“വിവിധ ഭാഷകളുടെയും, ഭാഷാ ഭേദങ്ങളുടെയും വൈവിധ്യം നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിയാണെങ്കിലും വിദേശ ഭാഷകൾ രാജ്യം കയ്യേറാതിരിക്കാൻ ഒരു ഭാഷയ്ക്ക് നാം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സ്വാതന്ത്ര്യസമര സേനാനികൾ രാഷ്ട്ര ഭാഷയായി ഹിന്ദി യെ വിഭാവനം ചെയ്തത്”
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് 2019 സെപ്റ്റംബർ 14 ന് ആഭ്യന്തര മന്ത്രി ശ്രീ അമിത്ഷാ നടത്തിയ പ്രസംഗത്തിൽ നിന്നുമുള്ള ഭാഗങ്ങളാണിത്. ഗാന്ധിയെയും, വല്ലഭായി പട്ടേലിനെയും മറ്റു സ്വാതന്ത്ര്യസമര സേനാനികളെയും ഉദ്ധരിച്ചുകൊണ്ട് തുടർന്ന പ്രസംഗത്തിൽ, ഹിന്ദി രാഷ്ട്ര ഭാഷയാക്കണമെന്നും അതുവഴി ഏകഭാഷാ സംവിധാനം നടപ്പിൽ വരുത്തണമെന്നും അമിത്ഷാ വ്യക്തമാക്കുകയുണ്ടായി.
ദക്ഷിണേന്ത്യയിൽ നിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വ്യാപക പ്രധിഷേധങ്ങൾക്ക് ഈ പ്രസ്താവന വഴിയൊരുക്കിയിരുന്നു. എന്നാൽ ഹിന്ദി-ഏകഭാഷാ അടിച്ചേൽപ്പിക്കലിനും, ഹിന്ദി വിരുദ്ധ പ്രധിഷേധങ്ങൾക്കും ഏകദേശം ഇന്ത്യൻ ഭരണഘടനയോളം പഴക്കമുണ്ട്. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ മാതൃഭാഷ പ്രാധിനിത്യത്തിന്റെയും, ദ്രാവിഡ സ്വത്വബോധത്തിന്റെയും അടിത്തറയിൽ നിന്നുമുയരുമ്പോൾ. ഏകഭാഷാ മുറവിളികൾ വിരൽ ചൂണ്ടുന്നത് ആർ. എസ്. എസ് സൈദ്ധാന്തികൻ എം.എസ് ഗോൾവാൾക്കറുടെ “വിചാരധാര” യിലേക്കാണ്.
ഹിന്ദി രാഷ്ട്രഭാഷയാണെന്നും, ഭൂരിപക്ഷം ജനങ്ങളും ഹിന്ദി സംസാരിക്കുന്നവരാണെന്നും പരക്കെ പ്രചാരമുള്ളൊരു മിഥ്യാബോധമാണ്. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഒരു അംഗീകൃത രാഷ്ട്രഭാഷയില്ല. 1949 ലെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദിയും ഇംഗ്ളീഷും ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ഭാഷകൾ മാത്രമാണ്. ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. എന്നാൽ സമകാലിക ഇന്ത്യയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി ഹിന്ദി സ്വത്വബോധം മറ്റു ഭാഷകളുടെ മേൽ കടന്നു കയറ്റം ചെയ്യുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അതിനേറ്റവും പുതിയ ഉദാഹരണമാണ് ഈ വർഷം ജൂൺ 5ന് ഡൽഹിയിലെ ഗോവിന്ദ് ബല്ലഡ് പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തി വന്ന ഉത്തരവ്. ആശുപത്രിയിലെ മലയാളി നേഴ്‌സുമാർ പരസ്പരം മാതൃഭാഷ സംസാരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയ ഈ ഉത്തരവ് ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങളുടെ പരസ്യ ലംഘനമാണ്.
തൂത്തുക്കുടി എം. പി യും , ഡി എം കെ നേതാവുമായ കനിമൊഴി ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ വിമാനതാവളത്തിൽ നിന്ന് നേരിടേണ്ടി വന്ന വിവേചനത്തിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഹിന്ദി അറിയാത്ത നിങ്ങളൊരു ഇന്ത്യക്കാരിയാണോ എന്നായിരുന്നു വിമാനതാവളത്തിലെ സി.ഐ.എസ്.എഫ് ഓഫീസറുടെ ചോദ്യം. പ്രശസ്ത തമിഴ് സിനിമ സംവിധായകനും , ദേശീയ പുരസ്‌കാര ജേതാവുമായ വെട്രിമാരനും സമാനമായ അനുഭവം പങ്കുവെക്കുകയുണ്ടായി.
രാജ്യത്ത് ഇത്തരം ഹിന്ദി അടിച്ചേൽപ്പിക്കൽ നയം വ്യാപകമായി പ്രത്യക്ഷമായത് 2014 ൽ ഒന്നാം മോദി സർക്കാർ അധികാരമേൽക്കുന്നതോട് കൂടിയാണ്. അതിന് ശേഷം വന്ന എല്ലാ കേന്ദ്രസർക്കാർ പദ്ധതികളുടെയും തലവാചകം ഹിന്ദിയിലാണെന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. “സ്വച്ഛ് ഭാരത് അഭിയാൻ”, “ബേട്ടി ബച്ചാവോ, ബേട്ടി ബേട്ടി പഠാവോ” പോലുള്ള തലക്കെട്ടുകൾ ഉദാഹരണമായി പറയാം. ഇത്തരം വാചകങ്ങളുടെ ഉപയോഗം ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങളുടെമേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ്. 44 % പേര് മാത്രമാണ് ഇന്ത്യയിൽ ഹിന്ദി സംസാരിക്കുന്നത് അതിൽതന്നെ 39% പേർക്ക് മാത്രമാണ് ഹിന്ദി മാതൃഭാഷയായുള്ളത് ബാക്കി വരുന്ന ഭൂരിപക്ഷം ജനങ്ങളുടെയും മാതൃഭാഷകളെ പരിഗണിക്കാതെയുള്ള കേന്ദ്രസർക്കാരിന്റെ ഇത്തരം നയങ്ങൾ ശക്തമായി എതിർക്കപെടേണ്ടതാണ്.
ഹിന്ദി സംഘ്‌പരിവാർ അജണ്ടയാകുന്നതെങ്ങനെ ?
വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ “അഖണ്ഡ ഭാരതം” (undivided india) എന്ന ആശയത്തിന് ആദ്യമായി വിത്തുപാകിയത് ആർ.എസ്.എസ് ആണ്. ഒരു ഭാഷാ, ഒരു മതം, ഒരു സംസ്കാരം എന്ന എം. സ് ഗോൾവാൾക്കറുടെ ആശയധാരയാണിതിന് അടിത്തറ. ഒരു ഭാഷ ഹിന്ദിയും, ഒരു മതം ഹിന്ദു മതവും, ഒരു സംസ്കാരം ഹിന്ദുത്വവും കൂടി ചേരുന്നതാണ് ഗോൾവാൾക്കറുടെ ആശയധാരയിലെ ഇന്ത്യ. ഗോൾവാൾക്കറുടെ കൃതിയായ വിചാരധാരയിലെ 208 മുതൽ 209 വരെയുള്ള പേജുകളിൽ ഇതിന് വ്യക്തമായ തെളിവുണ്ട്. തെറ്റായ ഭാഷാ നയത്തിൽ മാറ്റങ്ങൾ വരുത്താനും, ഹിന്ദി ബന്ധഭാഷയാക്കാനും അതിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ഉറുദു കലർത്തി ഹിന്ദി സംസാരിക്കുന്നത് ദേശീയ സംസ്കാരത്തിന് എതിരാണെന്നും വിചാരധാര പങ്കു വെക്കുന്നു. ബഹുസ്വരവും വൈവിധ്യവുമായ ഭാഷാ സംസ്കാരം പേറുന്ന ഇന്ത്യൻ മണ്ണിനുമേൽ ഹിന്ദിയെ പ്രതിഷ്ഠിച്ച് അഖണ്ഡഭാരതം നടപ്പിലാക്കലാണ് ആർ എസ് എസ് ന്റെ രാഷ്ട്രീയ ലക്ഷ്യം. ഹിന്ദി – ഹിന്ദു – ഹിന്ദുത്വ എന്ന പ്രചണ്ഡ ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് രാജ്യത്ത് ഹിന്ദിവത്കരണം കൊണ്ടുവരുന്നത് വഴി ബി.ജെ.പി ഗവണ്മെന്റ് ലക്ഷ്യം വെക്കുന്നത്.
1937 ൽ രാജഗോപാലാചാരി മദ്രാസ് പ്രെസിഡന്സി മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാവരും ഹിന്ദി പഠിക്കണമെന്ന റെസല്യൂഷൻ പാസ്സായിരുന്നു. ഇതിനെതിരെ ദ്രാവിഡ മണ്ണിൽ പെരിയാർ രാമസ്വാമിയുടെ “സുയ മര്യാദൈ ഇയക്കവും”, ജസ്റ്റിസ് പാർട്ടിയും വലിയ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ ഫലമായി 1940 ൽ റെസല്യൂഷൻ പിൻവലിക്കേണ്ടി വന്നു. സവർണ്ണ ഹിന്ദുത്വ വാദികളുടെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയങ്ങൾക്കെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് സംഘടിപ്പിച്ച ചരിത്രമാണ് ഇന്ത്യയിൽ ഹിന്ദി ഇതര ഭാഷ സംസഥാനങ്ങൾക്ക് ഉള്ളത്. അമിത്ഷാ യുടെ ദേശീയ ഹിന്ദി ദിവസത്തിലെ പ്രസ്താവനക്ക് ബദലായി ഡിഎംകെ നേതാവും നിലവിലെ തമിഴ് നാട് മുഖ്യമന്ത്രി യുമായ സ്റ്റാലിൻ പറഞ്ഞ പ്രതികരണമാണ് സംഘപരിവാർ ഓർമയിൽ വെക്കേണ്ടത്. “ഇത് ഇന്ത്യയാണ് ഹിന്ത്യ അല്ല”