സന്തോഷത്തോടെയും സമൃദ്ധിയോടെയും സമാധാനത്തോടെയും ജീവിക്കാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എന്നിട്ടും എന്താണ് കൂടുതൽ പേർക്കും അതിനു സാധിക്കാത്തത്?
അല്പായുസ്സ് മാത്രമുള്ള സന്തോഷ നിമിഷങ്ങൾ എത്ര പെട്ടെന്നാണ് കാർമേഘങ്ങൾ മൂടിയ ആകാശം പോലെയാവുന്നത്. ദുഃഖം നിറഞ്ഞ, നിരാശ നിഴലിക്കുന്ന, കുറ്റബോധത്തിന് ഏറെ ഇടങ്ങളുള്ള, ഇല്ലായ്മകൾ നുര പോലെ പൊന്തി വരുന്ന ചിന്തകൾ മഴയായി പെയ്യാൻ തുടങ്ങും.
അൽപം സമാധാനവും സന്തോഷവും പകർന്നു തരുന്ന തുരുത്തു തേടി നാം അലയും. തേടിത്തേടി പോകേണ്ട ലക്ഷ്യസ്ഥാനം ആണോ അത്? തീർച്ചയായും അല്ല. ഇനി നിങ്ങൾക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ ഒരു പുനർവിചിന്തനം ഏറെ സഹായിക്കും.
ജീവിതം ആനന്ദിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണോ….
2020-ൽ കൊറോണ ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്നപ്പോൾ എല്ലാവരെയും പോലെ എനിക്കും വിശാലമായ ലോകത്ത് നിന്ന് നാലു ചുമരുകൾക്കിടയിൽ ഓൺലൈൻ സങ്കേതങ്ങളുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തേണ്ടതായി വന്നു.
ലോക്ക് ഡൗൺ സമയത്ത് ഞാൻ കൂടി ഭാഗമായ ഒരു കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളത്തിലെ 8 ജില്ലകളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി പത്തോളം ഓൺലൈൻ ശീൽപശാലകൾ സംഘടിപ്പിച്ചിരുന്നു.
അതിന്റെ ഭാഗമായി “നിങ്ങളെ സംബന്ധിച്ച് എന്താണ് സന്തോഷം” എന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലുള്ളവരോട് ചോദിക്കയുണ്ടായി.
“ഒരുപാട് യാത്ര പോണം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം, സ്കൂളിൽ,കോളേജിൽ പഠനവും സൗഹൃദവും നുകരണം, പാട്ടും, നൃത്തവും, കഥകളും വേണം. പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കണം.”
കൂടുതൽ പേരും പറഞ്ഞത് ഇങ്ങനെയൊക്കെയാണ്.
ഉത്തരങ്ങളിൽ ദൃശ്യമാകുന്ന സമാനതകളെ കുറിച്ച് ചിന്തിക്കുന്നവർക്ക് ചില ഉൾക്കാഴ്ചകൾ തെളിഞ്ഞു വന്നേക്കാം. ഒരു വേള, നൈമിഷികമായിപ്പോകുന്നുണ്ടോ നമ്മുടെ വികാരങ്ങൾ? അല്ലെങ്കിൽ സമയം മുന്നോട്ട് പോകുന്നതിനസുരിച്ച് കൂടുതൽ വ്യക്തി കേന്ദ്രീകൃതമാവുന്നുണ്ടോ നമ്മുടെ സങ്കൽപ്പങ്ങൾ? അതുമല്ലെങ്കിൽ നെഞ്ചിൽ എരിയുന്ന മാറ്റങ്ങളെ കുറിച്ചുള്ള സ്വപ്‌നങ്ങൾ മറന്നു പോകുന്നുണ്ടോ?

“ക്ഷണികമായ വികാരമല്ല, സന്തോഷം ഒരു മാനസികാവസ്ഥയാണ്”
ജോലി, വിശ്രമം, വിനോദം- നമ്മുടെ സമയത്തെ മൂന്നായി വിഭജിച്ചാൽ മൂന്നിടങ്ങളിൽ നിൽക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ. വ്യവസായ വിപ്ലവത്തിനോട് ചുവടു പിടിച്ചു വന്ന തൊഴില്‍ ചൂഷണങ്ങള്‍ക്ക് എതിരെ നടന്ന സമരങ്ങളുടെ മുദ്രാവാക്യം ‘8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം’ എന്നതായിരുന്നു.
സന്തോഷം കണ്ടെത്തുന്നത് വിനോദങ്ങളിലൂടെയാണ്, അല്ലെങ്കിൽ വിശ്രമ സമയത്താണ് എന്ന പൊതുബോധം ശക്തമാണ്: വാരാന്ത്യത്തിൽ ഒന്ന് പുറത്തു പോകണം, വേനലവധിയിൽ ഒരു യാത്ര, വൈകുന്നേരം ക്ലബ്ബിൽ പോവുക, ഫ്രീ ടൈമിൽ കൂട്ടുകാരോടൊപ്പം അൽപം സമയം കഥ പറഞ്ഞിരിക്കണം.
എന്തു കൊണ്ട് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്യാൻ നമുക്ക് ശ്രമിച്ചു കൂടാ?
പറഞ്ഞു വന്നത് ഇത്രേയുമാണ്, സന്തോഷത്തോടെയും സമൃദ്ധിയോടെയും സമാധാനത്തോടെയും ഉള്ള ജീവിതം നയിക്കാൻ ജീവിതത്തിന്റെ സർവ മേഖലകളിലും ഒരു ലക്ഷ്യം ഉണ്ടായിരിക്കണം, ഏർപ്പെടുന്ന ഏത് ചെറിയ കാര്യത്തിനും സ്വജീവിതവുമായി ഒരു നുറുങ്ങി ബന്ധം കണ്ടെത്താൻ ശ്രമിക്കണം, എന്റെ സന്തോഷം എന്നത് മാറ്റി വെച്ച് ചിലപ്പോളെങ്കിലും ചുറ്റിലും കാണുന്ന ജീവ ബിന്ദുക്കളുടെ സ്വപനങ്ങളിലേക്ക്, അവരുടെ ചുറ്റുപാടിലേക്ക് ആർദ്രതയോടെ നോക്കാൻ സാധിക്കണം.