മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഹിന്ദുത്വ വിദ്വേഷ പ്രചരണം. പ്രിയദർശൻ സംവിധാനം ചെയ്ത കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം “ദേശദ്രോഹിയായ” കുഞ്ഞാലി മരക്കാറിനെ പ്രകീർത്തിക്കുന്നതാണെന്നാണ് പ്രചരണം.
മീന ദാസ് നാരായൺ എന്ന ട്വിറ്റർ ഹാൻഡിൽ കാമത്ത് എന്ന ഒരു ട്വിറ്റര് ഹാൻഡിലിൽ വന്ന വ്യാജ വിവരങ്ങളുടെ ചിത്രത്തോടൊപ്പമാണ് ഈ വിദ്വേഷ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. സിനിമകൾ നിർമ്മിച്ച് ഹിന്ദുക്കളിൽ നിന്ന് ലാഭമുണ്ടാക്കി മുസ്ലിംകളെ പ്രകീർത്തിക്കുന്ന സിനിമകൾ നിർമ്മിക്കുന്ന മോഹൻലാലിനെ ഓർത്ത് നാണക്കേടാണ് എന്നും ട്വീറ്റിലുണ്ട്.
സിനിമ റിലീസാകും മുൻപേ മികച്ച ചിത്രത്തിനുള്ള അവാർഡ് നൽകിയ ജൂറി തീരുമാനം, കേരള ചരിത്രത്തിൽ കുഞ്ഞാലി മരക്കാർ ആരായിരുന്നു എന്ന് പരിശോധിക്കാതെയാണെന്നും ആക്ഷേപമുണ്ട്
റിലീസിങ്ങുമായി ബന്ധപ്പെട്ട് നീണ്ട വിവാദങ്ങളിൽ പെട്ട ചിത്രം ഡിസംബർ 2ന് ആഗോള റിലീസായി തിയ്യറ്ററുകളിൽ എത്താനിരിക്കെയാണ് പുതിയ വിവാദം.
പോർച്ചുഗീസ് അധിനിവേശത്തിനെതിരെ കടലിലും കരയിലും യുദ്ധം നയിച്ച സാമൂതിരിയുടെ കപ്പൽപ്പടയുടെ തലവനായിരുന്നു കുഞ്ഞാലിമരക്കാർ. അധിനിവേശ വിരുദ്ധ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ദേശീയ നേതാക്കളാണ് കുഞ്ഞാലി മരക്കാറുമാർ.