ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ വിനോദ യാത്ര പോകുന്നതിന്റെ തലേ ദിവസം ഉറങ്ങാൻ പറ്റാതിരുന്നതിനെ കുറിച്ച് മിക്ക ആളുകൾക്കും ഓർത്തെടുക്കാൻ പറ്റും. പരീക്ഷയുടെ മുൻപുള്ള ദിവസങ്ങളിൽ എന്താവുമെന്ന ഒരു കാളൽ അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. സ്കൂളിൽ പോകുന്ന കാലത്തൊക്കെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് വൈകിയാണ് വീട്ടിലെത്തുന്നതെങ്കിൽ, വൈകിയ ഓരോ നിമിഷവും രക്ഷിതാക്കൾ എന്ത് പറയുമെന്ന് നമ്മൾ ചിന്തിക്കാറുണ്ടായിരുന്നു, അല്ലേ? മികച്ച മാർക്ക് വാങ്ങിയാൽ അധ്യാപകരും കൂട്ടുകാരും അച്ഛനും അമ്മയും നല്ല വാക്ക് പറയുന്നത് സ്വപ്നം കണ്ടിരുന്നില്ലേ?
സങ്കൽപിക്കാൻ കഴിയുക, കഴിഞ്ഞ കാലത്തെ കുറിച്ചും വരും കാലത്തെ കുറിച്ചും മനസ്സിൽ ക്രിയാത്മകമായ ചിത്രങ്ങൾ തീർക്കുക എന്നത് വളരും തോറും നമുക്ക് നഷ്ടപ്പെടുന്ന ഒന്നാണ്. ദുസ്വപ്നങ്ങളും സാമാന്യലോകവുമായി വലിയ ബന്ധങ്ങളില്ലാത്ത സങ്കൽപ്പങ്ങളും അല്ല ഉദ്ദേശിച്ചത്.
പൂർണ ബോധത്തോടെ, വ്യക്തമായ ധാരണയോടെ സങ്കൽപിക്കാൻ നമുക്ക് കഴിയാറുണ്ടോ? നിങ്ങളൊരു പൂന്തോട്ടം ഉണ്ടാക്കുന്നു എന്ന് സങ്കല്പിക്കുക. നിങ്ങളുടെ പരിധിയിൽ നിന്ന്, ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ പരിഗണിച്ച്, ലഭ്യമായ ഘടകങ്ങൾ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്തി വേണം അത് നിർമിക്കാൻ. മനസ്സിൽ കാണേണ്ട ചിത്രം, എല്ലാ പണിയും കഴിഞ്ഞ പൂക്കൾ വിടർന്നു നിൽക്കുന്ന ഒന്നാണോ അതോ പിറവിയുടെ ഓരോ ഘട്ടങ്ങളുമാണോ? ആദ്യ പൂവുണ്ടാകുന്നതും, ആദ്യമായി ചിത്ര ശലഭങ്ങൾ വന്നതും പ്രാണികളും കീടങ്ങളും വരുന്നതും നിങ്ങൾ സ്വപ്നങ്ങളിൽ കാണുമോ?
വേറൊരു ഉദാഹരണം പറഞ്ഞാൽ, വിജയിക്കുമ്പോൾ ആളുകൾ അഭിനന്ദിക്കുന്നത് സങ്കൽപ്പിക്കാൻ എല്ലാവർക്കും പറ്റും. എന്നാൽ ഇല്ലായ്മകളിലും പ്രശ്നങ്ങളിലും പേടികളിലും തുടങ്ങി, സ്വപനങ്ങളിലേക്ക് എത്തുന്നത് വരെയുള്ള യാത്ര സങ്കൽപ്പിക്കുന്നവർ വളരെ കുറവായിരിക്കും.
എന്റെയൊരു സുഹൃത്തിന്റെ സ്വപ്നമാണ് ലിംഗ പക്ഷമില്ലാത്ത, വ്യത്യസ്തതകളെ ഉൾകൊള്ളുന്ന ഒരു സ്കൂൾ തുടങ്ങണം എന്നത്. അവൻ ആ സ്‌കൂളിന്റെ ഏതാണ്ട് എല്ലാ കാര്യങ്ങളും ഓർത്തോർത്തു ചിത്രങ്ങൾ തീർക്കും. ചിലത് മനസ്സിലും ചിലതൊക്കെ കടലാസ്സിലും. അവൻ നേരിടാൻ പോകുന്ന വെല്ലുവിളികളെ കുറിച്ച് സങ്കൽപിക്കും,അത് എങ്ങനെ മറികടക്കണമെന്നും.
നിങ്ങൾ ചിന്തിക്കുന്നത് നിങ്ങൾ നിർമ്മിക്കുന്നു, നിങ്ങൾ സങ്കല്പിക്കുന്നത് നിങ്ങളെ നിർമ്മിക്കുന്നു എന്നു പറയാം.
2004-ൽ നേച്ചർ റിവ്യൂസ് ന്യൂറോസയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അനിശ്ചിതമായതോ അസ്ഥിരമായതോ അപ്രതീക്ഷിതമായതോ ആയ കാര്യങ്ങൾ നിത്യ ജീവിതത്തിന്റെ താളം തെറ്റിക്കാൻ സാധ്യതയേറെയാണ് എന്ന് പറയുന്നുണ്ട്. ജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമായി സങ്കടങ്ങളും പേടിയും മാനസിക പിരിമുറുക്കവും ജീവിതത്തിന്റെ ഭാഗമാകും. സന്തോഷവും സമാധാനവും നഷ്ടപ്പെടും…
പ്രതീക്ഷിക്കാത്ത എന്തെങ്കിലും സംഭവിച്ചാൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആദ്യമേ ചിന്തിച്ചു വെച്ചാലോ?
അതിന് നമ്മളെ സഹായിക്കുന്നത് സങ്കൽപിക്കാനുള്ള കഴിവാണ്. അത് പരിപോഷിപ്പിക്കുക, നഷ്ടപ്പെടാതെ നോക്കുക.