യെ നഫ്രത്തോന്ക്കെ മഹൽ ഗിരാവോ…
പയാമെ ഇൻസാനിയത്ത് സുനാഓ…
ജോ സോരഹേഹേ ഉന്ഹേ ജഗാവോ..
പയാമെ ഇൻസാനിയ്യത്ത് സുനാഓ..
സമാജ് ഐസാ ബനാ ജിസ്മേ,
മിലേന കിർദാറു നഫ്രത്തോന്ക്കേ..

വെറുപ്പിന്റെ കൊട്ടാരങ്ങൾ തകർക്കുകയും മനുഷ്വത്വത്തിന്റെ സന്ദേശം കേൾക്കുകയും ചെയ്യൂ.. ഉറങ്ങി കിടക്കുന്നവരെ എഴുന്നേൽപ്പിച്ച് മനുഷ്വത്വത്തിന്റെയീ സന്ദേശം കേൾപ്പിക്കൂ..
വെറുപ്പിന്റെ കണികകളില്ലാത്ത ജനങ്ങൾ അധിവസിക്കുന്ന സമൂഹത്തെ നിർമിക്കൂ…

വെറുപ്പിന്റെയും വർഗീയതയുടെയും മുൾവേലികൾ ഭേദിച്ച് മാനവികതയിലേക്കും മനുഷ്യത്വത്തിലേക്കും നടക്കുവാൻ ആഹ്വാനം ചെയ്യുന്ന ഈ ഉറുദു തരാനയിലെ വരികൾ മെഹറോളിയിലെ ഓരോ മദ്രസ്സാ വിദ്യാർത്ഥികൾക്കും കാണാപാഠമാണ്. മത സൗഹാർദത്തിനും ദേശീയ ബോധത്തിനും മുന്നിൽ വെറുപ്പിന്റെ അടയാളങ്ങൾ മായ്ച്ചുകളയുന്ന ഈ കവിത ഇവിടുത്തെ ഓരോ  മദ്രസ്സാവിദ്യാർത്ഥികളും പാടുന്നു. പഠിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം അവർക്കുമേൽ വിവേചനാഗ്നികൾ പായിക്കുന്ന ഈ കെട്ടകാലത്തും അവരുടെ നിഷ്കളങ്കമായ പൗരബോധത്തിൽ നിന്നും ഈ തരാനയാലപിക്കുന്ന രംഗം IQ-RAH എന്ന ഡോക്യുമെന്ററി പറഞ്ഞു വെക്കുന്ന രാഷ്രീയത്തിന്റെ രത്നചുരുക്കമായിമാറുന്നു.

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ എ ജെ കെ എം സി ആർ സിയിൽ എം എ മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചിരുന്ന ഒരു കൂട്ടം വിദ്യാർഥികൾ ചേർന്നുകൊണ്ടാണ് “IQ-RAH, one path many journey” എന്ന ഡോക്യുമെന്ററി നിർമിച്ചിട്ടുള്ളത്.

ചിത്രം: ഫൈസൽ സി എസ് 

മുഗൾ ഇന്ത്യയുടെ സുവർണ്ണ കാലാവശിഷ്ടങ്ങളും പൈതൃകവും പേറുന്ന ദക്ഷിണ ദില്ലിയിലെ ഒരു ജില്ലയാണ് മെഹ്റോളി. ഇവിടുത്തെ പ്രശസ്തവും പഴക്കം ചെന്നതുമായ മൂന്ന് മദ്രസകളിലേക്കാണ് ഇഖ്റഹ്  എന്ന ഡോക്യുമെന്ററി ഇറങ്ങിച്ചെല്ലുന്നത്. മദ്രസ്സ ഖാസിമുൽ ഉലൂം, ജാമിയ അറബിയ തസ്കിറത്തുൽ ഉലൂം, ബഹ്റുൽ ഉലൂം മുന്താസ്മിയാ എന്നീ മദ്രസ്സകളിലെ കുട്ടികളുടെ പ്രഭാതം മുതൽ പ്രദോഷം വരെ യുള്ള ജീവിതക്രമങ്ങളും പാഠ്യ-പാഠ്യേതര പദ്ധതികളും അവരുടെ ഒഴിവുസമയങ്ങളിലെ കളിതമാശകളും ഡോക്യുമെന്ററി ഒപ്പിയെടുക്കുന്നുണ്ട്. എന്നാൽ അതിനപ്പുറം ഇഖ്‌റഹ് ന്റെ പ്രസക്തി നിലനിൽക്കുന്നത് വ്യക്തമായും സ്പഷ്ടമായും അത് സംവദിക്കുന്ന രാഷ്ട്രീയം കൊണ്ടുകൂടിയാണ്.

രാജ്യം ഭരിക്കുന്ന സംഘപരിവാര ശക്തികൾ തീവ്രവാദത്തിന്റെ വിളനിലങ്ങളായി മദ്റസകളെ മുദ്രകുത്തുന്ന കാഴ്ചകളാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അനന്തര ഫലമെന്നൊണം  രാജ്യത്തങ്ങോളമിങ്ങോളമുള്ള മദ്രസ്സാ വിദ്യാർത്ഥികൾ വേഷവിധാനത്തിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. അവിടെയാണ് ജാമിയയിലെ ഈ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ അവരുടെ മുൻവിധികളില്ലാത്ത ലെൻസുകളുമേന്തി യഥാർത്ഥ മദ്രസ അന്തരീക്ഷത്തെ ക്യാമറയിലേക്ക് പകർത്തിയെടുക്കാൻ മെഹ്റോളി യിലേക്ക് കടന്നു ചെല്ലുന്നത്. ഇഖ്‌റഹിൽ കാണുന്ന ഓരോ വിദ്യാർത്ഥികളും മദ്രസയുടെ മതിൽക്കെട്ടുകൾക്കുള്ളിൽ അച്ചടക്കവും നിഷ്കളങ്കവും  സ്ഫുരിക്കുന്ന താങ്കളുടെ ശിക്ഷാകേന്ദ്രത്തിന്റെ വലയത്തിനകത്തെ ദിവസക്രമങ്ങളിൽ കഴിയുന്നു. സംഘപരിവാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദ സിദ്ധാന്തങ്ങൾ ഈ വലയങ്ങൾക്ക് അപരിചിതവും വൈരുദ്ധ്യവുമാണെന്നതാണ് യാഥാർത്ഥ്യം. രാവിലെ സുബ്ഹി നമസ്കാരത്തിനായി സൂര്യോദയത്തിനും ഒരു മുഴം മുന്നേ എണീക്കുന്ന കുട്ടികൾ നമസ്കാരവും ഖുർആൻ പഠനവും കഴിഞ്ഞു ഇംഗ്ലീഷ് പഠനത്തിലേക്ക് മുഴുകുന്നു. ഡോക്യുമെന്ററി യുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഖുർആൻ അധിഷ്ഠിത പാതയിലൂടെ മറ്റു ധാരകളിലേക്കും സഞ്ചരിക്കാൻ മോഹിക്കുന്ന കുരുന്നുകളെ നമുക്കിവിടെ കാണാൻ കഴിയും. ധോണിയേയും വിരാട് കോഹ്ലിയെയും മലിങ്കയെയും ഇഷ്ടപ്പെടുന്ന ഭാവി ക്രിക്കറ്റർ മാരും ബോഡി ബിൽഡിങ്ങിൽ താല്പര്യമുള്ള ബോഡിബിൽഡർ മാരും ബിസിനസ് ശൃംഖലകൾ പടുത്തുയർത്തണമെന്ന് മനക്കോട്ട കെട്ടുന്ന കച്ചവടക്കാരും റാപ്പുകൾ പാടുന്ന ഗായകരും മെഹറോളിയിലെ മദ്രസകളിൽ വിദ്യ അഭ്യസിക്കുന്നു. ഇവരുടെ വിവിധങ്ങളായ ഈ സഞ്ചാരപദങ്ങളിലേക്കുള്ള പാതയൊരുക്കണമെന്ന മഹത്വമായ കടമയാണ് മെഹ്റോളിയിലെ ഓരോ മദ്രസകളും ചെയ്യുന്നത്.

മദ്രസകളുടെ മതിൽക്കെട്ടുകൾക്കകത്ത് സുരക്ഷിത ബോധത്തോടെയും ഐക്യത്തോടെയുമാണിവർ  കഴിയുന്നത്. എന്നാൽ പൊതുസമൂഹത്തിലെ വർഗീയവാദികളിൽ നിന്നും മതഭ്രാന്തരിൽ നിന്നും അക്രമവും വിവേചനവും ഇവർ അനുഭവിക്കുന്നു. രാത്രികാലങ്ങളിൽ കള്ളുകുടിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽലേർപ്പെടാനും മദ്രസാ കോമ്പൗണ്ടിന് അടുത്തായ് തമ്പടിക്കുന്ന സാമൂഹികവിരുദ്ധർ  ഇവിടുത്തെ വിദ്യാർഥികൾക്ക് പേടി സ്വപ്നമാണ്. അവരിൽനിന്ന് അക്രമം നേരിട്ട അനുഭവം കുട്ടികൾ പങ്കുവെക്കുന്നതായി നമുക്ക് കാണാം. പുൽവാമ ഭീകരാക്രമണം നടന്നപ്പോൾ സ്കൂളിലേക്ക് ചെന്ന ഹുസ്നെയ്ൻ എന്ന മദ്രസാ വിദ്യാർത്ഥിയെ പാകിസ്ഥാനി എന്ന് വിളിച്ച് ആക്ഷേപിച്ചത് സംഘപരിവാർ വളർത്തിയെടുത്ത പൊതുബോധ നിർമിതിയുടെ ബാക്കിപത്രമാണ്. ഓപ്പ്-ഇന്ത്യ പോലുള്ള ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ച് സംഘപരിവാർ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ സമൂഹത്തിന്റെ മതനിരപേക്ഷതയിൽ വരുത്തുന്ന വിള്ളലുകൾ ചെറുതല്ല. 2014ൽ മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം മദ്രസ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും മദ്രസകൾക്ക് നേരെയുള്ള ഇവരുടെ മനോഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നു.

ചിത്രം: ഫൈസൽ സി എസ് 

2017 ജൂൺ 22ന് ഡൽഹിയിലെ ബല്ലാഭ്ഘറിൽ വെച്ച് നടന്ന ജുനൈദ് ഖാൻന്റെ ആൾകൂട്ട കൊലപാതകം നടുക്കത്തോടെയാണ് അന്നത്തെ മതേതര ഇന്ത്യ വായിച്ചറിഞ്ഞത്. ഡൽഹിയിൽ നിന്ന് മധുരയിലേക്ക് പോകുന്ന എമു എക്സ്പ്രസിൽ പെരുന്നാൾ പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു മദ്രസ വിദ്യാർത്ഥിയായ ജുനൈദ്. തന്റെ വിശ്വാസത്തിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകേണ്ടി വന്നപ്പോൾ വെറും 15 വയസ്സ് മാത്രമേ ജുനൈദിന് ഉണ്ടായിരുന്നുള്ളൂ. സമാനമായ അനുഭവം 2018 ഒക്ടോബറിലും ഡൽഹിയിൽ ആവർത്തിച്ചു. മാൽവിയാ നഗറിലെ ദാറുൽ ഉലൂം മദ്രസയിൽ പഠിച്ചിരുന്ന മുഹമ്മദ് അസീം എന്ന എട്ടുവയസ്സുകാരനെ സമപ്രായക്കാരായ കുട്ടികൾ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതും മതവിവേചനങ്ങളിൽ മുളച്ചു പൊങ്ങുന്ന വെറുപ്പുകൊണ്ട് മാത്രമാണ്. 2019 ൽ മുഹമ്മദ് ഫർമാൻ നിയാസി എന്ന മദ്രസ വിദ്യാർഥി ബറോലിയിലെ മദ്രസയിൽ നിന്ന് അലിഗഡ് ലേക്ക് തിരിച്ചു വരുമ്പോൾ ട്രെയിനിൽനിന്ന് മർദ്ദനമേറ്റതും 2021 ഗുജറാത്തിലെ പാൾട്ടിയിൽ വെച്ച് 17 വയസ്സുകാരൻ ഉമറും 16 വയസ്സുകാരൻ ഖിസാറും  നേരിട്ട ആൾക്കൂട്ട ആക്രമണവും സമകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഘപരിവാർ പടച്ച് വെക്കുന്ന മദ്രസ വിരുദ്ധ വികാരവുമായി കൂടി ചേർത്ത് വായിക്കേണ്ടതാണ്.

തീവ്ര ഹിന്ദുത്വ വാദികൾ രാജ്യത്തുണ്ടാക്കിയ ഇത്തരം ആഖ്യാനങ്ങളെ വ്യക്തമായി തുറന്നുകാണിക്കുന്നതോടൊപ്പം മെഹ്‌റോളിയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയും തുറന്നുകാട്ടാൻ ശ്രമിക്കുന്നുണ്ട് ഈ ഡോക്യുമെന്ററി. ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും ഹരിയാനയിൽ നിന്നുമൊക്കെ കുട്ടികൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് മോചനം തേടിയാണ് ഇങ്ങോട്ട് വരുന്നത്. അതിൽതന്നെ ഹരിയാനയിലെ മേവാത്ത്  (ഇപ്പോഴത്തെ നൂഹ്)എന്ന ജില്ലയിൽ നിന്നാണ് കൂടുതൽ കുട്ടികളും എത്തുന്നത്. നൂഹിലെ സാമൂഹിക പശ്ചാത്തലം തേടിയുള്ള യാത്രയിൽ അവരുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് ഇഖ്‌റഹ്. തന്റെ കുട്ടികൾക്ക് കുറഞ്ഞത് നല്ല ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്ന പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ പട്ടണത്തിലേക്ക് അവരെ പറഞ്ഞയക്കുന്നത്. വിദ്യാഭ്യാസത്തിലേക്കുള്ള പാതയിലെ അത്താണിയാവുന്നതോടൊപ്പം തളർന്നു വീഴുന്ന മേവാത്തിലെ കുട്ടികൾക്ക് നീരുറവയായും മാറുന്നുണ്ട് മെഹ്റോളിയിലെ മദ്രസകൾ.

ഇഖ്-റഹിന്റെ അണിയറപ്രവർത്തകരും കാസിമുൽ ഉലൂം മദ്രസയിലെ വിദ്യാർത്ഥികളും 

ഇങ്ങനെയൊക്കെയാണെങ്കിലും ഉത്തരേന്ത്യൻ മുസ്ലിം കുടുംബങ്ങളിൽ പെൺകുട്ടികൾ നേരിടുന്ന വിവേചനവും ഇഖ്‌റഹിൽ  നമുക്ക് കാണാൻ കഴിയുന്നു. മദ്രസയിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന ഏക വിദ്യാർത്ഥിയായ ഹുസ്നയ്ന്റെ മാതാവ് രണ്ട് ആൺകുട്ടികളുടെ ഭാവിയെക്കുറിച്ച് കിനാവും കാണുമ്പോഴും മകളുടെ ഭാവിയിൽ പ്രതീക്ഷകൾക്ക് വകവെക്കുന്നില്ല. മെഹ്റോളിയിലെ മദ്രസകളിൽ നാം കാണുന്ന ഏക സ്ത്രീ സാന്നിധ്യം മൗലവിയുടെ മകൾ റുക്സാനയാണ്. തട്ടമിട്ടു കൊണ്ട് തന്നെ വിദ്യാഭ്യാസം നേടണമെന്നും ടീച്ചർ ആകണമെന്നുമൊക്കെ കൊതിക്കുന്ന റുക്സാന പക്ഷേ മൗലവിയുടെ മകൾ എന്ന ആനുകൂല്യം കൊണ്ടുമാത്രമാണ് മദ്രസയിൽ പഠിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് കൽപ്പിക്കപ്പെടുന്ന വിലക്ക് കൂടെ ഡോക്യുമെന്ററിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. അതുപോലെ തന്നെ പാഠ്യപദ്ധതികളിലെ ശാസ്ത്രവിഷയങ്ങളുടെ അഭാവവും ഇതിലൂടെ കാണാൻ കഴിയും.  ഖുർആനും ഇംഗ്ലീഷും പഠിച്ചതുകൊണ്ട് മാത്രം ആധുനിക സമൂഹത്തിൽ ഒരു പൗരനെത്തിപ്പിടിക്കാൻ കഴിയുന്ന ഉയർച്ചയ്ക്ക് പരിമിതികളുണ്ടന്നത് യാഥാർഥ്യമാണ്. ഇതൊരു പരാതിയായി വിദ്യാർഥികൾ തന്നെ ചൂണ്ടികാണിക്കുന്നു. തനിക്കൊരു മാന്ത്രികവടി ലഭിച്ചാൽ മദ്രസയിൽ കണക്കു പഠിപ്പിക്കാൻ തുടങ്ങുമെന്ന് ഹുസ്‌നൈൻ പറയുന്നിടത്ത് മെഹ്റൂളിയിലെ മദ്രസകളുടെ പഠന പദ്ധതികളിൽ നിലനിൽക്കുന്ന പോരായ്മ തുറന്നുകാണിക്കപ്പെടുന്നുണ്ട്.

ആഷിക് വി. എസ്, ഫൈസൽ സി. എസ്, ഇർഷാദ അയ്യൂബ്, നബീന ചക്രബർത്തി, റോഷിനി കാസിമി,  ഷെറിൻ. ടി. കോശി എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുള്ളത്. ഡൽഹിയിലെ വുഡ്പെക്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ കട്ട് ഇന് നാഷണൽ ഫിലിം ഫെസ്റ്റിവലിലും ഗോൾഡൻ ബീൻ ചിൽഡ്രൻ ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായങ്ങൾ നേടിയ ഡോക്യുമെന്ററി ഉത്തരേന്ത്യൻ മദ്രസ്സാ വ്യവസ്ഥകളുടെ കലർപ്പില്ലാത്ത ദൃശ്യാവിഷ്കാരമായി നിലകൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here