തൊണ്ണൂറുകളിലെ ആമിറിന്റെ  ചിത്രങ്ങൾ ചുമരിൽ നിറഞ്ഞുനിൽക്കുന്ന നായകന്റെ മുറി, ഒരു സാധാരണ മലയാളിയുടെ വിവര വിനിമയ സാധ്യതകൾ ദൂരദർശനോളം മാത്രം എത്തിനിൽക്കുന്ന നാളുകൾ, യുവത്വം പ്രസരിപ്പിച്ചിരുന്ന നടൻ സുധീഷ് മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്ന കാലം,  അവിടെയാണ് കാറിരുണ്ട ആകാശത്തിന് കുറുകെ,  മേഘപാളികൾ പിളർത്തി, കുറുക്കൻമൂല ലക്ഷ്യമാക്കിക്കൊണ്ട് ഇടിമിന്നൽ പാഞിറങ്ങുന്നത്. ഭൂമുഖത്ത് വളരെ വിരളമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അന്നത്തെയാ  മിന്നൽ കുറുക്കൻമൂല നിവാസികളിൽ രണ്ടു പേരിലേക്ക് മാത്രം ഇടിച്ചിറങ്ങുന്നു. അങ്ങനെ കുറുക്കൻമൂലയിലെ ഒരു ക്രിസ്തുമസ് രാവിൽ കരോളിനിറങ്ങിയ നാട്ടുകാരെയും നിലാവെളിച്ചമവർക്കുമേൽ ചൊരിഞ്ഞിരുന്ന പൂർണ്ണചന്ദ്രനേയും സാക്ഷ്യമാക്കികൊണ്ട് അവരിരുവരും പുതുജന്മം പുൽകുകയാണ്. ഒരാൾ കുറുക്കൻമൂലയുടെ അന്ധകനാകുമ്പോൾ മറ്റൊരാൾ കുറുക്കൻമൂലയുടെ കാവലാളാകുന്നു. ഒരാൾ മലയാള സിനിമയുടെ സൂപ്പർവില്ലനായി മാറുമ്പോൾ മറ്റൊരാൾ മലയാളികളുടെ സൂപ്പർ ഹീറോയായി അവതരിക്കുന്നു.

ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമായ മിന്നൽ മുരളി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസായത്. മലയാളക്കരയുടെ സൂപ്പർ ഹീറോ എന്ന അമിത പ്രതീക്ഷയോടെ വന്ന സിനിമ മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമനിറഞ്ഞ പ്രമോഷൻ സ്ട്രാറ്റജികൾ പുറത്തുവിട്ടു കൊണ്ടാണ് റിലീസിനൊരുങ്ങിയത്. ബേസിലിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ പെട്ട കുറുക്കൻ മൂലയിൽ നിന്നും ഉദയം  കൊണ്ട ഈ മലയാളി സൂപ്പർഹീറോ പ്രതീക്ഷക്കൊത്ത് ഉയർന്ന കാഴ്ചയാണ് പിന്നീട് സ്ക്രീനിൽ കണ്ടത്. സൂപ്പർ ഹീറോയെക്കാൾ ഒരുപടി മുന്നിലായിരുന്നു സൂപ്പർ വില്ലന്റെ സ്ഥാനം. മിന്നൽ മുരളി സൂപ്പർഹീറോ പരിവേഷങ്ങളോട് നീതി പുലർത്തിയപ്പോൾ സൂപ്പർ വില്ലനായി കുറുക്കൻമൂലയെ കിടിലം കൊള്ളിച്ച ഷിബു മുഴുവൻ സൂപ്പർ വില്ലൻ കഥാപാത്രനിർമ്മിതികളുടെയും വാർപ്പുമാതൃകകളെയും തച്ചുടക്കുകയാണ് ചെയ്തത്.

ടോവിനോ തോമസ്, ഗുരു സോമസുന്ദരം 

ഒരുപക്ഷേ ലോകസിനിമയിൽ തന്നെ ഇത്തരം കഥാപാത്രങ്ങളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ബേസിൽ ജോസഫ് മിന്നൽ മുരളിയിലൂടെ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റം നമുക്ക് പരിഗണിക്കാതിരിക്കാൻ നിർവാഹമില്ല. ഹവായി ചെരുപ്പും ലുങ്കിയുമുടുത്ത സൂപ്പർ ഹീറോ,  ചണച്ചാക്ക് കൊണ്ട് മുഖം മറച്ച, കൂലിപ്പണി ചെയ്യുന്ന സൂപ്പർ വില്ലൻ, ഇങ്ങനെ ഗ്രാമീണ ജീവിതത്തിൽ സൂപ്പർഹീറോ കഥാതന്തു പറിച്ചുനട്ടതോടെ കേരളീയ ഗ്രാമാന്തരീക്ഷത്തിൽ നിന്നും ഒരു  മിഡിൽ ക്ലാസ്സ് സൂപ്പർഹീറോയെയും  വർക്കിംഗ് ഗ്ലാസ് സൂപ്പർ വില്ലനെയും ലോക സിനിമയ്ക്ക് പരിചയപ്പെടുത്തിയ ബേസിൽ ജോസഫ് തീർച്ചയായും മലയാളസിനിമയുടെ അഭിമാനമായി മാറുന്നു.

മിന്നൽ മുരളിയുടെ ജീവൻ നിലനിൽക്കുന്നത് നായക-പ്രതിനായക കഥാപാത്ര നിർമ്മിതിയിൽ തന്നെയാണ്.  മിന്നലേറ്റ് അസാധാരണ കഴിവുകൾ ലഭിക്കുന്ന ഇവർ രണ്ടുപേരും ഒരേ നാണയത്തിന്റെ ഇരുവശവുമായി പലപ്പോഴും മാറുന്നു. നഷ്ട പ്രണയത്തിന്റെ വിരഹവേദനയനുഭവിക്കുന്ന രാത്രിയിലാണ് ജയ്സണ് (ടോവിനൊ) മിന്നലേൽക്കുന്നത്. അതേ രാത്രി ഉഷയുമായുള്ള തന്റെ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ അയവിറക്കുന്ന ഷിബുവിനും മിന്നലേൽക്കുന്നു. ഭ്രാന്തനെന്നും ഭ്രാന്തിയുടെ മകനെന്നും വിളിച്ച് തന്നെ ആക്ഷേപിക്കുന്ന ദാസൻ ഷിബുവിന്റെ ആദ്യ ഇരയാകുമ്പോൾ,  തന്തയില്ലാത്തവനെന്ന് വിളിക്കുകയും തന്റെ പ്രതൃത്വരഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്ന എസ്.ഐ ജയ്സൺന്റെ ആദ്യത്തെ ഇരയായിമാറുന്നു. നിന്നെ അടിച്ച അതേ മിന്നലാണ് എന്നെയും അടിച്ചതെന്ന് ജയ്സൺ ഷിബു വിനോട് പറയുന്ന ഡയലോഗ് ഇരുവരുടെയും തുല്യതശക്തിക്കുള്ള അടിവരയാണ്. തുല്യ ശക്തികളുടെ ഏറ്റക്കുറച്ചിലുകൾ ഇനി ഇരുവരുടെയും ലക്ഷ്യമാർഗങ്ങളിൽ തങ്ങിനിൽക്കുന്ന നന്മതിന്മകളുടെ തോതിനനുസരിച്ചാണ് മാറിമറിയുകയെന്ന ബോധ്യം കാണികളിൽ സൃഷ്ടിക്കുന്നുണ്ട്.

ടോവിനോ തോമസ്

അപക്വമായ സ്വഭാവഗുണങ്ങൾ നർമ്മത്തിലൂടെ പറഞ്ഞു വെച്ചതിനുശേഷം, കഥ പുരോഗമിക്കുന്നതിനനുസരിച്ച് പക്വതയും ലക്ഷ്യബോധവുമുള്ള നായകനിലേക്ക് പരിവർത്തനം ചെയ്യുന്ന തരത്തിലാണ് ജയ്സൺന്റെ ക്യാരക്ടർ ആർക്ക് ഒരുക്കിയിട്ടുള്ളത്. ജയ്സൺനേക്കാൾ വൈകാരികമായി പ്രേക്ഷകരോട് അടുപ്പിക്കുന്ന രീതിയിലാണ് ഷിബുവിന്റെ കഥാപാത്ര രൂപീകരണം. തന്റെ അമാനുഷിക ശക്തികൾ പോലും ഷിബു ആദ്യമായി പ്രയോഗിക്കുന്നത് പ്രണയസാഫല്യത്തിന് വേണ്ടിയാണ്. ഉഷയുടെ മുടിയിഴകൾ കാറ്റിൽ പറത്തുന്ന രംഗവും, ഉഷയെ കാണാൻ വീൽചെയർ നീക്കുന്ന രംഗവുമെല്ലാം ഷിബുവിനും  പ്രേക്ഷകർക്കുമിടയിൽ വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്നു. സാധാരണയായി നായകനെ വൈറ്റും വില്ലനെ ബ്ലാക്കുമാക്കി എഴുതപ്പെടുന്ന തിരക്കഥകളിൽ നിന്നും, വില്ലന്റെ ഗ്രേ ഷെയ്ഡ് പറഞ്ഞുപോകുന്ന  തിരക്കഥകളിൽ നിന്നും മിന്നൽ മുരളി വ്യത്യസ്തമാകുന്നത് ബ്ലാക്കിനൊപ്പം വില്ലൻറെ വൈറ്റ് ലയറും പ്രേക്ഷകരോട് സംവദിക്കുന്നിടത്താണ്.

ഷിബുവിന്റെ പ്രണയവും, വിരഹവും പ്രതികാരവും,  അമാനുഷികത്വവുമെല്ലാം അഭ്രപാളിയിൽ പകർന്നാടിയ ഗുരു സോമസുന്ദരം അടുത്തകാലത്ത് മലയാള സിനിമ കണ്ട മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കാഴ്ചവച്ചിട്ടുള്ളത്. ജയ്സൺ എന്ന സാധാരണ യുവാവിൽ നിന്നും സൂപ്പർഹീറോ യിലേക്കുള്ള പരകായപ്രവേശം ടോവിനോയുടെ കയ്യിലും ഭദ്രമായിരുന്നു. ബ്രൂസ് ലീ എന്ന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ഫെമിന ജോർജും വ്യക്തവും ശക്തവുമായ സ്ത്രീസാന്നിധ്യമായി മിന്നൽ മുരളിയിൽ മികച്ചുനിൽക്കുന്നു.

ഒരു സൂപ്പർഹീറോ മൂവി ആയിരിക്കെ തന്നെ അതിനപ്പുറത്ത് ഗ്രാമീണരുടെ നിഷ്കളങ്ക ഭാവങ്ങളും, പ്രണയവും ബന്ധങ്ങളുടെ ആഴവുമെല്ലാം പല ലയറുകളിലായി ചിട്ടപ്പെടുത്തിയ തിരക്കഥ തന്നെയാണ് മിന്നൽ മുരളിയുടെ നട്ടെല്ല്. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് സിനിമക്ക് തിരക്കഥ ഒരുക്കിയിട്ടുള്ളത്. സമീർ താഹിറിന്റെ ചായാഗ്രഹണവും സുഷിന് ശ്യാമിന്റെ ബാഗ്രൗണ്ട് സ്കോറുമെല്ലാം സിനിമയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല.

കുഞ്ഞിരാമായണത്തിലെ ദേശത്തിൽ നിന്നും തുടങ്ങി ഗോദയിലെ കണ്ണാടികല്ലിലൂടെ മിന്നൽ മുരളിയിലെ കുറുക്കൻ മൂലയിലേക്ക് എത്തി നിൽക്കുന്ന ബേസിൽ ജോസഫിന്റെ സഞ്ചാരപഥങ്ങൾ മലയാളസിനിമയിൽപുതിയ വാതായനങ്ങൾക്ക് വഴിയൊരുക്കുകയാണ്.

“മലയാള സിനിമ നശിച്ചു പോട്ടെ” യെന്ന് ‘മായാനദി’യിൽ പിറുപിറുക്കുന്ന അതേ യുവാവ് മിന്നൽ മുരളിയെന്ന രക്ഷകനെ കുറുക്കൻമൂലയിൽ  ഇറക്കിയത് തികച്ചും യാദൃശ്ചികം മാത്രമായിരിക്കും. എന്തായാലും
മാർവലും , ഡി.സി യും മാത്രം പണിതുവെച്ചിരുന്ന സൂപ്പർ ഹീറോ യൂണിവേഴ്‌സുകൾ കേരളക്കരയിലും സാധ്യമാണെന്ന് തെളിയിച്ച ഈ യുവ സംവിധായാകന് “കുറുക്കൻമൂല യുണിവേഴ്സിൽ” അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here