പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് രാജ്ഭവനിലെത്തി പഞ്ചാബ് ഗവർണർക്ക് തൻ്റെ രാജിക്കത്ത് കൈമാറുമ്പോൾ പഞ്ചാബിലെ കോൺഗ്രസിന്റെ ഭാവിയിയും സങ്കീർണമായ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നതയാണ് കോൺഗ്രസിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവെന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ക്യാപ്റ്റൻ അമരിന്ദർ സിങ്ങിൻ്റെ രാജിക്ക് ഇടയാക്കിയത്. ആകെയുള്ള 80 കോൺഗ്രസ് എംഎൽഎമാരിൽ  മഹാഭൂരിപക്ഷം വരുന്ന എംഎൽഎമാർ ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ നേതൃത്വത്തിന് കത്തുകൾ അയച്ചിരുന്നു. അതിൽ തന്നെ 30 എംഎൽഎമാർ തങ്ങൾ രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേരുമെന്നും ഭീഷണി  മുഴക്കുകയുണ്ടായി.

നിയമസഭാകക്ഷി യോഗം ചേരാനിരിക്കെ ക്യാപ്റ്റൻ അമരിന്ദർ സിങ് നടത്തിയ ഈ രാജി പ്രഖ്യാപനം കോൺഗ്രസിനെ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ചരൺജിത് സിങ് ചന്നി പുതിയ മുഖ്യമന്ത്രിയായി കടന്നു വരുമ്പോൾ അധികാര വടംവലിയുടെ ഭാഗമായ  നാടകങ്ങൾക്ക് പഞ്ചാബിന്റ രാഷ്ട്രീയ ഭൂമികയിൽ അവസാനമുണ്ടാകുമോ എന്ന് രാഷ്ട്രീയ ലോകം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ദേശീയ തലത്തിൽ പോലും ശക്തമായ രാഷ്ട്രീയ ചലനങ്ങൾക്ക് ക്യാപ്റ്റൻ അമരിന്ദർ സിങ്ങിൻ്റെ രാജി കാരണമായേക്കാം എന്നതാണ് ഈ ആകാംക്ഷയുടെ അടിസ്ഥാനം. ഇനിയും അപമാനിതനായി തുടരാനാവില്ല എന്നായിരുന്നു ഗവർണർക്ക് രാജി സമർപ്പിച്ച ശേഷമുള്ള ക്യാപ്റ്റൻ അമരിന്ദർ സിങ്ങിൻ്റെ പ്രതികരണം. പഞ്ചാബിൻ്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ അതിർത്തിക്കപ്പുറത്ത് നിന്നുള്ള തീവ്രവാദ  ഭീഷണിയിൽനിന്ന് പഞ്ചാബിനെ രക്ഷിക്കാൻ ചരൺജിത് സിങ് ചന്നിക്ക് കഴിയട്ടെ എന്നായിരുന്നു ക്യാപ്റ്റൻ അമരിന്ദർ സിങ്ങിൻ്റെ ആശംസ.

അമരീന്ദർസിങ്ങും നവജോത് സിങ് സിദ്ധുവും 

അടുത്തവർഷം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന ഈ പുതിയ സംഭവവികാസങ്ങൾ നിരവധിയായ രാഷ്ട്രീയ വായനകൾ സാധ്യമാക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയതലത്തിൽ വലിയ തിരിച്ചടി നേരിട്ടപ്പോഴും കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസമായത്  കേരളവും പഞ്ചാബ് ഉൾപ്പെടുന്ന രണ്ട് സംസ്ഥാനങ്ങൾ മാത്രമായിരുന്നു. എന്നാൽ കേരളത്തിൽ തുടർന്നുനടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ദുർബലമായ സംഘടനാ സംവിധാനവുമായി ജനവിധി തേടിയ കോൺഗ്രസ്, ദയനീയമായ പരാജയം ഏറ്റുവാങ്ങി. ഈ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം കേരളത്തിൽ ഇപ്പോൾ നടന്നു വരുന്ന കോൺഗ്രസിന്റെ സംഘടനാ തലത്തിലെ പുനസംഘടന നേതാക്കളുടെ കൂട്ടരാജിയിലും രൂക്ഷമായ അഭിപ്രായഭിന്നതയിലുമാണ് കലാശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ പഞ്ചാബിലെ കോൺഗ്രസ് കൂടുതൽ ശക്തമായ  രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. ഭരണവിരുദ്ധ വികാരവും, പ്രതിച്ഛായയ്ക്ക് നേരിട്ട ഇടിവും, ആഭ്യന്തര സർവ്വേകളിലെ പരാജയ പ്രവചനങ്ങളും ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. പത്തു വർഷം നീണ്ടുനിന്ന ബിജെപി- അകാലിദൾ ഭരണത്തെ മറികടന്ന് 2017ൽ ക്യാപ്റ്റൻ അമരിന്ദർ സിങ് പഞ്ചാബിലെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമ്പോൾ ദേശീയതലത്തിൽ തന്നെ കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചവർ ഏറെയായിരുന്നു. സഖ്യമില്ലാതെ കോൺഗ്രസ് ഭരണം നേടി എന്നതായിരുന്നു ആ പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാൽ നേതാക്കൾ തമ്മിലുള്ള അധികാര വടംവലിയുടെ ഫലമായി പഞ്ചാബിൽ ഭരണമാറ്റം നടക്കുമ്പോൾ കോൺഗ്രസിൽ അത് പ്രതിസന്ധികളുടെ തുടർക്കഥയാവുകയാണ്.തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജാതി സമവാക്യങ്ങളെ സന്തുലിതമാക്കുവാനുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ ശ്രമം എത്രകണ്ട് വിജയിക്കുമെന്നും, ബിജെപി-അകാലിദൾ കൂട്ടുകെട്ടിനെ പ്രതിരോധിക്കുവാൻ ഈ നീക്കം എത്രത്തോളം സഹായകരമാകുമെന്നും വരും നാളുകളിൽ കണ്ടു തന്നെ അറിയണം.

രാഹുൽ ഗാന്ധി 

ബിജെപിയെ പോലെ തീവ്ര നിലപാടുകളുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ ദേശിയതലത്തിൽ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് ജനകീയമായി എതിർക്കാൻ പോലും കഴിയാതെ, നിസ്സഹായരായി ഭരണകൂടത്തിന്റെ ഏകാധിപത്യ തീരുമാനങ്ങളെ നോക്കിനിൽക്കുന്ന നിലവിലെ കോൺഗ്രസ് നേതൃത്വത്തിൽനിന്നും കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുക സാധ്യമല്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെ ഏറ്റവും ഒടുവിലെ അധ്യായമാണ് ഇന്നത്തെ പഞ്ചാബ് കോൺഗ്രസിലെ രാഷ്ട്രീയ തർക്കങ്ങൾ.

പഞ്ചാബിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ കാലാവസ്ഥ അത്രമേൽ കലുഷിതമായിരുന്നു എന്നതിൽ സംശയമില്ല.  കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തെ നോക്കുകുത്തിയാക്കി സംസ്ഥാന കോൺഗ്രസിലെ തന്നെ ഇരുവിഭാഗങ്ങൾ നിരവധിയായ ശക്തി പ്രവർത്തനങ്ങൾ പോലും നടത്തി. സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ രാഷ്ട്രീയ തീരുമാനങ്ങൾ ഉടനെ ഉണ്ടാകും എന്ന ക്യാപ്റ്റൻ അമരിന്ദർ സിങ്ങിൻ്റെ പ്രഖ്യാപനം കോൺഗ്രസിന് കൂടുതൽ തലവേദനകൾ സൃഷ്ടിക്കുവാനാണ് സാധ്യത. സിദ്ദുവിന് പാക്കിസ്ഥാൻ ബന്ധമുണ്ടെന്നും സിദ്ദുവിനെ അടുത്ത മുഖ്യമന്ത്രിയാകുന്നത് താൻ ശക്തമായി എതിർക്കുമെന്നും ക്യാപ്റ്റൻ അമരിന്ദർ സിങ് വ്യക്തമാക്കിക്കഴിഞ്ഞു. 79 കാരനായ ക്യാപ്റ്റൻ അമരിന്ദർ സിങ് പാട്യാല രാജവംശത്തിലെ യാദവിന്ദ്ര സിംഗിൻ്റെ മകനും നിലവിലെ മഹാരാജാവുമാണ്.

കോൺഗ്രസ് അധികാരത്തിൽ തുടരുന്ന രാജസ്ഥാനിലും, ഛത്തീസ്ഗഡിലും രൂക്ഷമായ അധികാര തർക്കങ്ങൾ തുടരുകയാണ് എന്നതും ദേശീയ തലത്തിൽ തന്നെ കോൺഗ്രസിൻറെ പതനം വേഗത്തിലാക്കുന്നു. ശക്തമായ ഒരു ദേശീയനേതൃത്വത്തെ മുൻനിർത്തി രാജ്യവ്യാപകമായി കോൺഗ്രസിനെ ശക്തിപ്പെടുത്തുവാനും, പുനസംഘടിപ്പിക്കുവാനും  ഇതുവരെയും പാർട്ടിക്ക് സാധ്യമായിട്ടില്ല. പുതിയ നേതൃത്വം വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ഉയരുമ്പോഴും ഉൾപ്പാർട്ടി രാഷ്ട്രീയത്തിലെ പടലപ്പിണക്കങ്ങളെ നേരിടുവാൻ ഇന്നത്തെ കോൺഗ്രസ് സംവിധാനങ്ങൾ ശക്തമല്ല.

നിലവിലെ കോൺഗ്രസിന് സംഭവിച്ച ഈ ദൗർബല്യമാണ് ബിജെപിയെ  അഭൂതപൂർവമായി വളർത്തുന്നത്. ഇന്ത്യയോളം ചരിത്രമുള്ള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഓരോ സംസ്ഥാനത്തും തുടർച്ചയായി അടിപതറി വീഴുമ്പോൾ നാളെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രസക്തമാകുമോ അല്ലെങ്കിൽ സ്വപ്നതുല്യമായ ഒരു തിരിച്ചുവരവ് കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇനിയും സാധ്യമാകുമോ എന്നും കണ്ടുതന്നെ അറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here