ഇന്ന് നവംബർ 14, ഇന്ത്യയിൽ ഇന്ന് ശിശുദിനമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനം അങ്ങനെയാണ് ഇന്ത്യ ആഘോഷിക്കുന്നത്. നെഹ്റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും തുടച്ചുമാറ്റുവാനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ ശ്രമങ്ങൾ അത്രമേൽ ശക്തിപ്പെട്ടിരിക്കുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയിൽ നെഹ്റുവിനെക്കുറിച്ച് സംസാരിക്കുന്നതുപോലും ഏറ്റവും മികച്ച രാഷ്ട്രീയ പ്രതിരോധമാണ് എന്നതാണ് 2021 നവംബർ 14 ന്റെ പ്രാധാന്യം.

ആധുനിക ഭാരതത്തെ പണിതുയർത്തിയ, നാൽപതാം വയസ്സിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നെഹ്റു എന്ന ദീർഘദർശിയായ ഭരണാധികാരിയെ പ്രാകൃതവും സങ്കുചിതവുമായ വ്യക്തിഹത്യ നടത്തി ചരിത്രത്തിൽ നിന്നും നമസ്കരിക്കുവാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾ ചരിത്രപരമായ അബദ്ധങ്ങളിലൊന്നായി വ്യാഖ്യാനിക്കപ്പെടും. മറ്റാരെക്കാളും സംഘപരിവാറിനോട് കഠിനമായ വിയോജിപ്പ് പ്രകടിപ്പിച്ച നെഹ്റുവിന് ബദലായി സർദാർ വല്ലഭായി പട്ടേലിനെയാണ് സംഘപരിവാർ ഉയർത്തിക്കാണിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം.
ആർഎസ്എസിനോട് ഒരുതരത്തിലും ഐക്യപ്പെടാൻ നെഹ്റു തയ്യാറായിരുന്നില്ല എന്നതാണ് സംഘപരിവാർ ഭരണകൂടത്തെ എന്നും അസ്വസ്ഥമാക്കുന്നത്. ആർഎസ്എസിനെതിരെ നെഹ്റു നടത്തിയ വിമർശനപരമായ പരാമർശങ്ങൾ ‘ആധുനിക ഇന്ത്യയുടെ ശില്പികൾ’ എന്ന പുസ്തകത്തിൽ രാമചന്ദ്ര ഗുഹ വിശദീകരിക്കുന്നുണ്ട്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ ഇന്ത്യയും ലോകരാജ്യങ്ങളും തമ്മിലുള്ള മാധ്യമം നെഹ്റുവായിരുന്നു എന്നതും, തങ്ങൾക്കിടയിൽ നിന്ന് നെഹ്റുവിന് ബദലായി ഇന്ത്യൻ ചരിത്രത്തിലേക്ക് ഒരു സംഘപരിവാർ നേതാവിനെ ഉയർത്തിക്കാണിക്കാൻ കഴിയുകയില്ല എന്ന തിരിച്ചറിവുമാണ് സംഘപരിവാർ ഭരണകൂടത്തിൻ്റെ രാഷ്ട്രീയ പകപോക്കലിൻ്റെ അടിസ്ഥാനം. നെഹ്റുവിന്റെ ഓർമ്മകൾ പോലും നിലവിലെ ഭരണകൂടത്തെ ഭയപ്പെടുത്തുന്നു എന്നത് വസ്തുതയാണ്.

അലഹബാദിലെ നെഹ്റുവിൻ്റെ പ്രതിമ ഉത്തർപ്രദേശ് സർക്കാർ നീക്കം ചെയ്തത് ഈ അടുത്ത ദിവസങ്ങളിലാണ്. ഗീബൽസിയൻ  തിയറിയാണ് തീവ്ര വലതുപക്ഷം നെഹ്റുവിനെ അപരവൽക്കരിക്കാൻ ഉപയോഗിച്ചുവരുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ഐ സി എച്ച് ആർ വെബ്സൈറ്റിൽ സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം നെഹ്റുവിന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നതും ആ സ്ഥാനത്ത് സവർക്കറെ പ്രതിഷ്ഠിച്ചതും വെറുമൊരു അബദ്ധമായിരുന്നില്ല. പിന്നീട് ഉയർന്നുവന്ന പ്രതികരണങ്ങൾ അത് തെളിയിക്കുന്നുണ്ട്.

കേവലമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി നെഹ്റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും മായ്ച്ചുകളയുവാനുള്ള ശ്രമമാണ് സംഘപരിവാർ ഭരണകൂടം നടത്തിവരുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മൻകീ ബാത്തിൽ പോലും  ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന നിരവധി ശ്രമങ്ങൾ കാണാം. പ്രധാനമന്ത്രിയുടെ ഈ ചരിത്ര  അബദ്ധങ്ങൾക്കെതിരെ പ്രമുഖ ചരിത്രകാരൻ സയ്യിദ് ഇർഫാൻ ഹബീബ് രംഗത്തുവന്നിരുന്നു. നെഹ്റു ഉയർത്തിപ്പിടിച്ച മതേതര ചിന്തയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന ആശയ രാഷ്ട്രീയത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് നെഹ്റുവിന്റെ സ്വകാര്യ ജീവിതത്തെ നിരന്തരമായി തെറ്റായി വ്യാഖ്യാനിക്കുവാനും, നിരവധിയായ നുണപ്രചരണങ്ങൾ ഉയർത്തിവിടാനും സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ ശ്രമിച്ചു വരുന്നത്.

“നെഹ്റുവിന്റെ പേരിൽ ഹുക്ക ബാറുകൾ തുറക്കുന്നതാണ് കോൺഗ്രസിന് നല്ലത്” എന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയുടെ വാക്കുകൾ ഈ നുണപ്രചരണത്തിന്റെ ഉദാഹരണമാണ്. “ഗാന്ധിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് നെഹ്റു” എന്നായിരുന്നു പി കെ കൃഷ്ണദാസിൻ്റെ പ്രചരണം. “നെഹ്റുവാണ് രാജ്യത്തെ തകർക്കുന്നത് എന്ന് ആദ്യം തിരിച്ചറിഞ്ഞത് ശ്യാമപ്രസാദ് മുഖർജിയാണ്” എന്നായിരുന്നു കെ സുരേന്ദ്രൻ്റെ പ്രചരണം. ഇത്തരത്തിൽ നിരന്തരമായ നുണകളുടെയും അപവാദ പ്രചരണങ്ങളുടെയും പിൻബലത്തിൽ സംഘപരിവാർ അനുകൂലമായ ഒരു വ്യാജചരിത്ര നിർമ്മിതിയാണ് നിലവിലെ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇന്ത്യൻ ചരിത്രത്തെ വർഗീയവത്ക്കരിക്കാനുള്ള, ഭരണകൂടം നേതൃത്വം നൽകുന്ന ഇത്തരം ശ്രമങ്ങൾ ശക്തമായി എതിർക്കപ്പെടണം.  ഇന്ത്യയുടെ ശരിയായ ചരിത്രത്തെ നിരന്തരം പൊതുസമൂഹത്തിനു മുൻപിൽ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുക എന്നതാണ് ഈ  വർഗീയവത്ക്കരണത്തെ പ്രതിരോധിക്കുവാനുള്ള ശരിയായ മാർഗം. ഒപ്പം നെഹ്റു മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് സമീപനവും, സാമ്പത്തിക നയവും, മതനിരപേക്ഷതയും, മാനവികതയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

സ്വയം ചരിത്രത്തിൽ കയറികൂടുവാനുള്ള സംഘപരിവാറിൻ്റെ കേവലമായ അൽപ്പതരങ്ങളും രാഷ്ട്രീയപരമായി എതിർക്കപ്പെടണം. നിലവിലുള്ള അവാർഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പേരുമാറ്റിയല്ല ഭരണകൂടം മഹത് വ്യക്തികളെ ആദരിക്കേണ്ടത്. ഇത്തരം തീരുമാനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാവുമ്പോൾ കൂടുതൽ അപകടകരമാണ്. 2012ലെ നിർമ്മൽ ഭാരത് മിഷൻ 2014ൽ സ്വച്ഛ് ഭാരത് മിഷനായതും, 2008 ലെ ജൻ ഔഷധി സ്കീം 2014ൽ പ്രധാനമന്ത്രി ജൻ ഔഷധി യോജനയായതും ഇത്തരം സങ്കുചിത തീരുമാനങ്ങളായി കണക്കാക്കാം. സ്വയം മഹത്വവൽക്കരിക്കുന്നതിനുള്ള പരിഹാസ്യമായ ശ്രമങ്ങളാണിത്.

2016 ലാണ് രാജസ്ഥാനിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് നെഹ്റുവിനെ സംബന്ധിക്കുന്ന പാഠഭാഗങ്ങൾ പൂർണമായും ഒഴിവാക്കിയത്. ഇപ്പോൾ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് സ്വാമി വിവേകാനന്ദ യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം  ചെയ്യണമെന്ന്  സംഘപരിവാർ കേന്ദ്രങ്ങൾ ആവശ്യമുയർത്തി കഴിഞ്ഞു. ഇന്ത്യയുടെ ചരിത്രത്തെയും, നാനാത്വത്തെയും, മതേതരത്വത്തെയും പരിഹസിക്കുന്നതിനുള്ള ഇത്തരം ശ്രമങ്ങളെ ജനാധിപത്യപരമായി തന്നെ പ്രതിരോധിക്കണം.

ചരിത്രത്തെ വളച്ചൊടിക്കുക എന്നതുതന്നെയാണ് സംഘപരിവാറിൻ്റെ ലക്ഷ്യം. നെഹ്റുവിന്റെ മരണത്തിനും നരേന്ദ്ര മോദിയുടെ ഭരണത്തിനുമിടയിൽ 50 വർഷത്തെ ദൂരമുണ്ട്. ആ ദൂരത്തിനിടയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക് ആധുനിക ഇന്ത്യയുടെ അടിത്തറ പണിതുയർത്തിയ നെഹ്റു ഉൾപ്പെടെയുള്ള ഇന്ത്യയുടെ മുൻ ഭരണാധികാരികളോട് നാം കടപ്പെട്ടിരിക്കുന്നു. ഈ ചരിത്ര വസ്തുതയെ സംരക്ഷിക്കുക എന്നതിനർത്ഥം സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്നത് തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here