“പഠിക്കുകയാണോ..?”
“അതെ..”
“ഏതാ കോഴ്സ്..?
“പി.ജി മലയാളം”
“എവിടെയാ പഠിക്കുന്നത്..?”
“അലീഗഢ്”
“അലീഗഢിലോ..!”
“അതെ, എന്താ..”
“അല്ല, കേരളത്തില്‍ ഇത്രയും കോളേജുകളുണ്ടാകുമ്പോള്‍ ആരെങ്കിലും അവിടെയൊക്കെ പോയി മലയാളം പഠിക്കുമോ..”

ഉത്തരേന്ത്യയില്‍ പോയി മലയാളം പഠിക്കുന്നൊരു വിദ്യാര്‍ത്ഥിയെ കാണുമ്പോള്‍ ശരാശരി മലയാളി തന്‍റെ അമ്പരപ്പ് പ്രകടിപ്പിക്കുന്ന രീതി ഇതായിരിക്കും. ഒരു പക്ഷെ അലീഗഢില്‍ മലയാളം പഠിക്കുന്ന ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും ഏറ്റവും കൂടുതല്‍ കേട്ടുമടുത്ത ചോദ്യവും മറിച്ചൊന്നായിരിക്കില്ല. എന്നാല്‍, അലീഗഢിലൊക്കെ മലയാളമുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ നമ്മുടെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളം ആരംഭിക്കുന്നതിനും പത്ത് വര്‍ഷം മുന്നെ അലീഗഢില്‍ മലയാളപഠനം തുടങ്ങിയിട്ടുണ്ടെന്ന വസ്തുത അറിഞ്ഞിരിക്കാന്‍ വഴിയില്ല. തമിഴ്നാട്ടിലെ മദ്രാസ് സര്‍വ്വകലാശാലയൊഴിച്ചാല്‍ കേരളത്തിന് പുറത്ത് മലയാളത്തില്‍ എം.എ യും, ഗവേഷണവും ചെയ്യാന്‍ സാധിക്കുന്ന സര്‍വ്വകലാശാല അലീഗഢ് മാത്രമാണ്. ദക്ഷിണേന്ത്യക്ക് പുറത്ത് മലയാളിയുടെ ശ്രേഷ്ഠ ഭാഷയ്ക്ക് അക്കാദമിക തലത്തില്‍ വ്യവഹാരസാധ്യതകള്‍ തുറന്നു തന്ന അലീഗഢിലെ മലയാളവിഭാഗം അറുപത് വര്‍ഷം പിന്നിടുകയാണ്. പരിമിതികള്‍ക്കും പ്രതികൂലസാഹചര്യകള്‍ക്കും നടുവില്‍ നില്‍ക്കുമ്പോഴും നീണ്ട അറുപത് വര്‍ഷങ്ങള്‍ മലയാളഭാഷയുടെ ഉന്നമനത്തിനായി ഇവിടുത്തെ മലയാളവിഭാഗം നിലകൊണ്ടു എന്നത് അഭിനന്ദനാര്‍ഹമായ നേട്ടമാണ്.

ഡോ.വി.കെ.ആര്‍ റാവു കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് അദ്ധേഹത്തിന്‍റെ താല്‍പര്യപ്രകാരം ഉത്തരേന്ത്യയിലെ കേന്ദ്ര സര്‍വ്വകലാശാലകളില്‍ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളുടെയും പഠനവിഭാഗം ആരംഭിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളുടെയും സംസ്കാരത്തിന്‍റെയും ഐക്യത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയായിരുന്നു ഈ പദ്ധതി രൂപീകരിച്ചത്. തത്ഫലം ഡല്‍ഹി സര്‍വ്വകലാശാലയിലും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലും ആധുനിക ഇന്ത്യന്‍ ഭാഷാവിഭാഗമെന്ന പുതിയ പഠനവകുപ്പ് രൂപീകരിക്കാന്‍ ധാരണയായി. ഡല്‍ഹിയില്‍ ഒ. എം. അനുജന്‍റെയും, അകലൂർ നാരായണന്‍റെയും നേതൃത്വത്തിൽ മലയാള പഠനം തുടങ്ങി രണ്ടുവർഷം പിന്നിട്ടിട്ടാണ് അലീഗഢില്‍  മലയാള പഠനം  ആരംഭിക്കുന്നത്. ഹിന്ദി-തെന്നിന്ത്യന്‍ ഭാഷ വിഭാഗത്തിന് കീഴിലായിട്ടായിരുന്നു അലീഗഢിൽ മലയാളം തുടങ്ങിയത്. ഡൽഹിയിൽ മലയാളവും തമിഴും ബനാറസിൽ തെലുങ്കും തമിഴും അലീഗഢില്‍ തെലുങ്കും മലയാളവും ആയിരുന്നു ആരംഭത്തിൽ ഉണ്ടായിരുന്നത്.

1961 സെപ്റ്റംബർ 22 നാണ് കൊല്ലം ശ്രീനാരായണ കോളേജിലെ അദ്ധ്യാപകനായിരുന്ന ഡോക്ടർ വെള്ളായണി അർജുനൻ അലീഗഢിൽ പ്രഥമ മലയാള അധ്യാപകനായി ചുമതലയേൽക്കുന്നത്. മലയാള വകുപ്പിന്റെ വളർച്ചയ്ക്കുവേണ്ടി
അന്നത്തെ വി.സി ആയിരുന്ന കേണൽ സയ്യിദിയുമായി അദ്ദേഹം നിരന്തരം കൂടിക്കാഴ്ചകൾ നടത്തുകയും ഹിന്ദി എം. എയുടെ കൂടെ താരതമ്യ പഠനത്തിന് ഒരു മലയാളം പേപ്പർ ഉൾക്കൊള്ളിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇംഗ്ലീഷിൽ ബി. എക്ക് ചേർന്ന രണ്ട് മലയാളി വിദ്യാർത്ഥികൾ മലയാളം ഓപ്ഷണൽ പേപ്പർ എടുത്തതോടുകൂടി ബി. എ ഓണേഴ്സിലും മലയാളപഠനം ആരംഭിക്കുകയുണ്ടായി. ഹിന്ദിക്ക് കീഴിൽ ഉപഭാഷയായും പ്രാഥമിക തലത്തിൽ മലയാളം പഠിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായും ഡിപ്ലോമ കോഴ്സുകളായുമാണ് തുടക്കകാലത്ത് മലയാളം ലഭ്യമായിരുന്നത്. 1970ല്‍ കേരള സർക്കാരിന്റെ എൻസൈക്ലോപീഡിയ പ്രസിദ്ധീകരണത്തിന്‍റെ ഡയറക്ടറായി ചുമതലയേറ്റതോടെ വെള്ളായണി മാഷ് കേരളത്തിലേക്ക് മടങ്ങി. അലീഗഢ്  സർവകലാശാലയില്‍ നിന്നും ഡി.ലിറ്റിന് അർഹനായ അദ്ദേഹത്തിന് ഇന്ത്യന്‍ ഗവണ്‍മെന്‍റ് പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

1970 ൽ വെള്ളായണി മാഷിന്‍റെ കേരളത്തിലേക്കുള്ള മടക്കത്തോട് കൂടിയാണ് ഡോ. കെ. എ കോശി മലയാളം പ്രൊഫസറായി ചുമതലയേൽക്കുന്നത്. 1970 മുതൽ 2004 വരെ അലീഗഢ് മലയാളത്തിന്റെ വളർച്ചയ്ക്ക് അമരക്കാരനായി പ്രവർത്തിച്ചത് ഇദ്ധേഹമായിരുന്നു. ഹിന്ദി തെന്നിന്ത്യൻ വിഭാഗത്തിന് കീഴിൽ മലയാള പഠനത്തിന് പരിമിതികളുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ഡൽഹി സർവകലാശാലയിലേത് പോലെ ആധുനിക ഇന്ത്യൻ ഭാഷ വിഭാഗം അലീഗഢില്‍  കൊണ്ടുവരാനുള്ള പ്രയത്നത്തിന് ചുക്കാന്‍ പിടിച്ചു. അദ്ധേഹത്തിന്‍റെയും മറ്റു സഹപ്രവർത്തകരുടെയും നിശ്ചയദാർഢ്യത്തിന്‍റെ ഫലമായി 1984 ല്‍ അലീഗഢില്‍ ആധുനിക ഇന്ത്യൻ ഭാഷാ വിഭാഗം നിലവിൽവന്നു. ഇതോടുകൂടി തമിഴിനും തെലുഗുവിനും ബംഗാളിക്കുമൊപ്പം പുതിയ പഠനവിഭാഗത്തിൽ മലയാളവും ഇടം കണ്ടെത്തി. പിന്നീട് മറാഠിയും കാശ്മീരിയും ഇതേ വിഭാഗത്തിന് കീഴില്‍ പഠനം ആരംഭിക്കുകയുണ്ടായി.

1984 ല്‍ തന്നെ മലയാളത്തിൽ എം.എ, എം.ഫിൽ, പി.എച്ച്.ഡി കോഴ്സുകൾക്ക് അനുമതി ലഭിച്ചു. ബി ഗോപകുമാറും ഗിരിജാ സഹദേവനും ആയിരുന്നു ആദ്യ എം എ ബാച്ചിലെ വിദ്യാർത്ഥികൾ. നിലവിലെ പന്തളം എൻഎസ്എസ് കോളേജിലെ അധ്യാപകനായ ബി.ഗോപുമാര്‍ തന്നെയാണ് ആദ്യമായി മലയാള വിഭാഗത്തിൽ നിന്ന് പി.എച്ച്.ഡി നേടുന്ന വിദ്യാർത്ഥിയും. നിലവിൽ രണ്ടു വർഷങ്ങളിലായി ആറ് എം.എ വിദ്യാർത്ഥികളും അഞ്ച് പി എച്ച് ഡി വിദ്യാർത്ഥികളും മലയാളം വിഭാഗത്തിൽ പഠനം നടത്തുന്നു. ഇപ്പോഴത്തെ പഠന വിഭാഗം മേധാവിയായ പ്രൊഫ.ടി.എന്‍ സതീശൻ 1988ലാണ് അധ്യാപകനായി ചുമതലയേൽക്കുന്നത്. പ്രൊഫസര്‍ എ നുജൂം 2010 ലും മലയാളവിഭാഗത്തില്‍ എത്തി.ഇവര്‍ക്കു പുറമെ അസിസ്റ്റന്‍റ് പ്രൊഫസറായി റഫ്സല്‍ ബാബുവും ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ കലാ സാംസ്കാരിക രാഷ്ട്രീയ ഭൂപടത്തിലെ മിക്ക പ്രമുഖരും അലിഗഢിലെ മലയാള വിഭാഗവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അലീഗഢിലെ  പൂർവ്വവിദ്യാർത്ഥിയായ മുൻ വിദ്യാഭ്യാസമന്ത്രി ഡോ.അബ്ദുറബ്ബും അലീഗഢിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയും മലയാള വിഭാഗത്തിന്റെ നിത്യസന്ദർശകരായിരുന്നു. പേർഷ്യൻ ഗവേഷണകേന്ദ്രത്തിൽ വിസിറ്റിംഗ് പ്രൊഫസറായി ക്ഷണിക്കപ്പെട്ട കാലത്ത് സാഹിത്യ നിരൂപകനും പ്രൊഫസറുമായ എം എൻ കാരശ്ശേരി മലയാള വിഭാഗത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല.

1989ല്‍ മലയാളത്തിലെ ആദ്യ നോവല്‍ ഇന്ദുലേഖയുടെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ ‘ഇന്ദുലേഖയും മലയാളനോവലിന്‍റെ നൂറുവർഷങ്ങളും” എന്ന സെമിനാർ ആണ്  അക്കാദമിക് സാംസ്കാരിക സമൂഹത്തിന് മുന്നില്‍ അലീഗഢ് മലയാളത്തിന് പ്രശസ്തി നേടിക്കൊടുത്തത്. 2008 ബഷീർ ജന്മ ശതാബ്ദിയുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറും മലയാളവകുപ്പിന്‍റെ പൊന്‍തൂവലുകളിൽ ഒന്നാണ്. മലയാളവുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട ആദ്യത്തെ വെബിനാര്‍ സംഘടിപ്പിച്ചതും ഇവിടുത്തെ മലയാളവിഭാഗമാണ്‌. നിരവധി സെമിനാറുകളും ചർച്ചകളും നടത്തുക വഴി മലയാള സാഹിത്യലോകത്തെ അലീഗഢുമായി കോര്‍ത്തിണക്കുന്നതില്‍ ഇവിടുത്തെ മലയാളവിഭാഗം വിജയിച്ചിട്ടുണ്ട്. ജി.ശങ്കരക്കുറുപ്പ്, എം ടി വാസുദേവൻ നായർ, അയ്യപ്പപ്പണിക്കർ തുടങ്ങിയവര്‍ അലിഗഢ് സന്ദർശിച്ചത് ഇവിടുത്തെ മലയാള വകുപ്പിന്റെ യശസ്സ് വിളിച്ചോതുന്നതാണ്.

പഠനവിഭാഗം എന്നതിലുപരി അലിഗഢിൽ വിവിധ വിഷയങ്ങൾ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ മുഴുവൻ ഒത്തുചേരൽ കേന്ദ്രമായി മലയാളവിഭാഗം മാറാറുണ്ട്. സർഗ്ഗവേദി കളിലൂടെയും ചർച്ച യോഗങ്ങളിലൂടെയും സിനിമ പ്രദർശനങ്ങളിലൂടെയും സാംസ്കാരിക കൂട്ടായ്മകളിലൂടെയും മലയാളി വിദ്യാർഥികളുടെ സർഗ്ഗാത്മകതയും മാനവികതയും ഊട്ടിയുറപ്പിക്കുന്നതിൽ മലയാളവിഭാഗം വലിയ പങ്കുവഹിക്കുന്നു. താരതമ്യ പഠനത്തിനും വിവർത്തന സാഹിത്യത്തിനും
 ഊന്നൽ നൽകുന്ന സിലബസാണ് അലീഗഢിലെ  മലയാളവിഭാഗത്തിൽ തുടക്കം മുതലേ ഉള്ളത്. ഇന്ത്യയിലെ തന്നെ മറ്റു ഭാഷകളുമായും സംസ്കാരങ്ങളുമായും താരതമ്യ പഠനങ്ങൾ നടത്തുക വഴി ഇന്ത്യൻ ഭാഷാ വൈവിധ്യങ്ങളുടെയും കൂടിച്ചേരലുകളുടെയും ഇടമായി ഇവിടുത്തെ ആധുനിക ഇന്ത്യൻ ഭാഷാപഠന വകുപ്പ് മാറുന്നു.

ഉത്തരേന്ത്യയിൽ ആദ്യമായി മലയാള പഠനം തുടങ്ങിയ ഡൽഹി സർവകലാശാലയിൽ പല കാരണങ്ങൾ കൊണ്ട് നിന്നു പോവുകയുണ്ടായി. ബനാറസിലാകട്ടെ അധ്യാപകനിയമനം നടക്കാൻ സാധിക്കാത്തതിനാൽ മലയാളം തുടങ്ങുക പോലുമുണ്ടായില്ല. പ്രതികൂലമായ ഇത്തരം നിരവധി സാഹചര്യങ്ങളെ തരണം ചെയ്തുകൊണ്ടാണ് അലീഗഢില്‍  മലയാളം അറുപത് സുവർണ്ണ വർഷങ്ങൾ കടന്നുവന്നത്. എന്നിരുന്നാലും മലയാളം പഠിപ്പിക്കുന്ന  ഈ കേന്ദ്രസർവകലാശാലയിലെ മലയാളവിഭാഗത്തിന് മാറിമാറിവരുന്ന കേരള സർക്കാരുകളില്‍ നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയാണ് മലയാളം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓർമ്മിപ്പിക്കാൻ ഉള്ളത്. പശ്ചിമഘട്ടവും ഡെക്കാൻ പീഠഭൂമികളും താണ്ടി ഹിമഗിരിനിരകളോളം വളരേണ്ട മലയാള ഭാഷയ്ക്ക് വേണ്ടത്ര പരിഗണന നൽകണമെന്ന വിദ്യാർഥികളുടെ ആവശ്യം ന്യായമായ ഒന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here