പതിവുപോലെ ചുരംകയറി തുടങ്ങുമ്പോഴെ കോടമഞ്ഞും, നൂൽമഴയും തണുത്തകാറ്റും വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ മനംനിറയ്ക്കും. തുടർച്ചയായ ദുരന്തങ്ങളെ അതിജീവിച്ച് വയനാട്ടിലെ ടൂറിസംമേഖലയും പതിയെ കരകയറുകയാണ്. തുടർച്ചയായ പ്രളയങ്ങളും ഇപ്പോൾ കൊറോണയും തകർത്തെറിഞ്ഞ നിരവധിയായ സ്വപ്നങ്ങളെ തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് വയനാട്ടുകാർ. നീണ്ടകാലത്തെ അടച്ചിട്ടലുകൾക്ക് ശേഷം ഇക്കോടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഈ കഴിഞ്ഞ ദിവസമാണ് വീണ്ടും ഭാഗികമായെങ്കിലും പ്രവർത്തനം തുടങ്ങിയത

വയനാട്ടിലെ ജനതയുടെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നായിരുന്നു ടൂറിസവും അതിനെ ചുറ്റിപ്പറ്റിയുള്ള അനുബന്ധ വ്യാപാരങ്ങളും. ഒരു പിന്നോക്ക ജില്ല എന്ന നിലയിൽ നിന്നും സാമ്പത്തികമായും, സാംസ്കാരികമായും വയനാടിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത് ഇക്കോടൂറിസം കേന്ദ്രങ്ങളും ഒപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ സംരക്ഷിച്ച് വളർത്തിയെടുത്ത തദ്ദേശീയമായ ഒരു വിനോദസഞ്ചാര സംസ്കാരവുമാണ്. ടൂറിസം വകുപ്പിൻ്റെയും വനംവകുപ്പിൻ്റെയും കീഴിലാണ് വയനാട്ടിലെ ഒട്ടുമിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളെങ്കിലും ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ചുറ്റിപ്പറ്റി വളർന്നുവന്ന തദ്ദേശീയമായ ഒരു വലിയ കമ്പോളവ്യവസ്ഥയുണ്ട് വയനാട്ടിൽ. നാടിൻ്റെ തനതായ പ്രകൃതിവിഭവങ്ങളും, കരകൗശലവസ്തുക്കളും സഞ്ചാരികൾക്ക് ലഭ്യമാകുന്ന ചെറിയ വ്യാപാരസ്ഥാപനങ്ങൾ മുതൽ വൻ കച്ചവടകേന്ദ്രങ്ങൾ വരെയുണ്ട് അവയിൽ.

ചുരം കയറിയെത്തുന്ന സഞ്ചാരികളായിരുന്നു ഈ വ്യാപാര സ്ഥാപനങ്ങളിലെ പ്രധാന ഉപഭോക്താക്കൾ. വയനാടൻ ആദിവാസികൾ കാടുകളിൽ നിന്നും ശേഖരിക്കുന്ന തേനും ഔഷധങ്ങളും വലിയ രീതിയിൽ വിറ്റഴിക്കപ്പെടുന്നതും, രാജ്യാന്തര കമ്പോളത്തിൽ വയനാടൻ പ്രകൃതി വിഭവങ്ങൾക്ക് വലിയൊരു സ്വീകാര്യത ലഭിച്ചതും വയനാട്ടിൽ എത്തുന്ന നിരവധിയായ സംസാരികളിലൂടെയായിരുന്നു.അങ്ങനെ ടൂറിസം എന്നത് ഒരു ജനതയുടെ നിലനിൽപ്പിൻ്റെയും, ജീവിതരീതിയുടെയും, സംസ്കാരത്തിൻ്റെയും ഭാഗമായി മാറുകയായിരുന്നു.

എന്നാൽ കൊറോണയുടെ വരവോടെ ആറുമാസത്തോളം വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടന്നത് വയനാടിന്റെ സാമ്പത്തികവും സാംസ്കാരികവുമായ കെട്ടുറപ്പിനെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും ദീർഘകാലം അടച്ചിടേണ്ടി വന്ന റിസോർട്ടുകളെയും, ഹോട്ടലുകളെയും, സഞ്ചാരികളെ മാത്രം ലക്ഷ്യംവെച്ച് വ്യാപാരം നടത്തിയിരുന്ന തദ്ദേശീയരായ സാധാരണക്കാരുടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെയുമാണ് കൊറോണ മൂലം ഉണ്ടായ ഈ പ്രതിസന്ധി വളരെ കാര്യമായി ബാധിച്ചത്. ഒപ്പം കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നവരുടെയും, പ്രകൃതിവിഭവങ്ങൾ സംഭരിച്ച് സഞ്ചാരികൾക്ക് ലഭ്യമാക്കിയിരുന്ന ആദിവാസികളുടെയും, ടൂറിസ്റ്റ് ഏജൻസികൾ നടത്തുന്നവരുടെയും, ടാക്സി ഡ്രൈവർമാരുടെയും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ താൽക്കാലിക ജീവനക്കാരുടെയും, ജീവിതങ്ങൾക്കും സ്വപ്നങ്ങൾക്കും മുകളിലാണ് കൊറോണ കാർമേഘമായത്.

ഇതിനൊരു മറുവശം കൂടിയുണ്ട്. ഈ കൊറോണക്കാലത്തെ അടച്ചിടൽ വയനാടിനെ കൂടുതൽ മനോഹരിയാക്കി എന്ന് ചിന്തിച്ചാൽ അതിൽ ഒരു വസ്തുതയുണ്ട്. സഞ്ചാരികളുടെ തിരക്കിൽ നിന്നും മാറി പ്രകൃതിയുടെ മനോഹാര്യത വിളിച്ചുപറയുന്ന വയനാട്ടിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നു സുന്ദരമായി ശ്വാസോച്ഛ്വാസം നടത്തിയത് ഇപ്പോഴാണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും, നിരത്തുകളും മാലിന്യവിമുക്തമായി എന്നതും, ജലാശയങ്ങളും,പുഴകളും, തോടുകളും തെളിനീരു പോലെ സുന്ദരമായി ഒഴുകുവാൻ തുടങ്ങി എന്നതും, ചുറ്റുപാടുകൾ കൂടുതൽ ഹരിതാഭമായി എന്നതും കൊറോണക്കാലം വയനാടിനു നൽകിയ ചില സമ്മാനങ്ങളാണ്.

നിരത്തുകളിൽ വാഹനങ്ങൾ വളരെ കുറഞ്ഞതിൻ്റെ പ്രതിഫലനം വയനാട്ടിലെ അന്തരീക്ഷത്തിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പഴയ വയനാടൻ തണുപ്പും,കോടമഞ്ഞും, ശുദ്ധമായ വായുവും, നഷ്ടമായ ആപഴയ വയനാടിനെ ഓർമ്മപ്പെടുത്തുന്നുണ്ട്.തുടർന്നും തിരികെ ലഭിച്ച ഈ ഹരിതാഭവും, മനോഹാരിതയും, വൃത്തിയും കാത്തു സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്. വന്യമൃഗങ്ങൾക്ക് കൂടുതൽ സ്വതന്ത്രമായി അവയുടെ സൊര്യവിഹാരം നടത്തുവാൻ    കഴിയുന്നു എന്നതും, വയനാട്ടിലെ കൃഷിയിടങ്ങൾ മുഴുവൻ പച്ചപുതച്ചു എന്നതും, കൊറോണ കൊണ്ടുവന്ന ചില മാറ്റങ്ങളാണ്. ഓരോ ദുരന്തങ്ങളെയും അതിജീവനത്തിന്റെ പുതിയ വഴികളിൽ നേരിടുകയാണ് വയനാട് എന്ന പ്രകൃതി സുന്ദരി.

നീണ്ട കാലത്തിനുശേഷം വീണ്ടും തുറന്നു നൽകുമ്പോൾ, ഇക്കോടൂറിസം കേന്ദ്രങ്ങളിലും, വിവിധ അഡ്വഞ്ചർടൂറിസം കേന്ദ്രങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്കൽ ഗുഹ, പൂക്കോട് തടാകം, മാവിലാംതോട്, പഴശ്ശിസ്മാരകം, കുറുവാദ്വീപ്, ബാണാസുരസാഗർ, കാരാപ്പുഴ തുടങ്ങിയ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളോടെ പ്രകൃതിയുടെ മനോഹാരിതയിൽ കുളിച്ചുനിൽക്കുകയാണിപ്പോൾ.

നിയന്ത്രണങ്ങളോടെ വീണ്ടും പ്രവർത്തനം തുടങ്ങുമ്പോൾ, വയനാട്ടിലെ ടൂറിസം മേഖല വളരെയധികം പ്രതീക്ഷയിലാണ്. നഷ്ടങ്ങളോരോന്നും തിരികെ പിടിച്ച് പതിയെ തലയുയർത്തുവാനാണ് വയനാടിന്റെ ശ്രമം. ശുദ്ധജലം,ശുദ്ധവായു എന്നിവയുടെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ഹെൽത്ത് ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രമായി വയനാട് മാറുമെന്ന വിദഗ്ധരുടെ നിരീക്ഷണങ്ങൾ വയനാടിൻ്റെ ടൂറിസം മേഖലയ്ക്ക് ഒരു വലിയ പ്രതീക്ഷയാണ്. കോവിഡിനെ ഫലപ്രദമായി ചെറുത്തു തോൽപ്പിച്ച ഒരു ജില്ല എന്ന നിലയിലും സഞ്ചാരികളെ ചേർത്തു നിർത്തുവാൻ കഴിയുമെന്നാണ് പ്രതീക്ഷകൾ.

DTPC യുടെ കണക്കുപ്രകാരം 800 കോടിയിലധികമാണ് കഴിഞ്ഞ ആറുമാസ ആറുമാസത്തെ  ജില്ലയുടെ വിനോദ സഞ്ചാര മേഖലയിലെ നഷ്ടം. കുറഞ്ഞ ചെലവിൽ മികച്ച വിനോദ അനുഭവങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കുന്നതാണ് വയനാടിന്റെ എക്കാലത്തെയും സവിശേഷത. കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയും,ചീങ്ങേരിമല റോക്ക് അഡ്വഞ്ചർ ടൂറിസവും, ഗ്രീൻകാർഡ് പദ്ധതിയും, മുനീശ്വരൻ കോവിൽ ടൂറിസവും,ജൈൻ തീർത്ഥാടന ടൂറിസം സർക്യൂട്ടും ഭാവിയിൽ വയനാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുമെന്നാണ് അധികാരികൾ കരുതുന്നത്.നിലവിലുള്ള ടൂറിസം പദ്ധതികൾക്ക് പുറമേയാണ് മുകളിൽ സൂചിപ്പിച്ച പദ്ധതികൾ പുരോഗമിക്കുന്നത് എന്നതാണ് കൂടുതൽ ശ്രദ്ധേയം.

മനോഹരമായ കാഴ്ചകളുടെ സ്വർഗ്ഗഭൂമിയാണ് ടൂറിസ്റ്റ് ഭൂപടത്തിൽ വയനാട് അടയാളപ്പെടുന്നത്. നൂൽമഴയും, കോടമഞ്ഞുംപെയ്തിറങ്ങുന്ന വയനാട്ടിലെ ഹരിതാഭമാർന്ന മലനിരകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞു നീളുന്ന പാതകൾ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ വന്യജീവിസങ്കേതങ്ങളും കൂടുതൽ ഹരിതാഭമാർന്നു കഴിഞ്ഞു. അങ്ങനെ വയനാട് കൂടുതൽ മനോഹരിയായി സഞ്ചാരികളെ കാത്തിരിക്കുമ്പോൾ, അത് അതിഥികളെ വരവേൽക്കുവാൻ കാത്തുനിൽക്കുന്ന ഒരു ജനതയുടെ പ്രതീക്ഷകളും കൂടിയാണ്.

ഒപ്പം ഇത് ഒരു നാടിൻ്റെ  അതിജീവനത്തിന് വഴികൾ കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here