കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി അധികൃതരും ഡൽഹിയിലെ
ന്യൂസ്‌ ക്ലിക്ക്, ന്യൂസ്‌ ലോൻഡ്രി എന്ന മാധ്യമ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. ന്യൂസ്‌ ക്ലിക്ക് ചീഫ് എഡിറ്ററുടെ വീട്ടിൽ 114 മണിക്കൂറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധനയുടെ പേരിൽ തങ്ങിയത്.

ന്യൂസ്‌ ലോൻഡ്രിയിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന ഉച്ച മുതൽ രാത്രി വരെ നീണ്ടു. സാമ്പത്തിക ക്രമക്കേടാണ് അന്വഷണത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതിനെ ഇരു സ്ഥാപനങ്ങളും നിഷേധിക്കുന്നു.

ന്യൂസ്‌ ലോൻഡ്രി സഹ സ്ഥാപകനിൽ നിന്ന് ഇ മെയിൽ ചോർത്തുകയും മൊബൈൽ ഫോണിന്റെയും ലാപ്ടോപിന്റെയും പകർപ്പുണ്ടാക്കി എന്നും കേൾക്കുന്നു. വ്യക്തിപരമായ മറ്റ് പല വിവരങ്ങളും ഉദ്യോഗസ്ഥർ ചോർത്തിയെടുത്തതായും വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും നടക്കുന്ന ഇത്തരത്തിലുള്ള അക്രമണങ്ങൾ ഈയടുത്ത കാലത്തായി വർധിച്ചു വരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അക്രമങ്ങൾക്കെല്ലാം ഇരയാവുന്നവർ സർക്കാറിന്റെയോ സർക്കാർ അനുകൂല വ്യക്തികളുടെയോ അല്ലെങ്കിൽ ഏതെങ്കിലും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയോ അഴിമതികളോ വീഴ്ച്ചകളോ ചൂണ്ടി കാണിക്കുന്നവരാണ് എന്നത് കൂട്ടിവായിക്കണം.

ഇന്ത്യയിൽ മാധ്യമ പ്രവർത്തനം തീരെ സുരക്ഷിതമല്ലാത്ത ഒരു തൊഴിലായി മാറിയിരിക്കുന്ന കാഴ്ചയാണ് ദിനം പ്രതി കണ്ടു കൊണ്ടിരിക്കുന്നത്. ഒരുവേള മാധ്യമ പ്രവർത്തകരെ ഭരണാധികാരികളുടെ കുഴലൂത്തുകാരെന്ന് അടക്കി വിമർശിക്കുമ്പോഴും ചെറുതെങ്കിലും ഒരു പറ്റം മാധ്യമപ്രവർത്തകർ വലിയ ത്യാഗം ചെയ്ത് ഒഴുക്കിനെതിരിൽ നീന്തുന്നത് കാണാതിരുന്നു കൂടാ. അത്തരം മാധ്യമപ്രവർത്തകർക്ക് നേരെയാണ് ഇവിടെ അതിക്രമങ്ങളുണ്ടാകുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുമ്പോഴും ഭരണകൂടം തന്നെ മാധ്യമപ്രവർത്തകർക്ക് ഇരുമ്പ് കൂടുകൾ പണികഴിപ്പിക്കുകയാണ്.

ഹത്രാസിൽ ദളിത് ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ പോയ വഴിയിൽ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പൻ ഇന്നും ജയിലിനുള്ളിൽ തന്നെ കഴിയുകയാണ്. കേരളത്തിലെ രണ്ട് മാധ്യമങ്ങൾ ഡൽഹി വംശഹത്യ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ 48 മണിക്കൂർ നേരത്തേക്ക് സംപ്രേഷണം നിർത്തിവെക്കാൻ നിർബന്ധിതരായ സംഭവം ഒറ്റപ്പെട്ടതല്ല.

1992 മുതൽ 2015 വരെ നാല്പതികം പത്രപ്രവർത്തകർ രാജ്യത്ത് കൊല്ലപ്പെട്ടു.അതിൽ ഇരുപത്തിയേഴ് പേരുടെയും കൊലപാതകം അവരുടെ എഴുത്തും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഭരണം കയ്യാളുന്നവർ ചെയ്തു കൂട്ടുന്ന ചെയ്തികൾക്കെതിരെ മാധ്യമ പ്രവർത്തകർ പ്രതികരിക്കുമ്പോൾ അവരെ അക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇവിടുത്തെ ദുർവ്യവസ്ഥിതി.

റിപ്പോർട്ടേഴ്സ് വിത്ത് ഔട്ട്‌ ബോർഡേർസ് തയ്യാറാക്കിയ ലോക മാധ്യമ സ്വാതന്ത്ര സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴെ തട്ടിലാണ്. 2014 മുതൽ 2020 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷം കഴിയും തോറും മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം താഴേക്ക് കൂപ്പ് കുത്തി കൊണ്ടിരിക്കുന്നതായിട്ടാണ് കാണുന്നത്.

2014 ൽ 140-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം 2015 ൽ 136 ലേക്കും 2016 ൽ 133-ാം സ്ഥാനത്തേക്കും 2017 ൽ 136-ാം സ്ഥാനത്തേക്കും 2018 ൽ 138-ാം സ്ഥാനത്തേക്കും 2019 ൽ 140-ാം സ്ഥാനത്തേക്കും 2020 ൽ 142 -ാം സ്ഥാനത്തും തുടരുന്ന കാഴ്ചയാണ് കാണുന്നത്.

മാധ്യമങ്ങളുടെ സ്വാത്യന്ത്ര്യം ഉറപ്പുവരുത്താതെ ഒരു സമൂഹത്തിന്റെയും ജനാധിപത്യ മൂല്യം പൂർണ്ണമാവില്ല. ഇന്ത്യ അക്കാര്യത്തിൽ അപകടകരമായ നാളെകളെയാണ് കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here