഉപകരണമാണ്‌ കുസാറ്റ് അപ്ലൈഡ് കെമിസ്ട്രിവകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സിഎസ്ഐആര്‍ റിസര്‍ച്ച് അസോസിയറ്റ് ഡോ. ശാലിനി മേനോന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചത്. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇത് ഏറെ പ്രയോജനകരമാണ്.

പ്രോഗ്രാം ചെയ്യാവുന്ന ഇതിന്റെ ഡിസ്പോസിബിൾ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകൾ നിർണയിക്കാൻ കഴിയും. വിഷാദരോഗം ഉൾപ്പെടെയുള്ളവ കണ്ടെത്തി ചികിത്സിക്കാൻ ഇതുകൊണ്ടാകും.

കോഴിക്കോട്ടുള്ള ‘പ്രോച്ചിപ് ടെക്‌നോളജി’ എന്ന സ്റ്റാര്‍ട്ടപ്സ്ഥാപനത്തിന്റ സഹകരണത്തോടെ യായിരുന്നു ‘ഡോപ്പമീറ്ററി’ൻ്റെ രൂപ കൽപ്പന.

ഡോപ്പമൈനോ മറ്റു ന്യൂറോ ട്രാന്‍സ്‌മിറ്ററുകളോ കണ്ടെത്തുന്നതിനുള്ള സെന്‍സര്‍ ഉപകരണം നിലവിൽ വിപണിയില്‍ ലഭ്യമല്ല. നാഡീവ്യവസ്ഥ സംബന്ധിച്ച തകരാറുകള്‍ നിര്‍ണയിക്കാന്‍ നിലവിലുള്ള രീതികള്‍ സമയമെടുക്കുന്നവയും ചെലവേറിയതുമാണ്. എളുപ്പത്തിൽ ഉപയോഗിക്കാമെന്നതും ചെലവ് കുറവാണെന്നതുമാണ് ‘ഡോപ്പമീറ്ററി’ൻ്റെ സവിശേഷത. ‘ഡോപ്പമീറ്ററി’ന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here