ഭൂമിയിലേക്ക് ഇടിച്ചിറങ്ങി വൻ നാശനഷ്ടമുണ്ടാക്കാവുന്ന ഛിന്നഗ്രഹങ്ങളെയും ഉൽക്കകളെയും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനു മുൻപായി തകർക്കുക എന്ന ലക്ഷ്യത്തോടെ നാസ നടപ്പാക്കുന്ന ദൗത്യം ഡാർട്ട് (DART) വിജയകരമായി വിക്ഷേപിച്ചു.
ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് (Double Asteroid Redirection Test-DART) എന്ന ദൗത്യത്തിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത മാറ്റുകയാണു നാസയുടെ ലക്ഷ്യം.

പരീക്ഷണമെന്ന നിലയിലാണ് ഒരു ഛിന്നഗ്രഹത്തിൽ ബഹിരാകാശ പേടകം ഇടിച്ചിറക്കി ഗതി മാറ്റാൻ ശ്രമിക്കുന്നത്. ഭാവിയിൽ ഭൂമിയിൽ പതിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങൾ വരുമ്പോൾ സമാനമായ പ്രവർത്തനം പിഴവില്ലാതെ നടത്തുകയാണ് ദൗത്യത്തിൻ്റെ ലക്ഷ്യം.

നവംബർ 24നു രാജ്യാന്തര സമയം രാവിലെ 11.50 നാണ് പേടകം വിക്ഷേപിച്ചത്. കലിഫോർണിയയിലെ വാൻഡർബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും സ്പേസ് എക്സിന്റെ ഫാൽക്കൺ–9 റോക്കറ്റിലാണ് ഡാർട്ട് പേടകം പറന്നുയർന്നത്.

ഡൈമോർഫോസ് എന്ന കുഞ്ഞൻ ഛിന്നഗ്രഹത്തെയാണ് ഡാർട്ട് ലക്ഷ്യം വയ്ക്കുന്നത്. 160 മീറ്റർ വ്യാസമുള്ള ഡൈമോർഫോസ് ഭൂമിയിൽ നിന്നു 11 ദശലക്ഷം കിലോമീറ്റർ അകലെയാകും കൂട്ടിയിടിക്കു ഇരയാകുക. ഇവയുടെ സഞ്ചാരം ഭൂമിക്കു പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും പരീക്ഷണമെന്ന നിലയിലാണ് ഡാർട്ട് ദൗത്യം നടത്തുന്നത്.

2022 സെപ്റ്റംബറോടെയായിരിക്കും പേടകം ഛിന്നഗ്രഹത്തിനടുത്തെത്തുക. കൂട്ടിയിടി ചിത്രീകരിക്കാനായി ഒരു കുഞ്ഞൻ സാറ്റലൈറ്റ് കൂടി ‍ഡാർട്ട് പേടകത്തിനകത്തുണ്ട്. ഛിന്നഗ്രത്തിലേക്ക് പതിക്കുന്നതിന് മുമ്പ് ലിസിയ ക്യൂബ് എന്ന ഈ ചെറു സാറ്റലൈറ്റിനെ പ്രധാന പേടകത്തിൽ നിന്ന് സ്വതന്ത്രമാക്കും.

 വിവിധ വലുപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളും മറ്റു ബഹിരാകാശ വസ്തുക്കളും ഭൂമിയിൽ പലതവണ ഇടിച്ചിറങ്ങിയിട്ടുണ്ട്. ചെറിയ വസ്തുക്കളും ബഹിരാകാശ അവശിഷ്ടങ്ങളും അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു പതിവാണ്. അവയുടെ വേഗവും അന്തരീക്ഷത്തിന്റെ ഘർഷണവും കാരണം ഭൂമിയിൽ പതിക്കുന്നതിനു മുൻപ് അവ കത്തിത്തീരും. എന്നാൽ ഛിന്നഗ്രഹങ്ങളെ പോലുള്ള വലിയ വസ്തുക്കൾ ഇത്തരത്തിൽ കത്തിത്തീരില്ല. അവയുടെ വേഗത്തിനൊപ്പം ഭൂമിയുടെ ഗുരുത്വാകർഷണം കൂടിയാകുന്നതോടെ ഭയാനകമായ വേഗത്തിൽ ഇടിച്ചിറങ്ങും. പതിക്കുന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും വൻ നാശനഷ്ടമുണ്ടാകും. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കും ഇതു പ്രഹരമേൽപ്പിക്കും.

 1908 ജൂൺ 30നു റഷ്യയിലും സൈബീരിയയിലുമായി പതിച്ച ഛിന്നഗ്രഹത്തിന്റ ഓർമയിൽ ജൂൺ 30 ആണു രാജ്യാന്തര ഛിന്നഗ്രഹ ദിനമായി ആചരിക്കുന്നത്. ബഹിരാകാശ വസ്തു ഇടിച്ചിറങ്ങിയതിന്റെ ഫലമായി ലക്ഷക്കണക്കിനു മരങ്ങളും ആയിരക്കണക്കിനു ജീവികളും നശിച്ചിരുന്നു. കിലോമീറ്ററുകൾക്കപ്പുറത്തെ ജനാലകൾ പോലും പൊട്ടിയിരുന്നു. 2013ലും റഷ്യയിൽ ഛിന്നഗ്രഹം പതിച്ചിരുന്നു. സംഭവത്തിൽ ആയിരത്തിലധികം ആളുകൾക്കാണു പരുക്കേറ്റത്.

ഛിന്നഗ്രഹ ഭീഷണി പഠന വിഭാഗത്തിലെ (Asteroid Threat Assessment Project- ATAP) ഗവേഷകർ സൂപ്പർ കംപ്യൂട്ടറുകളുപയോഗിച്ചു ഭൂമിക്കു ദോഷകരമാകുന്ന ഛിന്നഗ്രഹങ്ങളുടെ പാത വളരെ മുൻപുതന്നെ കണ്ടെത്തും. അവയിൽ ഭൂമിയുടെ ഉപരിതലം വരെ എത്താൻ സാധ്യതയുള്ളവയെയാണു പുതിയ സാങ്കേതിക വിദ്യകളിലൂടെ വഴിമാറ്റുകയോ, പൊട്ടിച്ചു ചെറു കഷണങ്ങളാക്കുകയോ ചെയ്യുന്നത്.  ചെറു കഷണങ്ങളായി മാറിയാൽ അവ അന്തരീക്ഷത്തിന്റെ ഘർഷണത്തിൽ കത്തിത്തീരും. അതുവഴി ഭൂമിയിൽ കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നത് തടയാനാകും.

ഭാവിയിൽ ഭൂമിയിലിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളൊന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല.എന്നാൽ  അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ ഡാർട്ട് നൽകുന്ന വിവരങ്ങൾ നിർണ്ണായകമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here