പൈതൃകങ്ങൾ വേരാഴ്ത്തുന്നിടം സാംസ്കാരിക വിനിമയം കൂടുതൽ സുതാര്യമാകുന്നു. വിമർശനങ്ങളും വിചാരണകളുമെല്ലാം സർഗാത്മകമായിരിക്കും. കലകളും ആവിഷ്കാരങ്ങളും ജീവിത താളമായി രൂപാന്തരപ്പെടുമ്പോൾ പൊതുബോധം മനുഷ്യനെന്ന ബിന്ദുവിന് ചുറ്റും നൃത്തം ചവിട്ടുന്നു. സംസ്കാരിക അസ്തിത്വം നിർണ്ണയിക്കുന്നതിൽ പാരമ്പര്യത്തിനും പൈതൃകങ്ങൾക്കും വലിയ പങ്കുണ്ട്. ഇതിന് കേവലം മതകീയവും വിശ്വാസപരവുമായ മാനങ്ങൾ നൽകുന്നത് വലിയ സങ്കുചിതത്വം തന്നെയാണ്. മാനവരാശി (mankind) എന്ന സംജ്ഞയുടെ രാഷ്ട്രീയ, സാമൂഹിക നിരീക്ഷണങ്ങളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. കാലഹരണപ്പെട്ടു പോകാത്ത സഹവർത്തിത്വ മനോഭാവം നിലനിർത്തുന്നതും കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ചില സാംസ്കാരിക മൂല്യങ്ങൾക്ക് ചുവടുപിടിച്ചാണ്. പിൽക്കാലത്ത് വൈവിധ്യമാർന്ന ഇത്തരം പൈതൃകങ്ങൾ ദേശങ്ങളുടെയും രാഷ്ട്രങ്ങളുടെയും അസ്തിത്വത്തെ സൂചിപ്പിക്കുന്നതായി രൂപാന്തരപ്പെട്ടു.

സ്വതന്ത്ര്യ സമര കാലഘട്ടത്തിലാണ് ഇന്ത്യയുടെ സമ്പുഷ്ടമായ പൈതൃകത്തെ വിളിച്ചോതുന്ന നിരവധി കൃതികൾ രചിക്കപ്പെട്ടത്. വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക വിനിമയത്തെ ആവിഷ്കരിക്കുന്ന വ്യത്യസ്തമായ രചനകൾ അക്കാലത്ത് പിറവിയെടുത്തു. കൊളോണിയൽ ഗവൺമെന്റിനെതിരെ തെരുവിൽ നിരന്തരം സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു കൊണ്ടിരിരുന്ന സമര നേതാക്കൾ വിശ്രമമനുഷ്ടിക്കുന്നത് ജയിലിലാണ്. അഴിക്കുള്ളിൽ മനസും ശരീരവും ശാന്തമാകുന്നതോടെ പന്നീട് രചനകൾ തുടങ്ങും. ഭാരതത്തിന്റെ ചരിത്രത്തിലേക്കും പൈതൃകങ്ങളിലേക്കും വെളിച്ചം വീശുന്ന രചനകളാവും മിക്കതും. അക്കാലത്തെ ബ്രിട്ടീഷ് ജയിലറകൾ മുഴുവനും ഇന്ത്യയുടെ പാരമ്പര്യത്തെയും വൈവിധ്യത്തെയും വിളിച്ചോതുന്നതായിരുന്നു. ഒരു സ്വതന്ത്ര്യ സമര നേതാവ് കേവലം ആറു മാസക്കാലം തടവുശിക്ഷ അനുഭവിച്ചാൽ ഏറ്റവും ചുരുങ്ങിയത് ഒരു രചനയെങ്കിലും ഉറപ്പായിരുന്നു. പണ്ഡിറ്റ് നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ (Discovery of India) യെല്ലാം ഇക്കാലത്തെ ക്ലാസിക്കുകളിലൊന്നാണ്. ഇതിനു പിന്നിൽ രാഷ്ട്രീയ-സാംസ്കാരിക മാനങ്ങളുണ്ട്.

ദേശീയ നേതാക്കൾ സ്വതന്ത്ര്യ ഇന്ത്യയെന്ന സങ്കൽപത്തെ മുന്നോട്ടു വെച്ചപ്പോൾ ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തു. ഇതിനെ പ്രതിരോധിക്കാനാണ് നിരവധിയാർന്ന ചരിത്ര രചനകൾ രൂപപ്പെട്ടത്. യഥാർത്ഥത്തിൽ ഇന്ത്യൻ സാമൂഹിക സഹവർതിത്വവും സഹിഷ്ണുതയും നിലനിർത്തുന്നതിൽ മൂല്യാധിഷ്ഠിതമായ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും വ്യക്തമായ പങ്കുണ്ട്.

കേരളത്തിന്റെ സാംസ്കാരിക ഭൂപടവും വൈവിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ക്ലാസിക് മതങ്ങളായ ഇസ്ലാം, ക്രിസ്തു, ജൂത മതങ്ങളുടെ ദക്ഷിണേന്ത്യയിലെ ആവിർഭാവവും മലയാളക്കരയിലാണ്. പ്രാചീന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്ന മുസ് രിസ് തുറമുഖം സാംസ്കാരിക വിനിമയത്തിന്റെ കേന്ദ്രമായിരുന്നു. കേരളത്തിലേക്ക് വിശ്വാസങ്ങളുടെ കൈവഴികളെത്തിയത് ആവിർഭാവ ദേശങ്ങളിൽ നിന്നാണ്. അതിനാൽ തെളിമയുള്ള പൈതൃകവും പാരമ്പര്യവും കേരളക്കരയിൽ വേരാഴ്ത്തി. മലയാളിയുടെ സാംസ്കാരിക സമ്പന്നതയെ വരഞ്ഞിടുന്നതും ഈ വൈവിധ്യം തന്നെയാണ്. പിന്നീട് നമ്മുടെ സാമൂഹിക സൗന്ദര്യത്തിന്റെ അടിത്തറയായി മൂല്യാധിഷ്ഠിതമായ ഉത്സവങ്ങളും ഉറൂസുകളും രൂപാന്തരപ്പെട്ടു. വിശ്വാസത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് മതകീയ ആഘോഷങ്ങൾ കൊണ്ടാടപ്പെട്ടു.

ബഹുജനാഘോഷങ്ങൾ സാമൂഹിക- സാംസ്കാരിക വിനിമയത്തിന്റെ പുതിയ മാനങ്ങളിലേക്ക് വികാസം പ്രാപിച്ചു. ഇതിനു പിന്നിലെ ശാസ്ത്രീയ നിരീക്ഷണങ്ങൾ വ്യത്യസ്തമാണ്. അമേരിക്കൻ സാമൂഹിക – മാനസിക ശാസ്ത്രജ്ഞനായ ഗോർഡൻ ആൾപോർട്ടിന്റെ (Gordon Allport) സമ്പർക്ക സിദ്ധാന്തം (contact theory) ഇതിൽ നാഴികക്കല്ലാണ്. സമ്പർക്ക പരികൽപനകൾ (Contact hypothesis) എന്നാണ് ഈ നിരീക്ഷണം അറിയപ്പെടുന്നത്. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന രണ്ട് സാമൂഹിക സംഘങ്ങളുടെ സമ്പർക്കങ്ങൾ സാമൂഹിക സഹവർതിത്തത്തിനും പരസ്പര സൗഹാർദത്തിനും വഴിയൊരുക്കുന്നുവെന്നാണ് ആൾപോർട്ട് നിരീക്ഷിക്കുന്നത്. വൈജാത്യങ്ങളെ അംഗീകരിക്കാനും ആദരിക്കാനും ഇതിലൂടെ സാധ്യമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രത്യയശാസ്ത്രപരമായി ഒരിക്കലും സന്ധിചെയ്യാത്ത വ്യത്യസ്ത നിലപാടുകൾ സംഘമിക്കുന്ന സമ്പർക്ക ബിന്ദു (contact point) സാമൂഹിക സന്തുലിതാവസ്ഥക്ക് കരുത്തേകുന്നു.

ആൾപോർട്ടിന്റെ സാമൂഹികാവിഷ്കാരത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക രീതിശാസ്ത്രത്തെ സാധൂകരിക്കാവുന്നതാണ്. മലയാളിയുടെ ഉറൂസുകളും ഉത്സവങ്ങളും പെരുന്നാളുകളും സഹിഷ്ണുതയുടെ സാംസ്കാരിക അടിത്തറകളാണ്. കേവലം പ്രത്യേകമായ വിശ്വാസികളിലേക്ക് കേന്ദ്രീകരിച്ചല്ല ഇവകൾ ആഘോഷിക്കപ്പെടുന്നത്. വിഭിന്ന വിശ്വാസികളെ ഉൾകൊള്ളുന്ന മഖാമുകളും തീർത്ഥാടനാ സ്ഥലങ്ങളുമെല്ലാം ഇതിന്റെ സാംസ്കാരിക വായനയെ സമ്പുഷ്ടമാക്കുന്നു. ഇത്തരം എല്ലാ മതക്കാർക്കും പ്രവേശനവും തീർത്ഥാടന്ന സ്വാതന്ത്ര്യവുമുള്ള മഖാമുകളുടെ നേതൃത്വത്തിലാണ് വാർഷികമായി സാംസ്കാരിക പരിവേഷമുള്ള ഉറൂസുകളും നേർച്ചകളും സംഘടിപ്പിക്കപ്പെടുന്നത്.

പലപ്പോഴും മതസംഘടനകൾക്കപ്പുറത്തേക്ക് ഒരു ദേശത്തിന്റെ മുഴുവൻ ഉത്സവമായിട്ടാണ് ഇത്തരം ചടങ്ങുകൾ അരങ്ങേറുന്നത്. മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാമനീഷിയും സാമൂഹിക സമ്മിതിയാർജിച്ച വ്യക്തിപ്രഭാവമായിരുന്നു. അവരുടെ ജീവിതകാലത്തെ അന്യമത വിശ്വാസികളുമായി നിലനിർത്തിയിരുന്ന വ്യവസ്ഥാപിതമായ സൗഹാർദവും സഹിഷ്ണുതയും മരണാനന്തരവും കൊണ്ടാടപ്പെടുന്നുവെന്നതാണ് ചരിത്രം. മലബാറിലെ പ്രസിദ്ധ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളായ മമ്പുറവും കൊടുങ്ങല്ലൂരും വെളിയങ്കോടുമെല്ലാം ഈ സാംസ്കാരിക വിനിമയത്തിന്റെ പ്രതീകങ്ങളാണ്. ഇതിൽ പലമഖാമുകളും സ്വതന്ത്ര്യ സമരകാലത്തു തന്നെ സാംസ്കാരിക പേരാട്ടത്തിന്റെ വിളനിലങ്ങളായിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയൽ തന്ത്രത്തെ കുഴിച്ച് മൂടുന്നതിൽ മമ്പുറത്തും കൊടുങ്ങല്ലൂരുമുള്ള സാംസ്കാരിക നായകന്മാർ മുഖ്യപങ്കു വഹിച്ചിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളും ഉമർ ഖാളിയുമെല്ലാം മരണാനന്തരവും സാംസ്കാരിക സൗഹാർദം നിലനിർത്തുന്നുവെന്നത് കൗതുകമുണർത്തുന്നതാണ്.

ദേശീയതയും വിശ്വാസങ്ങളുമെല്ലാം വരണ്ടുണങ്ങുന്ന സമകാലികതയിൽ ഉറൂസും നേർച്ചകളുമെല്ലാം കേവലം ആചാരങ്ങൾക്കപ്പുറത്തെ സാംസ്കാരിക ഉത്സവങ്ങളാണ്. പൂർവ്വാതികം പ്രാധാന്യത്തോടെ ഇത്തരം മൂല്യാധിഷ്ഠിത ആഘോഷങ്ങൾ കൊണ്ടാടപ്പെടേണ്ടതുണ്ട്. മൂല്യത്തെ തൊടുമ്പോൾ മാത്രമാണ് മതകീയ നൈതികത പൂർണ്ണമാകുന്നത്. പൈതൃകത്തെ പിന്തള്ളുന്നവർ വരണ്ട വിശ്വാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് തീവ്രവും അപകടവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here