ജൂൺ 24 നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് എംഎസ്എഫിൻ്റെ തന്നെ ഭാഗമായ ഹരിതയുടെ സംസ്ഥാനനേതാക്കളെ അവരുടെ സ്വഭാവശുദ്ധിയുടെ പേരിൽ സംശയത്തിന്റെ നിഴലിൽ നിലനിർത്തിയതും, അശ്ലീലപരാമർശം നടത്തിയതും. അതിനെതുടർന്ന് ഹരിതയുടെ സംസ്ഥാന നേതൃത്വത്തിലെ പത്തുപേർ പി കെ നവാസിനെതിരെ വിവിധകേന്ദ്രങ്ങളിൽ പരാതികൾ നൽകുകയുണ്ടായി. കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എംഎസ്എഫ് എന്ന വിദ്യാർത്ഥിസംഘടന ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളെയും റദ്ദ് ചെയ്യുന്നതായിരുന്നു മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും തുടർന്നുണ്ടായ അച്ചടക്കനടപടികൾ എന്നതാണ് കൂടുതൽ ശ്രദ്ധേയം.

വിയോജിച്ചവരെയും വിമർശിച്ചവരെയും പുറത്തുനിർത്തി ആണധികാരത്തിൻ്റെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിച്ചതിലൂടെ ലീഗ് നേതൃത്വം സ്വയം അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. പക്ഷേ ആ അപമാനഭാരത്തെ അലങ്കാരമായി തലപ്പാവ് കെട്ടുമ്പോൾ ആരോഗ്യകരമല്ലാത്ത രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ആശങ്കാജനകം.

വനിതകമ്മീഷനിൽ നൽകിയ ലൈംഗികാധിക്ഷേപത്തെ സംബന്ധിക്കുന്ന പരാതി പിൻവലിക്കാത്ത സാഹചര്യത്തിൽ ഹരിതയുടെ സംസ്ഥാനകമ്മിറ്റി ലീഗ് നേതൃത്വം തിരിച്ചുവിടുകയും, പ്രസ്തുത പരാതിയിൽ അന്ന് ഒപ്പിടാൻ  വിസമ്മതിച്ച ആയിഷ ബാനുവിനെ പ്രസിഡൻ്റായി പുതിയൊരു കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഹരിതയുടെ നേതാക്കൾക്ക് നീതി ലഭിച്ചില്ല എന്ന് വിമർശനമുന്നയിച്ച പി പി ഷൈജലിൻ എന്ന എംഎസ്എഫിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റും നടപടി നേരിട്ടു. ഹരിതയുടെ  സ്വതന്ത്രമായ നിലപാടുകളെ മുൻനിർത്തി ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ട് ക്യാമ്പസ് യൂണിറ്റുകളായി ഹരിതയെ ഒതുക്കി നിർത്തുമെന്ന ടി എം എ സലാമിൻ്റെ വാക്കുകൾ മുസ്ലിം ലീഗ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സ്ത്രീവിരുദ്ധതയുടെ നഗ്നമായ വെളിപ്പെടുത്തലായി മാറി.

അപക്വമായ ആൺ അഹന്തയുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് ചിന്താശേഷിയുള്ള ഒരു യുവതലമുറയെ നിരാകരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ആ രാഷ്ട്രീയ പ്രസ്ഥാനത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെയാണ് സൂചിപ്പിക്കുന്നത്. ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ  ആശയങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളുടെ തെളിവാണത്. 2011 ൽ ഹരിതയുടെ രൂപീകരണം മുതൽ ക്യാമ്പസുകളിൽ എംഎസ്എഫിൻ്റെ നിലനിൽപ്പ് ജനകീയമാക്കുന്നതിൽ ഹരിത വഹിച്ച പങ്ക് തള്ളിക്കളയാവുന്നതല്ല. മറ്റ് വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മുൻപിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ അടയാളപ്പെടുത്തലായി മാറുവാനും, വിവിധ ക്യാമ്പസുകളിൽ രാഷ്ട്രീയ അധികാരം നേടുന്നതിനും എംഎസ്എഫിനെ സഹായിച്ചത് ഹരിയുടെ കീഴിലെ വിദ്യാർഥിനി സമൂഹമെന്ന വലിയൊരു വോട്ട് ബാങ്കാണ്. അതുകൊണ്ടാണ് ‘അഭിമാനകരമായ അസ്ഥിത്വമാണ് ഞങ്ങളുടെ രാഷ്ട്രീയ അടിത്തറയെന്ന്’ ഫാത്തിമ തഹ് ലിയക്ക് പൊതുസമൂഹത്തോട് ധൈര്യത്തോടെ പറയുവാൻ സാധിക്കുന്നത്.

ജെൻഡർ രാഷ്ട്രീയം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന കലാലയങ്ങളിൽ  മുസ്ലിം ലീഗിന്റെ ഈ നടപടികൾ സൃഷ്ടിക്കുന്ന കോലാഹലങ്ങൾ ചെറുതല്ല. ആണുങ്ങളുടെ കൂട്ടം എന്ന ലേബൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദ്ദേശശുദ്ധിയെ തന്നെ റദ്ദ് ചെയ്യുമെന്ന വിവേകം ആണധികാരത്തിന്റെ സിംഹാസനങ്ങളിൽ ഉന്മാദിച്ചു വിലസുന്ന നിലവിലെ തലമുതിർന്ന നേതാക്കൾക്ക് ഇല്ലാതെപോവുകയാണ്. സീതി സാഹിബിൻ്റെയും, സിഎച്ചിൻ്റെയും പിന്തുടർച്ചയെക്കുറിച്ച് നിരന്തരമായി അഭിമാനിക്കുന്ന ഒരു സംഘടനാ നേതൃത്വത്തിന് എന്തുകൊണ്ടാണ് ഈ വർത്തമാനകാലത്തും ജെൻഡർ രാഷ്ട്രീയത്തെ അംഗീകരിക്കാൻ കഴിയാതെ വരുന്നതെന്ന് പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടണം. സ്ത്രീവിരുദ്ധതയുടെ രാഷ്ട്രീയ ഭാഷ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അലങ്കാരമാണെന്ന നിരീക്ഷണത്തിനും ഇവിടെ ചേർത്തുവായിക്കാവുന്നതാണ്.

‘അധ്വാനിക്കാൻ വിധിക്കപ്പെട്ട സ്ത്രീശരീരം മാത്രമായി തുടരാനാകില്ല’ എന്ന ഹരിതയുടെ മുൻ സംസ്ഥാന അധ്യക്ഷ മുഹീദ തെസ്നിയുടെ വാക്കുകൾ ആണധികാരത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരം തന്നെയാണ്. ജെൻഡർ രാഷ്ട്രീയം വരുംകാലങ്ങളിൽ കൂടുതൽ സജീവമായി ചർച്ച ചെയ്യപ്പെടും എന്നത് തീർച്ചയാണ്. ആശയങ്ങളിൽ പുലർത്തുന്ന വൈരുദ്ധ്യങ്ങളുമായി മുസ്ലിം ലീഗിന്റെ വിദ്യാർഥിസംഘടന കേരളത്തിലെ ക്യാമ്പസുകളിലേക്ക് നാളെ ഇറങ്ങിച്ചെല്ലുമ്പോൾ ഉയർന്നുവരുന്ന ചോദ്യശരങ്ങളെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലെ പുരുഷാധിപത്യ ക്രമത്തിന്റെ വിഴുപ്പുകൾ തലച്ചുമടായി കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിന് വിമർശനങ്ങളുടെയും, ചർച്ചകളുടെയും, സംവാദങ്ങളുടെയും പുതിയ രാഷ്ട്രീയ അന്തരീക്ഷം അംഗീകരിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. ലിംഗവിവേചനത്തിൻ്റെ ഈ രാഷ്ട്രീയ നീതിശാസ്ത്രം ചരിത്രം ചവറ്റുകുട്ടയിൽ നിക്ഷേപിക്കുക തന്നെ ചെയ്യുമെന്നത് തീർച്ചയാണ്. തനിക്കുശേഷം പ്രളയമെന്ന് കരുതുന്ന രാഷ്ട്രീയ നേതൃത്വത്തിനാകട്ടെ ഇത്തരം തിരിച്ചറിവുകൾ ഒരിക്കലും ഉണ്ടാവുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here