“സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്, സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായ അബദ്ധജടില ധാരണകളാണ് കുട്ടികളുടെ മനസിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലരീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.”
-അഡ്വ. പി സതീദേവി (വനിതകമ്മീഷന്‍ അധ്യക്ഷ)

സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന വനിതകമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയുടെ പ്രസ്താവന പതിവുപോലെ മലയാളികൾ നെറ്റിചുളിച്ചാണ് കേട്ടിരുന്നത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുവാൻ പ്രത്യേക ബോധവൽക്കരണം അനിവാര്യമാണെന്നും, കൗമാരപ്രായക്കാരിൽ അബദ്ധധാരണകൾ വ്യാപകമാണെന്നും വനിതകമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർക്കുകയുണ്ടായി.

പാലാ സെൻ്റ് തോമസ് കോളേജിൽ സഹപാഠി ക്രൂരമായി കൊലപ്പെടുത്തിയ നിതിനമോളുടെ വീട് സന്ദർശിച്ചശേഷമാണ് വനിതാ കമ്മീഷൻ അധ്യക്ഷ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളിൽ നിറയുന്ന സ്ത്രീവിരുദ്ധ ഉള്ളടക്കമുള്ള വാർത്തകളോടും മറ്റ്‌ പരിപാടികളോടും ഒരുതരത്തിലും യോജിക്കാൻ കഴിയുകയില്ലന്നും വനിതകമ്മീഷൻ അധ്യക്ഷ മുന്നറിയിപ്പ് നൽകുകയുണ്ടായി.

മലയാളിയുടെ വികലമായ ലൈംഗികബോധത്തെ തുറന്നുകാണിക്കുന്നതായിരുന്നു തുടർന്ന് വനിതകമ്മീഷൻ അധ്യക്ഷയുടെ പ്രസ്തുത പരാമർശത്തെ സംബന്ധിക്കുന്ന വാർത്തകൾക്ക് താഴെ പോസ്റ്റ് ചെയ്യപ്പെട്ട അഭിപ്രായങ്ങളും, കമന്റുകളും എന്നതാണ് ശ്രദ്ധേയം.

“പ്രാക്ടിക്കൽ ക്ലാസ് ഉണ്ടെങ്കിൽ ഞാൻ ഒന്നൂടെ പഠിക്കും… “
” ഒരു പ്രസവവാർഡ് കൂടിയാവാം. “
ഇങ്ങനെ നീണ്ടു പോകുന്നു ലൈംഗിക ദാരിദ്ര്യത്തിൽ ഒഴുകിപരക്കുന്ന മലയാളിയുടെ പൊതുബോധം.

ഇങ്ങനെ നീണ്ടു പോകുന്നു ലൈംഗിക ദാരിദ്ര്യത്തിൽ ഒഴുകിപരക്കുന്ന മലയാളിയുടെ പൊതുബോധം.
ലിംഗനീതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം അനിവാര്യമാണെന്ന സൂചനയാണ് പൊതുഇടങ്ങളിൽ ലവലേശം മടിയില്ലാതെ മലയാളി നടത്തുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങൾ. ലൈംഗികാവയവങ്ങളെ തെറിവാക്കുകളായി ഉപയോഗിക്കുന്ന മലയാളി നൂറ്റാണ്ടുകൾ പിന്നിലോട്ട് ജീവിക്കാൻ പഠിക്കുകയാണോ എന്ന് ചിലപ്പോഴെങ്കിലും സംശയിച്ചുപോകും.

ലൈംഗിക പാഠഭാഗങ്ങൾ ഒഴിവാക്കുകയും, അത് നിങ്ങൾ സ്വയം വായിച്ചു പഠിച്ചാൽ മതിയെന്ന് ഉപദേശിക്കുകയും ചെയ്യുന്ന ക്ലാസ്മുറികൾക്ക് കാലോചിതമായ മാറ്റം അനിവാര്യമാണ്. എതിർലിംഗത്തിൽപ്പെട്ടവരോടുള്ള ബഹുമാനം നിലനിർത്തുവാനും സാമൂഹികാവബോധം വളർത്തിയെടുക്കുവാനും മലയാളി ശരിയായ ലൈംഗികവിദ്യാഭ്യാസം നേടേണ്ടതുണ്ട്. പോൺ സൈറ്റുകളിൽ നിന്നല്ല ലൈംഗികവിദ്യാഭ്യാസം ആർജിക്കേണ്ടത് എന്ന് മലയാളി ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

മലയാളിയുടെ പൊതുബോധം കാലാനുസൃതമായി നവീകരിക്കപ്പെട്ടണം. സമൂഹത്തെ ജീർണതയിലേക്ക് തള്ളിവിടുന്നതാവരുത് നാം വളർത്തിയെടുക്കുന്ന പൊതുചിന്തകൾ. അതുകൊണ്ടുതന്നെയാണ് ലൈംഗികതയെ സംബന്ധിച്ച മലയാളിയുടെ അബദ്ധധാരണകൾ തിരുത്തപ്പെടേണ്ടത്. അതിന് വനിതകമ്മീഷൻ അധ്യക്ഷ സൂചിപ്പിച്ചതുപോലെ പാഠ്യപദ്ധതികളിൽ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തണം. അതുവഴി ലൈംഗികാതിക്രമങ്ങളും മറ്റ് ഇതര ലൈംഗിക കുറ്റകൃത്യങ്ങളും നിയന്ത്രിക്കപ്പെടും എന്നതിൽ സംശയമില്ല. അതോടെ കലിപ്പന്മാരായ കാമുകന്മാർക്കും വംശനാശം സംഭവിക്കും.

കൃത്യവും വ്യക്തവുമായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ നമ്മുടെ വരുംതലമുറകൾ സമത്വം പുലരുന്ന ഒരു സാമൂഹിക ക്രമത്തെ സൃഷ്ടിച്ചെടുക്കട്ടെ. അതുകൊണ്ടുതന്നെ വനിതകമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ വാക്കുകൾ മലയാളി അംഗീകരിച്ചാലും ഇല്ലെങ്കിലും അനിവാര്യമായ ഒരു തുടക്കത്തെ ഓർമപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here