മരണമുഖത്തെ അഞ്ച് പശ്ചാത്താപങ്ങൾ (The top five regrets of the dying)- ഓസ്‌ട്രേലിയയിലെ ഒരു പാലിയേറ്റിവ് നഴ്‌സ്‌ എഴുതിയ പുസ്തകത്തിന്റെ പേരാണിത്.

കുറച്ച് വർഷങ്ങളായി, ബ്രോണി വാർ പാലിയേറ്റീവ് രോഗികളെ പരിചരിക്കുകയും അടുത്തിടപഴകുകയും ചെയ്യാൻ തുടങ്ങിയിട്ട്. മരണത്തിന്റെ തൊട്ടു മുൻപുള്ള ദിവസങ്ങളിൽ പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒരുപാട് പേർക്ക് പറയാനുള്ളത് കേട്ട, ആളുകളുടെ ജീവിതത്തിലെ അവസാന ആഴ്ചകൾക്ക് ദൃക്‌സാക്ഷിയായ ബ്രോണി ആ കഥകളെല്ലാം ആദ്യമൊരു ബ്ലോഗിലൂടെയും പിന്നീട് ഒരു പുസ്തകത്തിലൂടെയും ലോകവുമായി പങ്കു വെച്ചു.

മരണമുഖത്തെ പശ്ചാത്താപങ്ങളിൽ ആദ്യത്തേതായി കൂടുതൽ ആളുകൾ പറഞ്ഞത് ഇങ്ങനെയായിരിന്നു.

“മറ്റുള്ളവർ എന്നിൽ നിന്ന് പ്രതീക്ഷിച്ച ജീവിതമല്ലാതെ, എന്നോട്, എന്റെ ആഗ്രഹങ്ങളോട്, നീതി പുലർത്തിയ ജീവിതം നയിക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നെങ്കിൽ”

നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ചോദിച്ചാൽ ഉത്തരം എന്തായിരിക്കും? കേൾക്കുമ്പോൾ വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും, വ്യക്തമായ മറുപടി പറയാൻ മിക്ക ആളുകളും ബുദ്ധിമുട്ടുന്ന ഒരു ചോദ്യമാണ് ഇത്. പ്രത്യേകിച്ച് ഈ ഡിജിറ്റൽ യുഗത്തിൽ; ജീവിതം ചുമരുകൾക്കിടയിൽ ഡിസൈൻ ചെയ്യപ്പെടുന്ന നവ യുഗ സാഹചര്യത്തിൽ, സോഷ്യൽ മീഡിയകൾക്ക് ഒരുപാട് ആളുകളുടെ സമയത്തെ നിയന്ത്രിക്കാൻ സാധിക്കുന്ന കാലഘട്ടത്തിൽ.

സത്യത്തിൽ നമുക്ക് ചുറ്റും നമ്മുടെ ജീവിതത്തിലേക്ക് നോക്കിയിരിക്കുന്ന ഒരുപാടാളുകളുണ്ട്. അവരുടെ കണ്ണിലൂടെയാണ് പലപ്പോളും നാം നമ്മുടെ സന്തോഷത്തെ കണ്ടെത്തുന്നത്. നമ്മുടെ വിജയത്തിന്റെ തോത് നിശ്ചയിക്കുന്നത് വേറെ ചിലരുടെ വാക്കുകളാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രതീക്ഷകൾ നിറവേറ്റാൻ നെട്ടോട്ടമോടുന്ന ആളുകളാണ് ചുറ്റിലും ഏറെയുള്ളത്..

അതിനിടയിൽ ഉള്ളിലേക്കൊന്ന് നോക്കി ‘ഞാനാരാണ്, എനിക്കെന്താണ് വേണ്ടത്, എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളെന്താണെന്ന്’ സ്വയമൊന്ന് ചോദിക്കണം.

നമുക്കിഷ്ടമുള്ള പാത-അതിൽ സത്യവും നീതിയും ഉണ്ടെങ്കിൽ- പിന്തുടരാൻ സാധിക്കേണ്ടതുണ്ട്. നമ്മുടെ സ്വപ്‌നങ്ങൾ തേടിപ്പോകേണ്ടത് നാം നമ്മോട് കാണിക്കേണ്ട ഉത്തരവാദിത്വമാണ്. അതിന്,ചുറ്റുമുള്ളവരുടെ മുഖത്ത് നോക്കി, ‘നിങ്ങളുദ്ദേശിക്കുന്ന ആളല്ല ഞാൻ, എന്റെ ആഗ്രഹങ്ങൾ വേറെയാണെന്ന്’പറയാനുള്ള ധൈര്യം വേണം.

നമുക്ക് നമ്മളിലേക്കും, നമ്മളെ നമ്മളായി കാണുന്നവരിലേക്കും, എനിക്ക് ഞാനും നിനക്ക് നീയും നമുക്ക് നമ്മളുമാവാൻ കഴിയുന്നിടങ്ങളിലേക്കും പോവാൻ സാധിക്കണം.

എന്തു കൊണ്ടാണ് ആളുകൾക്ക് അവർക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ പോകുന്നത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? കാരണങ്ങൾ കണ്ടെത്താനുണ്ട്, ഒരുപാട്. എന്നാൽ, ഏതൊരു കാര്യത്തിലും ഒരു പ്രക്രിയ(Process) ഉണ്ട് എന്ന് മനസ്സിലാക്കാതെ പോകുന്നതാണ് മൂല കാരണമായി എനിക്ക് തോന്നിയിട്ടുള്ളത്.

ഒരു ഉദാഹരണം പറയാം. നേപ്പാളിൽ പൂൺ ഹിൽ എന്നൊരു സ്ഥലമുണ്ട്. ഹിമാലയത്തിന്റെ ഉയരങ്ങൾ, കവിത പോലെ തോന്നുന്ന പീക്കുകൾ- അന്നപൂർണ സൗത്ത്, മച്ചപുച്റെ, ഹിഞ്ചുലി, അന്നപൂർണ 3, ദുലരിരി തുടങ്ങിയ ഏതാനും കൊടുമുടികൾ- കാണാൻ പറ്റിയ ഒരു വ്യൂ പോയിന്റ് ആണ് പൂൺ ഹിൽ.

അവിടെയ്ക്കാണ് നിങ്ങളുടെ യാത്ര എന്ന് കരുതുക. യാത്ര തുടങ്ങുന്നത് കേരളത്തിൽ നിന്നാണെന്നും സങ്കൽപ്പിക്കാം. ആ യാത്ര, ഓരോ വ്യക്തിയെ സംബന്ധിച്ചും പല രീതിയിൽ വെല്ലുവിളികൾ നിറഞ്ഞതാകാം. യാത്ര ഉപേക്ഷിക്കാൻ ഒട്ടനേകം കാരണങ്ങൽ ചുറ്റിലുമുണ്ടാകാം. ആ കാരണങ്ങൾ കണ്ടെത്തി, അതിനെ മറികടക്കാൻ ശ്രമിച്ചാലേ ലക്ഷ്യ സ്ഥാനത്തേക്ക് എത്തുകയുള്ളു. ആ ശ്രമങ്ങൾ നടത്താനുള്ള സന്നദ്ധത, തന്റെ സുരക്ഷിത വലയത്തിൽ നിന്ന് പുറത്ത് വരാനുള്ള ധൈര്യം, അതിന് വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സ്- ഇതെല്ലാമാണ് ലക്ഷ്യത്തിലേക്ക് നമ്മളെ അടുപ്പിക്കുന്നത്. ഇനി അഥവാ, വഴിയിൽ വീണു പോയാലും, ഞാൻ ശ്രമിച്ചിരുന്നു എന്നൊരു ചരിതാർഥ്യം മനസ്സ് തണുപ്പിക്കും.

ലൂയിസ് ബൂൺ ഒരുക്കൽ പറഞ്ഞു, The saddest summary of a life contains three descriptions: could have, might have, and should have.

LEAVE A REPLY

Please enter your comment!
Please enter your name here