”ഇന്ത്യയുടെ വിദേശനയം വൈദേശികമല്ല അത് പൂർണമായും സ്വദേശിയവും ഇന്ത്യൻ യാഥാർത്ഥ്യങ്ങളിൽ വേരുറച്ചതുമാണ്.” -ഐ.കെ.ഗുജ്റാൾ

കലുഷിതമായ രാഷ്ട്രീയ-സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങളിലും ഇന്ത്യയെ മറ്റ് ലോകരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നത് ഇന്ത്യയുടെ വിദേശനയമായിരുന്നു. സ്വാതന്ത്ര്യസമരാനന്തരം ഉരുത്തിരിഞ്ഞ ഇന്ത്യയുടെ വിദേശനയം, ഒരേസമയം ദേശീയതാൽപര്യങ്ങളെ ചേർത്തുനിർത്തുന്നതും മറ്റു രാജ്യങ്ങളെ ബഹുമാനപൂർവ്വം ലോകസമാധാനത്തിനായി അണിനിരത്തുന്നതുമായിരുന്നു. ചേരിചേരാനയം,സാർക്ക് മൂവ്മെന്റ് തുടങ്ങിയവയിലൂടെ ഫലവത്തായി ഒരു ചേരിയുടെയും ഭാഗമാവാതെ അന്താരാഷ്ട്ര രംഗത്ത് ചടുലവും നയപരവുമായ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.

എന്നാൽ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും മുൻനിർത്തിയുള്ള വിദേശ നയതന്ത്ര നീക്കങ്ങൾക്ക് പേരുകേട്ട ഇന്ത്യയുടെ നിലവിലെ അവസ്ഥ പരിതാപകരമായി തീർന്നിരിക്കുന്നു എന്ന തിരിച്ചറിവിന്റെ പിൻബലത്തിൽ ചേരിചേരാനയം മുതൽ ‘ദോക് ലാ’ സംഘർഷവും ഇന്ത്യയുടെ അഫ്ഗാൻ നയവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെ മുൻനിർത്തി ഭാരതത്തിന്റെ വിദേശനയത്തിന്റെ സമകാലിക പ്രസക്തിയെ വിമർശനാത്മകമായി പുനർവായിക്കുകയാണ് ഇവിടെ.

നയരൂപീകരണത്തിലെ പാളിച്ചകൾ

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ, ഇന്ത്യയുടെ വിദേശനയം, അയൽ രാജ്യങ്ങളുമായുള്ള ബന്ധം, തുടങ്ങിയ മേഖലകളിലെല്ലാം കാതലായ മാറ്റങ്ങൾ സംഭവിച്ചു വരുന്നുണ്ട്.ആഭ്യന്തരവും അന്താരാഷ്ട്രവുമായ ഒരു പുതിയ നയരൂപീകരണം ഇന്ത്യയിൽ സംഭവിച്ചു കഴിഞ്ഞു. ആക്രമണോത്സുകമായി അയൽരാജ്യങ്ങൾ ഇന്ത്യൻ അതിർത്തികൾ കൈയ്യടുക്കുവാൻ നിരന്തരമായി പരിശ്രമിക്കുന്നത് ഈ പുതിയ നയമാറ്റത്തിന്റെ ഫലമായി ഉടലെടുത്ത പുതിയ രാഷ്ട്രീയ കാലാവസ്ഥയെ ഉപയോഗപ്പെടുത്തിയാണ്. തങ്ങളുടെ വിവേകശൂന്യവും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായ പുതിയ രാഷ്ട്രീതന്ത്രങ്ങൾ ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ തകർക്കുന്നതും അന്താരാഷ്ട്രതലത്തിൽ ഇന്ത്യ ഒറ്റപ്പെടുന്നതും നോക്കി ആത്മരതിയടയുന്ന ഒരു ഭരണകൂടത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ സ്ഥിതിവിശേഷങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേ ഉളളൂ. റഷ്യ,യൂറോപ്യൻ രാജ്യങ്ങൾ,നേപ്പാൾ,ഭൂട്ടാൻ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടായിരുന്ന തന്ത്രപരമായ ബന്ധങ്ങളിൽ സംഭവിച്ച വിള്ളലുകൾ പുതിയ വിദേശ നയത്തിന്റെ പോരായ്മകളിലേക്കാണ് വിരൽചൂണ്ടുന്നത്.

യൂറോപ്യൻ യൂണിയൻ എം പിമാരുടെ കശ്മീർ സന്ദർശനം

സ്വദേശിയമായ യാഥാർത്ഥ്യങ്ങളിൽ ഉടലെടുത്ത ഇന്ത്യയുടെ വിദേശനയം പൂർണമായും വൈദേശികമായി അധപതിച്ചിരിക്കുന്നു എന്ന് ചുരുക്കം. ഉദാഹരണമായി കാശ്മീർ സന്ദർശിക്കുവാൻ ഇന്ത്യൻ പ്രതിപക്ഷ നേതാക്കൾക്കുപോലും അനുമതി നിഷേധിക്കപ്പെടുകയും,അവർക്ക് കോടതിയുടെ അനുമതി ആവശ്യമായി വരികയും ചെയ്യുന്നിടത്താണ്, യൂറോപ്യൻ യൂണിയനിലെ തീവ്രവലതുപക്ഷ എംപിമാർക്ക് കാശ്മീർ സന്ദർശിക്കുവാൻ നിരുപാധികം അനുമതി നൽകപ്പെട്ടത്. അധിനിവേശ വിദേശനയങ്ങളെ ആരോഗ്യപരമായി ചെറുത്തിരുന്ന ഇന്ത്യൻ നയതന്ത്രചരിത്രത്തെയും സ്വാതന്ത്ര്യസമരകാലത്തെ വീരപോരാട്ടങ്ങളെയും വീണ്ടും ഓർത്തെടുക്കേണ്ടിവരുന്നത് ഇവിടെയാണ്. ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. യൂറോപ്യൻ യൂണിയനിലെ എംപിയായ തെരേസ ജെഫിന്റെ അഭിപ്രായമാണിത് ”ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരസ്യ അംബാസഡറാകുവാൻ ഞാനില്ല” എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്. ജനാധിപത്യത്തെ മറ്റു രാജ്യങ്ങൾക്കിടയിൽ പരിഹാസ്യമാക്കുകയാണോ നിലവിലെ ഇന്ത്യൻ നയങ്ങൾ എന്ന് പുനരലോചിക്കേണ്ടിയിരിക്കുന്നു.

ചേരിചേരാ നയത്തിൽനിന്നും നയതന്ത്ര അടിമത്തത്തിലേക്ക്

ഇന്ത്യയുടെ പാരമ്പര്യമായ വിദേശനയം ചേരിചേരാനയത്തിൽ അധിഷ്ഠിതമായിരുന്നു. ഒറ്റപ്പെട്ട രാജ്യങ്ങൾക്ക് സാമ്പത്തികവും, സാമൂഹികവുമായ വളർച്ച സാധ്യമല്ലെന്ന തിരിച്ചറിവിൽ എല്ലാ ലോകരാജ്യങ്ങളും പരസ്പര സഹകരണത്തോടെ മുന്നേറാനുണ്ട്. ഇന്ത്യയും അന്താരാഷ്ട്രതലത്തിൽ നിരവധിയായ ധാരണകളിലൂടെ ഈ വളർച്ചാ ചങ്ങലയുടെ ഭാഗമാണ്. എങ്കിൽപോലും ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ച നയങ്ങളുടെയും ഗാന്ധിയൻ തത്വചിന്തകളുടെയും പിൻബലത്തിൽ, വർണ്ണവിവേചനത്തിനും സാമ്രാജ്യത്വത്തിനും എതിരായി ഉയർന്നുവന്ന ഒരു രാഷ്ട്രീയ നയമായിരുന്നു ഇന്ത്യയുടെ വിദേശനയം എന്നതിൽ സംശയമില്ല.

ഒരുകാലത്ത് ലീഗ് ഓഫ് നേഷൻസിന്റെ ഭാഗമായിരുന്ന് പരസ്പര ബഹുമാനത്തിലും, സഹവർത്തിത്വത്തിനും അധിഷ്ഠിതമായി ഇന്ത്യ നടത്തിയ രാജ്യാന്തര ഇടപെടലുകൾ ഇന്ത്യയുടെ വിദേശനയത്തിന് അന്താരാഷ്ട്ര പ്രശംസ നേടിക്കൊടുത്തു. സോവിയറ്റ് റഷ്യ യുമായുള്ള ബന്ധം ഇന്ത്യൻ സമ്പദ്ഘടനയിൽ ഉണ്ടാക്കിയ വളർച്ച ഇതിനുദാഹരണമാണ്. എന്നാൽ പിന്നീട് ചേരിചേരാനയത്തിൽ നിന്നും ഇന്ത്യ പിന്നോക്കം പോവുകയും, മുതലാളിത്ത രാഷ്ട്രങ്ങൾക്ക് കീഴിൽ ദേശീയനയങ്ങളെ ഉടച്ചുവാർക്കുകയും ചെയ്തു എന്ന് കാണാം. അമേരിക്കയുമായുള്ള നയതന്ത്ര-സൈനിക സഹകരണം ഇന്ത്യയുടെ പരമ്പരാഗത നയങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങളുടെ മികച്ച ഉദാഹരണമാണ്. ഈ പുതിയ നയങ്ങളുടെ പരിണിതഫലമാകട്ടെ ഇത്രയും കാലം ഇന്ത്യയുടെ മിത്രങ്ങളായിരുന്ന രാജ്യങ്ങളെയും,അയൽ രാജ്യങ്ങളെയും ഇന്ത്യയുടെ ശത്രുപക്ഷത്ത് നിർത്തിഎന്നത് മാത്രമല്ല,അന്താരാഷ്ട്രതലത്തിൽ ഇന്ത്യക്ക് ഉണ്ടായിരുന്ന മേൽകൈ നഷ്ടപ്പെടുത്തി എന്നത് കൂടിയാണ്. കോളനിവിരുദ്ധ സമരങ്ങളുടെ ലോക ശബ്ദമായി ഒരു കാലത്ത് ഇന്ത്യ മാറ്റപ്പെട്ടിരിക്കുന്നു. വിയറ്റ്നാം, പാലസ്തീൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സാർവദേശീയ വേദികളിൽ സാമ്രാജ്യത്വത്തിനെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഇന്ത്യ.

നയതന്ത്രപ്രധാനമായ ഈ ഇന്ത്യൻ നിലപാടിന് മറ്റ് ലോകരാജ്യങ്ങളുടെ ദൃഢമായ പിന്തുണയും ലഭിച്ചിരുന്നു എന്നതാണ് വസ്തുത. എന്നാൽ പിൻകാലത്ത് ചേരിചേരാനയത്തിൽ നിന്നും ഇന്ത്യ വ്യതിചലിക്കുകയും അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യൻ വിദേശ നയങ്ങളെ പുനർവ്യാഖ്യാനിക്കുകയും ചെയ്തുവഴി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ നിലപാടുമാറ്റം ചോദ്യം ചെയ്യപ്പെട്ടു. 2004 നു ശേഷമാണ് പ്രകടമായി ഈ മാറ്റം സംഭവിക്കുന്നത്. ഉദാഹരണമായി ഒരു കാലത്ത് പാലസ്തീനെ പിന്തുണയ്ക്കുകയും വിവിധ രാജ്യങ്ങളുടെ അധിനിവേശ ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തിരുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ വിവിധ സൈനിക ബ്ലോക്കുകളുടെ ഭാഗമായതോടെ ഇസ്രായേലിന്റെ പൈശാചികമായ അധിനിവേശത്തെ ഇന്ത്യയും പിന്തുണച്ചു എന്നത് ഒരു വിരോധാഭാസം തന്നെ.

ചേരിചേരാനയം വലിച്ചെറിഞ്ഞ സമകാലിക ഇന്ത്യൻ ഭരണകൂടം അമേരിക്കയുമായും, നാറ്റോയുമായും ഇസ്രായേലുമായും സഖ്യം വിഭാവനം ചെയ്യുന്നത് ആർ എസ് എസ്സിന്റെ ലോകവീക്ഷണത്തെ മുൻനിർത്തിയാണ്. മുസ്ലിം ലോകത്തിനും സോഷ്യലിസ്റ്റ് സമൂഹങ്ങൾക്കും എതിരായി ഉയർത്തിയെടുക്കാവുന്ന ഒരു സഖ്യമെന്ന നിലയിലാണ് ആർ എസ് എസ് ഈ സഖ്യത്തെ സ്വാഗതം ചെയ്യുന്നതും ഭരണകൂടം അത് നടപ്പിലാക്കുന്നതും. സ്വതന്ത്രമായ വിദേശനയം ഇന്ത്യക്ക് കൈമോശം വരുന്നതിന് ഇത് കാരണമായി. സാർക്ക് രാജ്യങ്ങളുമായുള്ള സഹകരണം ഓട്ടക്കലത്തിൽ വെള്ളം നിറക്കുന്നതിന് തുല്യമായി. പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം താറുമാറായി. ഇതെല്ലാം പുതിയ ചുവടുമാറ്റത്തിന്റെ പരിണിതഫലങ്ങൾ തന്നെയാണ്

അശാന്തമാകുന്ന അതിർത്തികൾ

നെഹ്റുവിന്റെ ഇന്ത്യയിൽ നിന്ന് മോദിയുടെ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഇന്ത്യയുടെ വിദേശ നയത്തിലുണ്ടായ മാറ്റം എന്താണെന്ന ചോദ്യത്തിന് 1955 -ൽ ഇന്ത്യ നടത്തിയ ആഫ്രോ-ഏഷ്യൻ രാജ്യങ്ങളുടെ ചരിത്രപ്രസിദ്ധമായ സമ്മേളനത്തിൽ നിന്നും അരുൺ ജെയ്റ്റിലിയുടെ വിവാദമായ പ്രസ്താവനയോളം അന്തരം സംഭവിച്ചുകഴിഞ്ഞു എന്നാണ് ഉത്തരം. “അമേരിക്കക്ക് അബോട്ടാബാദിൽ സൈനികനീക്കം നടത്താമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് സാധിക്കില്ല” എന്നപ്രസ്താവനയോടെയാണ് ചേരിചേരാ നയത്തിൽ നിന്നും ഇന്ത്യ പൂർണമായി പിന്മാറുകയാണ് എന്ന് അദ്ദേഹം സൂചന നൽകിയത്. ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചവിട്ടിമെതിക്കുവാൻ ഇന്ത്യ തയ്യാറാകുന്നു എന്നതിന്റെ അർത്ഥം ഇന്ത്യയുടെ നയങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു എന്നതാണ്.

ഇന്ത്യ- ചൈന അതിർത്തി 

ബാലാകോട്ട് ആക്രമണത്തെ ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ‘സ്വയം പ്രതിരോധ നടപടി’ എന്നാണ് വിദേശകാര്യമന്ത്രാലയം അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ വാക്കുകളെ കടമെടുത്ത് ഈ ആക്രമണത്തെ വ്യാഖ്യാനിച്ചത്. നയ രൂപീകരണത്തിൽ നിരന്തരമായ മാറ്റങ്ങൾ വരുമ്പോഴും ചൈനയും, പാകിസ്ഥാനും ഇന്ത്യയുടെ തുടർച്ചയായ ആശങ്കകളായി മാറുകയാണ്.

ബന്ധങ്ങൾ മെച്ചപ്പെടുന്നതിനപ്പുറം കൂടുതൽ മോശമാവുകയാണ് സ്ഥിതിഗതികൾ. വിദേശനയത്തിന്റെ പ്രായോഗിക സമീപനം ‘മേക്കിങ് ഇന്ത്യ’ തുടങ്ങിയ പദ്ധതികളിലൂടെ ഭരണകൂടം വിഭാവനം ചെയ്യുന്നുണ്ട്. ചൈനീസ് ബ്രാൻഡുകളുടെ നിരോധനം ഉൾപ്പെടെ ഇതിനോട് ചേർത്ത് വായിക്കാം. ഇസ്രായേൽ, പാലസ്തീൻ, ഫസഫിക് ദ്വീപ് രാജ്യങ്ങൾ, ജപ്പാൻ, സൗദിഅറേബ്യ, യൂറോപ്യൻ യൂണിയൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം തുടരുന്നുണ്ടെങ്കിലും ഇന്ത്യയുടെ അവസരവാദനയതന്ത്ര സമീപനം ബന്ധങ്ങളിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യ -പാകിസ്ഥാൻ ബന്ധത്തെ തിരഞ്ഞെടുപ്പ് വിഷയമായി മാത്രം ഇരുരാജ്യങ്ങളിലെയും ഭരണകൂടങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നതാണ് മറ്റൊരു വസ്തുത. ‘കുൽഭൂഷൻ ജാദിവിന്റെ’ കേസ് തന്നെ ഇതിനുദാഹരണമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഭരണകൂടങ്ങൾ, ഇന്ത്യ-പാക് സംഘർഷത്തെ ജനാധിപത്യത്തെ മറികടക്കുവാനുള്ള ഒരു തന്ത്രമായി കൊണ്ടുനടക്കുകയാണ് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

പാക്ക് – ചൈന സാമ്പത്തിക ബന്ധങ്ങളും, ആയുധ കച്ചവടങ്ങളും, പാക് അധിനിവേശ കാശ്മീരിലെ ചൈനയുടെ നിർമ്മാണപ്രവർത്തികളും ചൈനയുടെ നയതന്ത്ര വിജയമായി മാറുമ്പോൾ ഇന്ത്യയുടെ നില കൂടുതൽ സങ്കീർണമാക്കുകയാണ്. 1962-ലെ യുദ്ധത്തിനുശേഷം നഷ്ടമായ 50,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്നും ഇന്ത്യ തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ചൈനയ്ക്ക് വെച്ചുനീട്ടിയ ഇന്ത്യയുടെ സോഷ്യലിസ്റ്റ് നിലപാട് മാറുവാൻ ആയുദ്ധം കാരണമായി എന്നുകാണാം. പക്ഷേ പഞ്ചശീലതത്വങ്ങളുടെ ഭൂമികയിൽ ഇന്ന് സ്ഥിതി കൂടുതൽ സങ്കീർണ്ണമാണ്. 40 വർഷത്തിനുശേഷം അതിർത്തികൾ യുദ്ധവീരന്മാരുടെ ചോരകൊണ്ട് ചരിത്രത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നു. അവിശ്വാസത്തിനുമേൽ നിഴൽ പരക്കുമ്പോൾ അതിനു കാരണമാകുന്നത് സാമ്രാജ്യത്വശക്തികളുടെ തന്ത്രങ്ങളാണ് എന്നത് മറ്റൊരു സത്യം.

ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ നയങ്ങളുടെയും അമേരിക്കൻ ചായ് വിന്റെയും ഫലമായി താറുമാറായപ്പോൾ, ആ സാഹചര്യത്തെ ഉപയോഗപ്പെടുത്തി ഇന്ത്യൻ മഹാസമുദ്രത്തിനും അയൽ രാജ്യങ്ങളിലും സൈനിക കേന്ദ്രങ്ങൾ കെട്ടിപ്പൊക്കി, ഇന്ത്യയെ യുദ്ധമുഖത്ത് നിർത്തുവാൻ ചൈന ശ്രമിക്കുകയാണ്. ഒരുപക്ഷേ ഇവിടെയാണ് ഇന്ത്യൻ നയതന്ത്ര മേഖലക്ക് സംഭവിച്ച വലിയൊരു പരാജയത്തെ വായിച്ചെടുക്കുവാൻ സാധിക്കുക. നയപരമായ സമീപനങ്ങളെ മാറ്റിനിർത്തി ദക്ഷിണ ചൈനാകടലിൽ അമേരിക്കൻ സഹായത്തോടെ മുന്നേറുവാൻ ശ്രമിക്കുന്ന ഇന്ത്യയുടെ നവലിബറൽ നയങ്ങൾ തീരുമാനിക്കുന്നത് അമേരിക്കയുടെ സ്വതന്ത്ര താൽപര്യങ്ങളാണോ എന്നത് മറ്റൊരു സംശയമായി ഉയർന്നുവരുന്നു. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന ഈ ശീതസമരത്തിൻറെ സൂത്രധാരൻ അമേരിക്കൻ കേന്ദ്രീകൃത ലോകക്രമത്തെ പരിപോഷിപ്പിക്കുന്ന അമേരിക്കൻ ഭരണകൂടവും ആയുധ കച്ചവടകമ്പനികളുമാണ് എന്നത് തർക്കമില്ലാത്തെ സ്ഥാപിച്ചെടുക്കാവുന്ന വസ്തുതയാണ്.

ഇമ്രാൻ ഖാൻ- ഷി ജിൻ പിൻ കൂടിക്കാഴ്ച  

പാക്കിസ്ഥാനെയും ചൈനയെയും എന്നും ശത്രുപക്ഷത്ത് നിർത്തിയുള്ള നീക്കങ്ങൾ ഇന്ത്യയെ സാമ്പത്തികമായി തകർക്കുകയും ആഭ്യന്തരമായി അസ്ഥിരമാക്കുകയും ചെയ്യും, എന്നതിൽ സംശയമില്ല. രാഷ്ട്രീയതലത്തിൽ ചർച്ചകൾ നടക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുമ്പോഴും പ്രായോഗിക തലത്തിൽ ശക്തമായ സൈനിക ഏറ്റുമുട്ടലുകളായി അവ പരിണമിക്കുന്നത് ഉപയകക്ഷി കരാറുകളിൽ രാജ്യങ്ങൾക്കുള്ള അവിശ്വാസത്തിൻറെ തെളിവാണ്. ‘ദോക് ലാ’ സംഘർഷത്തിനു ശേഷം രാജ്യത്തലവന്മാർ കൂടിക്കാഴ്ച നടത്തിയപ്പോഴും പ്രശ്നപരിഹാരം നീണ്ടുപോവുകയും അതിർത്തികൾ സംഘർഷഭരിതമായി തന്നെ തുടരുകയും ചെയ്തു.

വിദേശ നയരൂപീകരണത്തിൽ സംഭവിച്ച കാതലായ മാറ്റങ്ങൾ മുൻനിർത്തി പുതിയ സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യക്ക് കഴിയാതെ വരുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചൈനയുമായുള്ള സമീപകാല സംഘർഷങ്ങൾ പോലും ഈ നയരൂപീകരണത്തിന്റെ വൈകല്യമാണ്. ‘ഇന്ത്യ-പാക് ബന്ധം ഒരു വെടിമരുന്നു പെട്ടിയാണ്’ എന്ന് അഭിപ്രായപ്പെട്ടത് മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപാണ്. ഈ വെടിമരുന്ന് പെട്ടിയെ അമേരിക്കയും ചൈനയും ഉപയോഗപ്പെടുത്തുന്നുണ്ട്. അമേരിക്കയുടെ പരീക്ഷണശാല ഇന്ത്യയാണെങ്കിൽ, ചൈനയുടേത് പാകിസ്ഥാനാണ്.

സമീപകാലംവരെ അമേരിക്കയുടെത് ഇരട്ടത്താപ്പ് ആയിരുന്നുവെങ്കിലും, പാകിസ്ഥാൻ ചൈനയോട് കൂടുതൽ അടുത്തത് അമേരിക്കയെ മറ്റൊരുതലത്തിൽ ചിന്തിക്കുവാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മൃദുസമീപനം 2014 ന് ശേഷം അധികാരത്തിലേറിയ നരേന്ദ്ര മോദി ഗവൺമെൻറ് പൊളിച്ചു എഴുതുകയുണ്ടായി. 56 ഇഞ്ച് നെഞ്ച് വിരിവിന്റെ ‘വീരസ്യം’ അങ്ങനെയാണ് ലോകം അറിയുന്നത്. പക്ഷേ കണ്ണുകെട്ടിയ ഒരു ചൂതാട്ടമായിരുന്നു അത് എന്ന് തിരിച്ചറിയുവാൻ പിന്നെയും സമയമെടുത്തു. തുടർന്ന് അതിർത്തികൾ അശാന്തമാകുന്ന കാഴ്ചയാണ് നാം കണ്ടത്. ഭീകരപ്രവർത്തനങ്ങളും, അതിർത്തിലംഘനങ്ങളും വർദ്ധിച്ചു. പാകിസ്ഥാൻ, ചൈനീസ് അതിർത്തികൾ ഒരേസമയം കലുഷിതമായി. സൈനിക നീക്കങ്ങൾ കൊണ്ട് ഇന്ത്യ മറുപടി പറഞ്ഞു തുടങ്ങി. വിവേകത്തെകാൾ വൈകാരികതക്ക് പ്രാധാന്യം നൽകുന്ന നയതന്ത്രം അയൽ രാജ്യങ്ങളുമായുള്ള ശീതസമരത്തെ പ്രോത്സാഹിപ്പിച്ചു എന്ന് വേണം കരുതാൻ.

124 മൈൽ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയും 450 മൈൽ നീളമുള്ള നിയന്ത്രണരേഖയും ഇന്ന് കുരുതിക്കളമാണ്. നിഴലിൽ യുദ്ധത്തെ നയതന്ത്രം കൊണ്ട് നേരിടുവാൻ ഇന്ത്യൻ ഭരണകൂടത്തിന് കഴിയാതെ വരുമ്പോൾ, അത് പാകിസ്ഥാനും ചൈനയ്ക്കും ആവേശമായി മാറുകയാണ്. സ്ഥിരതയില്ലാത്ത നിലപാടുകളിലൂടെ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ അമേരിക്ക അവസരങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. “പാകിസ്ഥാൻ നിങ്ങളുടെ ശത്രുവല്ല, ഇരുരാജ്യങ്ങളും പോരാടുന്നത് ഒരു ശത്രുവിനെതിരെയാണ്.” വസീം അക്രത്തിന്റെ നിലപാട് ചർച്ച ചെയ്യപ്പെടാൻ ലോകമാധ്യമങ്ങളോ,ലോകരാജ്യങ്ങളും തയ്യാറായിരുന്നില്ല. കാരണം ഇന്ത്യ പാക് സംഘർഷങ്ങൾ ആയുധകച്ചവടത്തിന് ഏറ്റവും വലിയ കമ്പോളമായിരുന്നു. ആയുധകകച്ചവടം ആയിരുന്നു അവിടെ നയതന്ത്രം. ആ ലാഭവഹിതത്തെ മാറ്റി വയ്ക്കുവാൻ അവർ ഒരിക്കലും തയ്യാറാകുമായിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്ക് അതിർത്തിയിലെ ചോരയുടെ മണം വോട്ടുബാങ്കിന്റെ വ്യാകരണ തന്ത്രമാണ്.

മോദി-ബൈഡൻ കൂടിക്കാഴ്ച 

പരമാധികാരത്തെയും പ്രാദേശികാധിത്തെയും പിന്തുണച്ചിരുന്ന ഇന്ത്യയുടെ വിദേശ നയത്തിൽ സംഭവിച്ച മാറ്റങ്ങൾ, അവസരവാദം നയതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു. സൗത്ത് ഏഷ്യയിലെ ഞാണിന്മേൽക്കളി ഉപയോഗപ്പെടുത്തുന്ന അമേരിക്കയുടെ നയതന്ത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ഇന്ത്യയുടെ പരാജയഭാവമാണ്, അയൽ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ കലുഷിതമായ പ്രശ്നങ്ങളുടെ മൂലകാരണം. ആയുധ കച്ചവടത്തിന്റെ നയതന്ത്രമാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത് എന്നുപറയുമ്പോൾ, അവിടെ ചൈനയ്ക്ക് പാകിസ്ഥാനും, അമേരിക്കയ്ക്ക് ഇന്ത്യയും എന്നും പ്രിയപ്പെട്ട കമ്പോളങ്ങൾ തന്നെയാണ്.

സാമ്രാജ്യത്വ അടിമത്തം

ചൈന -ഇന്ത്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാൻ,ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ സൃഷ്ടിച്ച പുതിയ ഉഭയകക്ഷി ബന്ധങ്ങൾ മറ്റൊരു നയതന്ത്ര യുദ്ധമുഖം തുറന്നിരിക്കുകയാണ്. ചൈനയുടെ ലഡാക് കടന്നുകയറ്റമാണ് ജപ്പാനുമായുള്ള സഹകരണ ചർച്ചകളെ പ്രാധാന്യത്തോടെ സമീപിക്കുവാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. നിരന്തരമായ കടന്നുകയറ്റങ്ങൾക്ക് പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈന നടത്തിയ നീക്കങ്ങൾ ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. അതേ നാണയത്തിൽ മറുപടി നൽകുകയായിരുന്നു ഇന്ത്യ. അതിന് ജപ്പാനും ഒപ്പം നിർത്തുകയാണ് ഇന്ത്യ ചെയ്തത്. ഫസഫിക് മേഖലയിലെ ജപ്പാൻ – വിയറ്റ്നാം -ചൈന തർക്കത്തെ ഉപയോഗപ്പെടുത്തുക എന്ന നയതന്ത്രമാണ് ഇവിടെ വിജയിച്ചത്.

ചൈനീസ് വിരുദ്ധതയെ കൂട്ടുപിടിച്ച് വിയറ്റ്നാം ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ അടുതത് പുതിയ ഒരു ഉഭയകക്ഷി ബന്ധത്തിന്റെ പ്രതീക്ഷകളുമായാണ്. ബ്രിക്സ് ബാങ്കിലുള്ള ചൈനയുടെ ആധിപത്യത്തെ തോൽപ്പിക്കുവാൻ കഴിഞ്ഞതും ഈ നയതന്ത്രത്തിലെ വിജയമാണ്. ദക്ഷിണകൊറിയയും ഒപ്പം നിർത്താൻ ഇന്ത്യയ്ക്ക് കഴിയുന്നുണ്ട്. പക്ഷേ തിരശ്ശീലക്കിടയിൽ ഇന്ത്യയ്ക്ക് പലപ്പോഴും ചൈനയുടെ കാര്യത്തിൽ കണക്കുകൂട്ടലുകൾ പിഴക്കുകയാണ്. ഇസ്രായേലിനെ ചേർത്തുനിർത്തുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അമേരിക്കൻ സ്വാധീനത്തിന്റെ ഫലമാണ്.

മോദിയും നെതന്യാഹുവും 

റഷ്യയും ചൈനയും ഇറാഖിനെ പിന്തുണക്കുമ്പോൾ ഇന്ത്യ പുലർത്തുന്ന മനോഭാവം ഇന്ത്യയുടെ വിശാലമായ നയതന്ത്ര ഭൂമികയിൽ വലിയ കരിനിഴൽ സൃഷ്ടിച്ചുകഴിഞ്ഞു. ഇന്ത്യയുടെ വിദേശനയം ഏഷ്യയുടെ പുരോഗതി ലക്ഷ്യമാക്കിയാവണം എന്ന വാദത്തെ മുൻനിർത്തിയാണ് ചേരിചേരാ പ്രസ്ഥാനത്തെ ഇന്ത്യ മുറുകെ പിടിച്ചിരുന്നത്. എന്നാൽ തീവ്രദേശീയ വലതുപക്ഷ വാദികൾക്ക് അമേരിക്കയുടെ തൊഴുത്തിൽ വേലയെടുക്കുവാനായിരുന്നു ഇഷ്ടം. ആ സാമ്രാജ്യത്വ അടിമത്തമാണ് ഇന്ന് ഇന്ത്യയുടെ നയതന്ത്രം.

അഫ്ഗാനിസ്ഥാൻ്റെ ഭരണം താലിബാൻ പിടിച്ചടക്കുമ്പോൾ പുതിയ താലിബാൻ ഭരണകൂടത്തോടുള്ള ഇന്ത്യയുടെ നിലപാട് ഇനിയും പൊതുസമൂഹത്തിനു മുമ്പിൽ വ്യക്തമായ അവതരിപ്പിക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2001 മുതൽ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിൽ ഇന്ത്യ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഭരണപരമായും, സൈനികമായും, സാമ്പത്തികമായും ഇന്ത്യ അഫ്ഗാനിസ്ഥാനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു എന്നത് വസ്തുതയാണ്. എങ്കിൽപോലും അഫ്ഗാൻ നയത്തിന്റെ കാര്യത്തിൽ ഇന്ത്യയെന്നും യു എസ് പക്ഷത്തായിരുന്നു. യു എസ്സും നാറ്റോയും ഉൾപ്പെടുന്ന വടക്കൻ സഖ്യത്തിലാണ് ഇന്ത്യയും. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം നടത്തുമ്പോൾ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകൾക്ക് ഏഷ്യൻ മേഖലയിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധിക്കും.

താലിബാൻ 

താലിബാൻ അധികാരത്തിൽ പ്രവേശിച്ച ഉടനെ ഇന്ത്യയ്ക്ക് എംബസി അടച്ചുപൂട്ടേണ്ടി വന്നു. പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാൻ മറ്റ് വിദേശരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയും വേണ്ടിവന്നു. അതേസമയം ചൈനയും പാകിസ്ഥാനും താലിബാൻ ഭരണകൂടത്തോട് മൃദുസമീപനമാണ് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ അതിർത്തികൾ കൂടുതൽ സംഘർഷഭരിതമാകുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതിനും അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൽ ഭരണകൂടത്തിന്റെ രംഗപ്രവേശം കാരണമായേക്കാം എന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെയാണ് 2019 ന് ശേഷം ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിനും, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനും വിവിധ ഭരണത്തലവൻമാരുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്നതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന അമേരിക്കൻ സന്ദർശനത്തിന് അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമേറുന്നത്.

കൊളോണിയൽവിരുദ്ധ രാഷ്ട്രീയത്തിന്റെ തുടർച്ചയായി വളർന്നു വന്ന വിദേശനയത്തെ തിരികെ പിടിക്കുകയാണ് വർത്തമാനകാല ഇന്ത്യയുടെ ഉപയകക്ഷി ബന്ധങ്ങളെ ശീതസമരങ്ങളിൽ നിന്നും രക്ഷിക്കുവാനുള്ള ഒരു മാർഗം. ഒരുകാലത്ത് ‘സക്രിയ’ ഗ്രൂപ്പ് വഴി ഇന്ത്യ ലോകരാജ്യങ്ങളുടെ ശബ്ദമായി മാറിയ സ്ഥിതിവിശേഷം ഉണ്ടായിരുന്നു. സാമ്രാജ്യത്വവിരുദ്ധയായിരുന്നു അതിന്റെ അടിത്തറ. നയരൂപീകരണത്തിൽ പ്രായോഗിക മാറ്റങ്ങൾക്ക് അപ്പുറത്ത് അടിമത്ത മനോഭാവതിലേക്ക് ലോകരാജ്യങ്ങളെ, ഇന്ത്യയുടെമേൽ കടന്നുകയറുവാൻ അനുവദിക്കുന്ന വികലമായ രാഷ്ട്രീയനേട്ടങ്ങൾ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. ദേശീയവിമോചന പോരാട്ടങ്ങളുടെ സംരക്ഷകയായിരുന്നു ഒരു കാലത്ത് ഇന്ത്യ. ബംഗ്ലാദേശിലും, ശ്രീലങ്കയിലും അത് പ്രകടമായതാണ്.പക്ഷേ പിന്നീട് അമേരിക്കൻ നിലപാടുകളുടെ മൗനിയായ ആജ്ഞാനുവർത്തിയായി ഇന്ത്യ പരിണമിച്ചു.

ഇരയുടെയും വേട്ടക്കാരനും മുൻപിൽ നിസ്സഹായതയോടെ നിൽക്കുന്ന ഒടുവിൽ വേട്ടക്കാരനോട് കൂറുപുലർത്തുന്ന ഇന്ത്യൻ നയം അതിർത്തികളിൽ ഇന്ത്യയ്ക്ക് തന്നെ തലവേദനയായി. നവലിബറൽ ചിന്താഗതിയുടെയും സഹായം ഇതിനുണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അശാന്തിയിലേക്കുള്ള തിരിച്ചുപോക്കല്ല സമാധാനത്തെ മുൻനിർത്തിയുള്ള കാതലായ രാഷ്ട്രീയ നീക്കങ്ങൾക്ക് കീഴിൽ രാജ്യത്തിന്റെ അഭിമാനവും അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനായിരിക്കണം നാളെയുടെ ഇന്ത്യയുടെ വിദേശനയം.

ഗ്രന്ഥസൂചി

Malayala Manorama editorial 7 September 2017
home news Kerala 2020
deshabhimani 28 February 2019
All India Radio 23 March 2020
Janmabhoomi March 2019
Manorama 18 June 2020
CPM research studies 2017
Inc.Wayanad.in.open 2019
azhimukham.com 17 September 2020
new 18 India March 2019
mark in India news March 2020
Indian Constitution
കേരളകൗമദി March 2020.

LEAVE A REPLY

Please enter your comment!
Please enter your name here