ഹിബ റഹ്‌മ പി പി, സാലിം പി കോഡൂർ

രാജ്യത്ത് സംസ്ഥാനങ്ങൾ തമ്മിൽ രാഷ്ട്രീയമായ പിടിവലികൾ രൂക്ഷമാകുന്ന സാഹചര്യങ്ങൾ പോയ കാലത്ത് ഒട്ടേറെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും നിലനിൽക്കുന്ന സംവിധാനങ്ങൾക്കും സംഹിതകൾക്കുമെതിരെ എതിർ സ്വരങ്ങൾ ഉയർത്താൻ ചില പ്രത്യേക സംസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നീക്കുപോക്കുകൾ ഉണ്ടാവുകയും ചെയ്ത സന്ദർഭങ്ങളുമുണ്ട്. രാജ്യത്തിന്റെ പൊതുസ്വഭാവം കാര്യമാക്കാതെ നീതിയുക്തം അല്ലെന്ന് പഠനങ്ങളുടെ വെളിച്ചത്തിൽ ബോധ്യപ്പെട്ട കാര്യങ്ങളിൽ മറ്റുള്ളവരുടെ പ്രതികരണം എന്താകുമെന്ന ആശങ്കകൾ തെല്ലുമില്ലാതെ സംസ്ഥാനങ്ങൾ തന്നെ പ്രമേയം പാസാക്കിയ അപൂർവ്വം സന്ദർഭങ്ങളേ ഉള്ളൂ. അടുത്തകാലത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നാമത് കണ്ടറിഞ്ഞു. വിഷയം രാഷ്ട്രീയം ആയതുകൊണ്ട്  ഭരണകൂടത്തിൻ്റെ പ്രത്യയശാസ്ത്ര പ്രതിയോഗികളെല്ലാം അതേറ്റു പിടിക്കുകയും ചെയ്തു. എന്നാൽ കലുഷിത ഇന്ത്യയുടെ അങ്ങിങ്ങായി മാത്രം കാണുന്ന ജനാധിപത്യ പ്രതീക്ഷകളിൽ പുതുമുഖമായ സ്റ്റാലിൻ സർക്കാരിൽനിന്നും ഇപ്പോൾ അത്തരത്തിലൊരു നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. വിഷയം രാഷ്ട്രീയമല്ല, മെഡിക്കൽ വിദ്യാഭ്യാസത്തിൻറെ പ്രാരംഭ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) ആണ്. വിദ്യാർത്ഥി ജീവിതത്തിൽ വഴിത്തിരിവ് ആണെങ്കിലും ഇത്രമേൽ ദേശീയ പ്രാധാന്യവും പങ്കാളിത്തവുമുള്ള ഒരു പരീക്ഷ വരുത്തിവെക്കുന്ന മാനസിക സാമൂഹിക വിപത്തുകൾകൂടി ചൂണ്ടിക്കാണിക്കുകയാണ് തമിഴ്നാട് സർക്കാർ.

കഴിഞ്ഞ സെപ്റ്റംബർ 12നാണ് ദേശീയതലത്തിൽ നീറ്റ് പരീക്ഷ നടത്തിയത്. കോവിഡ് പ്രതിസന്ധി കാരണം ഒട്ടേറെ വൈകി പരീക്ഷ തീയതി വീണ്ടും വീണ്ടും മാറ്റുകയും നീട്ടുകയും ഒടുവിൽ കർശന ഉപാധികളോടെ പരീക്ഷ നടത്തുകയും ചെയ്‌തു. പ്രത്യേക സാഹചര്യം ആയതിനാൽ പരിഷ്കരിച്ച 200 ചോദ്യങ്ങൾ അടങ്ങുന്ന 3 മണിക്കൂർ പരീക്ഷ രീതി രണ്ടുദിവസം മുമ്പ് മാത്രമാണ് പരിചയപ്പെടുത്തിയത് എന്ന് വിദ്യാർഥികൾ പറയുന്നു. അതുതന്നെ ആകെയുള്ള 180 മിനിട്ടിൽ തന്നെ സമയം അപഹരിക്കുന്ന തരത്തിലുള്ള ഫോട്ടോയെടുപ്പും ഇൻവിജിലേറ്ററുടെ ഇടപെടലും അപഹാസ്യമായി പോയെന്നും ഈ വർഷത്തെ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥിനി രോഷം കൊണ്ടിരുന്നു.

ഒരു ദേശീയപ്രാധാന്യമുള്ള പ്രവേശനപരീക്ഷ അതിൻ്റേതായ മൂല്യം നിലനിർത്താൻ വേണ്ടി ഒരുക്കുന്ന സംവിധാനങ്ങളെ അസഹിഷ്ണുതയോടെ നോക്കിക്കാണേണ്ടതില്ല. രാജ്യത്തൊട്ടാകെ നിലനിൽക്കുന്ന വ്യവസ്ഥിതിക്കെതിരെ പ്രമേയം പാസാക്കാനും ആ സംഹിതയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് അപേക്ഷിക്കാനും സ്റ്റാലിൻ സർക്കാറിനെ പ്രേരിപ്പിച്ച ഘടകം ഇത്തരം നടപടികളൊന്നുമല്ല. കേരളമടക്കമുള്ള 12 ഇതര സംസ്ഥാനങ്ങളോട് തങ്ങളുടെ തീരുമാനത്തിന് പിന്തുണ ആവശ്യപ്പെട്ടു സ്റ്റാലിൻ അഭ്യർത്ഥന നടത്തിയിരുന്നു. മുഖ്യ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയുടെയടക്കം പിന്തുണ നേടിയ തീരുമാനത്തെ ബിജെപി മാത്രമാണ് എതിർക്കാൻ ശ്രമിച്ചത്. ജസ്റ്റിസ് എ കെ രാജൻ്റെ നേതൃത്വത്തിൽ നിയോഗിക്കപ്പെട്ട ഒമ്പതംഗ സംഘത്തിൻ്റെ വിശദമായ പഠനത്തിന് ശേഷം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുന്നതും ബിൽ കൊണ്ടുവരുന്നതും. 165 പേജുള്ള റിപ്പോർട്ട് സർക്കാർ ഈയിടെ പുറത്തുവിട്ടിരുന്നു.

ദേശീയ നിയമത്തിനു കീഴിലുള്ള പരീക്ഷയായതിനാൽ തമിഴ്നാടിൻ്റെ ആവശ്യം രാഷ്ട്രപതി അംഗീകരിക്കണമെങ്കിലും കടുത്ത തീരുമാനങ്ങൾ എടുക്കാനുള്ള സ്റ്റാലിൻ സർക്കാറിൻറെ വ്യഗ്രത അങ്ങേയറ്റം പ്രതിസന്ധിയിൽ നിന്നാണ് ഉയർന്നുവന്നത്. കോവിഡ്‌ മഹാമാരി കാലത്ത് നീണ്ടു പോകുന്ന പരീക്ഷ നടത്തിപ്പ് ഒടുവിൽ തീരുമാനിച്ചുറപ്പിച്ചതോടെ പരീക്ഷ അടുക്കാറായ ദിവസങ്ങളിൽ രണ്ട് വിദ്യാർഥിനികൾ ആത്മഹത്യ ചെയ്തു. ഭയം കാരണം ഉടലെടുത്ത കടുത്ത മാനസിക സമ്മർദ്ദം തന്നെയാണ് വില്ലനായത്. പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത നാളുകളിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ ജീവനൊടുക്കിയ വാർത്തകൾ പുറത്തു വന്നിരുന്നു. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ പറ്റാത്തതിനാൽ പരാജയപ്പെട്ടേക്കാം എന്ന ഭീതിക്കു പുറമേ ചുറ്റുപാടിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആകുലതകളും വിദ്യാർത്ഥി ആത്മഹത്യകൾക്ക് കാരണമായിട്ടുണ്ട്. ഇതിനെല്ലാം പുറമേ നീറ്റ് പരീക്ഷ നടന്ന ദിവസം വിദ്യാർത്ഥിയെ പരീക്ഷയെഴുതാൻ പരീക്ഷാകേന്ദ്രത്തിൽ വിട്ട് തിരിച്ചു വീട്ടിലെത്തിയ ഒരു പിതാവും ജീവനൊടുക്കുകയുണ്ടായി. ഒരു ഡോക്ടർ കൂടിയായ ഈ പിതാവിന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലതാനും. 

ജീവനൊടുക്കുന്നതോടെ വാർത്തയാകുന്ന സാഹചര്യങ്ങളിൽ ഇത്തരം ധാരാളം സന്ദർഭങ്ങൾ പുറംലോകമറിയുന്നത് ഉണ്ടെങ്കിൽ സമ്മർദ്ദത്തിൻ്റെയും അമിതപ്രതീക്ഷയുടെയും കുത്തേറ്റ് മനസ്സുകൊണ്ടു മരിച്ചു കഴിഞ്ഞവർ എത്ര ഉണ്ടാകും? ഇനി പരീക്ഷയുമായി ബന്ധപ്പെട്ട് ഉടലെടുത്ത മറ്റെന്തെങ്കിലും സാമൂഹ്യ ആചാരങ്ങളോ പ്രവണതകളോ ആണോ ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്? ഇതെല്ലാം ബോധ്യപ്പെടാൻ ആണ് ജസ്റ്റിസ് എ കെ രാജൻ കമ്മിറ്റിയെ സർക്കാർ പഠനം നടത്താനായി നിയോഗിക്കുന്നത്.

സ്കൂൾ പഠന കാലത്തു തന്നെ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിനെപ്രതി പൊള്ളയായ പല നിഗമനങ്ങളും അഭിനിവേശങ്ങളും അധ്യാപകരും സമൂഹവും ചേർന്ന് വിദ്യാർത്ഥികളെ അടിച്ചേൽപ്പിക്കാറുണ്ട്. വൈദ്യശാസ്ത്ര മേഖലകളിലെ സാധ്യതകളുടെ വ്യാപ്തിയോ ഗവേഷണപരതയുടെ മൂല്യമോ മനസ്സിലാക്കി നീറ്റ് എഴുതാനിരിക്കുന്ന എത്ര വിദ്യാർത്ഥികൾ ഉണ്ടാകും? കാലങ്ങളായി പറഞ്ഞുറപ്പിച്ചു വെച്ച വഴക്കങ്ങളുടെ പുറത്താണ് ഒട്ടുമിക്കപേരും ഈ പരീക്ഷക്ക് എത്തുന്നത്. അതിനാൽ തന്നെ മാറ്റു കുറയുന്നത് അസഹനീയമായി മാറും. മാത്രമല്ല ജീവിതത്തിന്റെ പ്രായോഗികതക്കാവശ്യമായ പല മാനസികശേഷികളിൽനിന്നും നീറ്റിനായി ഉഴിഞ്ഞു വെച്ച വിദ്യാർത്ഥികൾ അകന്നു നിൽക്കുന്നത് കാണാം. ആകുലതകളും ആശങ്കകളും ആത്മഹത്യയിലേക്ക് വഴി നയിക്കുന്നതിന് കാരണവും ഈയൊരു ബലഹീനത തന്നെയാണ്.

തമിഴ്നാട് സർക്കാർ പുറത്തുവിട്ട 165 പേജുകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടിൽ നീറ്റ് പരീക്ഷ സംവിധാനത്തെയും അതിനായി പരിശീലനം നടത്തുകയും തയ്യാറെടുക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെയും അവരുടെ കുടുംബത്തിൻ്റെയും അധ്യാപകരുടെയും മാനസിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മുഴുവൻ വിശദമായി അപഗ്രഥനം ചെയ്തിട്ടുണ്ട്. നിലവിലുള്ള നീറ്റ് പരീക്ഷാ സിസ്റ്റം തുടരുകയാണെങ്കിൽ സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് തമിഴ്നാട് കൂപ്പുകുത്തും എന്നാണ് ജസ്റ്റിസ് എ കെ രാജൻ പറഞ്ഞു വെക്കുന്നത്.

ദരിദ്ര വിഭാഗത്തിൽ നിന്നുള്ള തമിഴ് മീഡിയം പഠിക്കുന്ന വിദ്യാർത്ഥികളോടുള്ള കടുത്ത വിവേചനമാണ് നീറ്റ് പരീക്ഷ. ഇതര യോഗ്യത പരീക്ഷകളുടെ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്ര സിലബസിൽ തുടക്കംമുതൽ പഠിക്കുന്നവർക്ക് വലിയ ആനുകൂല്യമാണ് ഈ വ്യവസ്ഥിതി എന്നും പഠന റിപ്പോർട്ട് തെളിയിക്കുന്നു. നീറ്റ് പരീക്ഷയിൽ വിജയിക്കുന്ന 99 ശതമാനം വിദ്യാർത്ഥികളും പ്രത്യേക കോച്ചിങുകളും ട്രെയിനിങ്ങുകളും ലഭിച്ചവരാണ്. വൻതുക ചെലവാക്കി നടത്തുന്ന ഇത്തരം കോച്ചിങ് സെൻ്ററുകൾ സാധാരണക്കാർക്ക് പ്രാപ്തമല്ല. കാരണം തമിഴ്നാട്ടിൽ 97 ശതമാനം ഗവൺമെൻറ് ഉദ്യോഗസ്ഥരുടെയും ശമ്പളം ഒരു ലക്ഷത്തിന് താഴെയാണ്. ഈയൊരു അവസ്ഥയിൽ സാധാരണ തൊഴിലാളികളുടെ മക്കൾക്ക് എങ്ങനെയാണ് മെഡിക്കൽ രംഗം സ്വപ്നംകാണാൻ ആവുക.

നീറ്റ് സംവിധാനം നിലവിൽ വരും മുമ്പ് തമിഴ്നാട്ടിലെ 65 ശതമാനം മെഡിക്കൽ വിദ്യാർത്ഥികളും ദരിദ്ര ഗ്രാമങ്ങളിൽനിന്ന് ഉള്ളവരായിരുന്നു. ഗ്രാമീണ മേഖലകളിൽ നിന്നും വരുന്ന കുട്ടികളുടെ കണക്ക് കഴിഞ്ഞവർഷം 49 ശതമാനമായി കുറഞ്ഞു. 14 ശതമാനം തമിഴ് മീഡിയം വിദ്യാർഥികൾ ഉണ്ടായിരുന്ന സ്ഥാനത്ത് അത് ഇപ്പോൾ 1.9% മാത്രമേയുള്ളൂ. ഇതു നിമിത്തം ചെറുപ്പത്തിലെ തന്നെ മാതൃഭാഷയെ അവഗണിക്കാനും ഇംഗ്ലീഷ് മീഡിയം വഴി ചേക്കേറാനുമുള്ള പ്രവണത വിദ്യാർഥികളിലും രക്ഷിതാക്കളിലും കൂടിവരികയാണ്.

ജസ്റ്റിസ് എകെ രാജൻ റിപ്പോർട്ട് പ്രകാരം ഇരുപതോളം അനുമാനങ്ങൾ നീറ്റ് പരീക്ഷക്കെതിരെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് വിദ്യാർഥികളും അധ്യാപകരും അനുഭവിക്കുന്ന മാനസിക പ്രതിസന്ധി. അതിരുകവിഞ്ഞ സമ്മർദ്ദം ആർക്കാണ് അതിജീവിക്കാൻ ആവുക. സ്കൂളിനു പുറമേ കോച്ചിങ്ങുകൾ കൂടിയാകുമ്പോൾ സമയ ക്രമത്തിൻ്റെ അശാസ്ത്രീയത ഇത്തരം വിദ്യാർത്ഥികളുടെ ശാരീരിക മാനസിക സ്വഭാവങ്ങളിൽ പ്രകടമാണെന്നും ആർത്തവചക്രം പോലുള്ള പെൺകുട്ടികളുടെ ജൈവഘടനയിൽ മാറ്റങ്ങൾ വരാൻ പോലും ഇത് കാരണമാകുന്നു എന്നും റിപ്പോർട്ടിലുണ്ട്. പുറമേ നിന്നു കാണുന്ന തിളക്കങ്ങളിൽ ഇത്തരം ഗൗരവമേറിയ വസ്തുതകൾ ശ്രദ്ധിക്കാതെ പോകുന്നത് അപകടമാണെന്നും റിപ്പോർട്ട് പറയുന്നു.

പരിശീലനം മുതൽ തന്നെ ലക്ഷങ്ങൾ ചെലവിടുന്നത് കൊണ്ടും കോച്ചിംഗ് സെൻറർ പോലുള്ള വാണിജ്യം അടിസ്ഥാനമാക്കിയുള്ള ചുറ്റുപാടിലൂടെ വളർന്നുവരുന്നത് കൊണ്ടും പ്രവേശനം നേടി മെഡിക്കൽ രംഗത്ത് പഠിച്ച് പുറത്തിറങ്ങുന്നവർക്കിടയിൽ സേവന മനസ്കതക്കു പകരം മത്സരാധിഷ്ഠിത മാനസികാവസ്ഥയും വാണിജ്യ തൽപരതയും കൂടുതലാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. പുതിയ ഡോക്ടർമാർ പൊതുമേഖലയിൽ സേവനം ചെയ്യുന്നവർ കുറഞ്ഞുവരികയാണ്. പകരം സാമ്പത്തിക ലാഭം അടിസ്ഥാനമാക്കി ജോലി ചെയ്യുകയും അതിനായി വൻകിട സ്വകാര്യ ആശുപത്രികളോ വിദേശ അവസരങ്ങളോ തെരഞ്ഞെടുക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

മറ്റൊരു പ്രധാന ഘടകം നീറ്റ് വിഭാവനം ചെയ്യുന്ന പരോക്ഷ അസമത്വവും കടുത്ത മനുഷ്യത്വ വിരുദ്ധതയുമാണ്. ഗ്രാമീണ ഗോത്ര വർഗ വിഭാഗങ്ങൾ പുതിയ വ്യവസ്ഥിതിയിൽ മെഡിക്കൽ രംഗത്ത് നിന്ന് പിന്നോട്ടു നീങ്ങുന്നതായി പറഞ്ഞുവല്ലോ. ഇങ്ങനെയൊരു അവസരം  സ്വകാര്യ കൽപിത സർവകലാശാലകൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ പഴുത് ഉപയോഗിച്ച് ഒരു വിഭാഗം വിദ്യാർത്ഥികളെ നാളെ തടയുന്ന, തികച്ചും മാനവിക വിരുദ്ധമായ പ്രവണത പരോക്ഷമായി നടന്നുവരുന്നു. 

മറ്റൊന്ന് ഇത്തരം കോച്ചിംഗുകൾ സ്കൂൾ കാലത്തുതന്നെ തുടങ്ങുന്നത് വഴി ഇതര വിഷയങ്ങളിൽ വിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിക്കുന്നില്ല എന്ന വസ്തുതയാണ്. സ്റ്റേറ്റ് ബോർഡ് സിലബസുകളെ അപ്രസക്തമാക്കുന്ന മനോഭാവം അധ്യാപകർക്കു പോലും വന്നു ചേർന്നിട്ടുണ്ട്. ജീവിതശൈലി കഴിവുകൾ, സാഹിത്യപരത, യുക്തിസഹമായ ശേഷികൾ തുടങ്ങിയ അടിസ്ഥാന പഠനങ്ങൾ ഒരു വിഭാഗം വിദ്യാർഥികൾക്ക് അപ്രധാനമായി പോകുന്നത് തടയപ്പെട്ടില്ലെങ്കിൽ ജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങളിൽ സന്തുലനം നഷ്ടപ്പെടുന്ന തലമുറകൾ ആവും ഇതിന്റെ ഫലമായി പുറത്തിറങ്ങുക. നീറ്റ് പരീക്ഷ വന്നതിനു ശേഷമുള്ള അഡ്മിഷൻ കണക്കിൽ തമിഴ്നാട് സ്റ്റേറ്റ് സിലബസുകളിൽ പഠിച്ചവരുടെ സ്ഥാനം വളരെ കുറഞ്ഞു. പ്രത്യേകിച്ച് ഗവൺമെൻ്റ് സ്കൂളുകളിൽ പഠിച്ചവർ. അതിനാൽ ഈ പ്രശ്നം സംസ്ഥാന സർക്കാരിൻ്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് എന്നും ഏതൊരു സംസ്ഥാനങ്ങൾക്കും ഈ പ്രതിസന്ധി ഉണ്ടാവാം എന്നിരിക്കെ സർക്കാർ മറ്റു സംസ്ഥാനങ്ങളോട് ഐക്യദാർഢ്യം തേടണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടിലെ മെഡിക്കൽ പഠന രംഗത്ത് അടിസ്ഥാനസൗകര്യങ്ങൾ വളരെ മികച്ചതാണെന്നും ആപേക്ഷികമായി തമിഴ്നാട് കൂടുതൽ സീറ്റുകൾ ഉള്ള സംസ്ഥാനങ്ങളിൽ പെട്ടതാണെന്നും അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളെ നീറ്റ് കൂടുതൽ ബാധിക്കുന്നു എന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.

പരീക്ഷയെ മുൻനിർത്തി യുക്തിരഹിതമായ പല നിയന്ത്രണങ്ങളും ഉണ്ട്. വസ്ത്രധാരണവും ആഭരണം ധരിക്കുന്നതും മുടി വെട്ടുന്നത് പോലും നിയമവിധേയമായി വേണം എന്ന ശാഠ്യം ഈയൊരു പ്രവേശന പരീക്ഷക്ക് മാത്രമേയുള്ളൂ. ഇതൊക്കെ വിദ്യാർത്ഥിയുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ. മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് തന്നെ പ്രതിവർഷം 25 ലക്ഷത്തോളം ഫീസു മുടക്കി സ്വകാര്യ സർവകലാശാലകളിൽ പഠിക്കാം. പഠനം കഴിയുമ്പോഴേക്കും ഒന്നരക്കോടി രൂപ ചെലവ് വരുന്ന ഈ രീതി സമ്പന്ന കുടുംബത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമാണ്. പക്ഷെ, പണമില്ലാത്തതിൻ്റെ പേരിൽ അവരെക്കാൾ മാർക്കുള്ള പലരും വീണ്ടും കഷ്ടപ്പാടുകൾ അനുഭവിക്കുന്നു.

കോച്ചിങ് സംസ്കാരങ്ങളിൽ നിന്നും ലേർണിംഗ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം തിരിച്ചു കൊണ്ടുവരേണ്ട ആവശ്യകത വളരെ കൂടുതലാണ് എന്ന് ശക്തമായി ആവശ്യപ്പെടുകയാണ് സ്റ്റാലിൻ സർക്കാർ. ഏറ്റവും കുറഞ്ഞത് ദേശീയതലത്തിൽ നീറ്റ് പരീക്ഷ വഴി പ്രവേശനം തീരുമാനിക്കപ്പെടുന്നുണ്ടെങ്കിലും സംസ്ഥാന തലത്തിൽ തന്നെ പ്രവേശനസൗകര്യം ഉൾപ്പെടുത്താൻ തമിഴ്നാടിനെ അനുവദിക്കുകയെങ്കിലും ചെയ്യണം എന്നും തമിഴ്നാട്ടിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് യോജിച്ചു കൊണ്ടുവന്ന പ്രമേയത്തിൽ പറയുന്നു. 

പ്രാദേശികതയും സാമ്പത്തിക പശ്ചാത്തലവും വിവേചനമുണ്ടാക്കുന്ന നീറ്റ് പരീക്ഷ സ്ഥിതി തുടരുകയാണെങ്കിൽ അത് വരും ഭാവിയിൽ  സംസ്ഥാനത്തിന്റെ ക്ഷേമത്തെ ആകെ ബാധിക്കുമെന്ന തിരിച്ചറിവ് ഭരണകർത്താക്കൾക്കുണ്ട്. ഇത്തരം ബോധ്യങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്കും പടരണം. വൈകി വരുന്ന ബോധ്യപ്പെടലുകളും അതിനെ തുടർന്നുള്ള പരിഷ്കാരങ്ങളും വരുമ്പോഴേക്കും ഒരു തലമുറ മുഴുവൻ നഷ്ടം അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ടാകും. മെഡിക്കൽ പ്രവേശനത്തിനായി ജീവിതം തന്നെ മാറ്റിവെച്ച ഒരു വിദ്യാർത്ഥി സമൂഹം തന്നെ നിലവിലുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൻ്റെ സാമൂഹിക സാഹചര്യത്തിൽ നീറ്റിൻ്റെ സ്വാധീനം പഠിക്കാൻ ഇത്തരമൊരു കമ്മിറ്റിയെ നിയോഗിക്കേണ്ടത് അനിവാര്യമാണ്. രണ്ടും മൂന്നും വർഷങ്ങൾ റിപ്പീറ്റ് എൻട്രൻസ് കോച്ചിംഗ് നടത്തിയിട്ടും പ്രവേശനം ലഭിക്കാതെ ഒടുവിൽ ലക്ഷങ്ങൾ മുടക്കി വിദേശ നാടുകളിൽ പോയി എം.ബി.ബി.എസ് പഠിക്കുന്ന എത്രയോ കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. അഭിരുചികൾ നിർമ്മിച്ചെടുക്കുന്നതും സ്വയം അറിഞ്ഞ് തിരഞ്ഞെടുക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ടല്ലോ. 

LEAVE A REPLY

Please enter your comment!
Please enter your name here