“എന്റെ അച്ചനെ തിരഞ്ഞാണവർ വന്നത്, അച്ഛനെ കിട്ടാതായപ്പോൾ എന്നെ പിടിച്ചുകൊണ്ടു പോയി സ്റ്റേഷനിൽ വെച്ച് അടിച്ചു. അതിന് ശേഷം സ്കൂളിൽ ഒരു റബ്ബർ കളവ് പോയാലും എന്റെ ബാഗാണ് എല്ലാരും ആദ്യം തിരയുന്നത്.” ചെയ്യാത്തകുറ്റത്തിന് ജയിലിൽ പോകേണ്ടി വന്ന, കള്ളനെന്ന് മുദ്രകുത്തപെട്ട ദുരനുഭവം പ്രായപൂർത്തിയായിട്ടില്ലാത്ത ഒരു ആൺകുട്ടി ഐ. ജി പെരുമാൾസ്വാമിയോട് പങ്കുവെക്കുന്ന ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത “ജയ് ഭീം” എന്ന സിനിമയിലെ ഒരു രംഗമാണിത്.
ജയ് ഭീം തുടങ്ങുന്നതും ഇത്തരമൊരു രംഗത്തിലൂടെയാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന തടവുകാരെ പുറത്ത് കാത്തു നിൽക്കുന്ന പോലീസുകാർ ജാതിയടിസ്ഥാനത്തിൽ തരം തിരിക്കുന്നു. ഗൗണ്ടർ, തേവർ, മുതലിയാർ പോലുള്ള ഉയർന്ന ജാതിയിൽ പെട്ടവരെ പറഞ്ഞയച്ച് തമിഴ്‌നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ തെളിയാതെ കിടക്കുന്ന കേസുകൾ കെട്ടിവെക്കാൻ കുറവർ, ഒറ്റർ, ഇരുളർ പോലുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടുന്ന ദളിതരെ തടഞ്ഞുവെക്കുന്നതുമാണ് രംഗം.
എങ്ങനെയാണ് അധികാരവർഗ്ഗവും, സവർണ്ണബോധവും ദളിത് സമൂഹത്തിനുമേൽ അധികാരത്തിന്റെ അക്രമദണ്ഡുകൾ അടിച്ചുറപ്പിക്കുന്നത് എന്നതിനുള്ള ഉദാഹരണങ്ങളാണ് ഈ രണ്ട് രംഗങ്ങളും. സിനിമയിൽ മറ്റൊരു രംഗത്ത് നായകൻ ചന്ത്രു വിനോട് ഒരു പോലീസ് ഓഫിസർ “അവരുടെ (ഇരുളർ ) ജാതിയിലാണെങ്കിൽ കുറച്ചധികം കള്ളന്മാരുമുണ്ട്” എന്ന് പറയുമ്പോൾ ചന്ത്രു തിരിച്ചു പറയുന്ന ഡയലോഗ് ഇത്തരം പൊതുബോധ നിര്മിതിക്കുമേലുള്ള പ്രഹരമാണ്. “കള്ളന്മാരില്ലാത്ത ഏത് ജാതിയാണ് ഇവിടെയുള്ളത്. നിന്റെയും എന്റെയുമെല്ലാം ജാതിയെടുത്താലും അതിലൊക്കെ വലിയ വലിയ കള്ളന്മാർ ഇവിടെയുണ്ട്.” ഈ സംഭാഷണവും മേൽ പറഞ്ഞ രംഗങ്ങളും അടയാളപ്പെടുത്തുന്ന ജാതിവിവേചനവും, പോലീസ് നരഹത്യയും ചർച്ചാ വിഷയമാകുന്ന “ലിസൺ ടു മൈ കേസ്” എന്ന ജസ്റ്റിസ് കെ ചന്ദ്രുവിൻ്റെ പുസ്തകത്തിലെ ഒരു കേസിനെ ആസ്പദമാക്കിയുള്ള ടി. ജി ജ്ഞാനവേലിന്റെ ലീഗൽ ഡ്രാമയാണ് “ജയ് ഭീം”.

ഇരുളരെന്ന ഗോത്രവർഗ്ഗ ജനവിഭാഗത്തിന്റെ സാമൂഹിക ജീവിതവും, തൊഴിൽ ജീവിതവും വരച്ചുകാട്ടികൊണ്ടാണ് സിനിമയാരംഭിക്കുന്നത്. പാമ്പ് പിടിത്തവും വിഷചികിത്സയുമാണ് ഇരുളരുടെ പ്രധാന തൊഴിൽ. മൃഗങ്ങളെ വേട്ടയാടുന്നതും, ഉത്സവാഘോഷങ്ങളുമെല്ലാം വളരെ ഡീറ്റൈലിങ്ങോട് കൂടെ തന്നെ സംവിധായാകൻ ആദ്യ 10 മിനിട്ടു കൊണ്ട് പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഇരുളർ വിഭാഗത്തിലെ ദമ്പതികളായ രാജകണ്ണിന്റെയും (മണികണ്ഠൻ) സെൻഗേനിയുടെയും (ലിജി മോൾ ജോസ് ) ജീവിതത്തിൽ പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് കഥയുടെ ആധാരം.
രാജാകണ്ണ് പാമ്പ് പിടിക്കാനായി പോകുന്ന ഗ്രാമത്തലവന്റെ വീട്ടിൽ മോഷണം നടക്കുകയും. രാജാകണ്ണും സഹോദരൻ ഇരുട്ടപ്പനും, മോസകുട്ടിയും കുറ്റക്കാരാണെന്നാരോപിച്ച് ജയിലിലടക്കപ്പെടുകയും ചെയ്യുന്നു. അടിസ്ഥാനരഹിതമായ തെളിവുകളെയും, കെട്ടിച്ചമച്ച സാക്ഷികളെയും മുൻനിറുത്തികൊണ്ട് പോലീസ് ഇവരുടെമേൽ കേസ് കെട്ടിവെക്കാൻ നിരന്തരം ശ്രമിക്കുകയും, കൊടിയപീഡനങ്ങൾക്ക് രാജാകണ്ണും കൂട്ടരും ഇരയാവുകയും ചെയ്യുന്നു. ഇടതുപക്ഷ സഹയാത്രികയും, ഇരുളർ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മൈത്ര (രജിഷ വിജയൻ) എന്ന അധ്യാപികയിലൂടെ രാജകണ്ണിന്റെ കേസ് അവിടുത്തെ ഇടതുപക്ഷ പ്രവർത്തകർ ഏറ്റെടുക്കുകയും അവർ മുഖേന അഡ്വ ചന്ദ്രു (സൂര്യ) വിന്റെ മുന്നിലേക്ക് എത്തുകയും ചെയ്യുന്നതോടെ സിനിമ ഒരു പോരാട്ടത്തിന്റെ നിലമൊരുക്കുന്നു.
ആദ്യ പകുതിയിൽ ഇരുളർ അനുഭവിക്കുന്ന അടിച്ചമർത്തലുകളുടെയും ലോക്കപ്പ് പീഡനങ്ങളുടെയും തീവ്രത മേലോഡ്രാമയുടെ മേമ്പൊടിയില്ലാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലേക്കെത്തുമ്പോൾ കുറച്ചുകൂടി കോർട്ട് റൂം ഡ്രാമ ജോണറിന്റെ സ്വഭാവമുള്ള തിരക്കഥയിലൂടെയാണ് സംവിധായാകൻ കഥ മുന്നോട്ട് കൊണ്ടുപോകുന്നത് .
‘ജയ് ഭീം’ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം
ജയ് ഭീം എൻട്രാൽ ഒളി, ജയ് ഭീം എൻട്രാൽ അന്പ്, ജയ് ഭീം എൻട്രാൽ ഇരുളിലിരുന്ത് വെളിച്ചത്തെ നോക്കിയ പയനം, ജയ് ഭീം എൻട്രാൽ പലകോടി മക്കളിൻ കണ്ണീർ തുള്ളി…
സിനിമയുടെ അവസാനം സ്‌ക്രീനിൽ തെളിയുന്ന മറാഠി കവിതയാണിത്. കവിത പോലെ തന്നെ അംബേദ്കർ രാഷ്രീയത്തിന്റെ പല ആശയമൂല്യങ്ങളും സിനിമയിലുടനീളം കാണാൻ കഴിയും. ഒരു രംഗത്തിൽ പ്രച്ഛന്നവേഷ മത്സരത്തിൽ നെഹ്‌റു വിനെയും ഗാന്ധിയെയും അനുകരിക്കുന്ന കുട്ടികളെ കണ്ട് ചന്ത്രു ചോദിക്കുന്ന ചോദ്യമുണ്ട്. ‘ഗാന്ധിയും, നെഹ്‌റുവും അടക്കം പ്രധാനപ്പെട്ടവരൊക്കെയുണ്ടല്ലോ, എന്തേ അംബേദ്കർ ഇല്ലാത്തതെന്ന് ഞാൻ അതിശയിക്കുന്നു.’ പ്രാചീന ജനവിഭാഗമായിട്ടും ഒരു തുണ്ട് ഭൂമിയോ, വോട്ടർ ഐ ഡിയോ, റേഷൻ കാർഡോ പോലും നിഷേധിക്കപെടുന്ന ഇരുളരുടെ കഥ പറയുന്ന സിനിമ ഇന്ത്യൻ ഭരണഘടന ശില്പിയായിട്ട് പോലും അംബേദ്കറിനെ ഇന്ത്യൻ പൊതുസമൂഹം അവഗണിക്കുന്നതിലെ അനീതിയും ചോദ്യം ചെയ്യുന്നു.
കാൾ മാർക്സിന്റെയും ലെനിന്റെയും പെരിയാറിന്റെയും ആശയധാരകളെ മുറുകെ പിടിച്ചു കൊണ്ട് ജീവിക്കുന്ന ജസ്റ്റിസ്. കെ. ചന്ത്രുവിൻ്റെ രാഷ്ട്രീയ ജീവിതവും സിനിമയിൽ പ്രകടമായി കാണിക്കുന്നുണ്ട്.1993 ൽ രാജാകണ്ണ് കേസ് ജനശ്രദ്ധപിടിച്ച്പറ്റുന്നത് അന്നത്തെ സി.പി.ഐ.എമ്മിന്റെ കമ്മപുരം ഏരിയാ സെക്രട്ടറിയായിരുന്ന രാജമോഹന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലൂടെയാണ്. അക്കാലത്ത് പാർട്ടിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി തുടക്കംകുറിച്ച “അറിവൊളി ഇയക്കം” എന്ന പ്രസ്ഥാനത്തിലെ അധ്യാപികയായ മൈത്രയാണ് (രജിഷയുടെ കഥാപാത്രം) ഈ വിഷയം പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തുന്നത്. തുടർന്നാണ് പാർട്ടി കേസ് വാദിക്കാൻ അഡ്വ ചന്ത്രുവിനെ ഏൽപ്പിക്കുന്നത്. ചരിത്രത്തോട് നീതി പുറത്തുന്നതിൽ സംവിധായകൻ ശ്രദ്ധക്കുറവൊന്നും കാണിച്ചിട്ടില്ലായെന്നതിന് തെളിവാണ് ജയ് ഭീമിൽ ഇടയ്ക്കിടെ ഫ്രെയിമിൽ പതിയുന്ന അരിവാൾ ചുറ്റിക ചിഹ്നം.

മലയാളത്തിൽ മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജി മോൾ അവതരിപ്പിച്ച സെൻഗെനി തെന്നെയാണ് ഏറ്റവും മികച്ചു നിന്ന പ്രകടനങ്ങളിലൊന്ന്. രാജാകണ്ണായി അഭിനയിച്ച മണികണ്ഠനും മികച്ചു നിന്നു. എടുത്തു പറയേണ്ടത് താരപരിവേഷത്തിന്റെ മേലങ്കി എടുത്തുമാറ്റി സൂര്യ എന്ന നടൻ ഏറ്റെടുത്ത ചന്ദ്രുവെന്ന കഥാപാത്രമാണ്. അനാവശ്യ ഹീറോയിസമോ ലാർജർ ദാൻ ലൈഫ് ബിൽഡപ്പോ ഇല്ലാതെ ഓർഡിനറി റോളിലേക്ക് സൂര്യയെ പോലൊരു താരം നേരത്തെയും ചുരുങ്ങിയിട്ടുണ്ട്. എസ്. ആർ കതിരിന്റെ കാമറ ഒരുക്കിയ ദൃശ്യങ്ങളും സീൻ റോൾടൺ കംപോസ് ചെയ്ത പാട്ടുകളും പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
പ്രേക്ഷകന്റെ വികാരങ്ങളെ സ്വാധീനിക്കാൻ സ്ഥിരം കണ്ടുവരുന്ന ക്‌ളീഷേ ഷോട്ടുകൾ ജയ് ഭീമിൽ ആവർത്തിക്കുന്നുണ്ട്. രാജാകണ്ണ് മകൾ അല്ലിക്ക് വേണ്ടി വാങ്ങി വരുന്ന കളിപ്പാട്ടത്തിലൂടെ പോലീസ് ജീപ്പ് കയറിയിറങ്ങുന്ന രംഗം ഉദാഹരണമായി പറയാം. പാട്ടുകൾ നല്ലതായിരുന്നെങ്കിലും സീൻ റോൾഡ്ന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ സിറ്റുവേഷൻ അവശ്യപെടുന്നതിനേക്കാൾ ലൗഡ് ആയി പോയ സ്ഥലങ്ങളും ചിത്രത്തിൽ കാണാൻ കഴിഞ്ഞു. രണ്ടാം പകുതിയിൽ കോർട്ട് റൂം ഡ്രാമ ജോണറിലേക്ക് പ്രവേശിക്കുന്ന സിനിമയായിട്ട് പോലും എതിർ ഭാഗത്ത് നിൽക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറോ (ഗുരു സോമസുന്ദരം) അഡ്വ ജനറലോ (റാവോ രമേശ് ) നായകനുമേൽ വേണ്ടത്ര കോമ്പറ്റിഷൻ ചെലുത്തുന്നതായി പ്രേക്ഷകന് ഫീൽ ചെയ്യാതിരുന്നതും ഒരു പോരായ്മയായി പറയാമായിരുന്നെകിലും സംഭവിച്ച ഒരു കഥയെ അതുപോലെ പകർത്തിയതാവാം എന്നനുമാനിക്കുകയാണ് നല്ലത്. മാത്രവുമല്ല, കോർട്ട് റൂം പ്രൊസീജറുകളിലെ തന്മയത്വവും, കഥ പറച്ചിലിലെ വേഗതയും പ്രശംസനീയവുമാണ്.
പോലീസ് അതിന്റെ മർദ്ദകമുഷ്ടിയുപയോഗിച്ച് ലോക്ക്അപ്പ് റൂമുകളിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും, സ്‌റ്റേറ്റും, അധികാരവർഗ്ഗവും പാർശ്വവത്കരിക്കപെട്ട ജനങ്ങളുടെ മേൽ നടത്തുന്ന നീതി നിഷേധങ്ങളും പ്രമേയമാക്കി വന്ന “വിസാരണൈ’, ‘കർണൻ’ പോലുള്ള സിനിമകൾ പിറന്ന തമിൾ സിനിമയിൽനിന്ന് വന്ന മറ്റൊരു മികച്ച കലാസൃഷ്ടിയാണ് “ജയ് ഭീം”. പോലീസിനെയും, അധികാരവർഗ്ഗങ്ങളെയും റൊമാന്റിസൈസ് ചെയ്ത് വന്ന ആയിരകണക്കിന് സിനിമകളുള്ള രാജ്യത്ത് മനുഷ്യത്വരഹിതമായ പോലീസിന്റെ ഇത്തരം നരനായാട്ടുകളുടെ യഥാർത്ഥ കഥകൾ പൊതുസമൂഹത്തിൽ ചർച്ച വിഷയമാകേണ്ടത് സമൂഹം അവശ്യപെടുന്ന ഒന്നാണ്.
❤️