ടിപ്പുകളുടെയും ലിസ്റ്റുകളുടെയും കാലത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. സന്തോഷം കണ്ടെത്താനും അത് നിലനിർത്താനും സഹായിക്കുന്ന ഏതാനും വഴികളെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.
ഇവയിൽ ചിലതൊക്കെ നിങ്ങൾക്ക് പ്രാവർത്തികമാക്കാൻ സാധിക്കുമ്പോൾ മറ്റുചിലത് നിങ്ങളുടെ വ്യക്തിത്വത്തിനും ശീലങ്ങൾക്കും അനുയോജ്യമാകാത്തതായി തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രമാണ്. ഒരോ വ്യക്തിയും പല സ്വഭാവസവിശേഷതകൾ ഉള്ളവരായതിനാൽ വ്യത്യസ്തതകൾ ഒട്ടും അപ്രതീക്ഷിതമല്ല. സ്വത്വത്തെ കണ്ടെത്താനും അതിനിണങ്ങുന്ന ശീലങ്ങളെ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുക എന്നതും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ജീവിതത്തിലേക്കുള്ള യാത്രയിൽ നിർണായകമായ കാര്യങ്ങളാണ്.
ജീവിതത്തെ പോസിറ്റീവായി സമീപിക്കുക
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ആകണമെന്നില്ല. വളരെ വേഗം മാറുന്ന ഈ ലോകസാഹചര്യത്തിൽ, അനിശ്ചിതത്വങ്ങളാണ് സ്ഥിരതയുള്ള കാര്യങ്ങളേക്കാൾ കൂടുതൽ. അത്തരത്തിലൊരു സവിശേഷ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ ഓരോ ദിവസവും എന്നപോലെ പരിശ്രമിക്കേണ്ടതുണ്ട്. പോസിറ്റീവ് സൈക്കോളജിയിൽ ഗവേഷണം നടത്തുന്നവർ പറയുന്നത് ഓരോ ദിവസവും നമുക്ക് സന്തോഷവും സമാധാനവും കുറച്ചെങ്കിലും വർദ്ധിപ്പിക്കാൻ കഴിയും എന്നാണ്. പക്ഷേ അതിന് ബൃഹത്തായ കാര്യങ്ങൾ ചെയ്യണമെന്നില്ല. ചെറിയ കാര്യങ്ങൾ, അതായത്- നുറുങ്ങു വഴികൾ ആയാലും മതി.
ഉദാഹരണമായി ഡയറി/ജേർണൽ എഴുതാൻ സമയം കണ്ടെത്തുക, ചുറ്റുമുള്ള മനുഷ്യരോടും പ്രകൃതിയോടും കൃതജ്ഞത പ്രകടിപ്പിക്കുക, അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ശ്രമിക്കുക, ഓരോ ദിവസവും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക തുടങ്ങി നല്ല വസ്ത്രം ധരിക്കുക,സമയത്തിന് ആഹാരം കഴിക്കുക…

ദിനചര്യകളിൽ തുടങ്ങുക,പ്രവർത്തികളിൽ വിശ്വസിക്കുക
നിങ്ങൾ ഒരു ചിത്രകാരൻ ആണെന്ന് സങ്കൽപ്പിക്കുക, ഓരോ ദിവസവും രാവിലെ ഒരു വലിയ ക്യാൻവാസ് നിങ്ങൾക്ക് ലഭിക്കും. അന്ന് രാവിലെ മുതൽ രാത്രി വരെ നിങ്ങൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ വരയ്ക്കാം. തീർച്ചയായും നിങ്ങൾ ആദ്യത്തെ ദിവസം വരയ്ക്കുന്ന ചിത്രത്തിന്റെയും കുറച്ചുദിവസം കഴിഞ്ഞ് വരയ്ക്കുന്ന ചിത്രത്തിന്റെയും ഓരോ ഘട്ടങ്ങളിലും വരയ്ക്കുന്ന ചിത്രങ്ങളുടെയും സൗന്ദര്യത്തിൽ വ്യത്യസ്തകൾ ഉണ്ടായിരിക്കും. ഓരോ ദിവസവും ഓരോ ഘട്ടങ്ങളിലും നിങ്ങൾ പുതിയ കാര്യങ്ങൾ പഠിക്കുന്നു, നിങ്ങൾക്ക് ലഭ്യമായ ക്യാൻവാസ് മികച്ച രീതിയിൽ ഉപയോഗിക്കുന്നു. ഒരു ചിത്രകാരനെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യം ചിത്രം വരയ്ക്കുക അതുമായി അനുബന്ധിച്ചുള്ള കാര്യങ്ങൾ ചെയ്യുക എന്നത് തന്നെയാണ്.
നമ്മുട കഴിവുകൾ ഉപയോഗിക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ സ്വപ്നങ്ങൾ നേടാനും അവരുടെ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും സമാധാനവും നേടാനും ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ്. നിങ്ങൾ ഇടപെടുന്ന മേഖലകളിൽ സമയം ചെലവഴിക്കുക, സ്വപ്നങ്ങൾ നേടാൻ, സ്വപ്നങ്ങളിലേക്കുള്ള യാത്ര തിരിക്കാൻ, യാത്രയുടെ ഓരോ ഘട്ടങ്ങളെയും മനസ്സിൽ സൂക്ഷിക്കാൻ, അതിനുവേണ്ടി പരിശ്രമിക്കാൻ, ഓരോ ദിവസവും കുറച്ചു സമയം കണ്ടെത്തുക. ശീലങ്ങളും ചര്യകളും അർപ്പണബോധവും സ്ഥിരോത്സാഹവും വിജയത്തിന്റെ മന്ത്രങ്ങളാണ്.
അർത്ഥം കണ്ടെത്തുക, സഹജീവികളുമായി സഹകരിക്കുക
How to (എങ്ങനെയാണ്, ഇപ്രകാരമാണ് ) എന്നത് ഏറ്റവും കൂടുതൽ തവണ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന വാക്കുകളിൽ ഒന്നാണ്. എങ്ങനെയാണ് ഒരു കാര്യം ചെയ്യുക എന്ന് അറിയേണ്ടവരാണ് എല്ലാവരും. പക്ഷേ, അത് എന്തിനാണ് എന്ന് ചിന്തിക്കാൻ പലപ്പോളും മറന്നു പോവാറും ഉണ്ട്. നമ്മുടെ പ്രവർത്തികൾക്ക് അർത്ഥം നൽകാൻ ശ്രമിക്കുക, എന്തിനാണ് ഓരോന്ന് ചെയ്യുന്നത് എന്ന് ചിന്തിക്കുക എന്നത് സന്തോഷം നിലനിർത്താനുള്ള വഴികളിൽ ഒന്നാണ്. ഇതിനോട് ചേർത്തു വായിക്കേണ്ടതാണ് സഹകരണ മനോഭാവം. നമ്മുടെ കാരണങ്ങൾ അല്ലെങ്കിൽ മോട്ടിവേഷൻ നമുക്ക് വേണ്ടി മാത്രമാകുമ്പോൾ അതിന്റെ പരിധി കുറയാൻ സാധ്യതയുണ്ട്. വ്യക്തികളും കൂട്ടായ്മകളും സമൂഹവുമായി സഹകരിക്കുക, അവരുടെയൊക്കെ കാരണങ്ങളുടെ ഭാഗമാവുക.

‘ഫീൽ-ഗുഡ്’ ഹോർമോണും വ്യായാമവും
സന്തോഷത്തിനും ഹോർമോണോ?
നമ്മുടെ ശരീരത്തിലെ എല്ലാ ആനന്ദകരമായ സംവേദനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോർമോൺ ആയത് കൊണ്ട് ഡോപ്പമിൻ- ‘ഫീൽ-ഗുഡ്’ ഹോർമോൺ എന്ന് അറിയപ്പെടുന്നുണ്ട്. അതായത് ഡോപ്പമിന്റെ സാന്നിധ്യം നമ്മളെ കൂടുതൽ ഹാപ്പിയാക്കുന്നു എന്നർത്ഥം.
നമ്മുടെ രക്തപ്രവാഹത്തിലേക്ക് ഡോപ്പമിൻ ഹോമോണുകൾ പുറപ്പെടുവിക്കുന്നത് നമ്മുടെ മാനസികാവസ്ഥ ഉയർന്ന നിലയിലേക്ക് എത്തപ്പെടാനും കൂടുതൽ സന്തോഷം അനുഭവിക്കാനും സഹായിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
വ്യായാമം ചെയ്യുമ്പോൾ സന്തോഷകരമായ ഹോർമോണുകളുടെ, അതായത് ഡോപ്പമിന്റെ ഉത്പാദനം വർധിക്കുന്നു.
“ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുമുള്ളൂ” എന്ന് പറയാറില്ലേ?