1953 ൽ BBC സംഘടിപ്പിച്ച ഒരു അഭിമുഖത്തിൽ അംബേദ്കർക്കു നേരെ അവതാരകൻ ഉയർത്തിയ ഒരു ചോദ്യം ഇതായിരുന്നു. ‘Dr. B R Ambedkar, do you think that democracy is going to work in India?’ നിസ്സംശയം അംബേദ്കർ ആ ചോദ്യത്തോട് പ്രതികരിച്ചത് ‘No’ എന്നായിരുന്നു. ജനാധിപത്യമെന്നത് തെരഞ്ഞെടുപ്പ് എന്ന ചാക്രിക പ്രവർത്തിയുടെ പേരു മാത്രമല്ല എന്ന അർത്ഥത്തിലാണ്, അദ്ദേഹം ജനാധിപത്യത്തെ ചർച്ച ചെയ്യുവാൻ ആഗ്രഹിച്ചിരുന്നത് എന്നതായിരുന്നു അതിനു കാരണം. അന്താരാഷ്ട്ര സമൂഹത്തെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ 2008 മുതൽ സെപ്റ്റംബർ 15 അന്തർദേശീയ ജനാധിപത്യദിനമായി ആചരിച്ചു വരുന്നത്. അഥീനിയൻ ജനാധിപത്യം മുതൽ ആധുനിക ജനാധിപത്യം വരെ നീളുന്ന ജനാധിപത്യം എന്ന ആശയത്തിന്റെ രാഷ്ട്രീയ പരിസ്ഥിതി, വർത്തമാനകാലത്ത് മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി കൂടുതൽ  സംഘർഷഭരിതമാണ് എന്നത് 2021 ലെ അന്താരാഷ്ട്ര ജനാധിപത്യ ദിനത്തെ  കൂടുതൽ സംവാദാത്മകമാക്കുന്നു.

ജനാധിപത്യം എന്ന ആശയത്തിന്റെ ആഘോഷത്തിനപ്പുറം ജനാധിപത്യത്തിന്റെ പ്രയോഗവത്ക്കരണം ലോകരാഷ്ട്രങ്ങൾക്കിടയിൽ തിരഞ്ഞെടുക്കപ്പെട്ട വിവിധ ഭരണകൂടങ്ങൾ തന്നെ നിഷേധിക്കുന്നു എന്നതാണ് ആധുനിക ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജനാധിപത്യത്തിന്റെ മൗലികതത്വങ്ങൾ പ്രായോഗിക ജനാധിപത്യത്തിൽ നിഷേധിക്കപ്പെടുന്നത് വിഭജനത്തിൻ്റെ രാഷ്ട്രീയവും, സാമ്രാജ്യത്വ താൽപര്യവും, മതവത്ക്കരണവും ലോകരാഷ്ട്രങ്ങളുടെ രാഷ്ട്രീയബോധത്തെ നിർണ്ണയിക്കുമ്പോഴാണ്.

ജനാധിപത്യമെന്നത് വിശാലമായ അർത്ഥത്തിൽ ഒരു സമത്വഭാവനയാണ്. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ ഭാഷ മാനവികതയുടെ ഭാഷയായി മാറുന്നത്. ജനാധിപത്യത്തെ സംബന്ധിക്കുന്ന ആശങ്കകൾക്ക് എല്ലാ ലോകരാഷ്ട്രങ്ങൾക്കിടയിലും ഒരേ ഭാവമാണെന്ന് കരുതണം.ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് വിപ്ലവം ഇല്ലാത്ത വിപ്ലവം എന്ന് റോബെസ്പിയർ പറഞ്ഞതുപോലെയാണത്.

ജനാധിപത്യമില്ലാത്ത ഭരണകൂടങ്ങൾക്കു കീഴിൽ  ജനങ്ങൾ ജനാധിപത്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ അത് യഥാർത്ഥ ജനാധിപത്യത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തിന് മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങളെ ലഘൂകരിക്കാൻ കഴിയുമെന്ന വസ്തുതയുടെ സാധൂകരണമായി മാറുന്നു. വിവേചനത്തിന്റെ പ്രതിലോമരാഷ്ട്രീയം രാജ്യങ്ങൾക്കിടയിൽ  അനൈക്യം സൃഷ്ടിച്ചെടുക്കുമ്പോൾ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് മനുഷ്യരെ വിഭജിച്ചു നിർത്തുക എന്നത്, ക്ഷുഭിതമായ വർത്തമാന പരിസ്ഥിതികളിൽ വളരെയെളുപ്പം സാധ്യമാകുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ അതിർത്തികൾക്കുള്ളിൽ ക്രമീകരിക്കപ്പെടുന്ന ഈ രാഷ്ട്രീയബോധം ജനാധിപത്യത്തിന്റെ ശവക്കുഴിയാണ്. സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അധിനിവേശത്തിൻ്റെ രാഷ്ട്രീയം സൃഷ്ടിച്ചെടുത്ത ഒരു നവലോകക്രമത്തോട്  സമരസപ്പെടാൻ ദുർബലരാഷ്ട്രങ്ങൾ നിർബന്ധിതമാകുന്നതും, സാമ്രാജ്യത്വ രാഷ്ട്രങ്ങൾ ഇവിടങ്ങളിൽ ജനാധിപത്യത്തിന്റെ സ്ഥാപിതവക്താക്കളായി ചിത്രീകരിക്കപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.

167 ലോകരാജ്യങ്ങളെ മുൻനിർത്തി  തയ്യാറാക്കിയിട്ടുള്ള ജനാധിപത്യ സൂചികയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അമ്പത്തിമൂന്നാം സ്ഥാനത്ത്, ന്യൂനതയുള്ള ജനാധിപത്യരാജ്യങ്ങളുടെ കൂട്ടത്തിലേക്ക് പിന്തള്ളപ്പെട്ടു എന്നത് സർവ്വതലസ്പർശിയായ ജനാധിപത്യത്തിന്റെ മൗലിക സ്വഭാവത്തിന് ഇന്ത്യൻ സാഹചര്യത്തിൽ ശക്തമായ ഭീഷണികൾ നേരിടുന്നുണ്ട് എന്നതിന്റെ തെളിവാണ്. ദേശീയപ്രസ്ഥാനം അരക്കിട്ടുറപ്പിച്ച ജനാധിപത്യപൗരബോധം ചരിത്രപരമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അധികാരകേന്ദ്രീകരണത്തെ ശക്തമായി എതിർക്കുകയും, അധികാരത്തിന്റെ പൊളിച്ചെടുത്ത് സാധ്യമാവുകയും വേണം. ജനങ്ങൾക്ക്  അധികാരത്തോട് വിയോജിക്കുവാൻ കഴിയണം. ഡോ. അംബേദ്കർ മുന്നോട്ടുവെച്ച വിമർശന സ്വഭാവമുള്ള മൂല്യവത്തായ ജനാധിപത്യം ബഹുസ്വരതയുടെ ശബ്ദമുള്ള ഇന്ത്യൻ സാംസ്കാരികാന്തരീക്ഷത്തെ പുഷ്ടിപ്പെടുത്തുക അപ്പോൾ മാത്രമാണ്.

നിർഭാഗ്യവശാൽ കൊളോണിയൽ ചിന്താസരണിയിലേക്കുള്ള തിരിച്ചുപോക്കാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഇന്ന് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങളും, മൗലികാവകാശങ്ങളും, മതനിരപേക്ഷതയും, അഭിപ്രായസ്വാതന്ത്ര്യവും ചവിട്ടിയരക്കപ്പെടുന്നത് നിസ്സഹായതയോടെ നോക്കിനിന്ന് ഭരണകൂടത്തോട് സമരസപ്പെടുക എന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല. നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ മൗനം ജനാധിപത്യത്തിൽ കൂടുതൽ അപകടകരമാണ്. കൃത്യമായ പക്ഷം ഉണ്ടായിരിക്കുകയും ജനാധിപത്യത്തിന്റെ വിമർശന സ്വഭാവത്തെ ഓരോ പൗരനും ഉൾക്കൊള്ളുകയും ചെയ്യണം.  ജനാധിപത്യം വിജയിക്കുന്നത് അപ്പോഴാണ്.

ജനാധിപത്യത്തിന്റെ സുരക്ഷിതത്വത്തെ ആസ്വദിക്കുന്നതിനൊപ്പം അതിന്റെ നിലനിൽപ്പിനെ ഗൗനിക്കുകയും ചെയ്യുക എന്നതാണ് തലമുറകൾക്ക് പകർന്നു നൽകുവാൻ കഴിയുന്ന സുരക്ഷിതമായ രാഷ്ട്രീയബോധം. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന ചെറുതും വലുതുമായ എല്ലാ അതിർത്തികളും മറികടക്കുവാൻ പ്രായോഗിക ജനാധിപത്യത്തിലൂടെ സാധ്യമാക്കേണ്ടതുണ്ട്. അതിനായി മനുഷ്യർ മാനവികതയുടെ രാഷ്ട്രീയം നിരന്തരം സംസാരിച്ചുകൊണ്ടിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here