“പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ…” ദേവരാജൻ മാസ്റ്ററുടെ ഈ അനശ്വരഗാനം മൂളാത്ത ഒരു മലയാളി പോലും കേരളക്കരയിൽ കാണില്ല. തടിക്കച്ചവടവും കല്ലായി പ്രദേശവും കഥാതന്തുവുമായി ഇഴകിച്ചേർന്ന “മരം” എന്ന സിനിമയിലൂടെയാണ് മലയാളി ഈ ഗാനം ആദ്യമായി ആസ്വദിക്കുന്നത്. കല്ലായി പശ്ചാത്തലമായി കഥയൊരുക്കുന്ന ഏതൊരു എഴുത്തുകാരനും കല്ലായിയിലൂടെ വ്യവഹരിക്കുന്ന തടിവ്യവസായത്തിന്റെ സാന്നിധ്യത്തെ തിരസ്കരിക്കാൻ കഴിയില്ല. മരം എന്ന സിനിമയുടെ ശീർഷകം പോലും സൂചിപ്പിക്കുന്നത് മറിച്ചൊന്നല്ല. കല്ലായിയും മരക്കച്ചവടവും അത്രമേൽ അഭേദ്യമായ ബന്ധത്തിൽ ഇണചേർക്കപ്പെട്ടിട്ടുണ്ട്. 

മരം എന്ന സിനിമക്ക് ശേഷവും കല്ലായി മലയാള സിനിമയിലെ കഥകൾക്കും പാട്ടുകൾക്കും പശ്ചാത്തലമായി വന്നിട്ടുണ്ട്. കല്ലായിയെ വർണ്ണിച്ചും വിവരിച്ചും തിരക്കഥകൾ രചിക്കപ്പെട്ടു, പാട്ടുകൾ എഴുതപ്പെട്ടു. എന്നാൽ ഇതേ മലയാളസിനിമയിൽ പിന്നീട് ഉദയം കൊണ്ട ഒരു കലാകാരന്റെ കിസ്സ ഇവിടുത്തെ പുഴകൾക്കും തീരങ്ങൾക്കും നമ്മളോട് പറയാനുണ്ട്. കല്ലായിയെ അറിഞ്ഞ ഇവിടുത്തെ തടികളെ അറിഞ്ഞ ഒരു കഷണ്ടി തലയന്റെ കിസ്സ മലയാളിയുടെ വരേണ്യ ബോധങ്ങൾക്കെതിരെയുള്ള നാടൻ കോഴിക്കോടൻ ഭാഷയും പല്ലുന്തിയ ചിരിയും കൈമുതലാക്കിയ തനി മലബാർ മാപ്പിളയുടെ കിസ്സ. അതെ മാമു തൊണ്ടിക്കോട് എന്ന മാമുക്കോയയുടെ കിസ്സ അത് കല്ലായി പുഴയിൽനിന്ന് തുടങ്ങുന്നതാണ്. അതിവിടുത്തെ തടിമില്ലുകളിലൂടെ ഒഴുകി കലയുടെ പുത്തൻ പാതാറിലേക്ക് ചേർന്നെടുത്ത ജീവിതാനുഭവങ്ങളുടെ ഒഴുക്കിന്റെ കിസ്സയാണ്.

കല്ലായിപ്പുഴയും കൂപ്പിലെ പണിയും

അറബിക്കടലിനും കല്ലായിപ്പുഴക്കുമിടയ്ക്ക് നൈനാംവളപ്പിനും പള്ളികണ്ടിക്കുമടുത്തായി ത്രികോണാകൃതിയിൽ കൂർത്തു നിൽക്കുന്ന സ്ഥലമാണ് അഴീക്കൽ പ്രദേശം. ഇവിടെ ചളിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പാച്ചി ആയിഷയുടെയും രണ്ടാമത്തെ മകനായി 1945 ലാണ് മാമു തൊണ്ടിക്കോടിന്റെ ജനനം. നിലമ്പൂരിൽ നിന്നും മറ്റ് മലയോര പ്രദേശങ്ങളിൽ നിന്നും കല്ലായി പുഴയിലൂടെ തൊരപ്പകെട്ടിവരുന്ന  മരത്തടികളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരുപറ്റം ഗ്രാമീണരുടെ ഇടയിലാണ് മാമുകോയ വളർന്നത്.തടിമില്ലുകളും, ഈർച്ച പണിക്കാരും, മുക്കുവന്മാരും ഉരുക്കാരുമെല്ലാം ചേർന്ന പുഴയോര സംസ്‌കൃതിയുടെ ഭാഗമായി മാമുക്കോയയുടെ കുട്ടിക്കാലം പിന്നിട്ടു. വാപ്പ രണ്ടാമതൊരു വിവാഹം കഴിച്ച് വീട് വിട്ട് പോയിരുന്നതിനാൽ ഉമ്മയുടെയും ജേഷ്ഠന്റെയും തണലിലാണ് മാമുക്കോയയുടെ സ്കൂൾ പഠനം കഴിഞ്ഞുപോയത്. നൈനാം വളപ്പിലും, കുറ്റിച്ചിറയിലും, മദ്രസത്തുൽ മുഹമ്മദിയ്യ സ്കൂളിലുമായി പത്താംക്ലാസ് വരെ മാമുക്കോയ പഠനം പൂർത്തിയാക്കി.  കല്ലായിയിലെ ഏതൊരു തീരദേശ തൊഴിലാളി കുടുംബത്തിലെയുമെന്നപോൽ  പട്ടിണിയും പരിവട്ടവും മാമുക്കോയയുടെ കുടുംബത്തിലും ഒരംഗമായിരുന്നു. സ്കൂളിൽ പോയിരുന്ന കാലം തൊട്ടേ ഒഴിവുദിവസങ്ങളിൽ മരങ്ങളുടെ തോൽ പൊളിച്ച് വിറ്റും ഈർച്ചപ്പൊടി വാരിവിറ്റും പുഴയിലിറങ്ങി ചളി ഉണക്കി വിറ്റും മാമുക്കോയ വീട്ടുകാരെ സഹായിക്കാൻ തുടങ്ങിയിരുന്നു. ഞായറാഴ്ചകളിൽ പലഹാരങ്ങൾ വിൽക്കലും മുരിങ്ങയുടെ ഇല വിൽക്കലുമൊക്കെ ഇത്തരം പ്രാരാബ്ധശമനങ്ങൾക്കുള്ള വഴികളായിരുന്നെന്ന് മാമുക്കോയ ഇന്നുമോർക്കുന്നു.

കല്ലായി

പത്തിലെ പഠനം പൂർത്തിയായതോടെ തുടർ പഠനങ്ങൾക്കുള്ള സാധ്യതകൾ അസ്തമിക്കുകയും തടിമില്ലുകളിൽ  മരങ്ങൾക്ക് ചാപ്പ കുത്തുന്ന തൊഴിലിൽ വ്യാപൃതനാവുകയും ചെയ്തു. കല്ലായിക്ക് പുറത്തുള്ള നാടുകളിലേക്ക് മാമുക്കോയയുടെ ജീവിതം വ്യാപിക്കുന്നത് തടിമില്ലുകളിൽ നിന്നാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള വനങ്ങളിലെ മിക്ക കൂപ്പുകളിലും  മരങ്ങൾക്ക് ചാപ്പയടിക്കാൻ മാമുകോയക്ക് സഞ്ചരിക്കേണ്ടി വന്നു. ഈർച്ചപ്പൊടി വിറ്റും മരത്തൊലി വിറ്റും നടന്നിരുന്ന ചെറിയ ബാലനിൽ നിന്നും കാടറിഞ്ഞ, മരങ്ങളറിഞ്ഞ മരകച്ചവടത്തിന്റെ മർമ്മമറിഞ്ഞ  മാമുക്കോയ എന്ന യുവാവിന്റെ ജീവിതം ചുരുണ്ടു കിടക്കുന്നത് കേരളത്തിലെ നിബിഢവനങ്ങളിലാണ്.

പല പ്രദേശങ്ങളിലുമുള്ള ആദിവാസി സമൂഹങ്ങളെ പരിചയപ്പെടാനും മരങ്ങളുടെ വിവിധ ജനുസ്സുകളെ തിരിച്ചറിയാനും കൂപ്പിലെ തൊഴിൽ  മാമുക്കോയയെ പ്രാപ്തനാക്കി.  അന്ന് കേരളത്തിൽ മരക്കച്ചവടത്തിന് പേരുകേട്ട കെ എം എം കെ ഗ്രൂപ്പിന്റെയും ചെബിൽ ദാസ് സൺസിന്റെയും കീഴിൽ നിരവധി കൂപ്പുകളിൽ അദ്ദേഹം മരങ്ങൾക്ക് ചാപ്പയടിച്ചു. കേരളരാഷ്ട്രീയത്തിൽ പ്രമുഖ മുഖമായിരുന്ന മുസ്ലിംലീഗ് നേതാവ് സീതിഹാജിയുമായി മാമുക്കോയക്കുണ്ടായിരുന്ന ആത്മബന്ധം തുടങ്ങുന്നതും കൂപ്പുകളിൽ നിന്നാണ്. തടി കച്ചവടത്തിലും മരങ്ങളുടെ രീതി ശാസ്ത്രത്തിലും അഗ്രകണ്യനായിരുന്നു സീതിഹാജി എന്നാണ് മാമുക്കോയ ഓർക്കുന്നത്.

നാടക വേദികളിലേക്ക്

കാലചക്രം പുരോഗതിയിലേക്കും വ്യവസായികവത്കരണത്തിലേക്കും  തിരിഞ്ഞതോടെ പ്രകൃതിവിഭവങ്ങൾ ഗണ്യമായി കുറയുകയും പലയിനം മരങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തു. പരിണിതഫലമായ വനദേശസാൽക്കരണത്തോടു കൂടി ഒരുകാലത്ത് സജീവമായി നിലനിന്നിരുന്ന കല്ലായിയിലെ തടി വ്യവസായം അതിന്റെ സുവർണകാലഘട്ടത്തിന്റെ  വിസ്മൃതിയിലേക്കാണ്ടുപോവുകയും ചെയ്തു. സ്വാഭാവികമായും തടിയെ ആശ്രയിച്ചു പോന്നിരുന്ന മാമുക്കോയയുടെ തൊഴിലിനെയും ഇത് ബാധിച്ചു. അങ്ങനെയാണ് നാടകരംഗത്തിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള  സാഹചര്യങ്ങളൊരുങ്ങുന്നത്. ചെറുപ്പം മുതൽക്കെ നാടകവേദി കളോടുള്ള തന്റെ അഭിനിവേശം മാമുക്കോയ പ്രകടിപ്പിച്ചിരുന്നു. ഹാർമോണിയത്തിൽ നിന്ന് സ്ഫുരിക്കുന്ന ഈണവും ഷാഹിബാജയിൽനിന്നും ബുൾബുളിൽ നിന്നും പരക്കുന്ന ഈരടികളും അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നിരുന്ന കോഴിക്കോടൻ തീരങ്ങളുടെ സഹജമായ കലാസ്നേഹം മിക്ക കല്ലായികാരുടെയും കൈമുതലായിരുന്നു. തൊഴിലാളി യൂണിയനുകൾ സംഘടിപ്പിച്ചിരുന്ന നാടകവേദികളും അമേച്വർ പ്രോസനീയങ്ങളും കടന്ന് സിനിമയുടെ അനന്തമായ അഭ്രപാളിയിലേക്കുള്ള മാമുക്കോയയുടെ സഞ്ചാരം തുടങ്ങുന്നതിങ്ങനെയാണ്.

വിദ്യാർത്ഥി കാലഘട്ടത്തിൽ കല്ലായിയിലെ തടിമര തൊഴിലാളി യൂണിയനുകളും നാട്ടുകാരും നടത്തിയിരുന്ന കലാസമിതിയിലൂടെയാണ് മാമുക്കോയ നാടകങ്ങളെ അടുത്തറിയാൻ തുടങ്ങിയത്. അന്ന് കല്ലായിയിലെ പ്രശസ്ത കലാകാരന്മാരായിരുന്ന ഇ. എൻ  ആലിക്കോയയും അബ്ദുറഹ്മാൻകുട്ടിയുമടങ്ങുന്നവരുടെ നേതൃത്വത്തിൽ നാടകങ്ങൾ ആണ്ടുതോറും അവിടെ അരങ്ങേറിയിരുന്നു. വർഷാവർഷം നടന്നു പോന്നിരുന്ന നാടകങ്ങൾക്കായി മുതിർന്നവരും ഇളയവരും ഒരുപോലെ കാത്തിരുന്നു. ഇത്തരം നാടകങ്ങൾ മറ്റു ബാലന്മാരെ പോലെ മാമുക്കോയയുടെയും കൗതുകാനുരാഗം പിടിച്ചുപറ്റി. നാടകം കണ്ടതിനു ശേഷം പിറ്റേ ദിവസം മുതൽ തങ്ങളുടേതായ മട്ടിൽ അനുകരിച്ചു കളിച്ചിരുന്ന കുട്ടിക്കാലം മാമുക്കോയ ഇന്നും കൗതുകത്തോടെയാണ് വിവരിക്കാർ.

എസ്എസ്എൽസി പൂർത്തിയാക്കിയതിനു ശേഷം സ്കൂൾവാർഷിക ദിവസങ്ങളിൽ പൂർവവിദ്യാർത്ഥികൾ സംഘടിപ്പിച്ചിരുന്ന നാടകങ്ങളിലായിരുന്നു അഭിനേതാവെന്ന നിലയിൽ മാമുക്കോയ പ്രത്യക്ഷപ്പെട്ട്തുടങ്ങിയത്. പിന്നീട് കലാസമിതികൾ നടത്തിയിരുന്ന ചെറിയ നാടകങ്ങളിൽ വേഷം ലഭിച്ചുതുടങ്ങി. കാർണിവൽ സമയങ്ങളിൽ നിരന്തരമായി നാടകങ്ങൾക്ക് അവസരങ്ങൾ ഒരുങ്ങിയതോടെയാണ് നാടകവേദികളിലുള്ള തന്റെ കരിയർ ഒരു ജീവിതോപാധിയായി കാണാൻ അദ്ദേഹം തയ്യാറായത്. അന്നൊക്കെ ഒരു കളിക്ക് 25 ഉം 30 ഉം രൂപയാണ് കാർണിവൽ വേദികളിൽ നിന്നും വേതനമായി ലഭിച്ചിരുന്നത്. തന്റെ കൗമാരകാലത്ത് നാടകങ്ങൾ കാണാൻ പോയിരുന്നതും നെല്ലിക്കോട് ഭാസ്കരന്റെയും കുഞ്ഞാണ്ടിയുടെയും കുതിരവട്ടം പപ്പുവിന്റെയുമൊക്കെ അഭിനയം കണ്ട് ത്രസിച്ചിരുന്നതും മാമുകോയ ഇന്നുമോർക്കുന്നു.

പിന്നീട് നാടകങ്ങളിലും അതുകഴിഞ്ഞ് സിനിമകളിലും തന്റെ കൗമാരകാലത്തെ ആരാധനാപാത്രങ്ങളായ ഈ പ്രതിഭകളുമൊത്ത് അദ്ദേഹത്തിനഭിനയിക്കാൻ കഴിഞ്ഞത് ചരിത്രമാണ്. ഇ. കെ മേനോന്റെ “ഈഡിപ്പസ്” എന്ന നാടകത്തിലെ കുഞ്ഞാണ്ടിയുടെ പ്രകടനവും ബാലൻ. കെ. നായരുടെ പ്രകടനങ്ങളുമാണ് മാമുക്കോയ എന്ന നടനെ അരങ്ങ് സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. നാടകകലയിലെ പിന്നണി പ്രവർത്തകരിൽ അധികായന്മാരായിരുന്ന കെ. ടി മുഹമ്മദ്, എ. കെ പുതിയങ്ങാടി, വാസുപ്രദീപ്, കെ. ടി കുഞ്ഞു, തരങ്ങൾ മുഹമ്മദ്കോയ, ചെമ്മങ്ങാട് റഹ്മാൻ എന്നീ പ്രതിഭകളുടെ കൂടെയുള്ള സഹവാസം നാടകലോകത്ത് തുടർന്നുപോരാനുള്ള ഊർജ്ജം അദ്ദേഹത്തിന് പകർന്നുകൊടുത്തു.

ഭീമൻ രഘു, മാമുക്കോയ, കുതിരവട്ടം പപ്പു

കോഴിക്കോട് ടൗൺ ഹാളിൽ ഒരു പ്രകടനമെങ്കിലും എന്ന മോഹം വെറുമൊരു വിദൂര സ്വപ്നമായി കൊണ്ടുനടന്നിരുന്ന മാമുക്കോയ പിന്നീട് കോഴിക്കോട്ടെയും മലബാറിലെയും അങ്ങോളമിങ്ങോളമുള്ള നാടക പ്രതിഭകൾക്കിടയിൽ തന്റെതായ സ്ഥാനം പിടിച്ചെടുത്തു. അന്നത്തെ കോഴിക്കോട്ടെ മിക്ക പ്രധാന തിയേറ്ററുകളുടെയും ഭാഗമാവാൻ മാമുക്കോയക്ക് കഴിഞ്ഞു. വാസു പ്രദീപിന്റെ പ്രദീപ് ആർട്സിലും ആഹ്വാൻ സെബാസ്റ്റ്യന്റെ ആഹ്വാൻ  ആർട്സിലും എ. കെ പുതിയങ്ങാടിയുടെ യുണൈറ്റഡ് ഡ്രാമാറ്റിക്ക് അക്കാദമിയിലും കെ. ടി കുഞ്ഞുവിൻ്റെ എക്സൽ ഡ്രാമാറ്റിക്ക് യൂണിവേഴ്സിലും മാമുക്കോയ വിവിധ തരം വേഷങ്ങൾ പകർന്നാടി. അറുപതോളം വേദികളിൽ പ്രകടനം പൂർത്തിയാക്കിയ എ. കെ പുതിയങ്ങാടിയുടെ ‘വ്യാപാരി’ എന്ന നാടകം അന്ന് ഏറെ സാമ്പത്തിക പരാധീനത അനുഭവിച്ചിരുന്ന മാമുക്കോയക്ക് ഒരു കൈത്താങ്ങായിരുന്നു. കെ. ടി കുഞ്ഞു സംവിധാനം ചെയ്ത ‘ഗർഭ സത്യാഗ്രഹം’ എന്ന നാടകത്തിലെ പ്രകടനമാണ് സ്വയമൊരു നടനായി  നാടകവേദികളിൽ തന്നെ സ്ഥാപിക്കാൻ മാമുകോയക്ക് ധൈര്യംനൽകിയത്. ഗർഭസത്യാഗ്രഹത്തിലെ പ്രകടനത്തിന് അന്നത്തെ നാടക സമൂഹത്തിൽ നിന്നും ഒരുപാട് പ്രശംസകൾ മാമുക്കോയ ഏറ്റുവാങ്ങി.

രണ്ട് മണിക്കൂറും ഇരുപത്  മിനിറ്റും ദൈർഗ്യമുണ്ടായിരുന്ന മുഴുനീള ഹാസ്യ നാടകം “ബാപ്പ ചന്ദ്രനിൽ” ലെ പ്രകടനമാണ് മാമുക്കോയ എന്ന ഹാസ്യസാമ്രാട്ടിന്റെ അഭിനയരേഖ കൂടുതൽ തെളിമയോടെ നാടകവേദികളിൽ രചിക്കപ്പെടാൻ കാരണമായത്. ശേഷം വന്ന ബി മുഹമ്മദിന്റെ “ഇഫ്രീത് രാജ്ഞി” യിലെ പ്രകടനവും വലിയ കരഘോഷങ്ങൾ ഏറ്റുവാങ്ങി. തുടക്കം മുതൽക്കേ ഹാസ്യ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. എന്നാൽ ബി. മുഹമ്മദിന്റെ രചനയിൽ വാസുപ്രദീപ് സംവിധാനം ചെയ്ത “പരിശുദ്ധ ഭവ്യൻ” എന്ന ആക്ഷേപഹാസ്യ നാടകത്തിലെ വേഷം വെറുമൊരു ഹാസ്യനടനെന്ന നിലയിൽ നിന്നും മികച്ചൊരു അഭിനേതാവെന്ന ശ്രേണിയിലേക്ക് മാമുക്കോയയെ ഉയർത്തി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രസിദ്ധീകരണം നടത്തിയിരുന്ന സുന്നി ടൈംസ് എന്ന പത്രത്തിൽ സർക്കുലേഷൻ മാനേജറായി മാമുകോയ ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നു. എന്നാൽ നാടകവേദികളിൽ തല്പരനായിരുന്ന മാമുക്കോയയുടെ നാടക ജീവിതവും സമസ്തയുടെ നയങ്ങളും പലപ്പോഴായി ഉരസ്സിയതോടെ സുന്നി ടൈംസിലെ ഉദ്യോഗം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. സ്ഥിരമായി വേദികൾ ലഭിക്കാതിരുന്ന കാലത്ത് സാമ്പത്തികഅസ്ഥിരതയിലൂടെ ജീവിതം തള്ളിനീക്കിയ നാളുകൾ  മാമുക്കോയ മറക്കാനിടയില്ല.

1972 ജൂണിൽ സുഹ്റയെ വിവാഹം കഴിക്കുന്ന മാമുക്കോയക്ക് സ്വന്തമായൊരു ചെരുപ്പ് പോലും ഉണ്ടായിരുന്നില്ല. കല്യാണത്തിന് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച ഉപഹാരതുകയിൽ നിന്നാണ് മാമുക്കോയ ആദ്യമായൊരു ചെരുപ്പ് വാങ്ങുന്നത്. നാടകാനുരാഗവും കലാ സ്നേഹവുമായി നടന്നിരുന്ന കോഴിക്കോട്ടെ കലാകാരന്മാർക്ക് നേരിടേണ്ടി വന്നിട്ടുള്ള സാമ്പത്തികാസ്ഥിരതയുടെ ചെറിയൊരു ഉദാഹരണമായിട്ടാണ് പലപ്പോഴായി മാമുക്കോയ ഇത്തരം സംഭവങ്ങൾ നമ്മളോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഇത്തരം അരക്ഷിതാവസ്ഥകളുടെ നടുവിലും വീട്ടുകാരുടെയും കല്ലായിയിലെ കലാസ്നേഹികളുടെയും, വിശിഷ്യാ ഭാര്യയുടെയും അകമഴിഞ്ഞ  സഹകരണങ്ങളാണ് നാടകങ്ങളെയും സിനിമയേയും തേടിയുള്ള യാത്രയിൽ മാമുക്കോയക്ക് കാലിടറാതെ നടക്കാൻ കാരണമായത്.

അരങ്ങിൽ നിന്ന് അഭ്രപാളിയിലേക്ക്

ചെറുപ്പത്തിലെ മൊട്ടിട്ട കലാസ്നേഹം നാടകത്തിലൂടെ പൂവിട്ട് സിനിമയിലൂടെ കായ്ക്കുകയായിരുന്നു നാടകവേദികളിൽ ജനഹൃദയങ്ങൾ കവരുന്ന സമയത്തും സിനിമയൊരു  മരീചികയായി നിലകൊണ്ടു. കോഴിക്കോട് കോർണേഷൻ തിയേറ്ററിൽ ജേഷ്ഠനുമൊത്താണ് മാമുക്കോയ സിനിമയെന്ന അത്ഭുത ലോകത്തെ  ആദ്യമായറിയുന്നത്. തിക്കുറിശ്ശി അഭിനയിച്ച “ജീവിതലോകവും” മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് വന്നിരുന്ന തമിഴ് സിനിമകളുമൊക്കെ നാലണ കൊടുത്ത് കൊട്ടകകളിലിരുന്ന് കണ്ടിരുന്ന ബാല്യമായിരുന്നു മാമുക്കോയയുടേത്. “കണ്ടംബച്ച കോട്ട്” എന്ന മലയാളത്തിലെ ആദ്യ വർണ്ണ ചലച്ചിത്രത്തിലെ നെല്ലിക്കോട് ഭാസ്കരന്റെ  പ്രകടനം കണ്ടാണ് തനിക്കും സിനിമയിലഭിനയിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന മോഹം ആദ്യമായി മനസ്സിലുദിക്കുന്നത്.

കോഴിക്കോട് ആകാശവാണിയിൽ ഉറൂബിന്റെ ഉമ്മാച്ചു സിനിമയായപ്പോൾ അതിന്റെ ഓഡിഷന് പോയത് മാമുക്കോയയുടെ ആദ്യ സിനിമാനുഭവമായ്മാറി. എസ്. കെ പൊറ്റക്കാടിന്റെ “മൂടുപടം” എന്ന സിനിമയുടെ ഒഡീഷനിലും മാമുക്കോയ പങ്കെടുത്തിരുന്നു. കാലങ്ങൾക്കുശേഷം നാടകരംഗത്ത് സജീവമായി നിൽക്കുന്ന സമയത്ത് 1978 ൽ നിലമ്പൂർ ബാലന്റെ സംവിധാനത്തിൽ അശോകൻ രചിച്ച ‘അന്യരുടെ ഭൂമി’ യെന്ന സിനിമ മാമുക്കോയയുടെ സുഹൃത്ത് വലയങ്ങളിൽ നിന്ന് രൂപംകൊണ്ടു. കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രൊഡക്ഷൻ ബാനറായിരുന്ന ജനശക്തി ഫിലിംസിന്റെ ബാനറിൽ പി. മാധവനാണ് “അന്യരുടെ ഭൂമി” നിർമ്മിച്ചത്. ജോൺ അബ്രഹാം അടക്കമടങ്ങുന്ന തന്റെ അടുത്ത സുഹൃത്ത് വലയത്തിൽ നിന്നും രൂപംകൊണ്ട സിനിമയായതുകൊണ്ടുതന്നെ മാമുക്കോയയുടെ ആദ്യ സിനിമയായി ‘അന്യരുടെ ഭൂമി’ മാറി. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ നിർമിച്ച സിനിമ ആർട്ട് ഫിലിമെന്ന ഗണത്തിൽ പെട്ടതോടെ സാധാരണ പ്രേക്ഷകർക്കിടയിൽ വേണ്ടരീതിയിൽ സ്വീകാര്യത ലഭിച്ചില്ല. എങ്കിലും ആ വർഷത്തെ കേന്ദ്ര പുരസ്കാര വേദികളിൽ “അന്യരുടെ ഭൂമി” സ്ഥാനം കണ്ടെത്തി. 

‘അന്യരുടെ ഭൂമി’ കഴിഞ്ഞ് അടുത്തൊരു വേഷത്തിനായി മാമുക്കോയക്ക് അഞ്ചുവർഷത്തോളം കാത്തിരിക്കേണ്ടിവന്നു. പിന്നീട് ലഭിച്ച വേഷം ഒത്തുവന്നതാണെങ്കിലോ നമ്മുടെ വിഖ്യാത എഴുത്തുകാരൻ ബേപ്പൂർ സുൽത്താന്റെ നിർദ്ദേശപ്രകാരവും. പി. എ മുഹമ്മദ് കോയയുടെ ‘സുറുമയിട്ട കണ്ണുകൾ’ എന്ന നോവൽ സിനിമയാക്കാൻ തയ്യാറായ സംവിധായകൻ കോന്തനാട്ട് സ്വാമി അനുഗ്രഹം തേടി വന്നതായിരുന്നു ബഷീറിന്റെ മുന്നിൽ. അന്ന്  വീട്ടിലുണ്ടായിരുന്ന മാമുക്കോയക്ക് വേഷം നൽകാൻ ബഷീർ നേരിട്ട് നിർദേശിക്കുകയായിരുന്നു.

ദൂരെ ദൂരെ ഒരു കൂടുകൂട്ടാം (1986) എന്ന ചിത്രത്തിൽ നെടുമുടി വേണു, ജഗതി തുടങ്ങിയവർക്കൊപ്പം മാമുക്കോയ 

ചെറിയ വേഷങ്ങളിലൂടെ ചലച്ചിത്ര ജീവിതം തുടങ്ങിയ മാമുക്കോയ ജനഹൃദയങ്ങളിൽ സ്വീകാര്യമാവാൻ പിന്നീടും വർഷങ്ങളെടുത്തു. 1986 ൽ അരോമാ മണി നിർമ്മിച്ച് ശ്രീനിവാസൻ സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന “ദൂരെ ദൂരെ ഒരു കൂടു കൂട്ടാം” എന്ന സിനിമയാണ് മാമുക്കോയയുടെ മുഖം മലയാളി മനസുകളിൽ ഇടം പിടിക്കാൻ കാരണമായത്. മോഹൻലാലിന്റെ പ്രശസ്തമായ “സാൾട്ട് മാംഗോ ട്രീ” എന്ന പ്രയോഗം പിറവിയെടുത്ത സിനിമയിൽ അറബി മാഷായിട്ടാണ് മാമുക്കോയ അഭിനയിച്ചത്. 

നാടോടിക്കാറ്റ് (1987) എന്ന ചിത്രത്തിൽ മോഹൻലാലിനും ശ്രീനിവാസനുമൊപ്പം

അതിന് ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വന്ന “ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്” ലും മാമുക്കോയക്ക് അവസരം ലഭിച്ചു. എങ്കിലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനായ നാടോടിക്കാറ്റിലെ ഗഫൂർക്കയെന്ന കഥാപാത്രമാണ് ആബാലവൃദ്ധം ജനങ്ങളും ഒരേമനസ്സോടെ ഏറ്റെടുത്ത മാമുക്കോയയുടെ പ്രകടനം. നാടോടിക്കാറ്റിന് ശേഷം പട്ടണപ്രവേശത്തിലും പിന്നീട് മറ്റു സിനിമകളിലും ഗഫൂർക്കയുടെ റഫറൻസുകൾ മലയാള സിനിമ കണ്ടു. 

ഗ്രാമീണ ചാരുതയുള്ള ഒരുപാട് ഹാസ്യ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജന്മം നൽകിയെങ്കിലും സൂക്ഷ്മാഭിനയം കൊണ്ടും ഭാവപകർച്ച കൊണ്ടും പ്രേക്ഷക ഹൃദയങ്ങളെ വൈകാരികമായി പിടിച്ചിരുത്തിയ വേഷങ്ങളും മാമുക്കോയ ചെയ്തു. “പെരുമഴക്കാലം” എന്ന കമൽ സിനിമയിൽ മീരാ ജാസ്മിൻ അഭിനയിച്ച റസിയയുടെ വാപ്പ അബ്ദുവിന്റെ മൗനങ്ങൾക്ക് പോലും വികാരതീക്ഷണത നൽകിയ പ്രകടനം അത്തരത്തിലൊന്നായിരുന്നു. മലയാളഭാഷയും കോഴിക്കോടും കടന്ന് തമിഴിലും ബ്യാരിയിലും  (കർണാടക) ഫ്രഞ്ചിലും വരെ അദ്ദേഹം അഭിനയിച്ചു. മംഗലാപുരം കേരള ബോർഡറിൽ ന്യൂനപക്ഷ വിഭാഗക്കാർ മാത്രം സംസാരിക്കുന്ന ബ്യാരി എന്ന ഭാഷയിൽ സുവീരൻ സംവിധാനം ചെയ്ത സിനിമ നിരവധി പുരസ്കാരങ്ങൾക്ക് അർഹമായി. ഫ്രഞ്ച് സംവിധായകൻ മാർക്യൂസ് എംഹൂഫ്  സംവിധാനം ചെയ്ത “ഫ്ലാമെൻ ഇൻ  പാരഡൈസ്” എന്ന സിനിമയും മാമുക്കോയയുടെ അഭിനയജീവിതത്തിലെ ഒരു പൊൻതൂവലായിമാറി.

മലയാളസിനിമയിലെ മലബാർ സാന്നിധ്യം

കോഴിക്കോടൻ ഭാഷ സംസാരിക്കുകയും, പൊട്ടിത്തെറിച്ച് കൊണ്ട് ഉരുളക്കുപ്പേരി പോലെ മറുപടികൾ പറയുകയും ചെയ്യുന്ന തനി നാടൻ മലബാറുകാരന്റെ രൂപരേഖയാണ് മാമുക്കോയ എന്ന പേര് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ തെളിഞ്ഞു വരിക. ഇത്തരത്തിൽ ആരെയും കൂസാത്ത തന്റെ സ്വത്വത്തിൽ തീരെ അപകർഷതയില്ലാത്ത കഥാപാത്രങ്ങളെ മാമുക്കോയ വെള്ളിത്തിരയിൽ ചെയ്തു വച്ചിട്ടുണ്ട്. കഥാപരിസരം കേരളത്തിൽ എവിടെയായാലും അവിടെയൊരു മലബാർ സാന്നിധ്യമായി മാമുക്കോയയുടെ കഥാപാത്രങ്ങൾ ടൈപ്കാസ്റ്റ്  ചെയ്യപ്പെട്ടിരുന്നു. ഇനി മലബാറിലാണ് കഥ നടക്കുന്നതെങ്കിൽ ഒരു ചായക്കടക്കാരനായൊ മറ്റൊ  മലയാളസിനിമ അദ്ദേഹത്തെ  ഉപയോഗിച്ചുപോന്നു. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട പല കഥാപാത്രങ്ങളുടെയും കഥാപാത്ര നിർമിതിയിൽ എത്രത്തോളം ശരിതെറ്റുകളും വിവേചനബുദ്ധിയുമുണ്ടായിരുന്നു എന്നത് പരിശോധിക്കേണ്ട ഒന്നാണ്. വളരെ ഓർഗാനിക്കായി ഒരു കല്ലായി കാരൻ എങ്ങനെയാണോ സാഹചര്യങ്ങളോട് പ്രതികരിക്കുകയും മറുപടി പറയുകയും ചെയ്യുക അത്രത്തോളം തന്മയത്വത്തോടെ അദ്ദേഹം കഥാപാത്രങ്ങൾക്ക് തന്റെ വാമൊഴി ഭാഷ പകർന്നു കൊടുത്തപ്പോൾ മലയാളികൾ അതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഉരുളക്കുപ്പേരി പോലത്തെ മറുപടികളും തർക്കുത്തരവുമെല്ലാം തഗ് ലൈഫെന്ന പുത്തൻ ഹാസ്യ ശാഖയായി പരിണമിച്ചു.

സന്ദേശം (1991) എന്ന ചിത്രത്തിൽ ജയറാമിന്റെ കൂടെ മാമുക്കോയ

സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്ന അച്ചടി ഭാഷയെ തിരസ്കരിച്ച് സ്വന്തം വാമൊഴി ഭാഷയിൽ ഡയലോഗുകളെ മെരുക്കിയെടുക്കാൻ ഡയറക്ടർമാർ മാമുക്കോയയ്ക്ക്  വേണ്ടുവോളം സ്വാതന്ത്ര്യം കൊടുത്തത് ഇത്തരം തഗ് ലൈഫുകളുടെ നർമമുഹൂർത്തങ്ങൾക്ക് മാറ്റ്കൂട്ടി. അച്ചടി ഭാഷയിൽ എഴുതിയ സംഭാഷണങ്ങൾ മാമുക്കോയ പറയുമ്പോൾ കോഴിക്കോടൻ ഭാഷയാവുന്നതും ശാസ്ത്രീയസംഗീതവും ബാലെ ഗാനവും മാമുക്കോയ പാടുമ്പോൾ മാപ്പിളപ്പാട്ടാവുന്നതും പോലെ രസകരമാണ് ഇത്തരം തഗ് ലൈഫുകൾ സ്‌ക്രീനിൽ കാണുന്നത്. പ്രതിയോഗികളെ നീട്ടിക്കുറുക്കി “നായീന്റെ മോനെ..” എന്ന് മാമുക്കോയ വിളിക്കുമ്പോൾ അതിൽ തെറിയുടെ അശ്ലീലച്ചുവയ്ക്ക് പകരം പ്രതികരണത്തിന്റെ സത്താപരമായ നാടൻ ‘തഗിഷ്‌നെസ്സ്’ വരുന്നത് മാമുക്കോയയുടെ ശൈലിക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന  ഒന്നാണ്. അതുകൊണ്ടു തന്നെയായിരിക്കണം മലയാള സിനിമയിലെ തഗ് കളുടെ സുൽത്താനെന്ന ഖ്യാതി മാമുക്കോയക്ക് ഏറ്റവും അനുയോജ്യമായി ചേരുന്നത്.

മുസ്ലിം കഥാപാത്രനിർമിതികളിലെ വിവേചന നയങ്ങൾ

മലയാള സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാ പരിസരങ്ങളിലുമെല്ലാം വളരെ ചുരുക്കം മാത്രം പ്രതിപാദിക്കപ്പെട്ടിട്ടുള്ള സമൂഹമാണ് കേരളത്തിലെ മുസ്ലിം സമൂഹം. വളരെ കുറവാണെന്ന് തീർത്ത് പറയാൻ കഴിയില്ലെങ്കിലും താരതമ്യേന കുറവാണ്. സിനിമയ്ക്കകത്തെ പിന്നണി പ്രവർത്തകരിലും നടീനടന്മാരിലും എഴുത്തുകാരിലുമെല്ലാം മുസ്ലിം സമൂഹത്തിൽ നിന്നുമുള്ള പ്രാതിനിത്യം മറ്റു മതസ്ഥരെ അപേക്ഷിച്ച് കുറവാണ് എന്ന  വസ്തുത ഇതിനൊരു കാരണമായി വേണമെങ്കിൽ പറയാം. കഥാ പരിസരങ്ങളിലുള്ള മുസ്ലിം സാന്നിധ്യം വളരെ കുറവായിരിക്കുമ്പോൾതന്നെ തുടക്കകാലം മുതൽ മലയാള സിനിമ പറഞ്ഞുപോകുന്ന മുസ്ലിം കഥാപാത്രങ്ങളുടെ ജീവിതവും പെരുമാറ്റവും ഭാഷാശൈലിയും യഥാർത്ഥത്തിൽ നിന്നും എത്രയോ വിദൂരത്തിൽ നിൽക്കുന്നവയും  തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിൽ രചിക്കപ്പെട്ടവയുമാണ്. ആദ്യകാലങ്ങളിൽ തിക്കുറിശ്ശിയും പിന്നീട് വന്ന ബഹദൂർക്കയും മലയാള സിനിമയിലെ ആസ്ഥാന മുസ്ലിം കഥാപാത്രങ്ങളായിരുന്നു. ഇവരെല്ലാം യഥാർത്ഥ മുസ്ലിം ജീവിതങ്ങളിൽ നിന്നും എത്രയോ അകലം പാലിക്കുന്ന അപരിഷ്കൃത മാപ്പിളമാരായിട്ടാണ് സിനിമയിൽ വന്നിരുന്നത്.

ഉച്ഛാരണ ശൈലിയിലും വേഷവിധാനത്തിലും പെരുമാറ്റത്തിലും എല്ലാം ഇത്തരം അപരിഷ്കൃത സ്വഭാവഗുണം മുഴച്ചു നിൽക്കുന്നതായി കാണപ്പെട്ടിരുന്നു. ദാമോദരൻ മാഷിന്റെയും പ്രിയദർശന്റേയുമൊക്കെ മുസ്ലിം കഥാപാത്രങ്ങൾ ഒരു പ്രത്യേക ഭാഷാശൈലിയിൽ സംസാരിക്കുന്നവരും അപരിഷ്കൃതരും നിരക്ഷരരുമായിട്ടാണ് കാണാൻ കഴിയുക. മാമുക്കോയയുടെ പല കഥാപാത്രനിർമ്മിതികളിലും ഇത്തരം തെറ്റായ വാർപ്പുമാതൃകകൾ കാണപ്പെട്ടിരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ വിശേഷണങ്ങൾ മുസ്ലിം കഥാപാത്രങ്ങൾക്കുമേൽ ചാർത്തുന്നതിൽ മാമുകോയക്ക്  അസംതൃപിയുണ്ടായിരുന്നു.

ചന്ദ്രലേഖ (1997) എന്ന ചിത്രത്തിൽ മോഹൻലാലിനും ശ്രീനിവാസനുമൊപ്പം മാമുക്കോയ

പണ്ടുകാലത്ത് നിരക്ഷരമുസ്ലിം കഥാപാത്രങ്ങളുടെ മുഖമായിരുന്ന  തിക്കുറുശ്ശിയുമായി ഈ വിഷയങ്ങളിൽ ഒരുപാട് തവണ സംസാരിചിരുന്നതായി മാമുക്കോയ ഓർക്കുന്നു. സാഹിത്യലോകത്തെ ഇത്തരം മുസ്ലിം വിരുദ്ധ നയങ്ങളിൽ പ്രകോപനം പൂണ്ട് കഥയെഴുത്ത് തുടങ്ങിയ ചരിത്രമാണല്ലോ നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. അത്തരത്തിൽ യഥാർത്ഥ മുസ്ലിം ജീവിതങ്ങളെ അടയാളപ്പെടുത്താൻ മുസ്ലിം സമുദായത്തിൽ നിന്നുതന്നെ ഒരുപാട് കലാകാരന്മാർ വളർന്നുവരേണ്ടത് മലയാള സിനിമയും സാഹിത്യലോകവും  ഒരേപോലെ ആവശ്യപ്പെടുന്ന ഒന്നാണ്.

കോഴിക്കോടൻ കലാ സംസ്കൃതിയും മാമുക്കോയയും

ഒരുകാലത്ത് കോഴിക്കോടിന്റെ സാംസ്കാരിക മണ്ഡലത്തിൽ തമ്പടിച്ചിരുന്ന ഒരുപറ്റം മഹാരഥന്മാറരുടെ ശിക്ഷണത്തിൽ വളർന്നു വരാൻ കഴിഞ്ഞതായിരുന്നു മാമുക്കോയക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ബൃഹത്തായ കലാസാംസ്കാരിക വലയത്തിനകത്ത് അകപ്പെട്ട മാമുക്കോയയുടെ സഹവാസം അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭകളുടെ കൂടെയായിരുന്നു. കോഴിക്കോടിന്റെ കലാ സാംസ്കാരിക പൈതൃകത്തിന്റെ സുവർണ്ണകാലഘട്ടം ആയിരുന്നതുകൊണ്ടാവണം അത്രയേറെ പ്രതിഭകൾ ഇവിടുത്തെ തീരങ്ങളിൽ കലയെ മോഹിച്ചും പ്രണയിച്ചും അലഞ്ഞുതിരിഞ്ഞിരുന്നത്.

മലയാള നോവൽ സാഹിത്യത്തിൽ അനിഷ്യേധ്യനായ എഴുത്തുകാരൻ എസ്. കെ പൊറ്റക്കാടും ഉറൂബും എം. ടി വാസുദേവൻ നായരും യു. എ ഖാദറും തുടങ്ങി എഴുത്തിന്റെ  അനന്തമായ ലോകത്ത് സമാനതകളില്ലാത്ത വൈക്കം മുഹമ്മദ് ബഷീർ വരെ കോഴിക്കോടിന്റെ സാംസ്കാരികാന്തരീക്ഷത്തിലെ ഊഷ്മളമായ തേജസ്സുമായി അലിഞ്ഞുചേർന്നവരായിരുന്നു. നാടകരംഗത്തും സംഗീതരംഗത്തും മറിച്ചായിരുന്നില്ല സ്ഥിതി. ബാബുക്കയുടെ സംഗീതം മൂളാത്ത, കോഴിക്കോട് അബ്ദുൽ ഖാദറിന്റെ പാട്ട് കേൾക്കാത്ത കല്യാണപ്പുരകളോ ചായപീടികകളോ കോഴിക്കോടിന്റെ നിരത്തുകളിലുണ്ടായിരുന്നില്ല.

ഇത്തരം മഹാരഥന്മാരുടെ കൂടെയുള്ള പ്രവർത്തന പാരമ്പര്യവും അനുഭവസമ്പത്തും തന്നെയാണ് മാമുക്കോയയുടെ കലാജീവിതത്തിന് തിളക്കമാർന്ന ഏടുകൾ സമ്മാനിക്കുന്നത്. നാടക ജീവിതത്തിന്റെ തുടക്ക കാലത്തുള്ള റിഹേഴ്സലുകളും മറ്റും ഓർത്തെടുക്കുമ്പോൾ മാമുക്കോയക്ക് ഒഴിച്ചുകൂടാനാവാത്ത പേരുകളാണ് മേൽപ്പറഞ്ഞവരത്രയും. ചെറിയ നാടക റിഹേഴ്സലുകൾക്ക് പോലും എം. ടി യും എസ്. കെ പൊറ്റക്കാടും എൻ. പി മുഹമ്മദുമെല്ലാം നിറ സാന്നിധ്യമായിരുന്നു. കലയുടെ ലോകത്ത് നിസ്വാർത്ഥമായി ജീവിതം ഉഴുതുവച്ചിരുന്നവരായിരുന്നു കോഴിക്കോട്ടേ അന്നത്തെ കലാകാരന്മാർ. പണത്തിനും പ്രശസ്തിക്കും മീതെ നിസ്വാർത്ഥമായ കലാ സ്നേഹം മൂലം ജീവിതത്തിൽ ഒന്നും മിച്ചം വെക്കാൻ കഴിയാതെപോയ അതുല്യ പ്രതിഭകൾ ഇവിടങ്ങളിൽ ഏറെയാണ്. അയ്യായിരം രൂപ ഒരുമിച്ചു കാണാൻ ഒരുപക്ഷേ ബാബുക്കക്ക് കഴിഞ്ഞുകാണില്ല എന്നാണ് മാമുക്കോയ ഓർത്തെടുക്കുന്നത്. അത്രമേൽ നിഷ്കളങ്കമായ കാലാജീവിതങ്ങൾക്കുടമയായിരുന്നു അവർ.

വൈക്കം മുഹമ്മദ് ബഷീർ

മാമുക്കോയയുമൊത്ത് സാഹോദര്യ സ്നേഹം കലർന്ന ഗുരുശിഷ്യ ബന്ധം പുലർത്തിയിരുന്ന കലാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂരിലെ ബഷീറിന്റെ വീട്ടിലേക്ക് വിരുന്നെത്തുന്നവർ ചേർന്നിരിക്കാറുള്ള മാങ്കോസ്റ്റിൻമരച്ചുവട്ടിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു മാമുക്കോയ. സിനിമകൾ ലഭിക്കാതിരുന്ന തുടക്കകാലത്ത് ബഷീർ വഴിയാണ് സുറുമയിട്ട മിഴികളിൽ മാമുക്കോയക്ക് വേഷം ലഭിക്കുന്നത്. അന്നുമുതൽ അവസാനകാലം വരെയും സിനിമാ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തുന്ന മമ്മൂക്കോയയോട് ബഷീറിനൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.. ശമ്പളം കൃത്യം മേടിച്ചല്ലോ ല്ലേ..? വേഷം ചെറുതോ വലുതോ ആയിക്കോട്ടെ അഭിനയപ്രാധാന്യമുള്ളതോ ഇല്ലാത്തതോ ആയിക്കോട്ടെ ചെയ്ത ജോലിക്ക് അർഹിക്കുന്ന പ്രതിഫലം മേടിച്ചിരിക്കണം എന്ന ഭാഷ്യമായിരുന്നു ബഷീറിന്റേത്.

തനതായ സംഭാഷണ ശൈലി കൊണ്ടും സ്വാഭാവികാഭിനയം കൊണ്ടും മലയാള സിനിമയിലെ ഹാസ്യനടന്മാരുടെ കൂട്ടത്തിൽ പ്രമുഖനായ മാമുക്കോയയുടെ കലാജീവിതം കോഴിക്കോടിന്റെ സാംസ്കാരികമണ്ഡലത്തെ തൊട്ടും തലോടിയും ഇഴകിചേർന്നു പോകുന്നതാണ്. എന്നാൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡും മികച്ച സഹനടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും നേടിയ മാമുക്കോയയുടെ അഭിനയമികവ് വേണ്ടവിധത്തിൽ മലയാളസിനിമ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മുസ്ലിം സമുദായത്തിൽപെട്ട അപരിഷ്കൃത അതിർവരമ്പുകളിലൊതുങ്ങുന്ന ഗ്രാമീണനായ ചായക്കടക്കാരനായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു പോയ മാമുക്കോയയെ പക്ഷേ യുവതലമുറ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതായി കാണാൻ കഴിയുന്നുണ്ട്.

കുരുതി (2021) എന്ന ചിത്രത്തിൽ മാമുക്കോയ

മുഹ്സിൻ  പരാരിയുടെ കെ. എൽ 10 പത്തിലും ബേസിൽ ജോസഫിന്റെ കുഞ്ഞി രാമായണത്തിലും അവസാനമായി ഇറങ്ങിയ കുരുതിയിലുമെല്ലാം മലയാള സിനിമ  ഉപയോഗിക്കാൻ മറന്നുപോയ മാമുക്കോയയിലെ നടനെ നമുക്ക് വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മലയാളസിനിമയിൽ തഗ് ലൈഫുകളുടെ സുൽത്താന് തന്റെതായ റോളുകൾ ഇനിയും ചെയ്തുതീർക്കാൻ ബാക്കിയുണ്ടെന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെടാത്ത യഥാർത്ഥ മലബാർ മാപ്പിളയായി  ഇനിയും അദ്ദേഹത്തെ ബിഗ്സ്‌ക്രീനിൽ കാണാനാകുമെന്നും ആഗ്രഹിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here