“ഞാനിവിടെയുണ്ട് കാരണം ഫേസ്ബുക്കിൻ്റെ വിവിധ ഉൽപ്പനങ്ങൾ കുട്ടികളെ ഉപദ്രവിക്കുന്നു. വിഭജനം വർദ്ധിപ്പിക്കുകയും, നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.”
– വിസിൽബ്ലോവർ ഫ്രാൻസിസ് ഹൗഗൽ

”കൗമാരക്കാരായ കുട്ടികളുടെ ക്ഷേമമല്ല മറിച്ച് ഉൽപന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം മാത്രമാണ് ഫേസ്ബുക്കിൻ്റെ ലക്ഷ്യം. നീതീകരിക്കാനാവാത്ത കൃത്യവിലോപം നടത്തുന്ന ഫേസ്ബുക്കിന് ഉത്തരവാദിത്വം ഏറ്റെടുക്കാൻപോലും കഴിയുന്നില്ല.”
– റിച്ചാർഡ് ബ്ലുമെൻതാൾ

കോംബ്രിഡ്ജ് അനലിറ്റിക അഴിമതിക്ക് ശേഷം ടെക് ലോകത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഫേസ്ബുക്ക് മുൻ ജീവനക്കാരിയായ വിസിൽബ്ലോവർ ഫ്രാൻസിസ് ഹൗഗൻ്റെ വെളിപ്പെടുത്തലുകൾ. ആയിരക്കണക്കിന് രേഖകൾ യുഎസ് നിയമപാലകർക്കും വാൾസ്ട്രീറ്റ് ജേണലിനും പങ്കുവച്ചുകൊണ്ടായിരുന്നു ഹൗഗൽ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഫേസ്ബുക്കിന്റെ നയങ്ങളെ പൊതുജനമധ്യത്തിൽ ചോദ്യംചെയ്തത്.

“ഇന്ന് നിലനിൽക്കുന്ന ഫേസ്ബുക്കിൻ്റെ പതിപ്പ് നമ്മുടെ സമൂഹങ്ങളെ കീറിമുറിക്കുകയും ലോകമെമ്പാടുമുള്ള വംശീയ അക്രമങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.” ഹൗഗൻ തുറന്നടിച്ചു. ജനുവരി ആറിന് കാപ്പിറ്റോളിലെ കലാപത്തിന് കാരണമായത് ഫേസ്ബുക്കിൻ്റെ നയങ്ങൾക്കു സംഭവിച്ച മൂല്യച്യുതിയും ഫേസ്ബുക്ക് എന്ന പ്ലാറ്റ്ഫോമും ആണെന്നും ഹൗഗൻ ആരോപിച്ചു. ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദ്രോഹകരമായി ബാധിക്കുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന നിരവധിയായ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. 30 ശതമാനം കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ശരീരത്തോടുള്ള അസംതൃപ്തി വർദ്ധിക്കുവാൻ ഈ ആപ്ലിക്കേഷനുകളുടെ നിരന്തരമായ ഉപയോഗം കാരണമായിട്ടുണ്ട് എന്നായിരുന്നു ഈ ഗവേഷണങ്ങളുടെയെല്ലാം രത്നചുരുക്കം.

ഫേസ്ബുക്ക് തന്നെ നടത്തിയ ഒരു പഠനത്തിൽ കൗമാരക്കാർക്കിടയിൽ വിഷാദം വളരുന്നതിന് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപയോഗം കാരണമാകുന്നുണ്ടെന്നും ഇത് യഥാർത്ഥത്തിൽ കൂടുതൽ നേരം ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കൗമാരക്കാരായ കുട്ടികളെ പ്രേരിപ്പിക്കുന്നുവെന്നും അതുവഴി അവർ അവരുടെ ശരീരത്തെ കൂടുതൽ വെറുക്കുന്നുവെന്നും ഉൾപ്പെടെയുള്ള ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ ഈ ഗവേഷണത്തിന്റെ ഭാഗങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

യുഎസ് സെനറ്റിന് മുൻപാകെ നൽകിയ മൊഴിയിലാണ് ഫേസ്ബുക്ക് മുൻ ജീവനക്കാരിയായ വിസിൽബ്ലോവർ ഫ്രാൻസിസ് ഹൗഗൻ സോഷ്യൽമീഡിയ ഭീമൻ എങ്ങനെയാണ് യുവ ഉപഭോക്താക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് എന്ന് വിശദീകരിച്ചത്. രണ്ട് വർഷക്കാലം ഫേസ്ബുക്കിന്റെ സിവിക് ഇൻഫർമേഷൻ ടീമിൽ പ്രവർത്തിച്ച പ്രൊജക്റ്റ് മാനേജറാണ് ഫ്രാൻസിസ് ഹൗഗൻ. ഇൻസ്റ്റഗ്രാമിനെ സംബന്ധിക്കുന്ന ഗവേഷണവിവരങ്ങൾ വാൾസ്ട്രീറ്റ് ജേണലിലൂടെ പുറത്തുകൊണ്ടുവന്നത് ഹൗഗനാണ്.

വ്യാജവാർത്തകളും, വിദ്വേഷപ്രചരണ സന്ദേശങ്ങളും നിരന്തരം ആളുകളിലേക്ക് എത്തിക്കുന്നതിൽ ഫേസ്ബുക്കിന് വലിയ പങ്കുണ്ടെന്ന് രേഖകളുടെ പിൻബലത്തിൽ ഹൗഗൻ വിവരിച്ചു. പരസ്യപ്രസ്താവനകളിലൂടെ ഫേസ്ബുക്ക് തുടർച്ചയായി നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പറയുന്ന കാര്യവും ഫെസ്ബുക്കിൻ്റെ പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധമില്ലെന്നും കാണിച്ച് ഹൗഗൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ പരാതി നൽകിയിരുന്നു.

2020-ലെ യുഎസ് തെരഞ്ഞെടുപ്പിനുശേഷം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിലുള്ള ഫേസ്ബുക്കിൻ്റെ പങ്ക്, കൗമാരക്കാരുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്കിന്റെയും മറ്റു ആപ്ലിക്കേഷനുകളെയും സ്വാധീനം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന രേഖകളും ഹൗഗൻ സെനറ്റിന് കൈമാറിയിരുന്നു. ഇതിനെത്തുടർന്ന് യുഎസ് സെനറ്റ് ഫേസ്ബുക്കിൻ്റെ സുരക്ഷാ മേധാവി ആൻ്റിഗോൺ ഡേവിസിനെ വിളിച്ചു വരുത്തുകയുണ്ടായി. കൗമാരക്കാരായ കുട്ടികൾക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിൽ വിപരീതമായ ഫലങ്ങളാണ് ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ സൃഷ്ടിക്കുന്നത് എന്ന വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച വാർത്തയെക്കുറിച്ച് അത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു ഫേസ്ബുക്കിൻ്റെ നിലപാട്.

മാർക് സുക്കർബർഗ് 

”കൗമാരക്കാരായ കുട്ടികളുടെ ക്ഷേമമല്ല മറിച്ച് ഉൽപന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം മാത്രമാണ് ഫേസ്ബുക്കിൻ്റെ ലക്ഷ്യം. നീതീകരിക്കാനാവാത്ത കൃത്യവിലോപം നടത്തുന്ന ഫേസ്ബുക്കിന് ഉത്തരവാദിത്വം ഏറ്റെടുക്കാൻപോലും കഴിയുന്നില്ലെന്നും” സെനറ്റിന് നേതൃത്വം നൽകിയ റിച്ചാർഡ് ബ്ലുമെൻതാൾ നിരീക്ഷിച്ചു.പുകയില ഉൽപ്പന്നങ്ങളുടെ ദോഷങ്ങളെ എങ്ങനെയാണോ സിഗരറ്റ് കമ്പനികൾ മറച്ചുവയ്ക്കുന്നത് അതുപോലെയാണ് ഫേസ്ബുക്കിന്റെ നിലവിലെ ശ്രമങ്ങളെന്ന് സെനറ്റ് അംഗങ്ങൾ താരതമ്യാത്മകമായി അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് ചരിത്രപരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഫേസ്ബുക്കിൻ്റെ മുൻ ജീവനക്കാരിയുടെ വാക്കുകൾ ഫേസ്ബുക്കിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ് വർക്കിനെകുറിച്ച് ആശങ്കപ്പെടുന്ന ആദ്യത്തെ മുൻ ജീവനക്കാരിയല്ല ഹൗഗൻ. പക്ഷേ വ്യക്തമായ രേഖകൾ സഹിതം പൊതുസമൂഹത്തോട് കാര്യങ്ങൾ വിശദീകരിക്കുവാൻ അവർക്ക് സാധിച്ചു എന്നതാണ് ശ്രദ്ധേയം.

ഫേസ്ബുക്കിന്റെ തന്നെ പഠനത്തിൽ കൗമാരക്കാരായ 13 ശതമാനം പെൺകുട്ടികൾക്ക് ആത്മഹത്യ ചിന്തകൾ പതിവാണെന്ന പരാമർശമുണ്ട്. 17% കൗമാരക്കാരായ പെൺകുട്ടികൾക്ക് അവരുടെ ഭക്ഷണക്രമം താളംതെറ്റിയതായി പറയുന്നു. 32 ശതമാനം കൗമാരക്കാരായ പെൺകുട്ടികൾ അവരുടെ ശരീരത്തെക്കുറിച്ച് കൂടുതൽ മോശമായ ചിന്തകൾക്ക് അടിമപ്പെട്ടു എന്ന പരാമർശമുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപയോക്താക്കളായ കൗമാരക്കാരിൽ വർധിച്ചുവരുന്ന ഈ അരക്ഷിതാവസ്ഥയെ സംബന്ധിക്കുന്ന രേഖകൾ സഹിതമായിരുന്നു ഹൗഗൻ്റെ വെളിപ്പെടുത്തൽ.

ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്ത സിബിഎസ് 60 മിനിറ്റ് എന്ന് അഭിമുഖത്തിലാണ് ഫ്രാൻസിസ് ഹൗഗൻ തൻ്റെ വ്യക്തിത്വം ആദ്യമായി വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here