കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണം, ഉൽപ്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പുലഭിക്കണം തുടങ്ങി നിരവധിയായ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കർഷകർ 2020 നവംബർ 26 ന് ഡൽഹിയുടെ അതിർത്തികളിൽ സമരം ആരംഭിച്ചത്. ഭരണകൂടത്തിന്റെ ജനവിരുദ്ധമായ നയങ്ങൾക്കെതിരെ ഉയർന്നുവന്ന സംഘടിതമായൊരു ജനകീയ പ്രക്ഷോഭമായി വേണം ഈ കർഷകസമരത്തെ വായിച്ചെടുക്കുവാൻ.

എല്ലാ ജനവിഭാഗങ്ങളെയും,രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും, സംഘടനകളെയും ഒരു ലക്ഷ്യത്തിനു കീഴിൽ ഒരുമയോടെ അണിനിരത്താൻ കഴിഞ്ഞു എന്നതാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഈ ബഹുജന പ്രക്ഷോഭത്തിന്റെ വിജയമന്ത്രം. പത്തുമാസമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന്റെ നാൾവഴികളെ ആവേശോജ്വലമായ പോരാട്ടവീര്യം കൊണ്ടും തളരാത്ത സമരവീര്യം കൊണ്ടും അടയാളപ്പെടുത്താൻ സാധിക്കും. സമാധാനപരമായി,ജനാധിപത്യപരമായി തെരുവുകളിൽ തുടർന്നുകൊണ്ടിരിക്കുന്ന കർഷകരുടെ ജനകീയ പോരാട്ടത്തെ അടിച്ചമർത്താൻ ഭരണകൂടം നടപടികൾ സ്വീകരിക്കുമ്പോഴെല്ലാം കർഷകസമരം പൂർവ്വാധികം ശക്തിപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത.

2020 നവംബർ 26 ന് ശേഷം ഡൽഹിയിലും മറ്റ് സമരകേന്ദ്രങ്ങളിലും വിവിധ കാരണങ്ങളാൽ 600ൽ പരം കർഷകർ മരിച്ചുവീണു എന്നതാണ് വിശ്വസനീയമായ കണക്കുകൾ. ഹരിയാനയിലെ കർണാലിൽ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട സുശീൽ കാജലാണ് ആ കണക്കുകളിലെ ഏറ്റവും അവസാനത്തെ രക്തസാക്ഷി.

നവലിബറൽ നയങ്ങളുടെ തുടർച്ചയിൽ ഭരണകൂടം കോർപ്പറേറ്റുകൾക്കായി നിയമ നിർമ്മാണം നടത്തുമ്പോൾ, സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കർഷകർ തുടർച്ചയായി അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് വസ്തുത. ഭരണകൂടവും ഈ ചൂഷണത്തിന് കുടപിടിക്കുന്നു എന്നത് ആശങ്കാജനകം തന്നെയാണ്. പത്തു മാസത്തിലധികമായി രാജ്യ തലസ്ഥാനത്തും മറ്റ് പ്രധാന നഗര കേന്ദ്രങ്ങളിലും തുടർന്നുവരുന്ന ജനകീയപ്രക്ഷോഭത്തെ പതിവ് നിസ്സംഗതയോടെ തന്നെയാണ് കേന്ദ്രസർക്കാർ സമീപിക്കുന്നത്. ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന സമരമായിരുന്നിട്ടു പോലും ഭരണകൂടം നിർബന്ധബുദ്ധിയോടെ ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോവുകയാണ്.

ഇന്ത്യയിലെ 130 കോടിയിൽപരം ജനങ്ങളെ പട്ടിണി മരണങ്ങളിൽ നിന്ന് രക്ഷിക്കുകയും സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയിൽ കാര്യമാത്രപ്രസക്തമായ സംഭാവനകൾ നൽകുകയും ചെയ്യുന്ന കർഷകരെ തെരുവിൽ മൃഗീയമായി നേരിടുവാൻ ഭരണകൂടം തന്ത്രങ്ങൾ മെനയുന്നു എന്നത് പ്രതിഷേധാർഹമാണ്. ലക്ഷക്കണക്കിന് കർഷകർ അതിർത്തികളിൽ അണിനിരന്ന് തങ്ങളുടെ ആവശ്യങ്ങൾക്കായി ഇന്നും വർദ്ധിതവീര്യത്തോടെ സമരം തുടരുകയാണ്. ഏറ്റവുമൊടുവിൽ ഉത്തർപ്രദേശിലെ മുസഫർ നഗറിൽ നടന്ന കർഷകമഹാസംഗമത്തിൽ 5 ലക്ഷത്തിന് മുകളിൽ കർഷകർ അണിനിരന്നു എന്നത് കർഷകരുടെ തളരാത്ത സംഘടിത സമരവീര്യത്തിന്റെ നേർസാക്ഷ്യം തന്നെയാണ്.

വിവിധ പ്രതിഷേധ മാർഗ്ഗങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ ഭരണകൂടത്തോട് കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടുമ്പോൾ, ഭരണകൂടത്തിന്റെ നയങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തുമ്പോൾ തുടർന്നും ഭരണകൂടങ്ങൾക്ക് കർഷകരോട് മുഖംതിരിച്ചു നിൽക്കുക സാധ്യമല്ല. 2022 ൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന കർഷക സംഘടനകളുടെ മുന്നറിയിപ്പ് ഭരണസിരാകേന്ദ്രങ്ങളെ കൂടുതൽ ജാഗ്രതയുള്ളവരാകും എന്നതിൽ സംശയമില്ല. ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിന്റെ കഴിഞ്ഞുപോയ 304 ദിവസങ്ങളെ ഒരു ജനകീയ പ്രക്ഷോഭത്തിന്റെ വിജയത്തിലേക്കുള്ള പ്രയാണമായി വിലയിരുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here