ഞങ്ങൾ നാട്ടിലേക്കുള്ള ട്രെയിനിലായിരുന്നു. ചില മടക്കയാത്രകളിൽ സങ്കടം നിറയും, തൊണ്ടവേദനിക്കും. സമയത്തെ പിടിച്ചുകെട്ടാനുള്ള വെപ്രാളത്തിൽ നമ്മൾ ആ യാത്ര കൂടുതൽ വേഗത്തിലോടിത്തീർക്കും. അത് അത്തരമൊരു യാത്രയായിരുന്നു. ഞാൻ സമയം എണ്ണി കാത്തിരുന്നു. എന്റെ നാട്ടിലേക്ക് ഇനി ഒന്നര മണിക്കൂർ നേരം. കൂടെയുള്ളവന് സഞ്ചരിക്കാൻ പിന്നെയും എത്രയോ നേരം, എത്രയോ ദൂരം.

ഉറക്കമൊഴിഞ്ഞ ദിവസങ്ങൾ ഞങ്ങളുടെ കണ്ണുകൾക്ക് കീഴിൽ കറുത്ത പായ വിരിച്ചിരുന്നു. അവർ കണ്ട സിനിമകളും പാടിയ പാട്ടുകളും അലഞ്ഞു നടന്ന ഇടവഴികളും ഓർത്തെടുത്ത് അതിനെപ്പറ്റി നിർത്താതെ സംസാരിച്ചു.

‘നീയെന്താ ഈ നോക്കുന്നത്?’ അവൻ ക്ഷീണത്തോടെ ചോദിച്ചു.

‘നമ്മളിനി ഈ അടുത്തൊന്നും കാണില്ലല്ലോ?’ എനിക്ക് കൈയ്യിലെ സമയം കുതറിയോടുന്നതിൽ വെപ്രാളം തോന്നി.

‘നമ്മൾ തമ്മിൽ ആകെ ഒറ്റ രാത്രിയുടെ ദൂരമല്ലേ ഒള്ളു’ എന്ന അവന്റെ കൂസലില്ലായ്മ എന്നെ അസ്വസ്ഥപ്പെടുത്തി.

‘ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷൻഷിപ്പുകളുടെ രസം തന്നെ ഇതല്ലേ, ഈ മിസ്സിംഗ്‌ ഒക്കെ’ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവനെന്റെ തോളിലേക്ക് കിടന്നു. ഞാൻ അപ്പോഴും സമയത്തിന് പിറകെ കുതിച്ചു.

റെയിൽവേ ക്രോസ്സുകളിൽ മനുഷ്യരും കാറുകളും ബൈക്കുകളും ഞങ്ങൾ പോകുന്നതും കാത്ത് കിടന്നു. എന്റെയതേ വെപ്രാളമുള്ള മനുഷ്യരെ ഞാൻ തിരിച്ചറിഞ്ഞു.

അവനെന്റെ ശരീരത്തിൽ ഒട്ടിയുറങ്ങുന്നുണ്ടായിരുന്നു. ഞാൻ അവന്റെ കവിളിൽ തൊട്ടു, കണ്ണടയൂരിമാറ്റി, മുടിയിഴകൾ കോതിയൊതുക്കി. സ്വപ്നത്തിൽ അവൻ കുഞ്ഞുങ്ങളെപ്പോലെ ചിരിച്ചു.

ഞാൻ എന്റെയടുത്തുകൂടി പാഞ്ഞുപോകുന്ന ഇടവഴികളും വീടുകളും പൊന്തച്ചെടികളും നോക്കിയിരുന്നു. ഉള്ളിൽ കാട് വളർന്ന, തകർന്ന ജനാലകളുള്ള ഒരു വീടും മുൻകാലുകൾ മടങ്ങി ചെളിയിലേക്ക് തല കുത്തി മരിച്ചുകിടക്കുന്ന ഒരു പശുക്കുട്ടിയും എന്നെ ഭയപ്പെടുത്തി. ആ ഭയത്തെ മറക്കാൻ ഞാൻ എന്റെ മുൻപിലെ സീറ്റിലിരിക്കുന്ന ചെറുപ്പക്കാരനെ വച്ച് കഥകളുണ്ടാക്കാൻ നോക്കി. നീണ്ട ഇടവേളക്ക് ശേഷം കാമുകിയെ കാണാൻ പോകുന്ന, ഓരോ പത്തു മിനുട്ടിലും ഫോണിൽ സമയം നോക്കുന്ന, അവൾക്ക് വേണ്ടി കരുതിയ സമ്മാനപ്പൊതി എവിടെയും മറന്നിട്ടില്ലെന്ന് ബാഗിന്റെ പുറത്തുകൂടി ഇടയ്ക്കിടെ തൊട്ട് ഉറപ്പുവരുത്തുന്ന ഒരു കാമുകനാകാൻ അയാൾക്ക് കഴിയുമെന്ന് എനിക്ക് തോന്നി. മണൽക്കൂനകളിലൂടെ ഓടി കാറ്റിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ മുഖവും അയാൾക്ക് ചേർന്നിരുന്നു.

എന്റെ നാട്ടിലേക്ക് ട്രെയിൻ അടുത്തുകൊണ്ടിരുന്നു. ഇനിയെന്ന് കാണാനാണ്? അവനുറങ്ങുന്നു. ഇനിയെന്ന് ഇങ്ങനെയുറങ്ങാനാണ് എന്ന് അവനോർത്തിരുന്നോ? ഞാനില്ലാത്ത ബാക്കിയാത്രയിൽ അവനെന്നെയോർത്ത് സങ്കടം തോന്നുമോ? എങ്കിലും എനിക്കവനെ ഉണർത്താൻ തോന്നിയില്ല. റെയിൽവേ സ്റ്റേഷന് സമീപത്തെ കോളേജിന്റെ വലിയ നീല ഗേറ്റ് കാണുന്നത് വരെ അവൻ ഉറങ്ങുന്നത് ഞാൻ നോക്കിയിരുന്നു. ഗേറ്റ് കഴിഞ്ഞതും അവൻ ഞെട്ടിയുണർന്നു.

‘നീ എന്താ വിളിക്കാതിരുന്നത്?’ എന്ന് ചോദിച്ചുകൊണ്ട് ചുറ്റുപാടും നോക്കുമ്പോൾ അവന്റെ നെഞ്ച് പിടച്ചത് ഞാനറിഞ്ഞു. ‘താൻ ഉറങ്ങ്‌, ഞാൻ വീടെത്തിയിട്ട് മെസ്സേജ് ഇട്ടേക്കാം’ എന്ന് പറഞ്ഞ് അവനെ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്ത ശേഷം ബാഗുമെടുത്ത് ഞാനെഴുന്നേറ്റു. ട്രെയിൻ നിർത്തിയതും ഞാൻ ധൃതിയിൽ പുറത്തിറങ്ങി, തിരക്കിലെന്നപോലെ നടന്നകന്നു.

പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിൻ പോകുന്നതുവരെ എനിക്ക് അവനെ നോക്കി നിൽക്കാമായിരുന്നു. പക്ഷെ എനിക്കതിന് തോന്നിയില്ല. ഞാൻ പുറത്തേക്ക് നടന്നുപോയി. സ്റ്റേഷന്റെ മുൻപിൽ നാട്ടിലേക്കുള്ള ബസുണ്ടായിരുന്നു. യാത്രയിൽ ഞാൻ അവനെത്തന്നെ ഓർത്തു. അവൻ ഉറങ്ങിയിട്ടുണ്ടാകുമോ, എന്നെ ഓർക്കുന്നുണ്ടാകുമോ എന്നൊക്കെ ആലോചിച്ചിരുന്നു. അവനെന്നെ ‘കുറച്ചധികം നേരം, ഒരല്പം കൂടി മുറുക്കെ കെട്ടിപ്പിടിക്കാമായിരുന്നല്ലോ’ എന്ന് ഓർത്തില്ലെങ്കിലോ? ഈ വെപ്രാളം എനിക്ക് മാത്രമാണെങ്കിലോ? എനിക്കവനെ വിളിക്കാൻ തോന്നിയില്ല.

വീടെത്തിയെന്ന് അവന് ടെക്സ്റ്റ്‌ മെസ്സേജ് അയച്ച ശേഷം ഞാൻ ഫോൺ മാറ്റി വച്ചു. കുളിച്ചു. ഭക്ഷണം കഴിച്ചു. ബാഗ് തുറന്ന് മുഷിഞ്ഞ തുണികൾ കഴുകാനിട്ടു. സമയം കളയാൻ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. സ്വയം തിരക്കഭിനയിച്ചു. കുറച്ചധികം നേരം വെറുതെ തലയണ മണത്ത് കിടന്നു. തലയണയല്ല, തലോണ എന്ന് പിറുപിറുത്തു. സങ്കടവും ക്ഷീണവും ചേർന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

ഉറങ്ങിയെഴുന്നേറ്റപ്പോൾ ഫോണിൽ അവന്റെ രണ്ട് മിസ്ഡ് കാൾ കണ്ടു. അവൻ വാട്സാപ്പിൽ അയച്ച ഫോട്ടോ തുറന്ന് നോക്കി. അവന്റെ ഇടത്തേ കൈത്തണ്ടയിൽ എന്റെ ചെറിയ ചുവന്ന പൊട്ട്. ‘ഇത് നീ എപ്പൊ എന്റെ കൈയ്യിലൊട്ടിച്ചു, എനിക്ക് നിന്നെ കാണാൻ തോന്നുന്നെടീ’ എന്ന് ഇടറിയ ശബ്ദത്തിലൊരു വോയിസ്‌ മെസ്സേജ്. ഫോട്ടോയിൽ പൊട്ട് നനഞ്ഞിരിക്കുന്നു എന്നെനിക്ക് തോന്നി.

എനിക്ക് സങ്കടം വന്നു. ഞാൻ ക്രൂരത കാട്ടിയിരിക്കുന്നു. എനിക്ക് അവനെ യാത്രയ്ക്കിടയിൽ വിളിച്ചെഴുന്നേൽപ്പിക്കാമായിരുന്നു. ഞാൻ അവന്റെ കൈത്തണ്ടയിൽ ആ പൊട്ട് കുത്തേണ്ടിയിരുന്നില്ല. എന്റെ ശരീരത്തിൽ അവന്റെ ശൂന്യത അനുഭവപ്പെട്ടു. കുറച്ചധികം നേരം, കുറച്ചധികം മുറുക്കെ എനിക്കവനെ കെട്ടിപ്പിടിക്കാമായിരുന്നു. എനിക്ക് സങ്കടം വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here